2002 ജനുവരി 3,4 തിയ്യതികളിലും 2003 മെയ് 2നും കോഴിക്കോട് മാറാട് ബീച്ചില്‍ നടന്ന അക്രമസംഭവങ്ങളെയാണ് മാറാട് കലാപം എന്ന് വിശേഷിപ്പിക്കാറുള്ളത്. ആദ്യ സംഭവത്തില്‍ അഞ്ചു പേരും രണ്ടാം സംഭവത്തില്‍ ഒമ്പത് പേരും കൊല്ലപ്പെട്ടിരുന്നു. തോമസ് പി. ജോസഫ് കമീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 2002ലെ മാറാട് കേസില്‍ ആകെ 393 പേര്‍ പ്രതികളായി. 213 പേര്‍ ആര്‍.എസ്.എസ്സുകാരായിരുന്നു. 86 പേര്‍ ലീഗുകാരും 78 പേര്‍ സി.പി.എമ്മുകാരുമായിരുന്നു. ബാക്കി വരുന്ന 16 പ്രതികള്‍ എന്‍.ഡി.എഫ്, ഐ.എന്‍.എല്‍ പ്രവര്‍ത്തകരോ അനുഭാവികളോ ആയിരുന്നു.
2003ലെ മാറാട് കേസില്‍ പ്രതികളായവര്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, സി.പി.എം, പി.ഡി.പി, എന്‍.ഡി.എഫ് തുടങ്ങിയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചവരോ അനുഭാവികളോ ആയിരുന്നു. സാമുദായികവും പ്രദേശപരവും കുടുംബപരവും തൊഴില്‍പരവുമായ ലൊക്കേഷനുകളും മേല്‍ പറഞ്ഞ പാര്‍ട്ടി ബന്ധങ്ങളും ഇതിലുള്‍പ്പെട്ട പ്രതികളുടെ ഐഡിന്റിറ്റിയുടെ ഭാഗമാണ്. വിചാരണക്കൊടുവില്‍ 86 പേര്‍ക്ക് ശിക്ഷ വിധിച്ചു. 2021ല്‍ മാറാട് പ്രത്യേക കോടതി പ്രവര്‍ത്തനം അവസാനിപ്പിച്ചു.
ഇസ്‌ലാമോഫോബിക് ആഖ്യാനനിര്‍മിതിയുടെ കാര്യത്തില്‍ തികച്ചും വേറിട്ട ഒന്നായിരുന്നു മാറാട് കലാപത്തെക്കുറിച്ച മാധ്യമ എഴുത്തുകള്‍. ഒരു പ്രാദേശീക പ്രശ്നം എന്നതിനേക്കാള്‍ ആഗോളതലത്തിലുള്ള ആഖ്യാനരൂപകങ്ങള്‍ ഉപയോഗിച്ചുകൊണ്ട് വിശദീകരിക്കപ്പട്ട കേരളത്തിലെ ആദ്യ സംഭവവും ഇതാണെന്നാണ് മനസ്സിലാവുന്നത്. വര്‍ഗീയ സംഘര്‍ഷം, വര്‍ഗീയ കലാപം, ഭീകരാക്രമണം, ഭീകരത, വംശീയ ഉന്മൂലനം, ജിഹാദ് തുടങ്ങിയ പദാവലികളാണ് സംഘ്പരിവാറും പുരോഗമനകാരികളും പത്രപ്രവര്‍ത്തകരും മാറാടിനെക്കുറിച്ച് പരാമര്‍ശിക്കാന്‍ ഉപയോഗിക്കുന്നത്.
2001 സെപ്റ്റംബര്‍ 11ലെ ആക്രമണം നടന്നതിനുശേഷമാണ് ഭീകരത, ഭീകരാക്രമണം തുടങ്ങിയ പദാവലികള്‍ മുസ്‌ലിംകള്‍ ഉള്‍പ്പെട്ട അക്രമസംഭവങ്ങളെ വിശദീകരിക്കാന്‍ ലോകവ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. ഈ മാതൃകയില്‍ വിശദീകരിക്കപ്പെട്ട ആദ്യ സംഭവമായിരുന്നു മാറാട് കലാപം. 2002ലെ ഗുജറാത്ത് വംശഹത്യ (പൊഗോം) യും അക്കാലത്തെ മാറാട് വിശകലനങ്ങളുടെ ഭാഷയെ സ്വാധീനിച്ചിരുന്നു. മുസ്‌ലിംകള്‍ നടത്തിയ ഒരു ആക്രമണത്തെ ആഗോള മാതൃകയില്‍ ഭീകരാക്രമണം എന്നു വിശേഷിപ്പിക്കുന്നത് ആഗോള ഇസ്‌ലാമോഫോബിയയുടെ സ്വാധീനശക്തി കേരളത്തില്‍ വ്യാപിക്കുന്നതിന്റെ ഒരു ഘട്ടത്തെ സൂചിപ്പിക്കുന്നു.
കേരളീയ ഇസ്‌ലാമോഫോബിയയുടെ രാഷ്ട്രീയത്തില്‍ മാറാട് സംഭവത്തിനും അതുയര്‍ത്തിയ ആഖ്യാനങ്ങള്‍ക്കും നിര്‍ണ്ണായക പങ്കുണ്ട്. മാറാട് പ്രദേശത്തെ മത്സ്യത്തൊഴിലാളികളായ മുസ്‌ലിംകള്‍ എന്തു ചെയ്തു, പ്രവര്‍ത്തിച്ചു എന്നതിനെക്കുറിച്ചുള്ള തെളിവുകളോ വസ്തുതകളോ അല്ല, മറിച്ച് മുന്‍കൂര്‍ നിശ്ചയിക്കപ്പെട്ട ആഖ്യാന മാതൃകകളിലൂടെ മുസ്‌ലിംകളെ വംശീയമായി വേര്‍തിരിക്കുന്ന ഇസ്‌ലാമോഫോബിയയുടെ ഘടകങ്ങള്‍, സംഭവം നടന്നു ആഴ്ചകള്‍ക്കുള്ളില്‍ വികസിച്ച മാറാട് അനന്തര രാഷ്ട്രീയ വിശകലനങ്ങളുടെ സ്വഭാവമായിരുന്നു. ഇടതുപക്ഷ എഴുത്തുകാര്‍ക്ക് ഈ ആഖ്യാനം നിര്‍മിക്കുന്നതില്‍ വലിയ പങ്കുണ്ടായിരുന്നു.
മുസ്‌ലിംകള്‍ക്കും മുസ്‌ലിംസംഘടനകള്‍ക്കുമെതിരേ ‘തീവ്രവാദ’, ‘മതമൗലികവാദ’ ആരോപങ്ങള്‍ 1980കള്‍ മുതല്‍ നിലവില്‍ വന്നിരുന്നെങ്കിലും ‘ഭീകരവാദ’ ആരോപണം രൂപംകൊള്ളുന്നതില്‍ ഈ സംഭവം വലിയ പങ്കുവഹിച്ചു. ആഗോളതലത്തില്‍ 2001 സെപ്തംബര്‍ 11നു ശേഷമുള്ള രാഷ്ടീയ സാഹചര്യമായതുകൊണ്ടുകൂടിയാവണം ഈ ആരോപണം ഇത്തരത്തില്‍ വികസിച്ചതെന്നുവേണം അനുമാനിക്കാന്‍. ഇന്ന് നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ഇസ്‌ലാമോഫോബിക് ആരോപണങ്ങള്‍ ഈ രൂപത്തിലെത്തുന്നതിനു പിന്നിലും മാറാട് അനന്തര ആഖ്യാനങ്ങള്‍ക്ക് പങ്കുണ്ട്. ഈ ആഖ്യാന നിര്‍മിതിയില്‍ സംഘപരിവാറിന്റെ പങ്ക് വ്യത്യസ്തമാണ്. അത് ഇന്നും തുടരുന്നു.
(ബാബുരാജ് ഭഗവതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്)
