August 9 Sunday 2026

മഞ്ചേരി ജനറല്‍ ആശുപത്രിയുടെ കാര്യം പറയുന്നത് സംഘപരിവാറിന് കുടപിടിക്കലാവുന്നത് എങ്ങനെയാണ് മിനിസ്റ്റര്‍ – വീണ ജോര്‍ജിനോട് പ്രമോദ് രാമന്റെ ചോദ്യം

സംസ്ഥാന ബജറ്റില്‍, മഞ്ചേരി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയെ മുന്‍നിര്‍ത്തി മലപ്പുറം ജില്ലയോടുള്ള അവഗണനയെ തുറന്നുകാട്ടുന്ന വാര്‍ത്ത തയ്യാറാക്കിയ മീഡിയവണിനെതിരെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രംഗത്തു വന്നിരിക്കുന്നു. സംഘ്പരിവാറിന് കുട പിടിക്കുന്ന പരിപാടി മീഡിയാവണ്‍ അവസാനിപ്പിക്കണമെന്നാണ് വീണ ജോര്‍ജ് തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ‘ ശ്രീ. പ്രമോദ് രാമനെ പോലെ സെക്കുലര്‍ സ്‌പേസില്‍ നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ നയിക്കുന്ന മാധ്യമ സ്ഥാപനമാണ് ഇത്തരത്തില്‍ നട്ടാല്‍ കുരുക്കാത്ത കള്ളം പ്രചരിപ്പിക്കുന്നത്. ഇത് സംഘപരിവാറിന് വെള്ളവും വളവും നല്‍കുകയാണ്. ഇത് മാധ്യമപ്രവര്‍ത്തനമല്ല. മലപ്പുറത്തെ മുന്‍നിര്‍ത്തി തുടര്‍ച്ചയായി ആരോഗ്യവകുപ്പിനെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് മീഡിയാവണ്‍ ‘ – എന്നിങ്ങനെ പോകുന്നു മന്ത്രിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പ്.

വീണ ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിനോട് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമനും ഫെയ്‌സ്ബുക്കിലൂടെ തന്നെ പ്രതികരിച്ചിരിക്കുന്നു.
‘ … ആരോഗ്യവും വര്‍ഗീയതയും തമ്മിലെന്താണ്? കോട്ടയത്തെ ആരോഗ്യപ്രശ്‌നങ്ങളോ കണ്ണൂരിലെ ആരോഗ്യപ്രശ്‌നങ്ങളോ പത്തനംതിട്ടയിലെ ആരോഗ്യപ്രശ്‌നങ്ങളോ പറയുമ്പോള്‍ ഇല്ലാത്ത വര്‍ഗീയത എങ്ങനെയാണ് മലപ്പുറത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ പറയുമ്പോള്‍ ഉണ്ടാകുന്നത്?.. ‘ – വസ്തുതകളെ മുന്‍നിര്‍ത്തി, ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള
പ്രമോദ് രാമന്റെ പ്രതികരണ കുറിപ്പ് വായിക്കാം..

” പ്രിയപ്പെട്ട മന്ത്രി വീണ ജോര്‍ജ്,
എന്നെ പരാമര്‍ശിച്ചുകൊണ്ടുള്ള താങ്കളുടെ ഫേസ്ബുക് പോസ്റ്റ് ഇവിടെ ഷെയര്‍ ചെയ്തുകൊണ്ടുതന്നെ (ലിങ്ക് കമന്റില്‍) ചില കാര്യങ്ങള്‍ വ്യക്തമാക്കട്ടെ. Once a journalist always a journalits എന്നാണെങ്കിലും ഇപ്പോള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കേണ്ട മന്ത്രിയാണല്ലോ താങ്കള്‍. അതിനാല്‍ താഴെപ്പറയുന്ന ചോദ്യങ്ങള്‍ അഡ്രസ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
1. മീഡിയവണിന്റെ ന്യൂസ് കാര്‍ഡില്‍ വ്യക്തമായി പറഞ്ഞിരിക്കുന്ന കാര്യം മഞ്ചേരി ഗവ. ജനറല്‍ ആശുപത്രിയെക്കുറിച്ചാണ്. മെഡിക്കല്‍ കോളജിനെക്കുറിച്ചല്ല. അതുകൊണ്ടാണ് അവിടെനിന്ന് എടുത്തുമാറ്റിയ ഗവ. ജനറല്‍ ആശുപത്രിയുടെ ബോര്‍ഡിന്റെ ഇമേജ് അതില്‍ കൊടുത്തിരിക്കുന്നത്. ബോര്‍ഡ് എടുത്തുമാറ്റിയതുകൊണ്ട് ജനറല്‍ ആശുപത്രി ഇല്ലാതായി എന്നാണോ മന്ത്രിയുടെ നിലപാട്?
2. ബോര്‍ഡ് ഇല്ലാതായതോടെ ജനറല്‍ ആശുപത്രി ഇല്ലാതായെങ്കില്‍ ആ ആശുപത്രിക്ക് കഴിഞ്ഞ 10 വര്‍ഷമായി 100 രൂപ വീതം (രൂ.നൂറ് മാത്രം) ബജറ്റില്‍ അനുവദിക്കുന്നത് എന്തിനാണ്?
3. ആ നൂറുരൂപ ജനറല്‍ ആശുപത്രിക്ക് വേറെ സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മിക്കാനുള്ള ടോക്കണ്‍ തുകയാണെന്ന് മന്ത്രിക്ക് അറിയുമോ?
4. എന്നിട്ട് 10 വര്‍ഷമായി ആ ഡീലിലേക്ക് പോകാത്തതെന്താണ്?
5. ജനറല്‍ ആശുപത്രിക്ക് വേട്ടേക്കോട് എന്ന സ്ഥലത്ത് 50 ഏക്കര്‍ കണ്ടെത്തിയിട്ടുള്ള കാര്യം മന്ത്രിക്ക് അറിയുമോ?
6. അതില്‍ 25 ഏക്കര്‍ വിവിധ ഭൂഉടമകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ തയാറാണെന്ന കാര്യം മന്ത്രിക്ക് അറിയുമോ?
7. മെഡിക്കല്‍ കോളേജിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങളാണല്ലോ മന്ത്രി വിശദീകരിച്ചത്. അത് ചെയ്തിട്ടില്ല എന്ന് മീഡിയവണ്‍ വാര്‍ത്ത നല്‍കിയിട്ടില്ലല്ലോ. പിന്നെ അത് വിശദീകരിച്ചത് എന്തിനാണ്?
8. ഇനി, മഞ്ചേരിയില്‍ മെഡിക്കല്‍ കോളജ് ഉള്ള സ്ഥിതിക്ക് ജനറല്‍ ആശുപത്രി വേറെ വേണ്ടെന്നാണോ സര്‍ക്കാര്‍ നിലപാട്? ആറു കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ട് സര്‍ക്കാര്‍ ആശുപത്രികള്‍ വേണ്ട എന്നാണെങ്കില്‍ മറ്റുജില്ലകളില്‍ ഈ രീതിയില്‍ നിലവിലുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ എന്തുചെയ്യും?
9. മഞ്ചേരിയില്‍ ജനറല്‍ ആശുപത്രിയും മാതൃ-ശിശുരോഗ ആശുപത്രിയും പ്രവര്‍ത്തിച്ചിരുന്ന കാലത്തേയും ഇപ്പോഴത്തേയും ആരോഗ്യ ആവശ്യങ്ങളുടെ കണക്ക് മുന്‍നിര്‍ത്തി അവിടെ രണ്ട് ആശുപത്രികള്‍ വേണ്ടെന്ന കാര്യം സാധൂകരിക്കാമോ?
10. മറ്റു ജില്ലകളില്‍ 550 രോഗികള്‍ക്ക് ഒരു കിടക്ക എന്നാണെങ്കില്‍ മലപ്പുറം ജില്ലയില്‍ 1643 രോഗികള്‍ക്ക് ഒരു കിടക്ക എന്നതാണ് അവസ്ഥയെന്ന സര്‍ക്കാര്‍ കണക്ക് മന്ത്രി തള്ളിക്കളയുമോ?
11. ജനറല്‍ ആശുപത്രിയില്ലാത്തതുകൊണ്ട് ഉണ്ടാകുന്ന തസ്തികാനഷ്ടം മെഡിക്കല്‍ കോളേജ് ആശുപത്രികൊണ്ട് പരിഹരിക്കാന്‍ സാധിക്കുമോ?
12. ജനറല്‍ ആശുപത്രി വഴി മാത്രം നിര്‍വഹിക്കപ്പെടുന്ന രോഗപ്രതിരോധ പ്രവര്‍ത്തനം മെഡിക്കല്‍ കോളേജില്‍ എങ്ങനെ നടത്തും?
13. ഈ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി ജനറല്‍ ആശുപത്രിയും മെഡിക്കല്‍ കോളജും രണ്ടും വേണമെന്ന അവിടുത്തെ ജനങ്ങളുടെ ആവശ്യത്തോട് മന്ത്രി എങ്ങനെ പ്രതികരിക്കുന്നു?
ഇനി,മഞ്ചേരി മെഡിക്കല്‍ കോളജുമായും ജനറല്‍ ആശുപത്രിയുമായും ബന്ധപ്പെട്ട് മീഡിയവണ്‍ സംപ്രേഷണം ചെയ്യുന്ന ആദ്യ വാര്‍ത്തയാണോ ഇത്? അല്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വെറും ബോര്‍ഡ് മാറ്റം മാത്രം നടത്തി മെഡിക്കല്‍ കോളജായി പ്രഖ്യാപിച്ചതിനെ ഏറ്റവും ശക്തമായി എതിര്‍ത്ത ചാനലാണ് മീഡിയവണ്‍. അന്നത്തെ മെഡിക്കല്‍ കോളജിലെ ദുരിതാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് മീഡിയവണ്‍ 11 വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാര്‍ത്തകളുടെ ലിങ്ക് കമന്റില്‍ കൊടുക്കുന്നു. സര്‍ക്കാര്‍ ഏതാണെന്ന് നോക്കിയല്ല മിനിസ്റ്റര്‍ വാര്‍ത്ത.

ഒടുവിലായി ഏറ്റവും പ്രധാനപ്പെട്ട കാര്യം പറയട്ടെ.

മഞ്ചേരി ജനറല്‍ ആശുപത്രിയുടെ കാര്യം പറയുന്നത് സംഘപരിവാറിന് കുടപിടിക്കലാവുന്നത് എങ്ങനെയാണ് മിനിസ്റ്റര്‍? ആരോഗ്യവും വര്‍ഗീയതയും തമ്മിലെന്താണ്? കോട്ടയത്തെ ആരോഗ്യപ്രശ്‌നങ്ങളോ കണ്ണൂരിലെ ആരോഗ്യപ്രശ്‌നങ്ങളോ പത്തനംതിട്ടയിലെ ആരോഗ്യപ്രശ്‌നങ്ങളോ പറയുമ്പോള്‍ ഇല്ലാത്ത വര്‍ഗീയത എങ്ങനെയാണ് മലപ്പുറത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ പറയുമ്പോള്‍ ഉണ്ടാകുന്നത്? ആ ജില്ലയുടെ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ പറയുന്നതുകൊണ്ട് എന്റെ സെക്കുലര്‍ സ്‌പേസില്‍ എങ്ങനെയാണ് കളങ്കമുണ്ടാകുന്നത്? നമ്മളൊന്നിച്ച് പ്രാക്ടീസ് ചെയ്ത ജേണലിസത്തിലോ ഞാനിപ്പോള്‍ പ്രാക്ടീസ് ചെയ്യുന്ന ജേണലിസത്തിലോ അങ്ങനെയൊരു നിര്‍വചനം ഇല്ലല്ലോ ശ്രീമതി വീണ ജോര്‍ജ്? ഇനി അഥവാ, അങ്ങനെയൊരു കളങ്കം നിങ്ങള്‍ ചാര്‍ത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ മലപ്പുറത്തെ ജനതയ്ക്കുവേണ്ടി ഞാനത് പൊന്‍തൂവലായിക്കണ്ട് സ്വീകരിക്കുമെന്നും അറിയിക്കട്ടെ. പ്രമോദ് രാമന് ഒരു നിലപാടേയുള്ളൂ മിനിസ്റ്റര്‍. മറ്റുള്ളവര്‍ നിലപാടെഴുതിവച്ച കസേരകളില്‍ ഞാനിരിക്കാറില്ല.
നന്ദി. ‘

Related