August 9 Sunday 2026

‘സര്‍, ഞങ്ങള്‍ ലൈബ്രറിക്കു തീകൊളുത്തട്ടെ’ – എം.എന്‍ വിജയന്‍ ഓര്‍മ

തൊണ്ണൂറുകളുടെ ആരംഭം. ആഗോളവത്കരണത്തിന്റെയും ഫാഷിസത്തിന്റെയും വരാനിരിക്കുന്ന ഇരുളിമ പരന്ന ഭീകരനാളുകളെക്കുറിച്ച് വിജയന്‍ മാഷ് ദീര്‍ഘദര്‍ശനത്തോടെ പ്രഭാഷണങ്ങള്‍ നടത്തുന്ന കാലം. മാനന്തവാടിയിലെ ഒരു പ്രൈവറ്റ് കോളേജില്‍ കലോത്സവം ഉദ്ഘാടനം ചെയ്യുവാനായി അദ്ദേഹം വന്നു. അന്നു ഞാന്‍ തൊട്ടടുത്ത മറ്റൊരു കോളേജില്‍ മലയാളം ബി.എയ്ക്കു പഠിക്കുകയാണ്. അതിനുമുമ്പ് വൈലോപ്പിള്ളി പഠനങ്ങളും മറ്റും വായിച്ചതല്ലാതെ അദ്ദേഹത്തെ നേരിട്ടു കാണുകയോ പ്രഭാഷണങ്ങള്‍ ശ്രവിക്കുകയോ ചെയ്തിരുന്നില്ല. ക്ലാസ് കട്ടുചെയ്ത് ഞങ്ങള്‍ ഏതാനും സുഹൃത്തുക്കള്‍ മാഷിന്റെ പ്രഭാഷണം കേള്‍ക്കുവാന്‍ പോയി. ഞാനന്നു കോളേജ് മാഗസിന്‍ എഡിറ്ററാണ്. മാഗസിന്റെ പ്രവര്‍ത്തനം ഏകദേശം അവസാന ഘട്ടത്തിലെത്തിയിരുന്നു. അതിലേക്ക് വിജയന്‍ മാഷിന്റെ ഒരു ‘സന്ദേശം’ എഴുതി വാങ്ങിയാലോ എന്ന ആലോചന ഞങ്ങള്‍ക്കിടയിലുണ്ടായി. അങ്ങനെ വിജയന്‍ മാഷില്‍ നിന്നും ‘സന്ദേശം’ വാങ്ങുവാന്‍ കൂട്ടുകാര്‍ എന്നെ ചുമതലപ്പെടുത്തി. സന്ദേശം എഴുതി തരണമെന്ന് അപേക്ഷിച്ചുകൊണ്ടുള്ള ഒരു കുറിപ്പും ഒപ്പം മെസേജ് എഴുതാനുള്ള കടലാസും ഞാന്‍ മാഷിനു നല്‍കി.
മാഷ് കുറിപ്പു വായിച്ച്, എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് ഇത്രമാത്രം എഴുതി: ‘സന്ദേശങ്ങള്‍ എഴുതി വാങ്ങാനുള്ളതല്ല; ജീവിതത്തിലൂടെ സൃഷ്ടിക്കുവാനുള്ളതാണ്.’

വിജയന്‍ മാഷ് മൂന്നു പതിറ്റാണ്ടിലേറെക്കാലം വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ദാര്‍ശനിക ഗുരുവായിരുന്നു. ക്ലാസ് മുറിയില്‍ അദ്ദേഹം ആശയങ്ങളുടെ വിസ്‌ഫോടനങ്ങള്‍ സൃഷ്ടിച്ചു. പുതുലോകം കിനാവു കാണാന്‍ വിദ്യാര്‍ഥികളെ പ്രാപ്തമാക്കി. എഴുപതുകളിലെ ഇളകിമറിഞ്ഞ കാമ്പസില്‍ അദ്ദേഹം ഇളക്കി മറിച്ച അധ്യാപകനായിരുന്നു. കാലഹരണപ്പെട്ട ദര്‍ശനങ്ങളുടെ മാറാപ്പു പേറുന്നവരെ അദ്ദേഹം ക്ലാസു മുറിയില്‍ വെച്ച് വിചാരണ ചെയ്തു. ആധുനികതയും അതിവിപ്ലവ വിചാരങ്ങളും കത്തിനിന്ന കാലത്ത് ഒരുപറ്റം ക്ഷുഭിത യൗവനങ്ങള്‍ അദ്ദേഹത്തെ ബ്രണ്ണന്‍ കോളേജിലെ സ്റ്റാഫ് റൂമില്‍ തടഞ്ഞുനിര്‍ത്തി ചോദിച്ചു: ‘സര്‍, ഞങ്ങള്‍ ലൈബ്രറിക്കു തീകൊളുത്തട്ടെ.’ അല്‍പ്പം മൗനിയായ ശേഷം അദ്ദേഹം പറഞ്ഞു: ‘പുതിയ ഒന്നു രൂപപ്പെടുന്നതുവരെ കാത്തിരിക്കുക.’

ഫ്രോയ്ഡിനെയും മാര്‍ക്സിനെയും സമന്വയിപ്പിച്ച് തന്റെ ദര്‍ശന പദ്ധതിക്കു അടിത്തറ പാകിയ വിജയന്‍ മാഷിന് പുതിയ ലോകത്തെ പറിച്ചുനട്ട ചിന്തകളുടെയും വേരുകളില്ലാത്ത വിചാരധാരകളുടെയും അന്തസ്സാരശൂന്യത ദീര്‍ഘവീക്ഷണത്തോടെ കാണാന്‍ കഴിഞ്ഞു. അവയെ കുറിച്ചെല്ലാം ഒരു സെന്‍ഗുരുവിന്റെ ഉള്‍ക്കാഴ്ചയോടെ സ്റ്റേജുകളിലൂടെയും പേജുകളിലൂടെയും അദ്ദേഹം പ്രതികരിച്ചു. ഫ്രോയ്ഡിന്റെ വ്യക്തിചിന്തയും മാര്‍ക്സിന്റെ സമൂഹ ചിന്തയും ഒരേ ജൈവസ്വഭാവത്തിന്റെ രണ്ടു ഘടകങ്ങള്‍ എന്ന നിലയില്‍ അവയെ സംയോജിപ്പിച്ചുകൊണ്ടുള്ള നിരൂപണ പദ്ധതിയാണ് വിജയന്‍ മാഷ് സ്വീകരിച്ചത്. അദ്ദേഹത്തിനു മുന്‍പ് ആരും സഞ്ചരിക്കാത്ത നിരൂപണ പാതയായിരുന്നു അത്.

അധ്യാപനവൃത്തിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷമാണ് ഒരര്‍ഥത്തില്‍ വിജയന്‍ മാഷ് സമൂഹമധ്യത്തിലേക്ക് പൂര്‍ണമായും ഇറങ്ങി വന്നത്. അതോടെ കേരളത്തിനു അപരിചിതമായ സ്വരവും കാഴ്ചപ്പാടും വെളിച്ചവും കിട്ടിതുടങ്ങി. പ്രസംഗവേദിയില്‍ മാഷിന് മുന്‍ഗാമികളില്ല; പിന്‍ഗാമികളും. പ്രഭാഷണ വേദിയില്‍, പുതു ഭാഷ കൊണ്ടും ആഖ്യാനരീതികൊണ്ടും അദ്ദേഹം പുതുലോകം സൃഷ്ടിക്കുകയായിരുന്നു. മറ്റൊരാര്‍ഥത്തില്‍, പ്രഭാഷണകലയെ സര്‍ഗാത്മകവും കാവ്യാത്മകവുമാക്കിയ ഉജ്ജ്വല പ്രഭാഷകനാണ് എം.എന്‍ വിജയന്‍. സ്റ്റേജില്‍ അദ്ദേഹം പൊട്ടിത്തെറിച്ചില്ല; വളരെ ശാന്തമായി, പുഞ്ചിരിച്ച്, ചിലപ്പോള്‍ കണ്ണടച്ച്, അല്പനേരം മൗനിയായി, ചിന്തകളില്‍ നിന്ന് ഒരാശയ പ്രപഞ്ചത്തിലേക്ക് ശ്രോതാക്കളെ കൂട്ടിക്കൊണ്ടു പോയി. കേള്‍വിക്കാരനു അറിവിനേക്കാള്‍ ചിന്തയും അനുഭൂതിയും അതുകനിഞ്ഞരുളി. നീണ്ട ആമുഖ ഉപചാരവാക്കുകളില്ലാതെ വിഷയത്തിന്റെ അകത്തളത്തിലേക്ക് കടന്ന്, അവിടെയെങ്ങും പരതി, സ്പര്‍ശിക്കേണ്ടതിനെ സ്പര്‍ശിച്ചും സുപരിചിതമായ ഉപമകള്‍ ഉപയോഗിച്ചും ശ്രോതാക്കളെ അദ്ദേഹം തന്നോടൊപ്പം സഞ്ചരിപ്പിച്ചു. ഒരു വിഷയത്തില്‍ തുടങ്ങി അനേകം വിഷയങ്ങളിലൂടെ കടന്ന്, ഒടുവില്‍ ആരംഭത്തില്‍ തിരിച്ചെത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. തനിക്ക് ഏറെ സുപരിചിതരായിരുന്നവരോടെന്നപോലെ അദ്ദേഹം മൈക്കിനു മുമ്പില്‍ പെരുമാറി. ആശയങ്ങള്‍ അദ്ദേഹത്തെ ജ്വലിപ്പിച്ചു നിര്‍ത്തി. ഫ്രോയ്ഡും മാര്‍ക്സും യുങ്ങും റീഹും കേസരിയും വൈലോപ്പിള്ളിയും ബഷീറും പ്രസംഗവേദിയില്‍ അദ്ദേഹത്തിനു കൂട്ടുണ്ടായിരുന്നു, ഏറ്റവും ഒടുവില്‍ ബര്‍ണാഡ് ഷായും. ഫ്രോയ്ഡിന്റെ മനോവിശ്ലേഷണതത്വങ്ങളെ ആധാരമാക്കി മലയാളത്തില്‍ നവവിമര്‍ശനരീതി പ്രോദ്ഘാടനം ചെയ്ത സാഹിത്യ നിരൂപകനാണ് പ്രൊഫ. എം എന്‍ വിജയന്‍.

മലയാളത്തില്‍ ഏറെയൊന്നും എഴുത്തുകാരെ അദ്ദേഹം പഠനവിധേയമാക്കിയിട്ടില്ല. വിധേയമാക്കിയവരെ അഗാധമായി വിലയിരുത്തുവാനും അദ്ദേഹം മറന്നില്ല. വൈലോപ്പിള്ളിക്ക് അത്രമേല്‍ അംഗീകാരം കിട്ടാനുള്ള കാരണങ്ങളിലൊന്ന് വിജയന്‍ മാഷിന്റെ ആഴമാര്‍ന്ന പഠനങ്ങളാകണം. വൈലോപ്പിള്ളിയെ ജനജീവിതത്തിന്റെ ഭാഗമാക്കി; അനുഭൂതിയാക്കി മാറ്റുന്നതില്‍ അദ്ദേഹം വഹിച്ച പങ്കാവണം വിമര്‍ശന സാഹിത്യത്തില്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. ബഷീറിനെ കുറിച്ച് അദ്ദേഹം നടത്തിയ ‘മരുഭൂമികള്‍ പൂക്കുമ്പോള്‍’ എന്ന പഠനഗ്രന്ഥം ബഷീര്‍ പഠനങ്ങളില്‍ ഏറ്റവും മികച്ചതുതന്നെയാണ്. സാഹിത്യവിമര്‍ശനത്തിന്റെ പതിവുരീതികളെയും മാനദണ്ഡങ്ങളെയും മറികടക്കുകയും തന്റെതായൊരു സരണി പ്രോദ്ഘാടനം ചെയ്യുകയുമാണ് അദ്ദേഹം ചെയ്തത്. തനിക്കു പറയുവാനുള്ളത് സ്ഥാനമാനങ്ങള്‍ മോഹിച്ചോ അധികാരപീഠങ്ങളെ ഭയപ്പെട്ടോ അദ്ദേഹം പറയാതിരുന്നില്ല. നിര്‍ഭയത്വം അദ്ദേഹത്തിന്റെ ചിന്തകളിലും വാക്കുകളിലും സ്ഫുരിച്ചുനിന്നു.

ഗുജറാത്തിലെ വംശഹത്യാനന്തര നാളുകളില്‍ ഫാഷിസത്തെപ്പറ്റി വിജയന്‍ മാഷ്, പുരോഗമന കലാ സാഹിത്യസംഘത്തിന്റെ വേദികളിലൂടെ നടത്തിയ പ്രഭാഷണങ്ങള്‍ കേരളീയ ധൈഷണിക മണ്ഡലത്തില്‍ വന്‍ചലനങ്ങള്‍ സൃഷ്ടിച്ചു. അക്കാലത്തു നടന്ന ‘ഫാഷിസ്റ്റു വിരുദ്ധ പാഠശാല’കളില്‍ ഒന്നുരണ്ടിടത്ത് അദ്ദേഹം നടത്തിയ ഗഹനമായ പ്രഭാഷണങ്ങള്‍ക്കു സാക്ഷിയാകുവാന്‍ എനിക്കവസരം ലഭിച്ചിട്ടുണ്ട്. ആഴമുള്ള നിരീക്ഷണങ്ങള്‍ കൊണ്ടും ചിന്തയുടെ ഔന്നത്യംകൊണ്ടും സൂര്യതേജസ്സാര്‍ന്നവയായിരുന്നു ആ പ്രഭാഷണങ്ങള്‍.

വാക്കുകളില്‍ ചെന്തീയാളുന്ന മൗലിക പ്രതിഭയായ പ്രഭാഷകനും സാഹിത്യ വിമര്‍ശകനുമായിരുന്നു വിജയന്‍ മാഷ്. വില്യം റീഹിന്റെ ‘ഫാഷിസത്തിന്റെ ആള്‍ക്കൂട്ട മനഃശാസ്ത്ര’ത്തിനു മാഷെഴുതിയ ആമുഖപഠനം, ഫാഷിസത്തെപ്പറ്റിയുള്ള മലയാളത്തിലെ ഉജ്ജ്വല പഠനങ്ങളില്‍ ഒന്നാണ്. എങ്ങനെയാണ് ഒരു ഫാഷിസ്റ്റ് രൂപപ്പെടുന്നത് എന്നും ഫാഷിസം സമൂഹത്തില്‍, രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്നും ആ പഠനത്തില്‍ അദ്ദേഹം മനഃശാസ്ത്രതത്ത്വങ്ങളുടെ പിന്‍ബലത്തോടെ അവതരിപ്പിച്ചു. ഹിറ്റ്‌ലറുടെ ആത്മകഥയായ ‘മെയ്ന്‍കാഫ്’ മലയാളത്തില്‍ ഒലിവ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ ആമുഖപഠനം വിജയന്‍ മാഷിന്റെതായിരിക്കണമെന്ന് വിവര്‍ത്തകന്‍ സുബൈറും ഒലീവ് മാനേജര്‍ നൗഷാദും കൂടിയാലോചിച്ചതിന്റെ അടിസ്ഥാനത്തില്‍ അത് തയ്യാറാക്കുവാന്‍ എന്നെയും സുഹൃത്ത് ശൈജലിനെയും ചുമതലപ്പെടുത്തി. ഏറെ സന്തോഷത്തോടെയാണ് ഞങ്ങള്‍ ആ കര്‍ത്തവ്യം സ്വീകരിച്ചത്. വിജയന്‍ മാഷുമായി സംസാരിച്ചിരിക്കുക എന്നതുതന്നെ ആനന്ദകരമായ, അനുഭൂതിദായകമായ കാര്യമാണ്. കൊടുങ്ങല്ലൂരിലെ വീട്ടില്‍ വെച്ചായിരുന്നു സംഭാഷണം. രാവിലെ പതിനൊന്നു മണി മുതല്‍ ആരംഭിച്ച സംസാരം വൈകുന്നേരം നാലു മണിവരെ നീണ്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ‘മെയ്ന്‍കാഫി’ന്റെ ‘ആമുഖം’ തയ്യാറാക്കിയത്. സംസാരം പല വിഷയങ്ങളിലൂടെ കടന്നു പോയി. അതിനിടയില്‍ ചായയും ഉച്ചയൂണും. ആരും കാണാത്തത് കാണുകയും ആരും പറയാത്തത് പറയുകയും ചെയ്യുന്ന ഒരു മൗലികപ്രതിഭയുടെ ആഴവും പരപ്പും അന്നനുഭവിക്കാനായി. ആമുഖപഠനവുമായി ബന്ധപ്പെട്ട് ആദ്യമായി മാഷെ ഫോണ്‍ ചെയ്തപ്പോള്‍ ‘ആമുഖം’ എന്നതിനുപകരം ‘അവതാരിക’ എന്നുപയോഗിച്ചുപോയി. ഉടനെ ചിരിച്ചുകൊണ്ടുള്ള മറുചോദ്യമുണ്ടായി, ‘മെയ്ന്‍കാഫിന് ഞാന്‍ അവതാരിക എഴുതുന്നത് ഹിറ്റ്‌ലര്‍ക്കു ഇഷ്ടപ്പെടുമോ’എന്ന്!

ഹിറ്റ്‌ലറെ വിലയിരുത്തുന്നതിലൂടെ ഇന്ത്യന്‍ ഫാഷിസത്തെ പഠന വിധേയമാക്കുക എന്നതുകൂടി ഞങ്ങളുടെ ലക്ഷ്യമായിരുന്നു. ഈ അഭിമുഖം തയ്യാറാകുന്ന കാലത്ത് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. പ്രധാനമന്ത്രി പദത്തിലേക്ക് മോദി വരുമെന്ന ചെറു സൂചനപോലും അന്നില്ലായിരുന്നു. എന്നിട്ടും ‘ഗുജറാത്തില്‍ നിന്നു ഡെല്‍ഹിയിലേക്ക് വലിയ ദൂരമില്ലെന്ന്’ മാഷ് ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇന്ത്യയില്‍ ഹിന്ദുത്വവാദികള്‍ നടപ്പാക്കുവാന്‍ പോകുന്നത് ഫാഷിസമാണെന്ന കാര്യത്തില്‍ വിജയന്‍ മാഷിന് ഒരു സംശയവുമില്ലായിരുന്നു.

ഈ സമാഹാരത്തിലെ ‘ഹിറ്റ്‌ലര്‍ ഇന്ത്യയി ലേക്കു വരുന്ന വഴി’ എന്ന അഭിമുഖം അന്നത്തെ സംഭാഷണമാണ്. ഇന്ത്യന്‍ ഫാഷിസത്തെ സൂക്ഷ്മമായി വിലയിരുത്തുകയും സദാ ജാഗരൂകരായിരിക്കുവാന്‍ വായനക്കാര്‍ക്കു മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. ഇവ്വിഷയികമായി അര ഡസനോളം പുസ്തകങ്ങള്‍ വിജയന്‍ മാഷിന്റെതായിട്ടുണ്ട്. ആഗോളീകരണത്തിന്റെ കാളിമ നമ്മുടെ അന്തരീക്ഷത്തില്‍ ഇരുട്ടു പരത്തി തുടങ്ങിയ തൊണ്ണൂറുകളുടെ ആരംഭം മുതല്‍ മുതലാളിത്തവും സാമ്രാജ്യത്വവും എത്രമേല്‍ വരും നാളുകളില്‍ നമ്മുടെ രാഷ്ട്രീയ, സാംസ്‌കാരിക, ചിന്താമണ്ഡലങ്ങളെ സ്വാധീനിക്കും എന്നദ്ദേഹം ദീര്‍ഘ വീക്ഷണത്തോടെ എഴുതുകയും പറയുകയും ചെയ്തു. അധിനിവേശത്തിന്റെ കുടിലതന്ത്രങ്ങളെ കുറിച്ച് ജാഗരൂകരാകുവാന്‍ അന്ത്യനിമിഷത്തില്‍പോലും അദ്ദേഹം ആഹ്വാനം ചെയ്തു. ഈ സംഭാഷണ സമാഹാരത്തിലെ ഒന്നിലേറെ സംസാരങ്ങള്‍ ആഗോളീകരണത്തിന്റെയും മുതലാളിത്തത്തിന്റെയും കുതന്ത്രങ്ങളെയും കാണാചരടുകളെയും ആഴത്തില്‍ വിലയിരുത്തുന്നവയാണ്. ഈ സംഭാഷണങ്ങള്‍ പലകാലത്തായി നടത്തിയവയാണ്. മെയ്ന്‍ കാഫിന്റെ ആമുഖം, ബഷീര്‍ ഫലിതങ്ങളുടെ അവതാരിക എന്നിവ സംസാരിച്ച് തയ്യാറാക്കിയവയായതിനാല്‍ ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇതിലെ ഒന്നുരണ്ട് സംഭാഷണങ്ങള്‍ ആത്മസുഹൃത്ത് കെ.സി ശൈജലിനൊപ്പം തയ്യാറാക്കിയവയാണ്.

ലോകപ്രസിദ്ധ കവയിത്രിയും മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുമായ മാധവിക്കുട്ടി ഇസ്ലാംമതം സ്വീകരിച്ചപ്പോള്‍ ഹിന്ദുത്വവാദികളില്‍ നിന്നും കടുത്ത എതിര്‍പ്പുകള്‍ നേരിടുകയുണ്ടായി. കേരള സര്‍ക്കാര്‍ എഴുത്തച്ഛന്‍ പുരസ്‌ക്കാരം നല്‍കി അവരെ ആദരിച്ചപ്പോഴും ശക്തമായ ആക്രമണമുണ്ടായി. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറും സംഘപരിവാര്‍ ബുദ്ധിജീവിയുമായ പി. പരമേശ്വരന്‍ മാധവിക്കുട്ടിയുടെ രചനകളില്‍ അശ്ലീലമുണ്ടെന്നും അതിനാല്‍ എഴുത്തച്ഛന്‍ പുരസ്‌ക്കാരം അവര്‍ക്ക് നല്‍കുന്നത് ശരിയല്ലെന്നും വാദിച്ചു. ഇതൊരു ടെസ്റ്റ്‌ഡോസ് ആയിരുന്നു എന്നു വ്യക്തം. ഇത്തരമൊരു ഘട്ടത്തില്‍ സുഹൃത്ത് കെ.സി ശൈജല്‍ എഡിറ്റ് ചെയ്ത ‘സാംസ്‌ക്കാരിക ഫാഷിസം ഒരു പ്രതിരോധം’ (പ്രസാധനം: ഒലിവ്) എന്ന പുസ്‌കത്തിനുവേണ്ടി നടത്തിയ അഭിമുഖ സംഭാഷണമാണ് ‘എന്തുകൊണ്ട് മാധവിക്കുട്ടി?.’ ആഗോളീകരണത്തിന്റെ അപകടങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭ ഘട്ട ത്തില്‍, വിജയന്‍ മാഷ് ഇവ്വിഷയികമായി നിരവധി പ്രഭാഷണങ്ങള്‍ നടത്തുകയുണ്ടായി. ഒരുപക്ഷേ, മാഷ് ഏറ്റവും കൂടുതല്‍ പ്രഭാഷണങ്ങള്‍ നടത്തിയ വിഷയം ഫാഷിസവും ആഗോളീകരണവുമാണ്. ഈ പുസ്തകത്തില്‍ ആഗോളീകരണം പ്രമേയമായി കടന്നുവരുന്ന ഒന്നിലേറെ അഭിമുഖങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചും പാര്‍ട്ടിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തെപ്പറ്റിയും പലപ്പോഴായി നടത്തിയ രണ്ട് അഭിമുഖങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാതൃഭൂമി, മാധ്യമം തുടങ്ങിയ പത്രങ്ങളുടെ വാരാന്ത്യപതിപ്പുകളിലാണ് അവ വെളിച്ചം കണ്ടത്.

ഗവേഷണ, പഠനകാലത്ത് വിജയന്‍ മാഷുമായി ഒട്ടേറെ തവണ സംസാരിച്ചിട്ടുണ്ട്. ഇതിഹാസ കഥകളുടെ നാടോടി രൂപങ്ങളെ കുറിച്ചായിരുന്നു എന്റെ പി.എച്ച്ഡി. മിത്തുകള്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് ആ സംഭാഷണങ്ങളില്‍ അദ്ദേഹം ആഴമാര്‍ന്നവിധത്തില്‍ വിശകലനം ചെയ്തിരുന്നു. അത്തരം ചില സംഭാഷണങ്ങള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും അവ പ്രസിദ്ധീകരിച്ച വാരികകള്‍ കൈവശമില്ലാത്തതിനാല്‍ ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തുവാന്‍ സാധിച്ചിട്ടില്ല. പതിനെട്ടുവര്‍ഷം മുന്‍പുനടന്ന സംഭാഷണങ്ങളാണ് ഈ പുസ്തകം. ഫാഷിസത്തിന്റെ ഇരുളിമ ഇന്ത്യന്‍ രാഷ്ട്രീയത്തെ മൂടുന്നതിന്റെ ആരംഭഘട്ടം. ഗുജറാത്ത് വംശഹത്യയില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കുന്ന ഭീകരനാളുകള്‍. രാജ്യം സഞ്ചരിക്കുന്നത് ഭയാനകമായ ഘട്ടത്തിലേക്കാണെന്നും, സമ്പൂര്‍ണ ഫാഷിസത്തിലേക്കാണെന്നും ഉറക്കെ വിളിച്ചു പറയുകയായിരുന്നു വിജയന്‍ മാഷ് അടക്കമുള്ള സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, അന്ന്. പതിനെട്ടു വര്‍ഷം മുമ്പ് വിജയന്‍ മാഷ് പറഞ്ഞ, നിരീക്ഷിച്ച പല കാര്യങ്ങളുമിന്ന് യാഥാര്‍ഥ്യമായി കഴിഞ്ഞിരിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി കസേരയില്‍ നിന്നു നരേന്ദ്രമോദി ഇന്ത്യന്‍ പ്രധാനമന്ത്രി കസേരയില്‍ എത്തിയിരിക്കുന്നു. ചരിത്രം മാറ്റിയെഴുതല്‍ മുതല്‍ ഫാഷിസത്തിന്റെ സകല ലക്ഷണങ്ങളും ഇന്ത്യയില്‍ യാഥാര്‍ഥ്യമായി രിക്കുന്നു. അപ്പോഴും ഇതു ഫാഷിസമാണോ എന്നു സന്ദേഹിച്ചും തര്‍ക്കിച്ചും സമയം കളയുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നതാണ് ഖേദകരം. ഫാഷിസം ശക്തിയാര്‍ജ്ജിച്ചകാലത്ത് ബള്‍ഗേറിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന ദിമിത്രോവ് പറഞ്ഞ വിധത്തിലുള്ള ഐക്യനിര കെട്ടിപ്പടുക്കേണ്ട ചരിത്ര സന്ദര്‍ഭത്തിലൂടെയാണ് ഇന്ത്യന്‍ സാഹചര്യമിപ്പോള്‍ കടന്നുപോയ്‌കൊണ്ടിരിക്കുന്നത്. ‘ഫാഷിസത്തിനെതിരെ അതല്ലാത്ത മുഴുവന്‍ മനുഷ്യരുടെയും ഐക്യനിര കെട്ടിപ്പെടുക്കുക’ എന്നതായിരുന്നു ദിമിത്രോവ് മുന്നോട്ട് വെച്ച ആശയം. സമകാലീന ഇന്ത്യനവസ്ഥയില്‍ ഏറ്റവും പ്രസക്തമായ ആശയമാണിത്. ഫാഷിസം ഒരു മൂര്‍ത്തയാഥാര്‍ഥ്യമായ വര്‍ത്തമാന ഇന്ത്യനവസ്ഥയില്‍ വിജയന്‍ മാഷെ വായിക്കുക എന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ‘നമ്മുടെ നാട്ടില്‍, ഫാഷിസം, ലോകത്തിന്റെ മറ്റു ചരിത്ര ഘടകങ്ങളെപ്പോലെ ഒരു ബഹുജനപ്രസ്ഥാനമാണ് എന്ന ഉണര്‍വ് നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പോലും ഉണ്ടോയെന്നു സംശയമാണ്’ എന്നു വിജയന്‍ മാഷ് ഒരിക്കല്‍ പറയുകയുണ്ടായി.

(‘എം.എന്‍ വിജയന്‍ സംഭാഷണങ്ങള്‍’ പ്രസിദ്ധീകരിക്കുന്നത് ഒലീവ് ബുക്‌സാണ്. നവംബര്‍ 6 മുതല്‍ 16 വരെ നടക്കുന്ന ഷാര്‍ജാ ബുക് ഫെയറില്‍ പുസ്തകം പ്രകാശനം ചെയ്യും)

 

Related