പ്രാദേശികതലം മുതല്‍ ജില്ലാതലം വരേയുള്ള പാര്‍ട്ടിയുടെ സമ്മേളനോത്സവങ്ങള്‍ നടുറോഡില്‍ പന്തല്‍നാട്ടിയും പരേഡ് നടത്തിയും പര്യവസാനത്തിലെത്തിയിരിക്കുകയാണ്. ഇനി കൊടിയേറാനുള്ളത് സംസ്ഥാന സമ്മേളന മാമാങ്കമാണ്. കോടികള്‍ പൊടിച്ചാണ് ഇവയത്രയും കൊടിയേറുന്നത്. ഇക്കുറി ഒരു പ്രത്യേകത കുതന്ത്രിക്ക് മനസ്സിലായിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലങ്ങളില്‍ നിന്നുള്ള സാര്‍വദേശീയ നേതാക്കളായ കാറല്‍ മാര്‍ക്‌സ്, ഫ്രെഡറിക് ഏംഗല്‍സ്, വി.ഐ ലനിന്‍, ജോസഫ് സ്റ്റാലിന്‍ എന്നീ ഏമാന്മാരുടെ പൊടിപോലുമില്ലായിരുന്നു പടങ്ങളിലും കൊടിക്കൂറകളിലും. പകരം സിനിമാ പോസ്റ്റര്‍ വലിപ്പമുള്ള പരസ്യപ്പലകകളില്‍ ചിരിച്ചുകൊണ്ട് ഇരുന്നിരുന്നത് വിജയനും ടിയാന്റെ ദാസന്‍മാരായ ഗോവിന്ദനും രാഘവനും.
ആഗോളതലത്തിലാകെ കേരളത്തില്‍ മാത്രമേ യഥാര്‍ഥ പാര്‍ട്ടി ഭരണമൂള്ളൂവെന്ന് ഈ മൂവര്‍ സംഘം സങ്കല്‍പ്പിക്കുന്നത് കൊണ്ടാകാം അവര്‍ മാത്രം സമ്മേളനങ്ങളില്‍ പ്രധാന ദിവ്യന്മാരായത്. പണത്തിന് മീതെ പറക്കും പാര്‍ട്ടി ഒടുവില്‍ പിണറായിസത്തിലേക്കും പണറായിസത്തിലേക്കും പരിണമിക്കുകയാണെന്ന് പാര്‍ട്ടി സമ്മേളനങ്ങളിലെ ഭാഷയും ശരീരീഭാഷയും വ്യക്തമാക്കുന്നുണ്ട്.
പഠന ക്ലാസുകള്‍ എടുക്കുന്നതിലും അണികളെ പരിശീലിപ്പിക്കുന്നതിലും തഴക്കുവും വഴക്കവും പഴക്കവുമുള്ളയാളാണ് പാര്‍ട്ടി സെക്രട്ടറി സഖാവ് ഗോവിന്ദന്‍. തക്കസമയത്ത് യുക്തമായ പ്രസ്താവനകള്‍ കൊണ്ട് അദ്ധേഹം കേള്‍വിക്കാരെ കോരിത്തരിപ്പിക്കും. കെ. റെയില്‍ സമരം കത്തിനിന്ന കാലത്താണ് ടിയാന്‍
പ്രസിദ്ധമായ അപ്പ സിദ്ധാന്തം അവതരിപ്പിക്കുന്നത്. കൂറ്റനാട് നിന്ന് വലിയ രണ്ട് കെട്ട് അപ്പവുമായി കുടംബശ്രീയിലെ സഖാവ് തങ്കമ്മക്കും ശോശാമ്മക്കും എട്ട് മണിക്ക് പുറട്ട് എട്ടരമണിക്ക് ഷെര്‍ണൂരെത്താം. അവിടെ നിന്ന് ഇരുപത്തിയഞ്ച് മിനുറ്റ് കൊണ്ട് കൊച്ചിയിലെത്തി ചൂടപ്പം വിറ്റ് പൈസയും വാങ്ങി ചായയും കുടിച്ച് ഉച്ചഭക്ഷണം കഴിക്കാന്‍ കൂറ്റനാട്ട് തിരിച്ചെത്താം. ഈ തിരക്കഥക്ക് ഒരു പാട് മറുചോദ്യങ്ങളുണ്ടായെങ്കിലും അപ്പം തിന്നാല്‍ പോരെ, കുഴിയെണ്ണണോ എന്ന സര്‍ക്കുലര്‍ വന്നതോടെ അവയത്രയും അപ്രസക്തമാവുകയും സഖാക്കള്‍ പിന്നെ ക മ ന്ന് ശബ്ദിച്ചില്ലെന്നുമാണ് അടക്കം പറച്ചലികുള്‍.
സമാന സിദ്ധാന്തമാണ് കടകംപള്ളി സുരേന്ദ്രന്‍ അവതരിപ്പിച്ചത്. അഞ്ചു രൂപ നോട്ട് കിട്ടാത്തത് കൊണ്ടാണേ്രത ആശുപത്രിയില്‍ ഒ.പി ടിക്കറ്റ് ചാര്‍ജ് പത്തു രൂപയായി വര്‍ധിപ്പിച്ചത്. വലിയ കാറില്‍ സമ്മേളനത്തില്‍ വന്നിറങ്ങിയ വിജയരാഘവന്‍ ഗതാഗതകുരുക്കില്ലാതിരിക്കാന്‍ ഇനിമുതല്‍ എല്ലാവരും ചെറിയ കാര്‍ ഉപയോഗിച്ചാല്‍മതിയെന്ന വിളംബരം സമ്മേളനത്തില്‍ പ്രഖ്യാപിച്ചെന്ന് കേട്ടു. നാല്‍പതു കാറുകളുടെ അകമ്പടിയുമായി നാടുകാണാനിറങ്ങുന്ന മുഖ്യനുനേരെയുള്ള ഒളിയമ്പാണോ അത് എന്നറിയില്ല.
ഇപ്പോള്‍ ഇതാ വ്യവസായവല്‍ക്കരണത്തിന്റെ പുതിയ മാതൃകാ സംരംഭത്തിന് സമാരംഭം കുറിക്കുകയാണ്. പാലക്കാട്ടെ ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടിയില്ലെങ്കിലെന്താ, ലക്ഷണമൊത്ത മദ്യക്കമ്പനിയടെ വെള്ളം അവരുടെ വായിലേക്ക് നേരിട്ട് പമ്പ് ചെയ്യുന്ന പദ്ധതി അണിയറയില്‍ തയ്യാറാവുകയാണ്. തിരുവനന്തപുരത്തെ ഒരു പാവം സഖാവിന് മിനുറ്റുകള്‍കൊണ്ട് പാലക്കാട്ടെത്തി ഒന്ന് മിനുങ്ങി തിരിച്ചുപോകാന്‍ കഴിയും വിധം കെ. റെയില്‍ പാലക്കാട്ടേക്കും വികസിപ്പിക്കണമെന്നാണ് കുതന്ത്രിയുടെ അഭിപ്രായം.
കോണ്‍ഗ്രസ് സര്‍ക്കസ്
കോണ്‍ഗ്രസിന്റെ കാര്യം എക്കാലത്തും രസകരമാണ്. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഒരു കാഴ്ച്ച ബംഗ്ലാവോ സര്‍ക്കസ് കൂടാരമോ എന്നു തോന്നിപ്പിക്കും വിധമാണ് അവര്‍ പെരുമാറുക. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരാണ് ഇക്കാര്യത്തിലെ ചേകവന്‍മാര്‍. തെരഞ്ഞെടുപ്പ് എന്ന വാക്ക് ആരെങ്കിലും അസമയത്ത് അസംബന്ധമായി പറഞ്ഞാല്‍പോലും ശുനകജാഗ്രതയോടെയും വേഗതയോടെയും അവര്‍ സടകുടഞ്ഞെണീക്കും. േേനരെ തയ്യല്‍ക്കടയിലേക്കോടി സ്ഥാനാര്‍ഥികുപ്പായവും പറ്റിയ മറ്റെല്ലാ ഉടയാടകളും തയ്യാറാക്കാനുള്ള ഉത്തരവ് കൊടുക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന എല്ലാ സംസ്ഥാന
തെരഞ്ഞെടുപ്പുകളിലും തോറ്റമ്പിയെങ്കിലും കേരളത്തില്‍ അടുത്ത മുഖ്യമന്ത്രി ആരാണ് എന്നതിലാണ് തര്‍ക്കം. സതീശനാണോ രമേശനാണോ.
രമേശന്‍ കമിഴ്ന്ന് കിടന്നും കരഞ്ഞ് കാലുപിടിച്ചും മന്നത്ത് പോയി കളി തുടങ്ങിയിട്ടുണ്ട്. സതീശനും മറുമരുന്നു കുറിക്കാനുള്ള പുറപ്പാടിലാണ്. സുധാകരന്‍ എപ്പോഴും നിക്കണോ അതോ പോകണോ എന്ന മട്ടിലാണ്. നിങ്ങളെല്ലാവരും തമ്മില്‍ തര്‍ക്കമാണെങ്കില്‍ മധ്യസ്ഥത വഹിക്കാന്‍ ഹൈകമാന്റിന്റെ ആളായി വന്ന് ഞാന്‍ മുഖ്യമന്ത്രിയാകാം എന്നാണ് കെ.സി പറയുന്നത്. കല്യാണം തീരുമാനിച്ചിട്ട് പോരെ പെയിന്റടി എന്ന മുരളിയുടെ ചോദ്യം ചിരി പരത്തിത്തിയിട്ടുമുണ്ട്. അതിനിടയിലാണ് തങ്ങള്‍ ഒരു വെടി പൊട്ടിക്കുന്നത്. എല്ലാരും ഇപ്പോ തന്നെ ഇങ്ങനെ തുടങ്ങിയാല്‍ പിന്നെ ഞങ്ങളായിട്ടെന്തിന് കയ്യുംകെട്ടി നോക്കി നില്‍ക്കണമെന്നാണ് ലീഗിന്റെ ചോദ്യം.
ഉന്നതകുലജാതര്‍
മോദിയുടെ ഗ്യാരന്റിയായി കേരളത്തിന് ലഭിച്ച രണ്ടു സഹമന്ത്രിമാര്‍ അവരുടെ തനിസ്വരൂപം കാണിച്ചു തുടങ്ങിയിട്ടുണ്ട്. കേന്ദ്രബജറ്റില്‍ കേരളത്തിന്
അവഗണനയുണ്ടാകുമെന്ന കാര്യം ഉറപ്പായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താമരയെ കയ്യൊഴിച്ചതിനാല്‍ തെക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍പെട്ടതല്ല എന്ന മട്ടിലാണ് ഏമാന്മാരുടെ പെരുമാറ്റം. മാധ്യമങ്ങള്‍ വിവരിച്ചതുപോലെ പലതരത്തിലുള്ള സാരികളണിഞ്ഞ് നിര്‍മല മാഡം അവതരിപ്പിച്ച ബജറ്റില്‍ കേരളത്തിന് വട്ടപൂജ്യവും പിച്ചച്ചട്ടിയുമായിരുന്നു. അതില്‍ പ്രതിഷേധിച്ചവരോട് മന്ത്രിജീ കുര്യന്‍ പറഞ്ഞത് കേരളം പിന്നാക്ക സംസ്ഥാനമാണെന്ന് സമ്മതിച്ചാല്‍ കൂടുതല്‍ സഹായം തരാമെന്നാണ്. മോന്‍ ചത്തിട്ടാണെങ്കിലും മരുമോളുടെ കണ്ണീര്‍ വീഴണം എന്നാണ് കുര്യന്റെ മനസസ്സിലിരുപ്പ്.
അപ്പോഴതാ വരുന്നു സാക്ഷാല്‍ സുരേഷ് ഗോപി. രാജ്യത്ത് ഗോത്രവകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യണമെന്നും ആ വകുപ്പ് തന്നെ ഏല്‍പ്പിക്കാന്‍ മോദിയോട് അഭ്യര്‍ഥിച്ചിരുന്നു എന്നുമാണ് ഗോപിയാശാന്‍ പറഞ്ഞത്. അടുത്ത ജന്മത്തില്‍ ബ്രാഹ്‌മണനായി ജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന പ്രസ്താവന കൂടി ഇതിനോട് ചേര്‍ത്ത് വായിക്കുമ്പോള്‍ ചിത്രം പൂര്‍ത്തിയാകും. ഗോപിയും കുര്യനും ഉന്നതകുലജാതരാകാനുള്ള കച്ച മുറുക്കുകയാണെന്ന് ചുരുക്കം.
ചങ്കും കരളും
ട്രംപ് അധികാരമേറ്റെടുത്ത ദിവസം മുതല്‍ മോദി ശ്രമിക്കുന്നതാണ് വാഷിംഗ്ടണിലേക്ക് പറക്കാന്‍. പക്ഷേ, അവസരം ലഭിച്ചത് ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരുടെ കയ്യും കാലും ബന്ധിച്ച് സൈനിക വിവിമാനത്തില്‍ പഞ്ചാബിലേക്ക് പാര്‍സലയച്ചതിന് ശേഷമാണ്. ട്രംപ് നല്‍കിയ ഒന്നാംതരം സൂചന തന്നെയായിരുന്നു അത്. മോദി ട്രംപിനെ കെട്ടിപ്പിടിച്ച് മുത്തിയതിന്റെ രണ്ടാം ദിവസമാണ് രണ്ടു വിമാനങ്ങളിലായി ഇന്ത്യക്കാരെ വീണ്ടും കയറ്റി അയക്കാന്‍ തയ്യാറെടുക്കുന്നത്. മാനുഷിക പരിഗണന നല്‍കാതെയുള്ള ഈ പ്രവര്‍ത്തിയില്‍ പല രാജ്യങ്ങളും പ്രതിഷേധിച്ചിട്ടും ഇന്ത്യ മൗനം പുലര്‍ത്തുകയാണ് ചെയ്തത്. എന്നു മാത്രമല്ല, ട്രംപ് ചങ്കാണെന്നും കരളാണെന്നും പ്രസ്താവിക്കുകയും ചെയ്തു. ഇതരസങ്കികളുടെ ജനിതകത്തിലുള്ളതുപോലെ തന്നെ പ്രധാനമന്ത്രിയുടെ ചങ്കും കരളും ഇന്ത്യന്‍ നിര്‍മിതമല്ലാ എന്നതിന് ഇതില്‍പ്പരം മറ്റു തെളിവുകളൊന്നും ആവശ്യമല്ല.
