ആട്ടം ഒന്ന്:
ഗുല്‍മോഹര്‍ പൂക്കളുടെ നിലമ്പൂര്‍ റെയില്‍വെസ്റ്റേഷന്‍
സംഗതി സാമ്രാജ്യത്വമാണ് നിലമ്പൂരിലേക്കുള്ള തീവണ്ടിപ്പാത രൂപകല്‍പന ചെയ്തത്. നിലമ്പൂരില്‍ നിന്നും തേക്കും ഈട്ടിയും കൂകിപ്പാഞ്ഞു കടത്താനായിരുന്നു അവരുടെ പദ്ധതി. രണ്ടാം ലോകമഹായുദ്ധകാലത്ത് ഏക്കറ് കണക്കിന് തേക്കിന്‍ തോട്ടങ്ങളാണ് മുറിച്ചു കടത്തിയത്. അങ്ങിനൊയൊക്കെയാണെങ്കിലും സ്വരാജിന് അത് ഏറെ സൗകര്യമായി. 2025 മെയ് 31 ന് നിലമ്പൂരിന്റെ സ്ഥാനാര്‍ഥിയായി സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നും ഇറങ്ങി, തിരുവനന്തപുരത്ത് വന്ന് തീവണ്ടിയില്‍ കയറാന്‍ കഴിഞ്ഞു. വണ്ടിയില്‍ ജനാലസീറ്റിലിരിക്കുന്ന പടം അപ്പോള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വയറലായി. തീവണ്ടിയൊന്ന് നിലമ്പൂരെത്തിക്കിട്ടാന്‍ സ്‌നേഹിതര്‍ ആശിച്ചു. ഗുല്‍മോഹര്‍ പൂക്കള്‍ പോലെ ചെങ്കൊടി കയ്യിലേന്തി, ചെമ്പട നിലമ്പൂരില്‍ ഇരമ്പിയെത്തി. ആ സമയത്ത് മറ്റൊരു ട്രെയിന്‍ പോകാന്‍, പച്ചക്കൊടി കാണിക്കാന്‍ പോലും ഉദ്യോഗസ്ഥന്‍ പാടുപെട്ടു. തീവണ്ടിയില്‍ ചൂളം വിളിച്ചെത്തിയ സ്ഥാനാര്‍ഥി മന്ദംമന്ദം മണ്ഡലത്തിലേക്ക് കുതിച്ചു. അപ്പോഴും തീവണ്ടി കയറിയൊന്നും വരേണ്ടതില്ലാത്ത ആര്യാടന്‍ ഷൗക്കത്ത്, നിലമ്പൂരങ്ങാടിയിലെ ചായമക്കാനിയില്‍ ഒരു സുലൈമാനി ഓര്‍ഡര്‍ ചെയ്ത്, സ്വരാജിന്റെ തീവണ്ടി ഷോ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു.
ആട്ടം രണ്ട്:
ചെഞ്ചായമണിഞ്ഞു കോടതിപ്പടി
സ്ഥാനാര്‍ഥി മണ്ഡലത്തില്‍ പടയ്ക്കിറങ്ങിയതോടെ തൊട്ടടുത്ത ദിവസം തന്നെ വൈകിട്ട് കോടതിപ്പടിയില്‍, അരിവാളും ചുറ്റികയുമായി സഖാവ് ക്യാപ്റ്റന്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷിനില്‍ കച്ച മുറുക്കി. രോഗികള്‍ക്ക് മരുന്നു കുറിച്ചുകൊടുക്കുന്ന ഡോക്ടറോ, തെരഞ്ഞെടുപ്പിന്റെറ തലേന്ന് കോണ്‍ഗ്രസില്‍ നിന്നും കളംമാറിച്ചവിട്ടി വന്ന സരിനോ അല്ല, സാക്ഷാല്‍ സെക്രട്ടറിയേറ്റ് മെമ്പര്‍ തന്നെയാണ് തേക്കിന്‍കാട് പിടിക്കാന്‍ വന്നതെന്നായിരുന്നു പിണറായിഭാഷ. നിലമ്പൂര്‍ നഗരസഭയിലും എല്ലാ പഞ്ചായത്തിലും പ്രസംഗിച്ചേ അടങ്ങൂ എന്ന് മുഖ്യമന്ത്രി വാശിപിടിച്ചു. പത്തൊമ്പത് വര്‍ഷത്തിന് ശേഷം ഇതാദ്യമായി പാര്‍ട്ടിചിഹ്നത്തിലൊരു സെക്രട്ടേറിയറ്റംഗം വരുമ്പോള്‍, പോരാട്ടത്തിന് വീര്യം കൂട്ടി, സാദാ സഖാക്കളും സൈബര്‍ സഖാക്കളും.
ആട്ടം മൂന്ന്:
ലേറ്റായാലും ലേറ്റസ്റ്റ്
വ്യക്തിപ്രഭാവമുള്ള യുവനേതാവ്, മികച്ച വാഗ്മി, നിലപാടുകളുടെ രാജകുമാരന്‍ തുടങ്ങിയ സ്തുതഗീതങ്ങളുമായി പാര്‍ട്ടിയുടെ ആലയിലെ മൂര്‍ച്ചയുള്ള ആയുധമായിരുന്നു ഇടതുപക്ഷ സ്ഥാനാര്‍ഥി. പാര്‍ട്ടി സെക്രട്ടറിയും പോളിറ്റ് ബ്യൂറോ വിജയരാഘവനും സകലമന്ത്രിമാരും നിലമ്പൂരില്‍ ക്യാമ്പ് ചെയ്താണ് സ്വരാജിനായി വോട്ട് തെണ്ടിയത്. കേരളത്തിലെ സാംസ്‌കാരികനായകരും സ്ഥാനര്‍ഥിയും പുകഴ്ത്തിയും പുരസ്‌കരിച്ചും ഭരണക്കൂറ് തെളിയിച്ചു. സാംസ്‌കാരികകേരളം സ്വരാജിനൊപ്പം എന്ന തലക്കെട്ടില്‍ അവര്‍ നിലമ്പൂരില്‍ വന്ന് നെറ്റിപ്പട്ടം കെട്ടിയാടി. സ്വരാജെന്നാല്‍ പൂര്‍ണസ്വരാജ്യം, അണയാതെ കത്തുന്ന തീപ്പന്തം എന്നൊക്കെ ചിലര്‍ ആഞ്ഞുതള്ളി. വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്നുവെങ്കില്‍ എന്ന് ആശിച്ചു പോകുന്നുവെന്ന് അവര്‍ കവിതയെഴുതി. വോട്ടര്‍ പട്ടികയില്‍ പേരുണ്ടാവണമെങ്കില്‍ അല്‍പ്പം വിയര്‍ക്കണമെന്നും സാസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് അത് പരിചയമില്ലെന്നും പൊതുജനം പരിഹസിച്ചു.
ആട്ടം നാല്:
തുടര്‍ഭരണ(തു)തള്ളല്‍
സഖാവ് ഗോവിന്ദന്‍ ഊണിലും ഉറക്കത്തിലും പത്രക്കാരോട് ഉണര്‍ച്ചയിലും പറയുന്ന മഹത്തായ മാനിഫെസ്റ്റോയാണ് ഭരണം തുടരും എന്നത്. അതിനിടയിലൊക്കെ പിണറായി മഹാനാണെന്ന് പ്രഖ്യാപിക്കും. സംഘ്പരിവാരത്തെപോലെ ഭൂരിപക്ഷം വരുന്ന ഹൈന്ദവവോട്ടുകളിലാണ് ഗോവിന്ദ-പിണറായിവിജയരാഘവാദികളുടെ തൃക്കണ്ണ്. അന്ധമായ മുസ്‌ലിം വിരോധമാണ് അധികാരത്തിലെത്താനുള്ള അവരുടെ ഇന്ധനം. പച്ചവെള്ളത്തില്‍ തീപിടിപ്പിക്കുന്ന വര്‍ഗീയതയാണ് വോട്ടര്‍മാര്‍ക്കിടയില്‍ വിളമ്പുന്നത്. ഗോവിന്ദ സഖാവിന് ഭരണം തുടരണം. പക്ഷെ, പരാജയപ്പെട്ടാല്‍ അത് ഭരണത്തെകുറിച്ചുള്ള വിലയിരുത്തലാവുകയും ചെയ്യരുത്. നിലമ്പൂര്‍ കാട്ടില്‍ നിന്നും വന്യമൃഗങ്ങള്‍ ജനങ്ങളെ ആക്രമിക്കുന്നതടക്കം അവിടെയുള്ള സകലപ്രശ്‌നങ്ങള്‍ക്കും കാരണഭൂതന്‍ ജമാഅത്തെ ഇസ്‌ലാമിയാണ് എന്ന മട്ടിലായിരുന്നു പ്രചാരണം. സൈബര്‍ സഖാക്കളാകട്ടെ ഒരു പടി കടന്ന്, മൗദൂദിയുടെ സാഹിത്യം അമീറുമാരുടെ വീട്ടിലിരിക്കുന്നത് കൊണ്ടാണ്, സിംഹവും പുലിയുമെല്ലാം കാടിറങ്ങിവരുന്നത് എന്ന് വരേ വാദിച്ചു. പാര്‍ട്ടിമരക്കഴുതകളതെല്ലാം വലിയവായില്‍ വിശ്വസിച്ചു. ജമാഅത്തെ ഇസ്‌ലാമിയെ പൈശാചികവല്‍ക്കരിച്ചും മലപ്പുറം മുസ് ലിംങ്ങളെ ഭീകരവല്‍ക്കരിച്ചും ഹിന്ദുവോട്ട് കനത്ത രീതിയില്‍ കിട്ടുമെന്ന് സഖാക്കള്‍ സ്വപ്നം കണ്ടു. നിലമ്പൂരിലെ മതേതരജനത സഖാക്കളെ തോറ്റോടിയ പട കണക്കെ തുരത്തി. എന്നിട്ടും ഭരണക്കാര്‍ക്ക് കലിയടങ്ങിയിട്ടില്ല. അവര്‍ കേരളത്തെ കുരച്ചു തോല്‍പ്പിക്കുകയാണ്.
ആട്ടം അഞ്ച്:
പരാജയത്തിന്റെ പുസ്തകം
പരന്ന വായനയുള്ള സ്വരാജ് എഴുതിയ ഗ്രന്ഥമാണ് പൂക്കളുടെ പുസ്തകം. ഞൊടിയിടയില്‍ പതിനാല് പതിപ്പാണ് ചൂടപ്പം പോലെ പുറത്തിറങ്ങിയത്. പുസ്തകത്തിന് നിലമ്പൂരിലെ തോല്‍വിക്ക് ശേഷം സാഹിത്യഅക്കാദമി പുരസ്‌കാരവും നല്‍കി. തൊട്ടുടനെ പുസ്തകത്തിലെ ചില പിഴവുകളെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച വന്നു. സ്വരാജ് അവാര്‍ഡ് സ്വീകരിക്കേണ്ടതില്ലായെന്ന് തീരുമാനിച്ചു. സാഹിത്യഅക്കാദമിയാകട്ടെ, സ്വരാജ് അപേക്ഷിച്ചിട്ടല്ല, അവാര്‍ഡ് നല്‍കിയതെന്ന്, (ആരും ചോദിക്കാതെ തന്നെ) നയം വ്യക്തമാക്കി. എന്നാല്‍, പുസ്തകത്തിന്റെ പിഴവുകളെ സംബന്ധച്ച് കമാന്ന് സംസാരിച്ചില്ല. തിരക്കിട്ട മാധ്യമപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സംഭവിക്കാറുള്ള അബദ്ധങ്ങളെ ഇഴകീറി പരിശോധിക്കുന്നയാളാണ് സ്വരാജ്. പക്ഷെ, തെരഞ്ഞെടുപ്പില്‍ തോറ്റപ്പോഴെന്നപോലെ തന്നെ, പുസ്തകവിമര്‍ശനത്തിലും സഖാവ് പ്രകോപിതനായി. സ്വരാജിന്റെ ഭാഷ ആകര്‍ഷകമായിരിക്കാം. പക്ഷെ ആ ശരീരഭാഷയില്‍ അധികാരത്തിന്റെ സ്വരം കുതന്ത്രിക്ക് കേള്‍ക്കാനാകുന്നുണ്ട്. അതുകൊണ്ടാണ് അഞ്ചു വര്‍ഷത്തിനിടയില്‍ രണ്ട് നിയമസഭാ മണ്ഡലത്തില്‍ രണ്ടു പ്രാവിശ്യം പരാജിതനായ ബുദ്ധജീവിയായി സ്വരാജ് പരിണമിക്കുന്നത്.
