August 9 Sunday 2026

‘ചാര കാണ്ടാമൃഗങ്ങൾ’ വിഹരിക്കുന്ന കേരളം: അവഗണിക്കപ്പെടുന്ന മുന്നറിയിപ്പുകളും പൊലിയുന്ന ജീവനുകളും

ദുരന്തങ്ങളെ അവയുടെ സ്വഭാവമനുസരിച്ച് പ്രകൃതി ദുരന്തങ്ങളെന്നും മനുഷ്യ നിർമ്മിത ദുരന്തങ്ങളെന്നും പൊതുവിൽ വിശേഷിപ്പിക്കാറുണ്ട്. പ്രകൃതി ദുരന്തങ്ങളെന്ന് പൊതുവേ വിശേഷിപ്പിക്കുന്നവ അത്തരത്തിലുള്ളതാണോ എന്നത് സംബന്ധിച്ച തർക്കവും ഇന്ന് നിലനിൽക്കുന്നുണ്ട്. മനുഷ്യ ഇടപെടൽ അതത് ഇടങ്ങളിലെ പ്രാദേശിക പരിസ്ഥിതിയിലും ആവാസ വ്യവസ്ഥയിലും സൃഷ്ടിക്കുന്ന ആഘാതങ്ങൾ ദുരന്തങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ട്. അത്തരം സാഹച്യങ്ങളെ കൃത്യമായി നിർവ്വചിക്കുവാനോ വേർതിരിച്ചു മനസ്സിലാക്കുവാനോ ഉള്ള മാനദണ്ഡങ്ങളുടെ കാര്യത്തിൽ തർക്കം നിലനിൽക്കുന്നുണ്ടെങ്കിൽക്കൂടിയും. എന്നാൽ, കേരളത്തിൽ അടുത്തകാലത്തായി സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളുടെ ഒരു പൊതുസ്വഭാവം കണക്കാക്കിയാൽ ദുരന്ത കൈകാര്യകർതൃത്വ ഭാഷയിൽ അവയൊക്കെയും ‘ഗ്രേ റിനോ ഇവന്റുകൾ’ (Grey Rhino Events) എന്ന് വിശേഷിപ്പിക്കാവുന്നവയാണ് എന്ന് കാണാവുന്നതാണ്.

‘ഗ്രേ റിനോ ഇവന്റ്’ എന്നതിനർത്ഥം, സാധ്യത വളരെ കൂടിയതും ഉയർന്ന ആഘാതങ്ങൾ സൃഷ്ടിക്കുന്നതും വ്യക്തമായ മുന്നറിയിപ്പ് അടയാളങ്ങളോടുകൂടിയുള്ളതും മുൻകൂട്ടി കാണാൻ കഴിയുന്നതും ആയ ഒരു പ്രതിസന്ധി അല്ലെങ്കിൽ ഭീഷണി എന്നാണ്. എത്രതന്നെ മുന്നറിയിപ്പുകൾ ലഭ്യമായാലും വലിയ നാശനഷ്ടങ്ങൾ സൃഷ്ടിക്കുന്നതുവരെ അവ അവഗണിക്കപ്പെടുകയും ചെയ്യും. അത്തരം സംഭവങ്ങളിലെ നാശനഷ്ടങ്ങൾ ഗുരുതരവും ആയിരിക്കും.

വയനാട്ടിലെ കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലും 2024ൽ മേപ്പാടിയിൽ ഉണ്ടായ ഉരുൾപൊട്ടലും ഗ്രേ റിനോ ഇവന്റ് ഗണത്തിൽ പെടുത്താവുന്നവയാണ്. ദുരന്തം സംഭവിക്കാനിരിക്കുന്നുവെന്നതിന്റെ കൃത്യമായ സൂചനകൾ ലഭ്യമായിട്ടും ഇത് സംബന്ധിച്ച് വ്യക്തമായ മുന്നറിയിപ്പ് നൽകപ്പെട്ടിട്ടും ബന്ധപ്പെട്ട അധികാരികളാൽ അവഗണിക്കപ്പെട്ടതുകൊണ്ടുമാത്രമാണ് ഈ ദുരന്തങ്ങൾ ഉണ്ടായിട്ടുള്ളത്. മനുഷ്യജീവനും അവന്റെ ജീവനോപാധികൾക്കും യാതൊരു വിലയും കൽപ്പിക്കാത്ത ഒരു സംവിധാനമായി ഭരണവ്യവസ്ഥ മാറിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. മുന്നറിയിപ്പുകളെ അവഗണിക്കുന്ന അധികാരികൾ യാതൊരുവിധത്തിലുമുള്ള കർശനമായ നിയമനടപടികൾക്കും വിധേയരാക്കപ്പെടുന്നില്ല എന്നതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അവഗണനകൾ തുടർന്നുകൊണ്ടേയിരിക്കുന്നു.

രാജ്യത്തെ ദുരന്ത മാനേജ്‌മെന്റ് സംവിധാനങ്ങൾ ‘ഭഗവാൻ ഭരോസ’ യിൽ നിലനിന്നുപോകുന്ന ഒന്നാണെന്നതിന് നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഏറ്റവും സുരക്ഷിതമായി നിലനിർത്തേണ്ടുന്ന ആണവ റിയാക്ടർ സംവിധാനങ്ങൾ പോലും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോ മുൻകരുതൽ നടപടികളോ സ്വീകരിക്കാതെയാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്നത് ദുരന്തങ്ങൾ സംഭവിച്ചുകഴിഞ്ഞാൽ മാത്രം ചർച്ച ചെയ്യപ്പെടുന്ന കാര്യങ്ങളായി മാറിയിരിക്കുന്നു. 1994ൽ ദക്ഷിണ ഗുജറാത്തിലുണ്ടായ അതിതീവ്ര മഴയിൽ കക്രപ്പാർ ആണവ നിലയത്തിലെ ടർബൈൻ ബിൽഡിംഗിൽ അടക്കം വെള്ളം കയറുകയും സൈറ്റ് എമർജെൻസി പ്രഖ്യാപിക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. അത്യന്തം ആപൽക്കരമായ സ്ഥിതിവിശേഷം രൂപപ്പെട്ടിട്ടുപോലും നമ്മുടെ ദുരന്ത കൈകാര്യകർതൃ സംവിധാനങ്ങളിലുള്ള അവഗണനാപരമായ സമീപനങ്ങൾ തിരുത്തിക്കുറിക്കാനോ ജനങ്ങളുടെ ജീവൻ വെച്ച് പന്താടുന്നവരെ കർശനമായ നിയമങ്ങളിലൂടെ ശിക്ഷിക്കുവാനോ ഭരണകൂടം തയ്യാറായിട്ടില്ല.

ഇത്തരത്തിലുള്ള ഗ്രേ റിനോ ഇവന്റുകൾ സമൂഹത്തിലെ അസമത്വം വർദ്ധിപ്പിക്കുകയും, ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുകയും, സാമൂഹിക ഐക്യത്തെ ദുർബലപ്പെടുത്തുകയും, സാമൂഹിക മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവയൊക്കെ വ്യക്തമാക്കുന്നത് ഗ്രേ റിനോ ഇവന്റുകൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്. ദുരന്തങ്ങളെയും അവയുടെ സ്വഭാവങ്ങളെയും അവ സൃഷ്ടിക്കുന്ന സാഹചര്യങ്ങളെയും സംബന്ധിച്ച് ജനങ്ങൾക്കിടയിൽ കൂടുതൽ അവബോധം ഉണ്ടായിവരിക എന്നതും ശക്തമായ സാമൂഹ്യ മുന്നേറ്റം വളർന്നുവരിക എന്നതും മാത്രമാണ് ഇതിനെ നേരിടാനുള്ള പരിഹാരം.

 

Related