October 14 Wednesday 2026

കള്ളാടി ദുരന്തം: ദുരന്തങ്ങൾ മാടിവിളിക്കുന്ന കിഫ്ബി പദ്ധതി

മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിൽ തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് വൻ മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായിരിക്കുകയാണ്. ഇത് പ്രകൃതിദുരന്തമല്ല, ‘മനുഷ്യനിർമ്മിതം’ മാത്രമാണെന്ന നിലയിൽ വ്യാഖ്യാനങ്ങൾ ചമയ്ക്കാൻ ഭരണകൂടം തയ്യാറെടുപ്പ് തുടങ്ങി. അകലെ ഇരുന്നുകൊണ്ട് മന്ത്രി സിദ്ദിഖ് “മനുഷ്യനിർമ്മിതം” എന്ന് പ്രഖ്യാപിക്കുമ്പോൾ, അതിൻ്റെ ദുരുദ്ദേശം മനസ്സിലാക്കാവുന്നതാണ്. “അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനെത്തുടർന്നുണ്ടായ മണ്ണിടിച്ചിൽ മാത്രമാണ് പ്രകൃതിദുരന്തമല്ല” എന്ന, ഒരുപക്ഷേ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് ഭരണകൂടം പറഞ്ഞുവരുന്നത്.

ഈ ദുരന്ത സാധ്യതകളെ കുറിച്ചുള്ള ശാസ്ത്രീയമായ പഠനങ്ങൾ അവഗണിച്ചുകൊണ്ടാണ് തുരങ്ക പാത നിർമ്മാണം ആരംഭിച്ചത് തന്നെ. തുരങ്ക നിർമ്മാണം നടക്കുന്ന ഭാഗം റെഡ് സോണിൽ ഉൾപ്പെട്ടതാണെന്ന റിപ്പോർട്ടുകൾ അദൃശ്യമാക്കി വെച്ചാണ് ഇപ്പോഴും ദുരന്ത ചർച്ചകൾ നടക്കുന്നത്. ഇത് യഥാർത്ഥത്തിൽ മല തുരക്കൽ മാത്രമല്ല; മലമുറിക്കൽ (hill cutting) ആണ്.

കരാർ എടുത്തത് പൊതു മേഖലാ സ്ഥാപനമായ കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് (കെആർസിഎൽ) എന്ന് പറഞ്ഞ് രക്ഷപ്പെടുകയാണ് സർക്കാർ ചെയ്യുന്നത്. എന്നാൽ, കൊങ്കൺ റെയിൽവേ സബ് കോൺട്രാക്ട് കൊടുത്തിട്ടുള്ള സ്വകാര്യ കമ്പനിയായ ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ് (ഡിബിഎൽ) നിലവിൽ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന കരാറുകാരാണ്. ആദ്യം ഈ കമ്പനി ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടതാണ്. മറ്റൊരു പങ്കാളി ഇതിലുള്ളത് കിഫ്ബി ആണ്. ബ്ലാക്ക് ലിസ്റ്റ് ചെയ്ത സ്വകാര്യ കമ്പനിയാണ് എന്ന് അറിഞ്ഞിട്ടും ‘കിഫ്ബി’ ആണ് ഇതിൻ്റെ പിന്നിലെ ഗൂഢാലോചന നിർവഹിച്ചതത്രേ.

ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലങ്ങളിൽ ഒന്നായ, അതീവ സെൻസിറ്റീവ് പർവതനിരകളിലൂടെയുള്ള തുരങ്കങ്ങൾ തുരക്കുന്നത് വയനാടിന്റെ സ്വാഭാവിക ഘടനയെ നശിപ്പിക്കുമെന്ന് പഠനങ്ങൾ ഉണ്ട്. ഒരു കിലോമീറ്റർ ദൈർഘ്യമുള്ള ഒരു തുരങ്കം നിർമ്മിക്കുമ്പോൾ പോലും ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പർവതങ്ങളിൽ നിന്ന് വറ്റിപ്പോകുന്നു. ഇത് ഭൂഗർഭജലത്തിന്റെ ഗതി മാറ്റുകയും പർവതങ്ങളുടെ ആന്തരിക സ്ഥിരത നശിപ്പിക്കുകയും ചെയ്യും. പദ്ധതിയുടെ ഫലമായി പാറകൾക്കുള്ളിലെ സ്വാഭാവിക നീരുറവകൾ മുറിക്കപ്പെടുമ്പോൾ, വയനാട് വലിയ വരൾച്ചയിലേക്ക് നീങ്ങുമെന്നും പഠനങ്ങൾ ഉണ്ട്.

വനം, വന്യജീവി, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പുകളെ സംബന്ധിച്ച ഉന്നതതല ഭരണപരമായ തീരുമാനങ്ങൾക്ക് നേതൃത്വം നൽകിയതും സംസ്ഥാന വെറ്റ്‌ലാൻഡ് അതോറിറ്റി കേരളയുടെയും കേരള തീരദേശ പരിപാലന അതോറിറ്റിയുടെയും ചെയർപേഴ്‌സണായി നാടുവാണിരുന്നതും പിണറായി വിജയൻ ആയിരുന്നു. അയാളുടെ ഏകാധിപത്യത്തിന്റെ ഫലമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഉരുൾ പൊട്ടൽ ഉണ്ടായ ചൂരൽമല, മുണ്ടക്കൈ എന്നിവ ഉൾപ്പെടുന്നതാണ് കള്ളാടിയോട് ചേർന്നുള്ള പരിസര പ്രദേശങ്ങൾ. പാരിസ്ഥിതിക അനുമതികളിലെ അവ്യക്തത, അപകട മേഖലയായതുകൊണ്ട് തന്നെ ആഴത്തിലുള്ള പഠനങ്ങൾ നടത്താതെയുള്ള ആസൂത്രിത നടപടികൾ തുടങ്ങിയവയെല്ലാം തുടക്കത്തിൽ തന്നെ ആശങ്ക ഉയർത്തിയതാണ്. പദ്ധതിക്ക് ആവശ്യമായ പരിസ്ഥിതി അനുമതികൾ എങ്ങനെ ലഭ്യമായി എന്നതുപോലും ദുരൂഹമാണ്. സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി (സിയ) വിദഗ്ധ സമിതി എന്തെല്ലാം പഠനങ്ങൾ നടത്തി എന്നത് ഇന്നും അവ്യക്തമാണ്.

വംശനാശഭീഷണി നേരിടുന്ന ‘ബാണാസുര ചിലപ്പൻ’ പക്ഷികൾ, ആനത്താരകൾ തുടങ്ങി നിരവധി വിഷയങ്ങളിൽ നിശബ്ദതയാണ് ഉണ്ടായത്. റിയൽ എസ്റ്റേറ്റ് മാഫിയകളും, നിർമ്മാണ മാഫിയകളും, പാറ ഖനന മാഫിയകളും ‘കിഫ്ബി’ യുടെ നേതൃത്വത്തിൽ നടത്തുന്ന ഈ ഗൂഢാലോചനയെ നേരിടാൻ വലിയ ജനകീയ പ്രക്ഷോഭങ്ങൾ കൊണ്ടല്ലാതെ സാധ്യമല്ല.

 

 

Related