Donald Trump’s miscalculation in Iran is hurting in whole world, എന്നാണ് ‘ഫയര്‍ &ഫ്യൂറി’ എന്ന് പേരിട്ട ഇന്നത്തെ ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ തുടങ്ങുന്നത്.
ഇസ്രായേലിനൊപ്പം അമേരിക്ക കൂട്ടുചേര്‍ന്ന് ഇറാനുമേല്‍ നടത്തിയ കാടത്തം നിറഞ്ഞ ആക്രമണം ലോകത്തിലെ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചു. ഈ രണ്ടു രാജ്യങ്ങളെയും യുദ്ധകുറ്റവാളികളായി പ്രഖ്യാപിക്കാനുള്ള എല്ലാ തെളിവുകളും ഇപ്രാവശ്യവും ഉണ്ടായിരിക്കെ അങ്ങനെ സംഭവിക്കാത്തത് ലോകത്ത് നടമാടുന്ന ജനാധിപത്തിന്റെ ചോര്‍ച്ചയോ പരാജയമോ ആണ്.
ആണവ ശക്തികളായ രണ്ടു ഭീമന്‍ രാഷ്ട്രങ്ങള്‍ക്കെതിരെ നേര്‍ക്കുനേര്‍ 20 ദിവസം കഴിയുമ്പോഴും പൊരുതി നില്‍ക്കുന്നു എന്ന സത്യം യുദ്ധത്തിലേക്ക് എടുത്തുചാടിയ അമേരിക്കയെയും ഇസ്രായേലിനെയും മാത്രമല്ല ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തി. സിറിയയില്‍ സംഭവിച്ചപോലെ ഒരു പകല്‍കൊണ്ട് കാര്യങ്ങള്‍ വെടിപ്പാക്കാം എന്ന് തീര്‍ച്ചപ്പെടുത്തിയ പട്ടേലര്‍ക്ക് തെറ്റി. ഇസ്രായേലിനെതിരെയും ഗള്‍ഫിലെ അമേരിക്കന്‍ മിലിട്ടറി/എണ്ണ ആസ്ഥാനങ്ങള്‍ക്കെതിരെയും വ്യവസ്ഥാപിതമായി ആക്രമണമഴിച്ചുവിട്ട് ഇറാന്‍ എല്ലാവരെയും ഞെട്ടിച്ചു.
ഇറാനെപ്പോലെയുള്ള ഒരയല്‍രാജ്യത്തിന്റെ ശക്തിയും ആത്മീയമായ വേറിട്ടുനില്‍പ്പും രാഷ്ട്രീയ മനഃശാസ്ത്രവും ഇത്രകാലം തൊട്ടടുത്ത് ജീവിച്ചിട്ടും ഇസ്രയേലിനും സഖ്യ ശക്തിയായ അമേരിക്കക്കും പിടികിട്ടിയില്ല എന്ന വസ്തുത ഒരുപക്ഷേ ഈ രാജ്യങ്ങളുടെ ഏറ്റവും വലിയ നയതന്ത്ര പരാജയമാണ് എന്നുവേണം പറയാന്‍. 1979-ഇറാന്‍ അമേരിക്കന്‍ ബന്ദികളെ വച്ചു കളിച്ച കളി എങ്ങനെയാണ് അമേരിക്കക്ക് മറക്കാനാവുക? അമേരിക്ക എന്ന ‘ജനാധിപത്യ രാഷ്ട്ര’ത്തെക്കള്‍ ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ച ട്രംപിനെപ്പോലൊരു തലതിരിഞ്ഞ, വകതിരിവില്ലാത്ത ഒരു കോമാളിയായ ഏകാധിപതിയുടെ വീഴ്ച്ച കൂടിയാണ് ഈ യുദ്ധം നമ്മുടെ മുമ്പിലേക്ക് വലിച്ചിട്ടത്. മാത്രമല്ല, യുദ്ധം നയതന്ത്രപരമായി കൈകാര്യം ചെയ്യുന്നതിന് പകരം സ്വന്തം ബിസിനസ് നേട്ടത്തിന്നും ആയുധ കച്ചവടം നവീകരിക്കാനുമുള്ള പുതിയൊരു തരം ചങ്ങാത്ത മുതലാളിത്ത ഫാഷിസമാണ് ഈ യുദ്ധത്തിന്റെ പിന്നാമ്പുറം എന്നും തിരിച്ചറിഞ്ഞു. ഇപ്പോള്‍, ഇറാന്‍ യുദ്ധത്തില്‍ ജയിച്ചു നില്‍ക്കയാണ്. ‘റെജിം ചേഞ്ച്’ എന്ന ശത്രുക്കളുടെ അഹങ്കാരത്തെ കടപ്പുഴക്കിയെറിഞ്ഞു.
സംഗതി അങ്ങനെയായിരിക്കെ ഇനി ഇറാന്‍ ചെയ്യേണ്ടത്, ഗള്‍ഫ് രാജ്യങ്ങളിലേക്ക് അമേരിക്കയുടെ പേരില്‍ അക്രമം വ്യാപിപ്പിക്കുന്നത് നിര്‍ത്തി വെക്കുകയാണ് വേണ്ടത്. അമേരിക്കന്‍ അകമ്പടിയോടെ ഇസ്രായേല്‍ ആക്രമിച്ചാലും ഇറാന്‍ ചെയ്താലും നാശം മുഴുവന്‍ പശ്ചിമേഷ്യയിലാണ് എന്ന് മാത്രമല്ല അതോടെ തകര്‍ന്നു പോകുന്നത് ഇറാന്‍ അടക്കമുള്ള ദേശമായിരിക്കും. ഇറാന്‍ കൂടി തകര്‍ന്നാല്‍ ചോദിക്കാനും പറയാനും ആളില്ലാത്ത ഒരവസ്ഥ പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ സംജാതമാവും.
ഇറാനികള്‍ തന്നെ എങ്ങനെയാണ് ഇപ്പോഴത്തെ സിസ്റ്റത്തോട് പെരുമാറുക എന്നും പറയുക വയ്യ. പശ്ചിമേഷ്യയിലെ രാഷ്ട്രീയ-സാമ്പത്തിക ഭദ്രതയെ അത് മോശമായി ബാധിക്കും. ഖത്തറിന്റെയും ഒമാന്റെയും പെരുപറഞ്ഞൂ, എന്ത് കടുംെൈക ചെയ്യാനും അമേരിക്കക്ക് കാരണമാവും. അത് പ്രദേശത്തെ അമേരിക്കന്‍ അധിപത്യത്തിന് ഊക്ക് കൂട്ടും. ഇസ്രായേല്‍ ആ തക്കം നോക്കി വിശാല ജൂതരാഷ്ട്രം എന്ന സങ്കല്പത്തെ പ്രായോഗികമാക്കാന്‍ തുനിയും. അതിനുവേണ്ട എല്ലാ പ്രൊജക്ട്ടും അണിയറയില്‍ തയ്യാറാണ്. ഇപ്പോള്‍ തന്നെ ഗസ്സയിലും ലബനാനിലും ഒരു തത്വ ദീക്ഷയുമില്ലാതെ അക്രമണങ്ങള്‍ അഴിച്ചുവിട്ട്, ആ പ്രദേശങ്ങളെ കൂനിന്മേല്‍ കുരുവാക്കുന്ന തിരക്കിലാണ്, ആ തെമ്മാടി രാഷ്ട്രം.
ആയതിനാല്‍, ഇറാന്‍ അമേരിക്കയുടെ പേരുപറഞ്ഞയാലും ഗള്‍ഫില്‍ തുടരുന്ന ആക്രമണം ഉടനടി അവസാനിപ്പിക്കുകയാണ് വേണ്ടത്. എന്നിട്ട്, നെതന്യാഹുവിനെതിരെയുള്ള യുദ്ധത്തിന് ശക്തി കൂട്ടുകയാണ് ചെയ്യേണ്ടത്. ഇസ്രായേല്‍ എന്ന പശ്ചിമേഷ്യയുടെ സ്ഥിരം ശത്രുവിനെ അങ്ങനെ മാത്രമേ ഒരു പാഠം പഠിപ്പിക്കാന്‍ കഴിയൂ.
എല്ലാ കാര്യങ്ങളിലും മാധ്യസ്ഥരായി വര്‍ത്തിക്കുന്ന ഖത്തര്‍, ഒമാന്‍ പോലുള്ള രാഷ്ട്രങ്ങളെ ഇനിയും പിണക്കിക്കൂടാ. മാത്രമല്ല, ലോകമാകമാനം ഈ എണ്ണ നശീകരണ യുദ്ധത്തിന്റെ കെടുതിയനുഭവിച്ചു തുടങ്ങിയിരിക്കുന്നു.
ഇറാനനുകൂലമായി ഏറെക്കുറെ ലോകത്തെ മുഴുവന്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന, അമേരിക്ക/ട്രംപ്, നെതന്യാഹു ലോകക്രമത്തിനെ നിശിതമായി വിമര്‍ശിക്കുന്ന ഒരു ആഗോള രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടു വന്നിരിക്കുന്നു. ഇതുതന്നെയാണ്, ഇറാന്‍ എന്ന രാഷ്ട്രത്തിന്റെ വിജയം.
(ഡോ. ഉമര്‍ തറമേല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്)
