October 14 Wednesday 2026

അപ്രഖ്യാപിത സെന്‍സര്‍ഷിപ്പ് കേരളത്തിലും നിലനില്‍ക്കുന്നുണ്ട് – സുനില്‍ മക്തബ്

അര നൂറ്റാണ്ടുകാലം രാഷ്ട്രീയ-മനുഷ്യാവകാശ-പൗരാവകാശ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒരാളാണ് സുനില്‍ മക്തബ്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലും ശ്രദ്ധേയമായ ഇടപെടലുകള്‍ ഈ കാലയളവില്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി ഏര്‍പ്പെടുത്തിയ മൂന്നാമത് ബെന്നി ഫെര്‍ണാണ്ടസ് പുരസ്‌കാരം ലഭിച്ച സുനില്‍ മക്തബുമായി ഫാത്തിമ മക്തൂം നടത്തിയ അഭിമുഖം.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞ് തുടങ്ങാം; സുനില്‍ മക്തബ് എന്ന മനുഷ്യാവകാശ പ്രവര്‍ത്തകനെ പരുവപ്പെടുത്തിയെടുത്ത ഇന്നലെകളെക്കുറിച്ചും?

ആദ്യകാലത്ത് ഞാനൊരു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. പിന്നീടാണ് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലേക്കും പത്രപ്രവര്‍ത്തനങ്ങളിലേക്കും കടന്നുവന്നത്.

തളിപ്പറമ്പ് സര്‍സയ്യിദ് കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം. അക്കാലത്ത് കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന (1973-1977) ‘കോണ്‍ഗ്രസ് പരിവര്‍ത്തന വാദികള്‍’ എന്ന സംഘടനയുടെ വിദ്യാര്‍ഥി വിഭാഗമായ ‘പരിവര്‍ത്തനവാദി വിദ്യാര്‍ഥി സംഘ’ത്തിലൂടെയായിരുന്നു രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ തുടക്കം. 1975 ജൂണ്‍ 26 ന് അര്‍ധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയിലാകെ വിവിധ പ്രതിഷേധ പരിപാടികള്‍ നടന്നെങ്കിലും കേരളത്തില്‍ വളരെ ദുര്‍ബലമായ പ്രതിരോധ സമരങ്ങളെ ഉണ്ടായുള്ളൂ. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ11 ന് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ കേരളത്തിലുടനീളം ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ്. കേരളത്തില്‍ പല കലാലയത്തിലും നടക്കാത്ത ആ സമരം തളിപറമ്പ് സര്‍ സയ്യിദ് കോളജില്‍ നടന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന കേരള കോണ്‍ഗ്രസ് ബാലകൃഷ്ണപിള്ളയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായിരുന്ന കെ.എസ്.സിയുടെ എട്ട്, എസ്.എഫ്.ഐയുടെ അഞ്ച്, പരിവര്‍ത്തനവാദി വിദ്യാര്‍ഥി സംഘടനയുടെ നാല്, സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ ഐ.എസ്.ഒയുടെ രണ്ട് എന്നിങ്ങനെ ഞാനുള്‍പ്പെടെ 19 പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് സമരം നടത്തിയത്. കോളജ് ഓഫീസ് പിക്കറ്റ് ചെയ്തു. പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്തുകൊണ്ട് പോയി. അക്കാലത്തെ കുപ്രസിന്ധനായ ജോസഫ് തോമസ് എന്ന പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്തവരെ ക്രൂരമായി മര്‍ദിക്കുകയും തലമുടി വികൃതമായ രീതിയില്‍ മുണ്ഡനം ചെയ്യുകയും ചെയ്തു. രണ്ട് വിദ്യാര്‍ഥിനേതാക്കളെ DIR പ്രകാരം കേസെടുത്ത് ജയിലിലടച്ചു. ഞാനുള്‍പ്പെടെ 17 പേരെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് തളിപറമ്പ് നഗരത്തിലൂടെ ഓടിച്ചു.

 

പിന്നീട് പ്രീഡിഗ്രി പഠനത്തിന് ശേഷം പ്രൈവറ്റ് വഴി പഠനം തുടരുന്നതിനിടയില്‍ 1980 ഓട് കൂടി നക്‌സലൈറ്റ് ആഭിമുഖ്യമുള്ള ജനകീയ സാംസ്‌കാരികവേദി എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകനായി. 1982 ആയപ്പോള്‍ സംഘടന പിരിച്ചുവിട്ടു. പിന്നെ നക്‌സലൈറ്റ് സംഘടനയായ സി.പി.ഐ.എം.എല്‍ എന്ന സംഘടനയുടെ മുഴുസമയ പ്രവര്‍ത്തകനായി. ആദ്യം അതിന്റെ യുവജന വിഭാഗമായ ‘യുവജനവേദി’യുടെ ജില്ലാ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. ആ സമയത്തായിരുന്നു കേരളത്തില്‍ സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി അക്കേഷ്യ, യുകാലിപ്റ്റ്‌സ് മരങ്ങള്‍ വ്യാപകമായി നട്ടുപിടിപ്പിച്ചിരുന്നത്. ആ മരങ്ങള്‍ വളരെക്കൂടുതലായി മണ്ണില്‍ നിന്നും വെള്ളം വലിച്ചെടുക്കുമെന്നും അക്കേഷ്യ മരങ്ങള്‍ പൂക്കുമ്പോള്‍ ആസ്ത്മ രോഗം പരക്കാന്‍ കാരണമാകുമെന്നും ഉന്നയിച്ച് കണ്ണൂര്‍ ജില്ലയില്‍ പലയിടങ്ങളിലായി അക്കേഷ്യ മരങ്ങള്‍ മുറിച്ചു മാറ്റുന്ന സമരത്തിലേര്‍പ്പെട്ടു. ആ സമരത്തില്‍ വളപട്ടണത്ത് ദേശീയ പാതക്കരികില്‍ വെച്ച് മരങ്ങള്‍ മുറിച്ച് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഞാനടക്കം 20 യുവജനവേദി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേ കാലയളവില്‍ തന്നെയാണ് കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന് എതിര്‍വശമുള്ള സ്‌കൂളില്‍ നവോദയ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ സമരം നടത്തിയത്. നവോദയ നടപ്പാക്കിയിരുന്ന വിദ്യാഭ്യാസ സമ്പ്രദായം രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുമെന്ന് ഉന്നയിച്ച് നവോദയ സമ്പ്രദായം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടായിരന്നു സമരം. ആ സമരത്തില്‍ പലരും ഓടിരക്ഷപ്പെട്ടെങ്കിലും ഞാനടക്കം മൂന്ന് പ്രവര്‍ത്തകരെ പൊലീസ് പിന്തുടര്‍ന്ന് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ മുന്നിലുള്ള റോഡിലിട്ട് ക്രൂരമായി മര്‍ദിച്ചു. അറസ്റ്റ് ചെയ്ത് ലോക്കപ്പിലടച്ചു. കണ്ണൂര്‍ കോടതി ഒരുവര്‍ഷത്തേക്ക് തടവിനു വിധിച്ചെങ്കിലും പിന്നീട്

അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് നല്ലനടപ്പായി ജില്ലാ സെഷന്‍സ് കോടതി ശിക്ഷ ഇളവു ചെയ്യുകയായിരുന്നു. 1992 വരെ പാര്‍ട്ടി മുഴുസമയ പ്രവര്‍ത്തകനായിരുന്നു. 1992 ഓട് കൂടി സി.പി.ഐ.എം.എല്ലുമായി ബന്ധം വിച്ഛേദിച്ച് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറി.

പാര്‍ട്ടി വിടാനുണ്ടായ കാരണം?

കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ പ്രത്യയശാസ്ത്രപരമായി ചിലപ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ തുടങ്ങിയപ്പോള്‍ അതിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ സംശയം തോന്നുകയും പ്രത്യയശാസ്ത്രപരമായിത്തന്നെ ജനാധിപത്യവും കമ്യൂണിസവും വൈരുധ്യം നിലനില്‍ക്കുന്നതായി മനസ്സിലാക്കി. ഞാനിന്നും കമ്യൂണിസ്റ്റ് ആശയക്കാരനാണ്. സാമൂഹ്യ രാഷ്ട്രീയപ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിന്ന് കമ്യൂണിസ്റ്റ് രീതിശാസ്ത്രമണ് ഉപയോഗിക്കുന്നത്. പക്ഷേ, കമ്യൂണിസം ഉത്തരം നല്‍കേണ്ടുന്ന പലപ്രശ്‌നങ്ങള്‍ക്കും ഉത്തരം കണ്ടെത്താനായിട്ടില്ല എന്ന പ്രശ്‌നം എന്നെ സംബന്ധിച്ചിടത്തോളം ഉള്ളതിനാല്‍ ആളുകള്‍ക്ക് വ്യാമോഹം നല്‍കിക്കൊണ്ട് മുന്നോട്ട് പോകാന്‍ കഴിയില്ല എന്നത് കൊണ്ട് പിന്മാറിയതാണ്.

അക്കാലത്ത് തന്നെ മാധ്യമ പ്രവര്‍ത്തനങ്ങളിലുണ്ടായിരുന്നോ?

സജീവ രാഷ്ട്രീയത്തിലായിരിക്കുമ്പോള്‍ തന്നെ ഇടവേളകളില്‍ തലശ്ശേരിയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ചേതന, സൂചന എന്ന പേരിലുളള സായാഹ്ന പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. സൂചനയുടെ മാസികയായ ‘സൂചന’ മാസികയില്‍ പത്രാധിപരായും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറിയതിന്ന് ശേഷം ‘തളിപ്പറമ്പ ടൈംസ്’ എന്ന പത്രത്തില്‍ പത്രാധിപരായി ജോലി ചെയ്തു. എന്നാല്‍, അതില്‍ എഴുതുന്ന മുഖപ്രസംഗങ്ങള്‍ മാനേജ്‌മെന്റിന് പ്രശ്‌നമാവുകയും അത്തരം മുഖപ്രസംഗങ്ങള്‍ എഴുതരുതെന്ന് പറയുകയും ചെയ്തതോടെ പത്രത്തില്‍ നിന്നും പിന്മാറി. തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് തുടങ്ങിയ ‘മക്തബ്’ എന്ന സായാഹ്നപത്രത്തില്‍ എഡിറ്ററായി ജോലി ചെയ്തു. ഇപ്പോള്‍ അതിന്റെ എഡിറ്ററായും പാര്‍ട്ണറായും പ്രവര്‍ത്തിക്കുന്നു.

രാഷ്ട്രീയം വിട്ടെങ്കിലും പിന്നീട് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതാണ് കാണുന്നത്?

പത്രപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന്ന് ശേഷം രണ്ട് മൂന്ന് വര്‍ഷം കാര്യമായി വേറെയൊരു രംഗത്തും പ്രവര്‍ത്തിച്ചില്ല. പിന്നീട് പയ്യന്നൂരിലുള്ള ചിത്രലേഖ എന്ന വനിത ഓട്ടോ ഡ്രൈവറെ ഓട്ടോ ഓടിക്കാന്‍ അനുവദിക്കാതിരിക്കുകയും അവരുടെ ഓട്ടോ കത്തിക്കുകയുമൊക്കെ ചെയ്തിരുന്ന പ്രശ്‌നമുണ്ടായിരുന്നു. അതില്‍ ഇടപെട്ടതാണ് മനുഷ്യാവകാശ- പൗരാവകാശ പ്രവര്‍ത്തനങ്ങളുടെ തുടക്കം. അന്ന് അവരുടെ കത്തിച്ച ഓട്ടോക്ക് പകരമായി പലരില്‍ നിന്നും പണം സമാഹരിച്ച് ഓട്ടോ വാങ്ങിക്കാനൊക്കെ മുന്‍കൈ എടുത്തത് ഞാനായിരുന്നു. അതിലൂടെ പരിസ്ഥിതി-പൗരാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തനം പോലെ പ്രാധാന്യം ഉണ്ടെന്ന് മനസ്സിലാക്കി. മാത്രമല്ല, കേരളത്തില്‍ ജാതി പ്രശ്‌നങ്ങള്‍, വംശീയ പ്രശ്‌നങ്ങള്‍, മതന്യൂന പക്ഷങ്ങളോടുള്ള സമീപനം ഇതൊക്കെ വളരെ ഭീകരമായി നിലനില്‍ക്കുന്നുവെന്ന് ബോധ്യം വരാനും ആ സംഭവം കാരണമായി. അതുപോലെത്തന്നെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലായിരിക്കുമ്പോള്‍ പെരിങ്ങോം ആണവനിലയത്തിനെതിരായ സമരത്തില്‍ സജീവമായി പങ്കെടുത്തിരുന്നെങ്കിലും പരിസ്ഥിതിയുടെ പ്രശ്‌നം രാഷ്ട്രീയ പ്രധാന്യമുള്ള വിഷയമായി മനസ്സിലാക്കിയിരുന്നില്ല. പിന്നീട് ഇതുപോലത്തെ പലപ്രശ്‌നങ്ങളും കേരളത്തിന്റെ പലഭാഗത്ത് നിന്നും ഉയര്‍ന്നതോടുകൂടി ഇതൊക്കെ ഉന്നയിക്കപ്പെടേണ്ട പ്രശ്‌നങ്ങളാണെന്ന ബോധ്യമുണ്ടാവുകയും അങ്ങനെ പരിസ്ഥിതി-പൗരാവകാശ-മനുഷ്യാവകാശ രംഗത്ത് നേതൃസ്ഥാനത്തേക്ക് തന്നെ വരികയുമായിരുന്നു.

ഏതെങ്കിലും സംഘടനയുടെ ഭാഗമായിട്ടായിരുന്നോ ആ ഇടപെടലുകളൊക്കെ?

ചിത്രലേഖ സംഭവത്തിന് ശേഷം കണ്ണൂരില്‍ മനുഷ്യാവകാശ-പൗരാവകാശ രംഗത്ത് ഇടപെടുന്ന ഒരു സംഘടന വേണമെന്ന ആവശ്യം അതില്‍ പങ്കെടുത്ത സമാന മനസ്‌കര്‍ക്ക് ഉണ്ടാവുകയും അതിനുവേണ്ടി ഒരു യോഗം വിളിച്ചു ചേര്‍ക്കുകയും ഉണ്ടായി. അതില്‍ ഞാന്‍ പൗരാവകാശത്തെപ്പറ്റി ഒരു കാഴ്ചപ്പാട് രേഖ തയ്യാറാക്കി അവതരിപ്പിച്ചു. ഇതിലൂടെ ഡോ. ഡി. സുരേന്ദ്രനാഥ് ചെയര്‍മാനായി കണ്ണൂര്‍ കേന്ദ്രമായി പൗരാവകാശ സംരക്ഷണ സമിതി എന്ന സംഘടന രൂപം കൊണ്ടു. അതിന്റെ നേതൃത്വത്തില്‍ മൂന്ന് വര്‍ഷത്തോളം സജീവമായി ഒട്ടേറെ പ്രവര്‍ത്തങ്ങളില്‍ പങ്കാളിത്തം വഹിച്ചു. പുറത്ത് നിന്നുള്ള സംഘടനകളെയും ആളുകളെയും ഉള്‍ക്കൊള്ളിച്ചായിരുന്നു പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്നത്. പത്രപ്രവര്‍ത്തനത്തിലായിരുന്നതിനാല്‍ ഞാന്‍ ഒന്നിന്റെയും ഭാരവാഹിത്തം വഹിച്ചിരുന്നില്ല.

പാപ്പിനിശ്ശേരിയിലെ എന്‍ട്രോണിനെതിരായ സമരത്തില്‍ പങ്കാളിയായി. തലശ്ശേരിയിലെ പെട്ടിപ്പാലത്ത് മാലിന്യ നിര്‍മാര്‍ജനത്തിനെതിരായി നടന്ന സമരത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ജനകീയകോടതി സ്ഥാപിച്ച് തെളിവെടുപ്പൊക്കെ നടത്തിയത് ഞാന്‍ കൂടി നേതൃത്വം കൊടുത്തായിരുന്നു. ആ പ്രശ്‌നം പരിഹരിക്കപ്പെട്ടിരുന്നു. പിന്നീട് കണ്ടങ്കാളി എണ്ണ സംരഭത്തിനെതിരായ സമരം, കീഴാറ്റൂര്‍ സമരം, ഇരിണാവിലെ ഫാക്ടറിക്കെതിരായ സമരം, ക്വാറി വിരുദ്ധ സമരങ്ങള്‍ തുടങ്ങി ഒട്ടേറെ ചെറുതും വലുതുമായ സമരങ്ങളില്‍ നേതൃത്വം വഹിക്കുകയും പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്.

പൗരത്വനിയമ ഭേദഗതിക്കെതിരെ ജില്ലയിലെ വിവിധ ഭഗങ്ങളില്‍ സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും മറ്റു പല പരിപാടികളിലും പ്രസംഗിക്കാന്‍ പോവുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹി കേന്ദ്രീകരിച്ച് നടന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കണ്ണൂരിലും പരിസരപ്രദേശങ്ങളിലും നടന്ന പരിപാടികളിലും ബാബരി മസ്ജിദ് വിധിയുമായി ബന്ധപ്പെട്ട പ്രതിഷേധ പ്രവര്‍ത്തനങ്ങളിലും സജീവപങ്കാളിത്തം വഹിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമായി. എന്നിരുന്നാലും പ്രത്യേക ആവശ്യ ഘട്ടങ്ങളില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.

സമര ഇടപെടലുകളില്‍ മറക്കാന്‍ പറ്റാത്ത അനുഭവം എന്ന രീതിയില്‍ എന്തെങ്കിലും പങ്കുവെക്കാനുണ്ടോ?

ഉണ്ട്. അത് കീഴാറ്റൂര്‍ സമരത്തോടനുബന്ധിച്ചുള്ളതാണ്. തളിപ്പറമ്പ് നഗരസഭയിലെ വയലുകളും കൃഷിസ്ഥലങ്ങളും കൊണ്ട് സമ്പന്നമായ കീഴാറ്റൂരിലൂടെ ദേശീയപാത കടന്ന് പോകാനുള്ള തീരുമാനത്തിനെതിരെ, ബദല്‍മാര്‍ഗങ്ങള്‍ മുന്നോട്ട് വെച്ച് കൊണ്ട് ‘വയല്‍ക്കിളികള്‍’ എന്ന പേരില്‍ സമരപരിപാടി നടക്കുന്നുണ്ടായിരുന്നു. ആദ്യം സുരേഷ് കീഴാറ്റൂര്‍ എന്ന പഴയ സിപിഎം പ്രവര്‍ത്തകനും തുടര്‍ന്ന് നമ്പ്രാടത്ത് ജാനകി എന്ന വയോധികയും നിരാഹാര സമരം നടത്തുകയുണ്ടായി. പിന്നീട് വയല്‍ സര്‍വേ നടത്താന്‍ വന്നപ്പോള്‍ വയല്‍ക്കിളികള്‍ കയ്യില്‍ മണ്ണെണ്ണകുപ്പികള്‍ കരുതി സര്‍വേനടത്തിയാല്‍ ആത്മാഹുതി ചെയ്യുമെന്ന് പ്രഖ്യാപിച്ചു. വൈകുന്നേരം പൊലീസ് അവരെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. ഞാന്‍ സ്റ്റേഷനിലെത്തി അവര്‍ക്ക് ഭക്ഷണമൊക്കെ വാങ്ങിക്കൊടുത്തു. സമരം എങ്ങനെ മുന്നോട്ട്‌കൊണ്ട് പോകും എന്ന നിരാശയിലായ സമരക്കാരെ എന്തെങ്കിലും വഴി തുറന്നുകിട്ടുമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് സന്ധ്യയായപ്പോള്‍ സിപിഎമ്മുകാര്‍ സമരപ്പന്തല്‍ കത്തിച്ചതായി വിവരം ലഭിച്ചത്. അതോട് കൂടി മുന്നോട്ടുള്ള വഴി തുറന്നുവെന്ന ചിന്ത എന്റെ മനസ്സില്‍ വന്നു. പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ പൗരാവകാശ-പരിസ്ഥിതി പ്രവര്‍ത്തകരെയും കൂട്ടി അപ്പോള്‍ തന്നെ ഒരു ഹാന്‍ഡ്‌മൈക്ക് ഉപയോഗിച്ച് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു. അതിനുശേഷം തൊട്ടടുത്ത പറമ്പില്‍ വിപുലമായ യോഗം വിളിച്ചുചേര്‍ത്തു. സമൂഹ മാധ്യമങ്ങളിലൊക്കെ പ്രചാരണം നല്‍കി, കേരളത്തിലെ വിവിധ ഭാഗങ്ങളിലെ 1000 ആളുകളുടെ പങ്കാളിത്തത്തോടെ കേരളം കീഴാറ്റൂരിലേക്ക് എന്ന പേരില്‍ റാലി സംഘടിപ്പിക്കണമെന്ന തീരുമാനമെടുത്തു. എന്നാല്‍, ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അന്നേദിവസം സ്ത്രീകള്‍ ഉള്‍പ്പെടെ നാലായിരത്തിലധികം ആളുകളാണ് കീഴാറ്റൂരിലെത്തിയത്. ഇതില്‍ തൃശൂരിലെ സല്‍സബീല്‍ സ്‌കൂളിലെ കുട്ടികളടക്കമുണ്ടായിരുന്നു. 2018 മാര്‍ച്ച് 25 നായിരുന്നു സംഭവം. കേരളത്തിന് അനീതിക്കെതിരായ മനസ്സ് ഇപ്പോഴും ഉണ്ടെന്ന് ബോധ്യപ്പെടുത്തിയ ഒരു വലിയ അനുഭവമായിരുന്നു അത്.

കേരളം കീഴാറ്റൂരിലേക്ക് – സമരത്തില്‍ സുനില്‍ മക്തബ്‌

ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഫാസിസ്റ്റ്‌വത്കരണത്തിനെതിരെ സമീപകാലത്ത് പലപ്രവര്‍ത്തങ്ങളും നടത്തിയിരുന്നല്ലോ. അതിനെക്കുറിച്ച്?

‘ഫോറം ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് ‘ എന്ന സംഘടനയിലൂടെയാണ് അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. അതിന്റെ ചെയര്‍മാന്‍ ഡോ. സുരേന്ദ്രനാഥ് ആണ്. ഞാന്‍ കണ്‍വീനറും. വിവിധ പൗരാവകാശ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ , വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.യു.സി.െഎ കമ്യൂണിസ്റ്റ്, ദലിത് സംഘടനകള്‍, മയ്യില്‍ ചേതന കള്‍ച്ചറല്‍ ആന്‍ഡ് ഫിലിം സൊസൈറ്റി തുടങ്ങിയവരുടെ പ്രതിനിധികള്‍ ഉള്ള കൂട്ടായ്മയാണത്. അതിന്റെ ആദ്യത്തെ പരിപാടി കണ്ണൂര്‍ കാല്‍ടെക്‌സ് ജംഗ്ഷനില്‍ ‘ഉമര്‍ ഖാലിദിനൊപ്പം, രാഷ്ട്രീയ തടവുകാര്‍ക്കൊപ്പം’ എന്ന മുദ്രാവാക്യത്തില്‍ കഴിഞ്ഞ പുതുവത്സര ദിനത്തില്‍ സംഘടിപ്പിച്ചു. ഡിസംബര്‍ 31 ന് വൈകുന്നേരം മുതല്‍ ജനുവരി ഒന്നിന് പുലര്‍ച്ചെ ഒരുമണി വരെ പ്രസംഗം, കവിതാ വായന, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയവയിലൂടെ ശ്രദ്ധേയമായ പരിപാടി ആയിരുന്നു അത്. പിന്നീട് ഗുജറാത്ത് കലാപവുമയി ബന്ധപ്പെട്ട് ധീരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സകിയ ജഫ്രി മരണമടഞ്ഞപ്പോള്‍ അനുസ്മരണ പരിപാടി നടത്തുകയുണ്ടായി. ഫലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട് ഒട്ടേറെ സംഘടനകള്‍ നടത്തുന്ന പ്രതിഷേധ പരിപാടികളില്‍ പ്രസംഗിക്കാന്‍ ക്ഷണിക്കാറുണ്ട്, പോവാറുണ്ട്. അതൊക്കെയാണ് ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍.

പത്രപ്രവര്‍ത്തനത്തിലൂടെ സാധ്യമായരുന്ന മറ്റു ഇടപെടലുകള്‍?

പത്രപ്രവര്‍ത്തനത്തില്‍ സ്വതന്ത്രമായി ഇടപെടാന്‍ കഴിഞ്ഞിരുന്നത് മുഖപ്രസംഗങ്ങളിലാണ്. അതിലൂടെ എന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അത് ശ്രദ്ധിക്കപ്പെടുകയും വര്‍ഷങ്ങള്‍ക്ക് മുമ്പ്, കുറെ പത്രങ്ങളിലെ മുഖപ്രസംഗങ്ങള്‍ ചേര്‍ത്തുവെച്ച്
‘ഗാന്ധിയന്‍മാര്‍ ഹാന്‍ഡ്‌സ് അപ്പ്’ എന്നപേരില്‍ പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. സി. രാധാകൃഷ്ണനായിരുന്നു അതിന്റെ പ്രകാശനം നിര്‍വഹിച്ചത്. അതിന്റെ രണ്ടാം ഭാഗം പുറത്തിറക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും തിരക്കൊക്കെ കാരണം നടന്നില്ല.

ആശയപരമായി ഒരു കമ്യൂണിസ്റ്റുകാരനാണെന്ന് നേരത്തെ പറഞ്ഞു. താങ്കള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയവീക്ഷണം എന്തായിരിക്കും?

മുതലാളി-തൊഴിലാളി വൈരുധ്യം പോലെതന്നെ മേലാള-കീഴാള ജാതി, സ്ത്രീ-പുരുഷ, ഭൂരിപക്ഷ-ന്യൂനപക്ഷ വൈരുധ്യങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടുള്ള ഒരു സാമൂഹിക രാഷ്ട്രീയ അവസ്ഥയെ ആണ് ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നത്.

രാജ്യത്ത് പൊതുവില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഏറെക്കുറെ അസാധ്യമായിരിക്കുന്നു. അല്‍പമെങ്കിലും പ്രതീക്ഷ വെച്ച് പുലര്‍ത്താവുന്നത് കേരളത്തിലാണ്. എന്നാല്‍, കേരളത്തിലെ മാധ്യമങ്ങള്‍ ഭരണകൂട പ്രോപ്പഗണ്ട
മീഡിയകള്‍ ആകുന്നു എന്നും വിലയിരുത്തപ്പെടുന്നുണ്ട് – താങ്കള്‍ അതിനോട് എങ്ങനെ പ്രതികരിക്കുന്നു?

നൂറുശതമാനം യോജിക്കുന്നു. അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഫോറം ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് ന്റെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ ഒരു പൊതുയോഗം സംഘടിപ്പിച്ചിരുന്നു. അതിന്റെ മുദ്രാവാക്യം ‘അടിയന്തരാവസ്ഥയെ ഓര്‍മിക്കുക, ഹിന്ദുത്വ ഫാസിസത്തെ ചെറുക്കുക’ എന്നുള്ളതായിരുന്നു. അതില്‍ സ്വാഗതപ്രസംഗത്തിനിടെ ഞാന്‍ പറഞ്ഞ ഒരു കാര്യമാണ് ”അടിയന്തരാവസ്ഥക്കാലത്ത് മാധ്യങ്ങള്‍ക്ക് ജനാധിപത്യ വിരുദ്ധമായ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരുന്നു. ഇന്ന് സെന്‍സര്‍ഷിപ്പ് ഇല്ലെങ്കിലും അതിനേക്കാള്‍ ഭീകരമായ അവസ്ഥയിലൂടെയാണ് മാധ്യമങ്ങള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത് ” എന്നത്. ഭരണകൂടത്തെ ശക്തമായി വിമര്‍ശിക്കുമ്പോള്‍ രാജ്യദ്രോഹക്കുറ്റമടക്കമുള്ള കേസുകളാണ് മാധ്യമങ്ങള്‍ക്ക് നേരെ ചുമത്തുന്നത്. ഇന്ത്യയില്‍ ബിജെപി അധികാരത്തില്‍ വന്നതിന്ന് ശേഷം ഭീതിയുടെ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. അപ്രഖ്യാപിത സെന്‍സര്‍ഷിപ്പിലൂടെ യാണ് മാധ്യമങ്ങള്‍ കടന്ന് പോയിക്കൊണ്ടിരുന്നത്. കേരളത്തിലും സമാനമായ അവസ്ഥയാണ്. ഫാസിസ്റ്റ് വത്കരണത്തിന്റെ അതേരാഷ്ട്രീയം തന്നെയാണ് കേരളത്തിലും പ്രയോഗിക്കുന്നത്.

മീഡിയവണ്‍ മാനേജിങ്ങ് എഡിറ്റര്‍ സി. ദാവൂദിനെതിരായി സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഒരു മാസ്സ് അറ്റാക്ക് നടന്നുകൊണ്ടിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലക്ക് അതിനെ താങ്കള്‍ എങ്ങനെ കാണുന്നു?

ഞെട്ടിപ്പിക്കുന്നതാണത്. വിമര്‍ശനത്തെ വിമര്‍ശനം കൊണ്ട് നേരിടാം. തെറ്റായ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാം. അതിനുപകരം കേരളത്തിലും ഭീതിയുടെ അന്തരീക്ഷമുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഫാഷിസം ആരൊക്കെ പ്രായോഗിച്ചാലും ആത്യന്തികമായി അതിന്റെ ഗുണം ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ക്കാണ്. അതിനൊരു അടിത്തറ ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.

 

 

Related