August 13 Thursday 2026

മനുഷ്യനായി അംഗീകരിക്കപ്പെടാനുള്ള അവകാശം ജയിലില്‍ നിഷേധിക്കപ്പെടുന്നു – ഹാനി ബാബു

ഭീമ കൊറേഗാവ് കേസില്‍ യു.എ.പി.എ. ചുമത്തപ്പെട്ട് അഞ്ച് വര്‍ഷവും നാല് മാസവും മുംബൈയിലെ തലോജ ജയിലില്‍ കഴിഞ്ഞശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഡല്‍ഹി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസറും പ്രമുഖ ജാതിവിരുദ്ധ പോരാളിയുമായ ഹാനി ബാബു എം.ടി യുമായുള്ള അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍. അദ്ദേഹത്തിന്റെ വാക്കുകളില്‍ ജയില്‍ ജീവിതത്തിന്റെ ക്രൂരതയും, തടവറയില്‍വെച്ച് അദ്ദേഹത്തിനുണ്ടായ ആത്മീയ അനുഭവങ്ങളും നിറഞ്ഞുനില്‍ക്കുന്നു.

(ഫ്രണ്ട്‌ലൈനില്‍ പ്രസിദ്ധീകരിക്കപ്പെട്ട, അജാസ് അഷ്റഫ്, ഹാനി ബാബുവുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്..)

2020 ജൂലൈ 28-ന് അറസ്റ്റ് ചെയ്ത് 2025 ഡിസംബര്‍ 4-ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങി. ഈ സ്വാതന്ത്ര്യം അകത്തും പുറത്തും എങ്ങനെ അനുഭവപ്പെടുന്നു? നമ്മള്‍ നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങളിലാണോ അതിന്റെ വില?

അതെ, അഞ്ചു വര്‍ഷവും നാല് മാസവുമാണ് ഞാന്‍ ജയിലില്‍ കഴിഞ്ഞത്. നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങളിലാണ് സ്വാതന്ത്ര്യമുള്ളതെന്നത് സത്യമാണ്. പുറത്തായിരിക്കുമ്പോള്‍ നമുക്ക് ഇഷ്ടമുള്ളപ്പോള്‍ കാപ്പി കുടിക്കാം, പാട്ടുകേള്‍ക്കാം, സിനിമ കാണാം. ഇതൊന്നും തടവറയില്‍ ലഭ്യമല്ല. ജയിലില്‍ നിങ്ങള്‍ ഏത് സമയവും നിരീക്ഷണത്തിലാണ്. പുറത്തും നിരീക്ഷണമുണ്ടെങ്കിലും ഒരന്തരം ഉണ്ട്: പുറത്ത് നിങ്ങള്‍ സ്വതന്ത്രനാണെന്ന് അനുഭവപ്പെടുന്നു, അകത്ത് നിങ്ങള്‍ സ്വതന്ത്രനല്ലെന്ന് അറിയാം.
.
ഒറ്റയടിക്ക് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം ഇങ്ങനെ തട്ടിയെറിയപ്പെടുമ്പോള്‍?

നമ്മള്‍ എത്രമാത്രം ദുര്‍ബലരാണെന്ന് അത് ബോധ്യപ്പെടുത്തി. ഒരു പ്രൊഫസറെയോ അഭിഭാഷകനെയോ അവരുടെ സ്വാതന്ത്ര്യത്തില്‍ നിന്ന് തടയാനാവില്ലെന്ന് നമ്മള്‍ വിശ്വസിക്കുന്നുണ്ടാകും. അത് കള്ളമാണ്. രാഷ്ട്രത്തിന്റെ അധികാരം എത്ര വലുതാണെന്ന് തിരിച്ചറിഞ്ഞു, അതിന് നമ്മളെ തകര്‍ക്കാന്‍ കഴിയും. തകര്‍ന്നുപോകാതിരിക്കുക എന്നതുമാത്രമാണ് നമുക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം. തടവറയിലെ ജീവിതം അര്‍ഥമുള്ളതാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അതുകൊണ്ട് ഞാന്‍ സമയത്തെ വായിക്കാനും, തമിഴ്, ഉറുദു ലിപി, അറബി തുടങ്ങിയ പുതിയ ഭാഷകള്‍ പഠിക്കാനും ശ്രമിച്ചു.

ഒരു മധ്യവര്‍ഗ്ഗക്കാരന് ജയില്‍ ജീവിതം എത്രത്തോളം ദുരിതപൂര്‍ണ്ണമാണ്?

മധ്യവര്‍ഗ്ഗക്കാര്‍ക്ക് ജയില്‍ എന്നത് മരണത്തിന് അടുത്തുള്ള ഒരനുഭവമാണ്. മനുഷ്യനായി അംഗീകരിക്കപ്പെടാനുള്ള നിങ്ങളുടെ അവകാശം അവിടെ നിഷേധിക്കപ്പെടുന്നു. ഉദാഹരണത്തിന്, എന്നെ തറയിലിരിക്കാനോ കിടക്കാനോ ആവശ്യപ്പെടുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. ഞാന്‍ അഞ്ചു വര്‍ഷം കസേരയിലിരുന്നിട്ടില്ല. പുറത്ത് നമ്മള്‍ ആദരവ് പ്രതീക്ഷിക്കുമ്പോള്‍, ജയിലില്‍ കാവല്‍ക്കാര്‍ നമ്മളെ കണ്ടാല്‍ അസഭ്യം വിളിക്കുകയോ കാരണം കൂടാതെ അടിക്കുകയോ ചെയ്യാം.

അടിച്ചേല്‍പ്പിക്കപ്പെടുന്ന പ്രതീക്ഷയും നിരാശയും വിഷാദത്തിന് കാരണമായോ?

തീര്‍ച്ചയായും. 2023-ല്‍ വെര്‍ണോണ്‍ ഗോണ്‍സാല്‍വെസിനും അരുണ്‍ ഫെരേരയ്ക്കും സുപ്രീം കോടതി ജാമ്യം നല്‍കിയപ്പോള്‍, എനിക്കും കിട്ടുമെന്ന് കരുതി. പക്ഷേ, രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. പിന്നീട് 2025 ജനുവരിയില്‍ റോണാ വില്‍സണും സുധീര്‍ ധവാലെക്കും കിട്ടിയപ്പോഴും പ്രതീക്ഷിച്ചു. എന്നിട്ടും ഒന്നും നടന്നില്ല. പ്രതീക്ഷയ്ക്കും നിരാശക്കുമിടയില്‍ ഞാന്‍ ഉഴലുകയായിരുന്നു. ജയിലില്‍ മരിക്കാനാണ് എന്റെ വിധി എന്ന് ഞാന്‍ ചിന്തിച്ചു.

ജയിലിനുള്ളില്‍ ജാതിയും വര്‍ഗ്ഗവും അപ്രത്യക്ഷമാകുമോ?

ഇല്ല, അപ്രത്യക്ഷമാകില്ല. ജയിലിന്റെ പ്രവേശന കവാടം മുതല്‍ ഒരു മധ്യവര്‍ഗ്ഗക്കാരന് പ്രത്യേക പരിഗണന ലഭിക്കും. അപമാനിക്കപ്പെടാതെ അയാള്‍ക്ക് നടന്നുപോകാം. ചില ബാരക്കുകള്‍ ‘വിഐപി ബാരക്കുകള്‍’ എന്നറിയപ്പെട്ടിരുന്നു. എന്റെ അഞ്ചു വര്‍ഷത്തിലെ ജയില്‍വാസത്തിനിടയില്‍ ഇംഗ്ലീഷ് വായിക്കാനോ എഴുതാനോ അറിയുന്ന ഒരേയൊരാള്‍ ഞാനായിരുന്നു.

ദരിദ്രരായ തടവുകാരുമായുള്ള ഇടപെടല്‍ എങ്ങനെയായിരുന്നു?

ദരിദ്രരുമായി ഇടപെഴകാന്‍ എനിക്ക് പ്രയാസമുണ്ടായില്ല. എനിക്ക് പ്രശ്‌നമുണ്ടായിരുന്നത് എലൈറ്റ് ക്ലാസ്സിലുള്ളവരുമായിട്ടായിരുന്നു. ‘നിങ്ങള്‍ വ്യക്തിപരമായ ഇടത്തിനും സ്വകാര്യതക്കും പ്രാധാന്യം നല്‍കുന്ന വര്‍ഗ്ഗത്തില്‍ പെട്ടവരാണ്. എന്നാല്‍ ജയിലിലുള്ളവര്‍ ചേരികളില്‍ നിന്നും വരുന്നവരാണ്. അവിടെ എല്ലാവര്‍ക്കും പരസ്പരം എല്ലാം അറിയാം,’ എന്ന് ഞാന്‍ അവരോട് പറഞ്ഞു. അവരുമായുള്ള ഇടപെഴകല്‍ എനിക്കൊരു വിദ്യാഭ്യാസമായിരുന്നു. കാരണം, ഇന്ത്യയുടെ വര്‍ഗ്ഗ വിടവില്‍ അത്തരമൊരു സാമൂഹിക ബന്ധത്തിന് എനിക്ക് അവസരം ലഭിച്ചിട്ടില്ല.

ഇഷ്ടവിഭവം ബിരിയാണി കഴിച്ചോ?
അതെ, പക്ഷേ ആസ്വദിച്ചില്ല. തങ്ങാനൊരു സ്ഥലം തിരയുന്ന തിരക്കിലായിരുന്നു. എങ്കിലും ഇടക്ക് ബിരിയാണി കഴിച്ചു. സവര്‍ണ്ണ വിഭാഗക്കാര്‍ ഇന്ത്യക്കാരെ സസ്യാഹാരികളായി ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോഴും, ബിരിയാണി ഉള്ളിടത്തോളം കാലം അവരുടെ ശ്രമം വിജയിക്കില്ല എന്നൊരു സാംസ്‌കാരികപരമായ പ്രാധാന്യം ആ വിഭവത്തിനുണ്ട്. ജയിലില്‍ പോലും ജാതി-വര്‍ഗ്ഗ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ബിരിയാണി പ്രിയങ്കരമായിരുന്നു.

അച്ഛന്‍ ഒരു മാര്‍ക്‌സിസ്റ്റും നിരീശ്വരവാദിയുമായിരുന്നു. താങ്കളും. ജയിലില്‍ വെച്ചാണ് ഇസ്ലാമിലേക്ക് തിരിഞ്ഞത്. ആ മാറ്റം എങ്ങനെ സംഭവിച്ചു?

ഞാന്‍ എപ്പോഴും ‘അജ്ഞേയവാദി’ (agnostic) ആയിരുന്നു, നിരീശ്വരവാദി ആയിരുന്നില്ല. അറസ്റ്റിന് മുമ്പുതന്നെ മതത്തില്‍ വിശ്വാസമെന്നതിലുപരി ഒരു സാമൂഹിക പ്രതിഭാസമെന്ന നിലയില്‍ എനിക്ക് താല്‍പ്പര്യമുണ്ടായിരുന്നു. അറസ്റ്റിന്റെ ദിവസം, എന്‍.ഐ.എ. ലോക്കപ്പില്‍ ഒറ്റക്കിരുന്നപ്പോള്‍, കണ്ണടച്ച് ഇരുന്ന ഞാന്‍ ശൂന്യതയുടെ അഗാധമായ ലോകത്തേക്ക് വീണുപോകുന്നതായി അനുഭവിച്ചു. അപ്പോള്‍ എന്റെ ഹൃദയത്തില്‍ നിന്ന് ഒരു വിളി വന്നു. ‘അല്ലാഹ്’ എന്ന് ഞാന്‍ ഉച്ചരിച്ചു. ആ നിമിഷം, മുന്നിലുള്ളതിനെ ധൈര്യത്തോടെ നേരിടാന്‍ അല്ലാഹുവിലൂടെ എനിക്ക് ശക്തി നേടാന്‍ കഴിയുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

ഖുര്‍ആന്‍ വായിക്കാനും നിസ്‌കരിക്കാനും തുടങ്ങിയോ?

തലോജയില്‍ വെച്ച് ഞാന്‍ അതിന് പഠിപ്പിച്ചു തരാന്‍ പറ്റിയ ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു. അനേകം പേരുണ്ടായിരുന്നു. അവരില്‍ പണ്ഡിതരുണ്ടായിരുന്നു, യു.എ.പി.എ. കുറ്റാരോപിതരുണ്ടായിരുന്നു. അവരിലൊരാള്‍ ഖുര്‍ആന്‍ വായിക്കാനും നിസ്‌കരിക്കാനും പഠിപ്പിച്ചു.

ജയിലില്‍ വെച്ച് മതമോ ദൈവത്തിലുള്ള സമര്‍പ്പണമോ ഒരു ശക്തിസ്രോതസ്സായി മാറിയോ?

തീര്‍ച്ചയായും. തടവുകാരില്‍ 35 ശതമാനത്തോളം മുസ്‌ലിംകളായിരുന്നു. ആ സമൂഹവുമായി താദാത്മ്യം പ്രാപിക്കാന്‍ അത് എന്നെ സഹായിച്ചു. അത് എനിക്ക് അധിക ശക്തിയും ഒരടുപ്പവും നല്‍കി. ഞങ്ങള്‍ ഒരുമിച്ച് നിസ്‌കരിച്ചു, റമദാനില്‍ നോമ്പെടുത്തു. മാര്‍ക്‌സ് മതം കറുപ്പാണെന്ന് പറഞ്ഞതിനെക്കുറിച്ച് ഞാന്‍ ഒരിക്കല്‍ വായിച്ച ലേഖനമുണ്ട്. അത് വെറും ലഹരി എന്ന അര്‍ത്ഥത്തിലല്ല, മറിച്ച് ഒരു മരുന്ന് എന്ന അര്‍ത്ഥത്തിലാണ്. മരുന്ന് എന്ന നിലയില്‍ അത് ആശ്വാസവും ശക്തിയും നല്‍കുന്നു.

ഈ പുതിയ വിശ്വാസത്തെ എങ്ങനെ വിശദീകരിക്കും?

എന്റെ അടിസ്ഥാന പഠനം ഭാഷാശാസ്ത്രത്തിലാണ്. ഭാഷക്ക് ഘടനയുണ്ട്, അതിനൊരു അര്‍ത്ഥവുമുണ്ട്. ലോകത്തിന് ഘടനയുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥമെന്താണ് എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു. ലോകത്തിന് ഘടനയുണ്ട്, പക്ഷേ അര്‍ത്ഥമില്ലേ എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു. ഈ ഘടനക്ക് അര്‍ത്ഥം നല്‍കുന്നത് മതമാണ്.
‘എനിക്കൊരു മരമാവേണ്ട, അതിന്റെ അര്‍ത്ഥമാവണം’ എന്ന ഒര്‍ഹാന്‍ പാമുക്കിന്റെ ‘മൈ നെയിം ഈസ് റെഡ്’ എന്ന പുസ്തകത്തിലെ വരി എന്നെ ആകര്‍ഷിച്ചു. മരം ഒരു ഘടനയാണ്, പക്ഷേ അതിനപ്പുറമുള്ള ഒന്നുകൂടിയുണ്ട്. അതാണ് മനുഷ്യന്റെ നിലനില്‍പ്പിന് മതം അര്‍ത്ഥം നല്‍കുന്നത്

ജാതിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇസ്ലാമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ കഴിയുമോ?

കഴിയും, തീര്‍ച്ചയായും. ദക്ഷിണേഷ്യയില്‍ ഇസ്ലാം എങ്ങനെയാണ് ആചരിക്കുന്നതെന്നത് മാറ്റിനിര്‍ത്തിയാല്‍, ഖുര്‍ആനിലെ ഇസ്ലാമിക സാഹോദര്യ സങ്കല്‍പ്പവും, നബിയുടെ പ്രവൃത്തികളും, വിവിധ വര്‍ണ്ണക്കാരെ അവിടുന്ന് തന്റെ കൂട്ടാളികളായി സ്വീകരിച്ചതും സമത്വത്തിനായി പോരാടാന്‍ പ്രചോദനം നല്‍കുന്നുണ്ട്. നിങ്ങള്‍ ഒരു വിശ്വാസിയാണെങ്കില്‍ വിവേചനത്തിന് അവിടെ ഇടമില്ല.

ഹൈദരാബാദില്‍ പിഎച്ച്.ഡി. ചെയ്യുന്ന കാലത്ത് ഹോസ്റ്റല്‍ മെസ്സില്‍ ബീഫും പന്നിയുമടക്കം വിളമ്പാന്‍ താങ്കള്‍ സമരം നയിച്ചിരുന്നു. ഇപ്പോഴും ഭക്ഷണ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നുണ്ടോ?

അതെ, തീര്‍ച്ചയായും.

വിവര്‍ത്തനം: ഡോ. നഹാസ് മാള

കടപ്പാട്: frontline.thehindu.com

 

Related