ജൂണ്‍ 13: അന്തര്‍ദേശീയ ആല്‍ബനിസം അവബോധ ദിനം
ഡാന്‍ ബ്രൗണിന്റെ ‘ദ ഡാവിഞ്ചി കോഡ്’ എന്ന നോവലിലെ പ്രധാന വില്ലന്‍ കത്തോലിക്കാ സംഘടനയായ ഓപസ് ഡീയിലെ അംഗമായ അല്‍ബിനോ സന്യാസിയാണ്; സിലാസ്. കഥയുടെ പ്രാഥമിക എതിരാളിയും പുസ്തകത്തിലുടനീളം നിരവധി കൊലപാതകങ്ങള്‍ക്കും അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരവാദിയാണ്. എന്നിരുന്നാലും, ഈ ഗൂഢാലോചനയുടെ പിന്നിലെ യഥാര്‍ഥ സൂത്രധാരന്‍ സിലാസ് അല്ലെന്ന് പിന്നീട് വെളിപ്പെടുന്നുണ്ട്..
എന്താണ് ആല്‍ബിനോ? ആല്‍ബനിസം?
ശരീരത്തിന് കറുത്ത നിറം നല്‍കുന്ന മെലാനില്‍ ശരീരത്തില്‍ ഇല്ലാതെ ജനിക്കുന്ന അവസ്ഥയാണ് ആല്‍ബനിസം അത്തരത്തിലുള്ള മനുഷ്യരെ അഭിസംബോധന ചെയ്യുന്ന പദമാണ് ആല്‍ബിനോ. വളരെ കുറച്ചാണെങ്കിലും ആല്‍ബിനോ മനുഷ്യര്‍ കഥാപാത്രങ്ങള്‍ ആകുന്ന ലോക സിനിമകളും വന്നിട്ടുണ്ട്. നമ്മുടെ മലയാള സിനിമക്കും അങ്ങനെ ഒരു അഭിമാന നക്ഷത്രമുണ്ട്.
കുട്ടനാടന്‍ മാര്‍പാപ്പയിലൂടെ തുടങ്ങി ഓപ്പറേഷന്‍ ജാവയിലെ വില്ലന്‍ കഥാപാത്രത്തിലൂടെ പ്രശസ്തനായ ശരത് തേനുമൂല. വെളുത്ത നിറവും നീലക്കടലിന്റെ കണ്ണും ചുവന്ന മുടിയുമുള്ള ഒരുപക്ഷേ ലോക സിനിമക്കുതന്നെ അപൂര്‍വ്വതകൊണ്ട് നമ്മള്‍ക്ക് സ്വന്തമായ മനുഷ്യന്‍. ഇന്ത്യന്‍ സിനിമയില്‍ ഒരിടത്തുപോലും ഇങ്ങനെ ഒരു അത്ഭുത പ്രതിഭയെ കാണാനിടയില്ല. സത്യത്തില്‍ ഏറ്റവുമധികം ആഘോഷത്തോടെ ആദരവോടെ കൊണ്ടാടേണ്ട കൂടെ നിര്‍ത്തേണ്ട കലാകാരന്‍. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായൊരു സഹകാരി കൂടെയുണ്ടെന്ന് എത്ര സിനിമാക്കാര്‍ക്കറിയാം. സിനിമയുടെ ഭാഗമാക്കിയവര്‍ക്കുപോലും അറിയാമായിരിക്കുമോ, അവര്‍ നല്‍കിയ അവസരത്തിന്റെ ഉടമയുടെ യഥാര്‍ഥ പ്രത്യേകതകള്‍.

വില്ലനെ തിരക്കിയുള്ള യാത്രകള്‍ അവസാനിക്കുന്നത് ആല്‍ബനിസം എന്ന പ്രത്യേകതയും അത്തരം മനുഷ്യരനുഭവിക്കുന്ന പ്രശ്‌നങ്ങളെ ഔദ്യോഗികവും ജനകീയവുമായ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളും ഫൈറ്റിനും ഇടയിലാണ്. ശരത് തേനുമൂല എന്ന നടന്‍ വ്യത്യസ്തനാകുന്നത് ആല്‍ബനിസം സമൂഹത്തെ തന്നിലൂടെ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നതിലൂടെ കൂടിയാണ്. സൂര്യന്‍ മുതല്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കാനും അവബോധം വരുത്താനും ഒരു നടന്‍ ശ്രമിക്കുമ്പോള്‍ സഹപ്രവൃത്തകന്റെ ശ്രമങ്ങളെ അറിയാതെ പോകുന്നത്, പിന്തുണക്കാതെ പോകുന്നത് ചരിത്രത്തിന്റെ നീതികേടാണ്.

ആല്‍ബനിസം സൗഹൃദ കൊച്ചി മെട്രോ, ആല്‍ബനിസം സൗഹൃദ കലാലയം, ആല്‍ബനിസം അംബാസിഡര്‍ പ്രോഗ്രാമുകള്‍ മുതല്‍ ആല്‍ബനിസം സൗഹൃദ കേരളത്തിനായുള്ള മുന്നൊരുക്കങ്ങളിലാണ് ശരത്. ചലച്ചിത്ര പ്രവര്‍ത്തകര്‍ കലാകാരന്‍മാര്‍ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഈ വില്ലനൊപ്പം നിന്നാല്‍ കുറേ മനുഷ്യരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തില്‍ വെളിച്ചം വീഴും. നമ്മളില്‍ പലരും അറിയാതെ പോയതുകൊണ്ടുമാത്രം ആകാമെന്നു കരുതുന്നു ഈ പരിഗണനക്കുറവ്. ഒന്ന് കൂടെ നില്‍ക്കാം കൂട്ടി ചേര്‍ത്തു നിര്‍ത്താം ആല്‍ബനിസം മനുഷ്യരെ.
പല കാരണങ്ങളാല്‍ കൂടുതല്‍ സംരക്ഷണവും പരിഗണനയും പ്രോത്സാഹനവും പിന്തുണയും അര്‍ഹിക്കുന്നവരാണ് ആല്‍ബനിസം മനുഷ്യര്‍. അവരുടെ ആരോഗ്യവും തൊഴിലും കൂടി പരിഗണിക്കപ്പെടട്ടേ. ഇന്ത്യയിലെ അറിയപ്പെടുന്ന ആല്‍ബനിസം വ്യക്തിയായ നടന്‍ നമ്മുടെ സ്വന്തമാണെന്ന് അഭിമാനത്തോടെ പറയാം.
