October 14 Wednesday 2026

സ്വയം കോമാളിയായി ഇൻഫാന്റിനോ; പന്തല്ല, ഇത് രാഷ്ട്രീയം കളിച്ച ലോകകപ്പ്

ആതിഥേയ രാജ്യങ്ങൾക്ക് മേൽ ഫിഫയ്ക്കുള്ള സ്വാധീനത്തെക്കുറിച്ച് മുൻപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ എപ്പോഴും വലിയ രീതിയിൽ സംസാരിക്കാറുള്ള ആളാണ്. എന്നാൽ, ഈ ലോകകപ്പിലെ അമേരിക്ക-ഇറാൻ വിഷയത്തിലേക്ക് വന്നപ്പോൾ ഫിഫയും ഇൻഫാന്റിനോയും ഒരു കോമാളിയുടെ വേഷത്തിലേക്ക് ചുരുങ്ങിപ്പോയി.

ലോസ് ആഞ്ചലസിലെ സോഫി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് മത്സരത്തിൽ ന്യൂസിലാൻഡിനോട് 2-2 ന് സമനില വഴങ്ങിയതിന് പിന്നാലെ, ഇറാൻ ടീമിന്റെ ഡ്രെസ്സിങ് റൂമിലേക്ക് ഇൻഫാന്റിനോ എത്തിയിരുന്നു. താൻ അവരെ പിന്തുണയ്ക്കുന്നുണ്ടെന്ന് കാണിക്കാനായിരുന്നു ആ സന്ദർശനം.

‘നിങ്ങൾ ലോകത്തിന് മുഴുവൻ ശക്തമായ ഒരു സന്ദേശമാണ് നൽകുന്നത്, നിങ്ങൾ ഈ സ്റ്റേഡിയത്തെ മുഴുവൻ ‘ടീം മെല്ലി’ക്ക് (ഇറാൻ ദേശീയ ടീം) പിന്നിൽ അണിനിരത്തി. അതിന് നിങ്ങളോട് നന്ദി പറയുന്നു’ ഇൻഫാന്റിനോ പറഞ്ഞു.

ഇറാൻ താരങ്ങളുടെയും സ്റ്റാഫിന്റെയും കൈയടി അടങ്ങിയപ്പോൾ, അദ്ദേഹം ഇറാൻ കോച്ച് അമീർ ഘാലെനോയിയുടെ തോളിൽ കൈവെച്ചുകൊണ്ട് താൻ ഏറെ താല്പര്യത്തോടെ കരുതിവെച്ച ആ തമാശ വരി പ്രയോഗിച്ചു: ‘ഇനി കോച്ചിന് ഒരു സ്‌ട്രൈക്കറെ ആവശ്യമുണ്ടെങ്കിൽ, അടുത്ത കളിയിൽ നിങ്ങളോടൊപ്പം കളിക്കാൻ ഞാൻ വരാം’

അതേസമയം അപ്പോൾ സിംഗിൾ എൻട്രി വിസയിൽ അമേരിക്കയിൽ എത്തിയ ഇടത് വിങ്ങർ മെഹ്ദി തൊറാബിക്ക് പുതിയ വിസ സംഘടിപ്പിക്കാൻ ഇറാൻ കഷ്ടപ്പെടുകയായിരുന്നു. കൂടാതെ, ക്യാപ്റ്റനും സ്‌ട്രൈക്കറുമായ മെഹ്ദി താരെമിയെ മെക്സിക്കോയിലെ തിഹ്വാനയിലുള്ള ട്രെയിനിങ് ബേസിലേക്ക് മടങ്ങുന്നതിന് തൊട്ടുമുൻപ് ലോസ് ആഞ്ചലസ് ബോർഡർ കൺട്രോളിൽ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനായി തടഞ്ഞുവെച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇൻഫാന്റിനോയുടെ ആ തമാശ തികച്ചും അനുചിതവും അശ്ലീലവുമായിപ്പോയെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ പോലും അഭിപ്രായപ്പെട്ടത്.

‘ഇത് ലോകകപ്പിന്റെ തുടക്കം മാത്രമാണ്. നിങ്ങൾ ചരിത്രം കുറിക്കുകയാണ്. നിങ്ങളുടെ ജനങ്ങൾക്കായും ഇറാനെ സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ളവർക്കായും ഹൃദയം നൽകി കളിക്കുക’ ഇൻഫാന്റിനോ കൂട്ടിച്ചേർത്തു. എന്നാൽ, ആ പ്രസംഗത്തിന് ശേഷം ഇറാൻ നേരിട്ട പ്രതിസന്ധികളിൽ ഫിഫ പ്രസിഡന്റോ ഫിഫയോ കാര്യക്ഷമമായി ഒന്നും ചെയ്തില്ല എന്നതാണ് യാഥാർത്ഥ്യം.

അമേരിക്ക വിസ നിഷേധിച്ച 15 ഇറാനിയൻ സ്റ്റാഫുകളിൽ നാല് പേർക്ക് മാത്രമാണ് അപ്പീലിന് ശേഷം യാത്ര ചെയ്യാൻ അനുമതി ലഭിച്ചത്. ഗ്രൂപ്പിലെ മൂന്നാമത്തെ മത്സരത്തിനായി സ്റ്റേഡിയത്തിലേക്ക് പോയപ്പോൾ മാത്രമാണ് ടീമിന് രണ്ട് ദിവസം മുൻപ് യാത്ര ചെയ്യാൻ അനുമതി ലഭിച്ചത്. ആദ്യ രണ്ട് മത്സരങ്ങൾക്കും കളിക്ക് തലേദിവസം മാത്രമാണ് അവർക്ക് യു.എസിൽ എത്താൻ കഴിഞ്ഞിരുന്നത്. എന്നാൽ, അവിടേക്ക് തിരിക്കും മുൻപ് വീണ്ടും മെഹ്ദി താരെമിയെയും അസിസ്റ്റന്റ് കോച്ച് സയീദ് അൽഹോയിയെയും തിഹ്വാന വിമാനത്താവളത്തിൽ യു.എസ് അധികൃതർ തടഞ്ഞുവെച്ചു. ഇത് ടീമിന്റെ യാത്ര വൈകിച്ചു. മത്സരത്തിന് ശേഷം ഉടൻ തന്നെ അവർക്ക് അമേരിക്ക വിടേണ്ടതായും വന്നു.

ഈ കടുത്ത വിവേചനത്തിന് പിന്നാലെ ഈജിപ്തുമായുള്ള 1-1 സമനിലയ്ക്ക് ശേഷം മെഹ്ദി താരെമി മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ചു: ‘ഇതൊരു ദുരന്ത ലോകകപ്പാണ്. ആദ്യ കളിക്ക് ശേഷം ഇൻഫാന്റിനോ ഡ്രെസ്സിങ് റൂമിൽ വന്ന് ഇത് തുടക്കം മാത്രമാണെന്ന് പറഞ്ഞു, എന്നാൽ നാളെയോടെ ഗ്രൂപ്പ് ഘട്ടം അവസാനിക്കുകയാണ്’

‘ഞങ്ങളെ സഹായിക്കാൻ ഇവിടെ റിക്കവറി ആളുകളോ ലോജിസ്റ്റിക്‌സ് സ്റ്റാഫോ ഇല്ല. ഞങ്ങൾ എപ്പോഴും പരാതിപ്പെടാറുണ്ട്, പക്ഷേ ആരും സഹായിക്കുന്നില്ല. ഫിഫ ചെയ്യുന്നത് നീതിയാണോ? ഞങ്ങളെ പുറത്താക്കാനാണ് ഭാവമെങ്കിൽ, ഞങ്ങൾ പുറത്തുപോകാം’ താരെമി കൂട്ടിച്ചേർത്തു.

ഏതാണ്ട് 24 മണിക്കൂറുകൾക്ക് ശേഷം താരെമിയുടെ വാക്കുകൾ യാഥാർത്ഥ്യമായി. ഓസ്ട്രിയ-അൽജീരിയ മത്സരം 3-3 സമനിലയിലായതോടെ ഇറാന്റെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചു. അൽജീരിയയുടെ റിയാദ് മഹ്റെസ് 93-ാം മിനിറ്റിൽ ഗോൾ അടിച്ചപ്പോൾ തിഹ്വാനയിലെ ഹോട്ടലിൽ ഇരുന്ന് ഇറാൻ താരങ്ങൾ വിജയം ആഘോഷിക്കുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു. എന്നാൽ, മൂന്ന് മിനിറ്റുകൾക്ക് ശേഷം ഓസ്ട്രിയ സമനില പിടിച്ചതോടെ ഇറാന്റെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു.

അങ്ങനെ, ലോകകപ്പ് ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത കലുഷിതമായ ഒരു അധ്യായത്തിന് അന്ത്യമായി. രാഷ്ട്രീയവും വൈകാരികവുമായ പ്രതിഷേധങ്ങൾക്കിടയിലായിരുന്നു ഇറാന്റെ ലോകകപ്പ് യാത്ര. ഈ വർഷം ഫെബ്രുവരിയിൽ ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തിയ സൈനികാക്രമണങ്ങൾ സൃഷ്ടിച്ച രാഷ്ട്രീയ പിരിമുറുക്കത്തിന്റെ നിഴലിലായിരുന്നു ടീം മുഴുവൻ. യു.എസ്-ഇസ്രായേൽ ആക്രമണത്തോടെ ഇറാന്റെ ലോകകപ്പ് പങ്കാളിത്തം തന്നെ സംശയത്തിലായിരുന്നു. ഒടുവിൽ ട്യൂസൺ, അരിസോണയിലുള്ള ട്രെയിനിങ് ക്യാമ്പ് മെക്‌സിക്കോയിലെ തിഹ്വാനയിലേക്ക് മാറ്റാമെന്ന വ്യവസ്ഥയിലാണ് പരിഹാരമുണ്ടായത്.

ജൂൺ 6-നാണ് കളിക്കാർക്ക് വിസ ലഭിച്ചത്. ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ഇതിനെ രാഷ്ട്രീയമായി ഉപയോഗിച്ചു. ഇറാൻ ഫുട്‌ബോൾ ഫെഡറേഷൻ ഭാരവാഹികളായ ഹെദായത്ത് മുംബൈനിക്കും മെഹ്ദി മുഹമ്മദ് നബിക്കും വിസ നിഷേധിക്കപ്പെട്ടു. കഴിഞ്ഞ അഞ്ച് ലോകകപ്പുകളിൽ പങ്കെടുത്ത ഒരു പ്രധാന സ്റ്റാഫിന് യു.എസിൽ പ്രവേശിക്കാൻ അനുമതി ലഭിക്കാത്തതിനാൽ തിഹ്വാനയിൽ തുടരേണ്ടി വന്നു. വിസ ലഭിച്ചവർക്ക് പോലും കളിക്ക് തലേദിവസം മാത്രമാണ് യു.എസിൽ പ്രവേശനം അനുവദിച്ചത്.

മറുവശത്ത്, ഇറാന്റെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ സർദാർ അസ്മൂനെ ടീമിൽ നിന്ന് ഒഴുവാക്കിയതും വിവാദമായിരുന്നു. ഇറാൻ സർക്കാരിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതായിരുന്നു കാരണം. സർക്കാരിനോട് പരസ്യമായി മാപ്പ് പറയാൻ തയ്യാറാകാത്തതിനാലാണ് അസ്മൂനെ ഒഴിവാക്കിയത്. എന്നാൽ ഭരണകൂടത്തോട് അടുത്ത ചില മുതിർന്ന കളിക്കാരെ ടീമിൽ ഉൾപ്പെടുത്തിയതായും ആരോപണമുയർന്നു.

ലോസ് ആഞ്ചലസിൽ ഇറാന്റെ പരിശീലന ഗ്രൗണ്ടിന് പുറത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ നടന്നു. നിലവിലെ ഇറാൻ ഭരണകൂടത്തെ പ്രതിനിധീകരിക്കുന്ന കളിക്കാരെ തങ്ങൾ പിന്തുണയ്ക്കില്ലെന്നും സ്റ്റേഡിയത്തിൽ അവർക്കെതിരെ കൂവുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. രാഷ്ട്രീയ സ്വഭാവമുള്ള പഴയ ഇറാൻ പതാകകൾ (സിംഹവും സൂര്യനും ഉള്ള പതാക) സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുന്നത് തടയാൻ ഫിഫ ശ്രമിച്ചു. സെക്യൂരിറ്റി ജീവനക്കാർ പലരുടെയും പതാകകൾ പിടിച്ചുവെച്ചെങ്കിലും ചിലർ സ്റ്റേഡിയത്തിനകത്ത് അത് ഉയർത്തിപ്പിടിച്ചു. എന്നാൽ, കളിക്കളത്തിൽ ന്യൂസിലാൻഡിനെതിരെ ഇറാൻ രണ്ട് തവണ പിന്നിലായപ്പോഴും ലോസ് ആഞ്ചലസിലെ ഇറാൻ പ്രവാസികൾ അവർക്ക് വലിയ പിന്തുണ നൽകി. മത്സരം 2-2 സമനിലയിലായി.

മത്സരശേഷം ഡ്രെസ്സിങ് റൂമിൽ വെച്ച് കോച്ച് ഘാലെനോയി ഇൻഫാന്റിനോയോട് തന്റെ അമർഷം രേഖപ്പെടുത്തി: ‘ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെട്ട ടീമാണ് ഞങ്ങളുടേത്. ഫിഫ കൂടുതൽ ശക്തമായി ഇടപെടണമായിരുന്നു.’ കളിക്കാർക്ക് വിശ്രമിക്കാൻ പോലും സമയം നൽകാതെ ഉടൻ തന്നെ മെക്‌സിക്കോയിലേക്ക് മടക്കി അയക്കുന്നതിലെ വിയോജിപ്പും അദ്ദേഹം പ്രകടിപ്പിച്ചു.

ലോസ് ആഞ്ചലസിനോട് അടുത്തുള്ളതിനാലാണ് മെക്‌സിക്കോയിലെ തിഹ്വാന ഇറാന്റെ ബേസ് ക്യാമ്പായി തിരഞ്ഞെടുത്തത്. എന്നാൽ, അവസാന നിമിഷം (ജൂൺ 8) എടുത്ത തീരുമാനമായതിനാൽ സൗകര്യങ്ങൾ ഒരുക്കാൻ വലിയ ബുദ്ധിമുട്ട് നേരിട്ടു. തിഹ്വാനയിലെ ‘ക്ലബ് തിഹ്വാന എക്‌സ്ഒലോസ്’ സ്റ്റേഡിയത്തിലാണ് അവർ പരിശീലനം നടത്തിയത്. അവിടുത്തെ പിച്ച് മികച്ച രീതിയിൽ ഒരുക്കാൻ ക്ലബ് അധികൃതർ പരമാവധി ശ്രമിച്ചു. സ്റ്റേഡിയത്തിന് പുറത്ത് വലിയൊരു നായയുടെ ശില്പമുണ്ട്. എന്നാൽ അതിനേക്കാൾ ഭയപ്പെടുത്തുന്നതായിരുന്നു തോക്കേന്തിയ കനത്ത നാഷണൽ ഗാർഡ് സുരക്ഷയ്ക്ക് നടുവിൽ ഇറാൻ ടീമിന് അവിടെ പരിശീലിക്കേണ്ടി വന്നത്.

ഏതായാലും ഈ ലോകകപ്പിൽ ഇറാൻ നേരിട്ട വിവേചനം ലോകകപ്പ് നടക്കുന്ന കാലങ്ങളോളം ചർച്ച ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. ഫിഫയുടെ തൊപ്പിയിലെ ഒരു കറുത്ത പാടായി ഈ വിവേചനം രേഖപ്പെടുത്തും.

 

Related