”ഒരു ജൂതനെന്ന് പറഞ്ഞാല്‍ ആക്രമിക്കപ്പെടുമെങ്കില്‍ മത രഹിതനായ ഞാന്‍ സ്വയം ജൂതന്‍ എന്ന് പ്രഖ്യാപിക്കും..” – ജീന്‍പോള്‍ സാര്‍ത്ര് (ഫ്രഞ്ച് ചിന്തകന്‍)
നബിദിനത്തില്‍ യോഗിയുടെ യുപിയിലെ ബറേലിയില്‍ നടന്ന ‘I Love Muhammad’ എന്ന ഒരു കാമ്പയിനില്‍ പങ്കെടുത്തവരുടെ സ്ഥാപനങ്ങളും വീടും വിവാഹമണ്ഡപങ്ങളും ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും, അത് ഹിന്ദുത്വ ഫാസിസത്തിന്റെ നൂറാം വര്‍ഷ ആഘോഷമാക്കി മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്. ഇന്ത്യയില്‍ ഏത് മത വിഭാഗത്തിനും അവരുടെ ആത്മീയ നേതാവിന്റെ പ്രത്യയശാസ്ത്ര പ്രവാചകന്റെ പേരെഴുതാനും അദ്ദേഹത്തെ സ്‌നേഹിക്കാനും ഭരണഘടനാപരമായ അവകാശമുണ്ട്. എന്നാല്‍, സംഘപരിവാര്‍ ഭാവന ചെയ്യുന്ന ഹിന്ദുത്വ ഭാരതത്തില്‍ അത് പാടില്ല എന്ന് ഭരണഘടനാ വിരുദ്ധമായി അവര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആ രാമരാജ്യ നിര്‍മാണം യുപിയില്‍ നിന്ന് ആരംഭിച്ചിരിക്കുന്നു.
‘I Love bulldozer’ എന്ന എതിര്‍ കാമ്പയിന്‍ ഫാസിസ്റ്റ് ഭീകരരുടെ നേതൃത്വത്തില്‍ അവിടെ ആരംഭിച്ചിരിക്കുകയാണ്. ധര്‍മത്തിന്റെ പേരില്‍ ഹിംസയെ ഓര്‍മിക്കുന്ന ദസറാ ദിനം തെരഞ്ഞെടുത്താണ് ഇത്തരം വിധ്വംസക ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും അത് വാര്‍ത്തകള്‍ പോലും ആകാതിരിക്കുന്നതും. പ്രതികരിച്ചാല്‍ ഒന്നുകില്‍ വെടിവെച്ചു കൊല്ലും അല്ലെങ്കില്‍ ജയിലില്‍ അടയ്ക്കും എന്ന അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതത്രേ. ഇതുവരെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അതിക്രമങ്ങളുടെ ഫലമായി 1,53,820 വീടുകള്‍ തകര്‍ത്തു കഴിഞ്ഞു എന്ന് പറയപ്പെടുന്നു. 7,38,438 മനുഷ്യര്‍ ഭവനരഹിതരായി തെരുവിലേക്ക് വലിച്ചെറിയപ്പെട്ടു കഴിഞ്ഞു. അഭയാര്‍ത്ഥികള്‍ ആകുന്ന ഫലസ്തീന്‍ ജനതയെക്കാള്‍ കൂടുതലാണ് ഇത് എന്ന് കണക്കാക്കപ്പെടുന്നു.
കേരളത്തിലെ ക്രൈസ്തവ സമൂഹം സംഘപരിവാറിനെ പിന്തുണയ്ക്കുന്നത് കഴിഞ്ഞദിവസം അരുന്ധതി റോയ് പരാമര്‍ശിക്കുകയുണ്ടായി. ഇന്ത്യയില്‍ നൂറിലധികം ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ പൊളിച്ചിട്ടും കേരളത്തില്‍ അതൊന്നും അവര്‍ക്ക് ബാധകമായിട്ടില്ല. ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ കൂട്ടക്കൊലയെ പോലും ആഘോഷിക്കുന്ന ക്രൈസ്തവ സയണിസ്റ്റുകളുടെ ഭീതി ജനിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് കേരളത്തില്‍ വ്യാപിക്കുന്നത്. 2024 ല്‍ നരേന്ദ്രമോദി തന്നെ വംശീയ വിദ്വേഷത്തിന്റെ 173 ഓളം പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട് എന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ കണക്കനുസരിച്ച് ഇത്തരം വിദ്വേഷ പ്രചരണങ്ങള്‍ വര്‍ധിച്ചു വരികയാണ്.
കേരളത്തില്‍ ഇത്തരം വിദ്വേഷ പ്രചരണ പ്രസംഗങ്ങള്‍ ഏറ്റവും കൂടുതല്‍ നിര്‍മിച്ചു പുറത്തു വിട്ടുകൊണ്ടിരിക്കുന്നത് ഏത് കേന്ദ്രത്തില്‍ നിന്നാണ് എന്ന് നമുക്ക് കൃത്യമായി അറിയാം. ഇതിനെതിരെയുള്ള പ്രതിഷേധമാണ്, പ്രക്ഷോഭമാണ് പ്രാഥമികമായ ഫാസിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനം എന്ന് നാം തിരിച്ചറിഞ്ഞില്ലെങ്കില്‍, കേരളവും നാളെ ഉത്തര്‍പ്രദേശില്‍ നിന്ന് വിദൂരമല്ലാത്ത ഒരു സംസ്ഥാനമായി മാറും.
(പി.എ പ്രേംബാബു എഫ്ബിയില്‍ കുറിച്ചത്)
