August 11 Tuesday 2026

കശ്മീരിനെ കുറിച്ചു സംസാരിച്ച ഹുംറ ഖുറേഷി

അടിച്ചമര്‍ത്തവര്‍ക്ക് വേണ്ടി ശബ്ദിക്കാനും കശ്മീരിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ അനാവരണം ചെയ്യാനും തന്റെ ജീവിതം സമര്‍പ്പിച്ച, എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായിരുന്നു ഹുംറ ഖുറേഷി. ധീരതയും സഹാനുഭൂതിയും നിറഞ്ഞു നിന്ന ആ ജീവിതം 2025 ജനുവരി 16 ന് നിലച്ചു. ആദരാഞ്ജലികള്‍.

ഹുംറ ഖുറേഷിയുടെ അതുല്യകൃതിയായ ‘ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് കാശ്മീര്‍’, ലോകത്തിലെ ഏറ്റവും സംഘര്‍ഷഭരിതമായ പ്രദേശങ്ങളിലൊന്നിലെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ആധികാരികമായി മനസ്സിലാക്കാനുള്ള ഒരു പ്രധാന സംഭാവനയായിരുന്നു. 1990 കളില്‍ കശ്മീരിലെ സുരക്ഷാസേനയുടെ നിരന്തര പരിശോധനകളും സാന്നിധ്യങ്ങളും കശ്മീരി സ്ത്രീകള്‍ക്കുണ്ടാക്കിയ ആഘാതങ്ങളും പ്രയാസങ്ങളും ഉള്‍പ്പെടെയുള്ള വിവരണങ്ങള്‍ ആ പുസ്തകം ഭയലേശമെന്യേ പരിശോധിക്കുന്നുണ്ട്. സുരക്ഷാപരിശോധനയുടെ മറവില്‍ കശ്മീരി സ്ത്രീകള്‍ എങ്ങനെയാണ് അപമാനകരവും അധാര്‍മികവുമായ ചോദ്യങ്ങള്‍ക്കും പരിശോധനകള്‍ക്കും വിധേയരായതെന്ന് ഖുറേഷി കുറിച്ചു വെച്ചു. സൈനികവല്‍ക്കരണത്തിന്റെ ഫലമായുണ്ടായ ആഴത്തിലുള്ള മുറിവുകള്‍ക്ക് അടിവരയിടുന്ന അനുഭവങ്ങളായിരുന്നു അവയൊക്കെയും.

കശ്മീരികളോടുള്ള ഖുറേഷിയുടെ സഹാനുഭൂതിയും സ്‌നേഹവും വളരെ ആഴത്തിലുള്ളതായിരുന്നു. 90 കളുടെ തുടക്കത്തില്‍, താഴ്വരയിലെ പതിവ് സന്ദര്‍ശനങ്ങളില്‍, ഖുറേഷി അവിടത്തെ സ്ത്രീകളും പുരുഷന്മാരും അനുഭവിച്ചു കൊണ്ടിരുന്ന വേദനകളും കഷ്ടപ്പാടുകളും നേരിട്ട് കാണുകയുണ്ടായി. കാണാതായ മക്കളെയോര്‍ത്ത് വിലപിക്കുന്ന ഉമ്മമാരുടെയും അടിച്ചമര്‍ത്തപ്പെട്ട ഉപ്പമാരുടെയും നിരപരാധികളും നിഷ്‌കളങ്കരുമായ കുട്ടികളുടെയും വേദനകള്‍ അവര്‍ നമുക്ക് മുമ്പാകെ വിവരിച്ചു തന്നു. നേരിട്ട് കാണുകയും കേള്‍ക്കുകയും ചെയ്ത ഇത്തരം അനുഭവങ്ങള്‍ അവരുടെ രചനകളെത്തന്നെ രൂപപ്പെടുത്തുകയായിരുന്നു. കണ്മുന്നിലെ അനുഭവങ്ങള്‍ എഴുത്തുകള്‍ക്ക് ആധികാരികതയും വൈകാരിക സ്പര്‍ശവും നല്‍കി. കശ്മീരികള്‍ക്കൊപ്പം സഹചരിച്ച ഒരാളില്‍ നിന്ന് മാത്രമേ ആ ആഴവും നനവും ഉണ്ടാവുകയുള്ളൂ.

കശ്മീര്‍ താഴ്വരയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന മനുഷ്യരെ കുറിച്ച് ഖുറേഷി സംസാരിച്ചു കൊണ്ടിരുന്നു. അവരുടെ എഴുത്തുകള്‍ ശബ്ദം നിഷേധിക്കപ്പെട്ടവര്‍ക്കും സമൂഹത്തിനുമിടയില്‍ ഒരു പാലമായി വര്‍ത്തിച്ചു. നിരന്തരമായ പ്രക്ഷുബ്ധതയ്ക്കിടയിലും കശ്മീരി ജനത തുടരുന്ന അതിജീവനശ്രമങ്ങളിലേക്ക് ഖുറേഷി വാതിലുകള്‍ തുറന്നു വെച്ചു. പലപ്പോഴും വ്യക്തിപരമായി റിസ്‌ക്കെടുത്തു കൊണ്ട് തന്നെ അധികാരത്തിന്റെ ഇടനാഴികള്‍ രൂപപ്പെടുത്തിയ ആഖ്യാനങ്ങളെ അവര്‍ വെല്ലുവിളിച്ചു.

ഒരു പത്രപ്രവര്‍ത്തകയെന്ന നിലയില്‍, ഖുറേഷിയുടെ അചഞ്ചലമായ സത്യസന്ധതയും നിശിത വിമര്‍ശനങ്ങളും ശ്രദ്ധേയമാണ്. ഖുറേഷിയുടെ ലേഖനങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ നേരിടുന്ന അനീതികളെ നിരന്തരം അഭിസംബോധന ചെയ്തു. സ്ത്രീകള്‍ നേരിടുന്ന സവിശേഷമായ പാര്‍ശ്വവല്‍ക്കരണത്തെക്കുറിച്ചും കശ്മീരിന്റെ സാമൂഹിക ഘടനയില്‍ സൈനികവല്‍ക്കരണം വരുത്തുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചും അവര്‍ ഉറക്കെ സംസാരിച്ചു.

ഖുറേഷിയുടെ ധീരത അവരുടെ രചനകളില്‍ മാത്രം ഒതുങ്ങി നിന്നില്ല. പുതിയ തലമുറയില്‍പ്പെട്ട പത്രപ്രവര്‍ത്തകര്‍ക്ക് ഒരു വഴികാട്ടിയായിക്കൂടി അവര്‍ എഴുന്നേറ്റു നിന്നു. വെല്ലുവിളികളും കടമ്പകളുമുള്ള വാര്‍ത്തകളും വിവരങ്ങളും ധീരമായി എഴുതാനും പറയാനും ഖുറേഷി അവരെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. ”എഴുത്തുകാരുടെ / പത്രപ്രവര്‍ത്തകരുടെ ഉത്തരവാദിത്തം ശക്തരെ സുഖിപ്പിക്കലോ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കലോ അല്ല, ശക്തിയില്ലാത്തവരെ ശാക്തീകരിക്കലാണ്” എന്നവര്‍ പലപ്പോഴും പറയാറുണ്ട്.

വലിയ വെല്ലുവിളികള്‍ക്കിടയിലും ഖുറേഷിയുടെ നിശ്ചയദാര്‍ഢ്യത്തിന് ഒരിക്കലും ഇളക്കം തട്ടിയില്ല. നഗ്‌നയാഥാര്‍ഥ്യങ്ങളെ സഹാനുഭൂതിയുടെ നനവോടൊപ്പം ജനങ്ങളിലേക്ക് എത്തിക്കാനുള്ള അവരുടെ കഴിവ്, അനീതിക്കെതിരെ പോരാടുന്നവര്‍ക്ക് എന്നുമൊരു വിളക്കുമാടമായിരുന്നു. നിരവധി മനുഷ്യാവകാശ മുന്നേറ്റങ്ങളില്‍ ഖുറേഷി സജീവപങ്കാളിത്തം വഹിക്കുകയും കശ്മീരിലെ നീതിക്കും വേണ്ടി അശ്രാന്തമായി വാദിക്കുകയും ചെയ്തു.

ഖുറേഷിയുടെ രചനകള്‍ സംഘര്‍ഷങ്ങളുടെ ആഖ്യാനം എന്നതിലുപരി കാശ്മീരി ജനതയുടെ സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും സ്ഥായിയായ മാനവികതയുടെയും അടയാളപ്പെടുത്തല്‍ കൂടിയായിരുന്നു. തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും വാക്കുകളിലൂടെയും കര്‍മങ്ങളിലൂടെയും താന്‍ കയറിയിറങ്ങിപ്പോയ എണ്ണമറ്റ ജീവിതങ്ങളെയും ഇവിടെ ബാക്കിയാക്കി അവര്‍ യാത്രയായി. ഖുറേഷിയുടെ വേര്‍പാടില്‍ അനുശോചിക്കുമ്പോള്‍ത്തന്നെ അവര്‍ ജീവിതത്തില്‍ നിര്‍വഹിച്ച ഉദ്യമങ്ങളെ അഭിവാദ്യം ചെയ്യാനും നമുക്ക് സാധിക്കണം. നേരിന്റെ സാക്ഷ്യം നിര്‍വഹിക്കുക എന്നത് തന്നെ ചെറുത്തുനില്‍പ്പാണെന്ന് ഖുറേഷി നമ്മെ പഠിപ്പിക്കുന്നു. നീതിക്കും സത്യത്തിനും വേണ്ടി എഴുന്നേറ്റു നില്‍ക്കാന്‍ ആ ജീവിതം നമ്മെ നിരന്തരം പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

 

Related