സോദ്ദേശ്യ മായിപ്പോകും എന്ന് ശങ്കിച്ചിട്ടാണോ മലയാളത്തിലെ കവികളും കഥാകാരരും ഇന്ത്യ നേരിടുന്ന അഭ്യന്തര അധികാര രാഷ്ട്രീയത്തെ ധ്വനിപ്പിക്കുന്ന ഇതിവൃത്തങ്ങള്‍ കൃതികളിലൂടെ കുറിക്കാത്തത്? അതോ മറ്റുവല്ലവരെയും/വല്ലതും ഭയന്നാണോ?
രാഷ്ട്രീയ എഴുത്ത് (പൊളിറ്റിക്കല്‍ റൈറ്റിങ്) മലയാളത്തില്‍ ഏറെക്കുറെ അന്യം വന്ന നിലയിലാണിന്ന്. ഇന്ത്യ ഇതുവരെ അനുഭവിച്ചു കൊണ്ടിരുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളെപ്പോലെയല്ല ഇന്ന്. 1975-77 ലെ രാഷ്ട്രീയ അടിയന്തിരാവസ്ഥയെ കുറിച്ച് ഇന്നും വാചാലരാവുന്നവരുണ്ട്. അവരാരും പുതിയ രാഷ്ടീയ ക്രിട്ടിക്കല്‍ അവസ്ഥയെക്കുറിച്ച് ഒന്നും ഉരിയാടാറില്ല.
ധര്‍മ്മപുരാണം, എന്‍.എസ് മാധവന്റെ തിരുത്ത്, ആനന്ദിന്റെ മരുഭൂമികള്‍ ഉണ്ടാവുന്നത്, മുകുന്ദന്റെ ഡല്‍ഹി 81, വന്മരങ്ങള്‍ വീഴുമ്പോള്‍… പോലുള്ള കൃതികള്‍ ഒരുകാലത്ത് പ്രത്യക്ഷപ്പെട്ടവ മാത്രമാണ്.’തിരുത്തി’ന് പുതിയൊരു വേര്‍ഷന്‍ പണിയാന്‍ ഇന്നാരെങ്കിലും തയാറാകുമോ? ബുധിനിയും ആരാച്ചാരും ഇട്ടിക്കോരയും മറ്റും മറ്റും ദേശീയ/ഡിസ്റ്റോപ്പിയന്‍ അധികാരത്തെ മുന്‍നിര്‍ത്തി ഇടക്കാലത്ത് വന്നവയില്‍ എടുത്തു പറയേണ്ടവ. വിനോദ് കൃഷ്ണയുടെ 9 എംഎം ബരേറ്റ പോലുള്ള കൃതി മാത്രമാണ് ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയോട് നേരിട്ടുള്ള രാഷ്ട്രീയ വിമര്‍ശനം എന്ന നിലക്കുള്ള ഒരു കൃതി വന്നത്. ഹരീഷിന്റെ ഓഗസ്ത് 15 മറ്റൊരുതരത്തില്‍ പുതിയ ഇന്ത്യനവസ്ഥയുടെ ഹാസ്യാനുകാരണമാണ് എന്നും പറയാം.
സച്ചിയും കെ.ജി.എസ്സും കടമ്മനും ചുള്ളിക്കാടും വിവിധ കാവ്യ ഴോണറുകള്‍ രാഷ്ട്രീയ കവിതയില്‍ സൃഷ്ടിച്ചിട്ടുണ്ട്. പുതിയ കവിത എന്തൊക്കെയോ ഓര്‍മ്മയുടെ വലക്കണ്ണികളില്‍ കുടുങ്ങികിടക്കയാണ്. പി.എന്‍ ഗോപികൃഷ്ണന്‍, അന്‍വര്‍ അലി… തുടങ്ങിയ ചിലരുടെ സൃഷ്ടികളേ രൂക്ഷമായ പൊളിറ്റിക്കല്‍ കൃതികളായി വരുന്നുള്ളൂ. പഴയ കാലത്തോട് താരതമ്യം ചെയ്യുമ്പോള്‍, ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ പത്തിരട്ടി കൃതികള്‍ പുതിയ അധികാര വ്യവസ്ഥക്കെതിരെ നമ്മുടെ ഭാഷയില്‍ ഉണ്ടാകേണ്ടതാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, അരിച്ചരിച്ചു വരുന്ന രാഷ്ട്രീയഭീതിയുടെ നിഴല്‍ ഓരോ എഴുത്തുകാരെയും വരിഞ്ഞു മുറുക്കിയിരിക്കുന്നു. സൗകര്യപ്രദവും മൃദൂക്തി നിറഞ്ഞതുമായ അല്‍ഗോരിതങ്ങളിലും ഫലിതങ്ങളിലും മറ്റും ഒന്നുമറിയാത്ത മട്ടില്‍ ആട്ടം നടത്തുകയോ കാണുകയോ ചെയ്തു നടിക്കുകയാണ് എഴുത്തുകാര്‍. നമ്മുടെ സാഹിത്യോത്സവങ്ങളില്‍ പോലും ഇങ്ങനെയൊരു വിഷയം ഇതുവരെ കണ്ടിട്ടില്ല. ഇന്ത്യക്ക് പുറത്തുള്ള പലായനങ്ങളെക്കുറിച്ചും രാജ്യങ്ങളിലെ (പ്രത്യേകിച്ച് മധ്യ പൗരസ്ത്യ ദേശം) അധികാര രാഷ്ട്രീയത്തെ കുറിച്ചും (ഇസ്രായേലിനെക്കുറിച്ചും അമേരിക്കയെ കുറിച്ചുമൊക്കെ) നാം തകൃതിയായി എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. അവയില്‍ ചിലതൊക്കെ വളരെ മൂല്യമുറ്റതുമാണ്. എന്നാല്‍, ഡയസ്‌പോറ റൈറ്റിങ്ങിന്റെ ഗണത്തിലെന്ന മട്ടില്‍ വന്നുകൊണ്ടിരിക്കുന്ന പലതും ഇന്‍ഫര്‍മേഷന്‍ ടെക്കിനിടയില്‍ നിന്നുകൊണ്ടുള്ള കോപ്പിയെഴുത്തുകള്‍ പോലെയായിത്തീരുന്നുമുണ്ട്.
എഴുത്ത്, രാഷ്ട്രീയ വിമര്‍ശനത്തിന് കൂടിയുള്ളതാണ്. ഫാഷിസത്തെ കുറിച്ചും ഡിസ്റ്റോപ്പിയന്‍ അധികാര ഭീകരതയെ കുറിച്ചും പറയേണ്ടിവരുമ്പോള്‍ ഇന്നും കാല്‍ നൂറ്റാണ്ട് മുമ്പ് പുറത്തിറങ്ങിയ വിജയന്റെ ധര്‍മ്മ പുരാണത്തെ കുറിച്ചു വാചാലരാവേണ്ട ഗതികേടിലാണ് മലയാളി.
രാഷ്ട്രീയത്തെ കുറിച്ച് ചോദിച്ചാല്‍, മൈക്രോ രാഷ്ട്രീയത്തെ കുറിച്ച് എഴുതുന്നുണ്ടല്ലോ എന്നാണ് പലരുടെയും ഉത്തരം. ആയര്‍ത്ഥത്തില്‍ മേന്മയുറ്റ ചില കൃതികള്‍ നമുക്ക് ഉണ്ടാകുന്നുണ്ട്, എന്ന കാര്യം നിഷേധിക്കുന്നില്ല. എന്നാല്‍, അധികാരത്തിന്റെ മാക്രോ ഘടനയെ ( Macro Structure ) യെക്കുറിച്ച് ചില കാലങ്ങളില്‍ തുറന്നെഴുത്ത് വേണ്ടിവരും. അല്ലെങ്കില്‍ ഒരുപക്ഷേ, സ്വാതന്ത്ര്യത്തോടെ അധികകാലം ഭൂമുഖത്ത് കഴിഞ്ഞുകൂടാന്‍ പറ്റിയില്ലെന്നു വരും. അതുകൊണ്ടാണല്ലോ, ഓര്‍വെല്ലിന്റെ 1974, ആനിമല്‍ ഫാം പോലുള്ള കൃതികള്‍ കാലത്തിന്റെ ഗൈഡായിത്തീരുന്നത്. ഇന്ന് നമ്മുടെ എത്ര എഴുത്തുകാര്‍ക്ക് ചങ്കുറപ്പുണ്ട്, ധര്‍മ്മ പുരാണത്തിന് ഒരു രണ്ടാം ഭാഗമെഴുതാന്‍? അല്ലെങ്കില്‍, 1984 പോലുള്ള ഒരു കൃതിയെഴുതാന്‍?
(ഡോ. ഉമര്‍ തറമേലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്)
