October 14 Wednesday 2026

റൊണാൾഡോ പന്ത് തൊടുമ്പോഴൊക്കെ ചരിത്രം കുറിക്കുകയാണ്

അസ്തമിക്കാത്ത സൂര്യനെ പോലെ, ശോഭകെടാതെ, തൻ്റെ ആറാം ലോകകപ്പ് അധ്യായത്തിലേക്ക് കുതിച്ച് ഇറങ്ങിയ പ്രതിനായകൻ. ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന പ്രതിഭാസം. ഈ ലോകകപ്പിൽ, ഒരൊറ്റ മത്സരത്തിന്റെ പേരിൽ ക്രൂശിക്കപ്പെട്ട താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ടീമിൻറെ മുഴുവൻ പിഴവുകൾക്കും പഴി ഏറ്റുവാങ്ങേണ്ടി വന്ന, വിമർശകരുടെ എക്കാലത്തെയും ഇര. എന്നാൽ, മറുപടിയില്ലാതെ ഒരു വിമർശനവും കടന്നു പോയിട്ടില്ല; ഗോളുകളിലൂടെ ഇതിഹാസം രചിച്ച് വിമർശകരെ നിശബ്ദരാക്കിയ ചരിത്രമാണ് റൊണാൾഡോയ്ക്ക് ഉള്ളത്.

രണ്ടാംഘട്ട ഗ്രൂപ്പ് മത്സരത്തിൽ ഉസ്ബകിസ്ഥാനെതിരെ പോർച്ചുഗൽ അണിനിരന്നപ്പോൾ, ലോകം ഉറ്റു നോക്കിയത് റൊണാൾഡോയെ ആയിരുന്നു. ഒരു ജനതയുടെ സ്വപ്നങ്ങളും പ്രാർത്ഥനകളും ചുമന്നുകൊണ്ട്, 41ാമത്തെ വയസ്സിൽ തൻറെ രാജ്യത്തിനുവേണ്ടി ബൂട്ടണിയുമ്പോൾ ചരിത്രം വഴിമാറുമെന്നതിൽ സംശയമുണ്ടായിരുന്നില്ല. തൻറെ സുവർണ്ണ കരിയറിൽ, ലോകകപ്പ് കിരീടം എന്നൊരു നേട്ടം മാത്രമാണ് ഇനി കീഴടക്കാൻ ബാക്കിയുള്ളത്. കോങ്കോയിക്കെതിരെയുള്ള ആദ്യ മത്സരത്തിൽ പതറിയ ടീമിനെ അല്ല, ഉസ്ബെക്കിസ്ഥാനെതിരെ കണ്ടത്. തന്നെ സംശയിച്ചവർക്കുള്ള ആദ്യ മറുപടി വന്നത് അഞ്ചാം മിനിറ്റിൽ, ജോവോ ക്യാൻസലോയുടെ ക്രോസ്സിലൂടെ പിറന്ന ആദ്യ ഗോൾ റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ കണക്ക് പുസ്തകത്തിൽ രേഖപ്പെടുത്താവുന്ന സുവർണ്ണ നിമിഷമാണ്. പന്ത് തൊടുമ്പോഴൊക്കെ ചരിത്രം കുറിക്കപ്പെടുകയാണെന്ന് ഭംഗി വാക്ക് റൊണാൾഡോയുടെ കാര്യത്തിൽ വെറുതെയല്ല. അഞ്ചാം മിനിറ്റിൽ പിറന്ന ആ ഗോളിലൂടെ ആറ് വ്യത്യസ്ത ഫിഫ ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം അദ്ദേഹം സ്വന്തമാക്കി. ഈ രണ്ടു പതിറ്റാണ്ടുകളിൽ മറ്റു പല താരങ്ങളുടെയും ഉദയ അസ്തമയങ്ങൾ ചരിത്രം കണ്ടതാണ്, പക്ഷേ റൊണാൾഡോ കാലചക്രങ്ങളെയും ഭേദിച്ചിരിക്കുന്നു. ഫുട്ബോളിന്റെ ഏറ്റവും ഉയർന്ന വേദി ഇന്നും റൊണാൾഡോയുടെ പ്രതിഭയ്ക്കും ശൈലിക്കും സാക്ഷ്യം വഹിക്കുകയാണ്. കാലം എത്ര മുന്നോട്ടുപോയാലും തന്റെ മികവിന്റെ തിളക്കം മങ്ങാതെ കാത്തുസൂക്ഷിക്കുന്ന സ്ഥിരത ആരെയും അത്ഭുതപ്പെടുത്തും.

പിന്നീട് 39 മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് നൽകിയ പാസിൽ രണ്ടാമത്തെ ഗോളും നേടി. ഒരു ലോകകപ്പ് മത്സരത്തിൽ രണ്ട് ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. അഞ്ചു ഗോളുകളുടെ ആധികാരിക വിജയം പോർച്ചുഗൽ കരസ്ഥമാക്കിയപ്പോൾ മികച്ച പ്ലെയർ ആയി ഫിഫ തെരഞ്ഞെടുത്തത് 41 വയസ്സുള്ള റൊണാൾഡോയെ തന്നെയാണ്. ഇതോടുകൂടി യുസേബിയോയുടെ റെക്കോർഡ് മറികടന്ന് ലോകകപ്പിൽ പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മാറി. ഇത് കേവലം ഒരു വിജയമല്ല, റൊണാൾഡോ എന്ന ഫുട്ബോൾ അതികായൻ്റെ തിരിച്ചു വരവാണ്. തള്ളിപ്പറഞ്ഞവർക്കും, കുറ്റപ്പെടുത്തിയവർക്കും ക്രിസ്ത്യാനോ റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ ഒരു മധുരപ്രതികാരം.

ഇതുവരെ ലോകകപ്പ് നേടിയിട്ടില്ലാത്ത പോർച്ചുഗലിന് ലോകം മുഴുവൻ ആരാധകർ ഉണ്ടെങ്കിൽ അതിനെക്കുറിച്ച് തല പുകഞ്ഞ് ആലോചിക്കേണ്ട ആവശ്യമില്ല, അതിനു കാരണക്കാരൻ ഒരാൾ മാത്രം. തലമുറകൾക്ക് പ്രചോദനമായി ഇന്നും കളിക്കളത്തിൽ നിറയുമ്പോൾ, കാൽപ്പന്തിനോടുള്ള റൊണാൾഡോയുടെ അടങ്ങാത്ത അഭിനിവേശമാണ് തെളിയുന്നത്. ഇത്തവണ ലോകകപ്പിൽ അവസാന പരീക്ഷണത്തിന് ഇറങ്ങുമ്പോൾ, ഫുട്ബോളിൽ തെളിയിക്കാൻ ബാക്കി ഒന്നുമില്ല, നേട്ടങ്ങളുടെ കൊടുമുടികൾ ഒന്നൊന്നായി കീഴടക്കിയ റൊണാൾഡോയ്ക്ക് ലോകകപ്പ് ഒരു കനകത്തരി മാത്രമായിരിക്കും.

Related