September 17 Thursday 2026

വ്യക്തിസ്വാതന്ത്ര്യത്തിന് വിലങ്ങുവെച്ച കുടുംബത്തിന് ഹൈക്കോടതിയുടെ തിരിച്ചടി

സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിച്ചതിന് കുടുംബം അഞ്ച് വർഷത്തോളം വീട്ടുതടങ്കലിലാക്കിയ രണ്ട് സഹോദരിമാരെ മോചിപ്പിക്കാൻ അലഹബാദ് ഹൈകോടതി ഉത്തരവിട്ടു. പ്രായപൂർത്തിയായ വ്യക്തികൾക്ക് തങ്ങളുടെ വിശ്വാസം തിരഞ്ഞെടുക്കാനും വിവാഹം കഴിക്കാനുമുള്ള ഭരണഘടനാപരമായ അവകാശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി. മാത്രമല്ല, ഇത്രയും കാലം തടങ്കലിൽ വെച്ചതിന് പെൺകുട്ടികൾക്ക് മാതാപിതാക്കളും ഉത്തർപ്രദേശ് സർക്കാരും ചേർന്ന് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനും ജസ്റ്റിസ് സന്ദീപ് ജെയിൻ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
​ആഗ്ര സ്വദേശികളായ സോയ ദിയ ഭാട്ടിയ (20), ആമിന അൻഷു ഭാട്ടിയ (35) എന്നീ സഹോദരിമാരെയാണ് പിതാവിന്റെയും കുടുംബത്തിന്റെയും തടങ്കലിൽ നിന്നും സ്വതന്ത്രരാക്കാൻ കോടതി ഉത്തരവിറക്കിയത്.

​സ്വന്തം ഇഷ്ടപ്രകാരം ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്‌ലാം മതം സ്വീകരിച്ച യുവതികൾ, തങ്ങൾക്ക് ഇഷ്ടപ്പെട്ട വ്യക്തികളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെയാണ് കുടുംബം എതിർപ്പുമായി രംഗത്തെത്തിയത്. തുടർന്ന് ഇവരെ വീട്ടിൽ പൂട്ടിയിടുകയായിരുന്നു. എന്നാൽ യാതൊരുവിധത്തിലുള്ള സമ്മർദ്ദമോ പ്രലോഭനമോ ഇല്ലാതെയാണ് തങ്ങൾ ഇസ്‌ലാം മതം സ്വീകരിച്ചതെന്നും, ഇത് യു.പിയിലെ മതപരിവർത്തന നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും യുവതികൾ അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചിരുന്നു.

​പെൺമക്കൾ നിർബന്ധിത മതപരിവർത്തനത്തിന് ഇരയായെന്ന് ആരോപിച്ച് പിതാവ് അനിൽകുമാർ ഭാട്ടിയ കഴിഞ്ഞ വർഷം ആഗ്ര പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് യുവതികളെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി എത്തിയത്.
​തുടർന്ന് ഇരുവരെയും ഹാജരാക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. പ്രായപൂർത്തിയായ സ്ത്രീകൾ സ്വമേധയാ ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതും വിവാഹം കഴിക്കുന്നതും ഭരണഘടന നൽകുന്ന മൗലിക അവകാശമാണെന്ന് കോടതി നിരീക്ഷിച്ചു. ബലപ്രയോഗമോ വഞ്ചനയോ ഇല്ലാത്ത സാഹചര്യത്തിൽ ഈ തീരുമാനങ്ങളിൽ മാതാപിതാക്കൾക്ക് ഉൾപ്പെടെ ആർക്കും ഇടപെടാൻ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

​മതം, വിവാഹം, താമസം എന്നിവയിൽ തീരുമാനമെടുക്കാൻ അവകാശമുള്ളവരാണ് ഈ യുവതികളെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അവരെ കോടതിയിൽ ഹാജരാക്കിയ വേളയിലാണ് മോചിപ്പിക്കാനും നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടത്. വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതാണ് ഹൈകോടതിയുടെ ഈ വിധി.

Related