October 14 Wednesday 2026

ഉമ്മാമയുടെ പല്ലില്ലാച്ചിരിയിൽ ഗോൾ പോസ്റ്റ്! ഷഫീക്ക് മുസ്തഫയുടെ കാൽപനിക കളിയെഴുത്ത്

സ്പെയിനും ഫ്രാൻസുമായുള്ള കളി കണ്ടത് ഉമ്മാമ്മയുമൊത്താണ്. ഉമ്മാമ്മ നേരത്തേ ഉറങ്ങുന്ന ആളാണ്. 85 വയസ്സിനു മുകളിലുണ്ട്. പാതിരാത്രി വല്ലപ്പോഴും ഇങ്ങനെ ഉണർന്നുവരും. ഇഷാ കഴിഞ്ഞ് സോഡാഗ്ലാസുവെച്ച് ജിന്നുകളുടെ നഗരം എന്നൊരു പുസ്തകം വായിക്കുന്നതു കണ്ടു. അതു കഴിഞ്ഞ് ഇദ്രീസ് രാജന്റെ കൊട്ടാരത്തെപ്പറ്റിയുള്ള പാട്ട്.
“ഏഴാം കടലിന്റുള്ളിലൊരുരുക്കൻ കോട്ട
ഇദ്രീസ് രാജനെടുപ്പിച്ചേ..
അതിൽ, ഏഴായിരത്തൊന്ന് സുന്ദരിമാരെ പത്ത്നിമാരായ് അത്തിന് കുത്തിന് കുത്തിയിരിപ്പിച്ചേ..”
വരികളിൽ ചിലത് ഫൗളാണ്. എന്നാലും പാടിനടക്കും.
ഈ രണ്ട് ലക്ഷണം കണ്ടപ്പഴേ ഞാൻ കരുതിയതാ- ഉമ്മാമ്മായ്ക്ക് ഇന്ന് ഉറക്കമില്ല. സ്വർണ്ണത്തിന്റെ വിലകൂടിയ ശേഷം പൊതുവേ ഒരു ഉറക്കക്കുറവുണ്ട്. ചെറിയ അനക്കം കേട്ടാൽ പോലും ഉണരും. തലയ്ക്കു പിന്നിലൂടെ തലയണ ‘റ’ എന്നു പിടിച്ച് ഇരുകാതുകളിലും നിറഞ്ഞാടുന്ന അലിക്കത്ത് മറയ്ക്കും.
“ആരാടാ വെള്ള?” – ടി വി സ്ക്രീനിലേക്ക് അല്പനേരം നോക്കിനിന്ന് ഉമ്മാമ്മ ചോദിച്ചു.
“സ്പെയിൻ”
“മറ്റേ.. നീലയാ?”
“അത് ഫ്രാൻസ്”
“എങ്കി ഞാൻ സ്പെയിനിന്റെ കൂടെ” എന്നു പറഞ്ഞ് സോഫയിൽ നിന്ന് എന്റെ കാല് നീക്കിവെച്ച് അവിടങ്ങിരുന്നു. പിന്നെ ‘കണ്ണു പിടിക്കുന്നില്ലെ’ന്നു പറഞ്ഞ് എഴുന്നേറ്റു ചെന്ന് സോഡാക്കുപ്പി കണ്ണാട വെച്ച് വീണ്ടും വന്നു.
“അതെന്താ സ്പെയിൻ?” ഞാൻ ചോദിച്ചു.
“അവമ്മാരുടെ കുപ്പായം കൊള്ളാം”
അതൊന്നുമായിരിക്കില്ല കാരണം. മുൻവരിയിൽ മുകളിലെ പല്ലുകൾ നാലെണ്ണമില്ല. ചിരിക്കുമ്പോൾ ഗോൾപോസ്റ്റ് പോലെയിരിക്കും. ഫ്രാൻസ് എന്നു പറയാൻ രണ്ടു പ്രാവശ്യം അതുവഴി കാറ്റ് കടത്തിവിടണം. സ്പെയിൻ എന്നു പറയാൻ ഒരുപ്രാവശ്യം മതി. ജയിച്ചുകഴിയുമ്പോൾ “സ്പെയിൻ.. സ്പെയിൻ..” എന്നുപറഞ്ഞ് കിടന്ന് ചാടാനാണ്.
“നീലക്കുപ്പായം ഇഷ്ടമല്ലേ?” ഞാൻ ചോദിച്ചു.
“മിണ്ടാതിരിയെടാ.. കളി കാണട്ടെ.”
സ്പെയിനിന്റെ പെനാൽട്ടി ഗോളിൽ ഉമ്മാമ അത്ര എക്സൈറ്റഡായില്ല. ‘തന്റേതല്ലാത്ത കാരണത്താൽ’ കിട്ടിയ പെനാൽറ്റി ആയിരുന്നു ഫ്രാൻസിനത്.
സമയം ഇനിയുമുണ്ടല്ലോ എന്നുകരുതി ഞാൻ സമാധാനിച്ചു. പക്ഷേ, അർജന്റീന കളിക്കുന്നപോലെ ‘ഒടുക്കത്തെ കളി’ കളിക്കാൻ ഫ്രാൻസിന് പറ്റിയില്ല.
സ്പെയിൻ രണ്ടാമത്തെ ഗോളടിച്ചപ്പോൾ ഉമ്മാമ ആവേശത്തോടെ എഴുന്നേൽക്കാൻ നോക്കി. പക്ഷേ, നടു വെട്ടിപ്പിടിച്ചു. നേരേ താഴേക്ക് അങ്ങിരുന്നു. സ്പെയിൻ.. സ്പെയിനെന്ന് ബഹളം വെച്ചു. സ്പെയിനെന്നു പറയുമ്പോൾ പല്ലുകൾക്കിടയിലൂടെ നേരിയ വിസിലടി സൗണ്ടുണ്ട്. അല്ലാതെ പറയത്തക്ക ഉച്ചാരണപ്രശ്നങ്ങളില്ല.
ഇനിയും 45 മിനിട്ടോളമുണ്ട്. എന്റെ പ്രതീക്ഷ ഞാൻ കെടാതെ നിലനിർത്തി. ഉമ്മാമ മുറിയിൽ ചെന്ന് തസ്ബീഹ് എടുത്തുകൊണ്ടുവന്ന് ദിക്ക്രുകൾ എണ്ണാൻ തുടങ്ങി.
“രണ്ടു ഗോളുണ്ടല്ലോ, പിന്നെന്തിന് ഇതെല്ലാം?”
“ഇത് ശുകറ് ചെയ്യാനുള്ള ദിക്ക്റാണെടാ.. മിണ്ടാതിരുന്ന് കളി കാണ്.”
ഇതിനിടെ ചാനൽ ഞാൻ മലയാളം കമന്ററിയിലേക്ക് മാറ്റി. അവർ രണ്ടുപേരുമിരുന്ന് എന്തെല്ലാമോ കണകുണ പറയുന്നു. ഉമ്മാമയ്ക്കും ഇഷ്ടപ്പെട്ടില്ല. വലതു കയ്യിൽ തസ്ബീഹ് ഉരുട്ടി ഇടതുകൈ വീശി ‘മാറ്റ് മാറ്റ്..’ എന്ന് ആംഗ്യം കാട്ടി. തിരിച്ച് ഇംഗ്ലീഷിൽ വെച്ചപ്പോൾ തൃപ്തികരമെന്ന് തലയാട്ടി. ഉമ്മാമയ്ക്ക് ഇംഗ്ലീഷ് അറിയാവുന്നതുകൊണ്ടോ അറിയാത്തതുകൊണ്ടോ അല്ല. മലയാളം കമന്ററി കേൾക്കുമ്പോൾ കളിയുടെ ശ്രദ്ധപോകും. കൂടാതെ മലയാളം ടീംസ് അന്ന് മത്തിക്കറി വെച്ചതും പഴയ സിനിമാ ഡയലോഗുമൊക്കെ വീശും. അതെല്ലാം പ്രശ്നമാണ്. അതൊക്കെ ഇംഗ്ലീഷ് – കളിയിൽ നിന്ന് കാണിയുടെ ശ്രദ്ധ തെറ്റിക്കുന്നതൊന്നും പറയില്ല. കൂടാതെ ഒരു ഇന്റർനാഷണൽ ഗെയിം കാണുന്നതിന്റെ ഫീലും കിട്ടും.
ഫൈനൽ വിസിലടിച്ച് ജയം ഉറപ്പാക്കുമ്പോൾ രണ്ടാമത്തെ ഗോളടിച്ചപ്പോഴുണ്ടായ അത്ര ആവേശം ഉമ്മാമയ്ക്ക് ഉണ്ടായില്ല. അർഹിച്ച അംഗീകാരം. അത്രതന്നെ.
സ്പെയിനിന്റെ പ്ലേയേഴ്സ് കൂടുതലുണ്ടോ എന്നു തോന്നുമാറ് കളം നിറഞ്ഞു കളിച്ചു സ്പെയിൻ. ഞാൻ ഒന്നുരണ്ടു തവണ കളിക്കാരെ എണ്ണി നോക്കുകപോലും ചെയ്തു.
സാധാരണഗതിയിൽ ഒരു ടീമിനെ സപ്പോർട്ടു ചെയ്ത് കളി കാണുകയാണെങ്കിൽ അവരുടെ കളിയും പിഴവുകളും മാത്രമേ കാണാൻ പറ്റാറുള്ളൂ. അതായത്, ഒരു കളി നടക്കുമ്പോൾ അരക്കളി മാത്രമേ കാണുന്നുള്ളൂ. പക്ഷേ ഇക്കുറി സ്പെയിന്റെ നിറഞ്ഞാട്ടം കാരണം മുക്കാൽ കളിയെങ്കിലും കാണാൻ പറ്റിയിട്ടുണ്ട്.
ഫ്രാൻസിന്റെ തോൽവിയിൽ ഉമ്മാമ എന്നെ കളിയാക്കാനൊന്നും നിന്നില്ല. തസ്ബീഹ് ചൊല്ലിക്കൊണ്ട്, പതിയെ ഉരുളുന്നൊരു പന്തുപോലെ മുറിയിലേക്ക് പോയി. നടു വെട്ടിപ്പിടിച്ചതു കാരണം നടപ്പിന് ചെറിയ പ്രശ്നമുണ്ട്.
അല്പം കഴിഞ്ഞപ്പോൾ ഉമ്മാമ വീണ്ടും തസ്ബീഹ് ഉരുട്ടിക്കൊണ്ട് തിരികെ വന്നു.
“എടാ, ആ റഫറീന്റെ വിസിൽ ഒരെണ്ണം കിട്ടുവോ?”
“എന്തിനാ?”
“മറിഞ്ഞു വീണ് വേദനകൊണ്ട് കയ്യും കാലുമിട്ടടിക്കുന്ന പയ്യന്മാരൊക്കെ വിസിലടിക്കുന്നതോടെ ചിരിച്ചോണ്ട് എഴുന്നേറ്റു വരുന്നത് കണ്ടില്ലേ?”
“ഈ തമാശ പറയാനാണോ ഇവിടം വരെ വന്നത്?
“എന്താ, നിനക്ക് പിടിച്ചില്ലേ?”
ഉമ്മാമയുടെ പല്ലില്ലാച്ചിരിയിൽ ഗോൾ പോസ്റ്റ്! അതിൽ ഫ്രാൻസിനെതിരേ രണ്ട് ഗോളുകൾ!

 

 

Related