ഇസ്രായേലിനെ പിന്തുണക്കുന്ന പാശ്ചാത്യശക്തികള്‍ക്ക് നേർക്കുനേരെ അഭിമുഖീകരിക്കേണ്ടി വന്ന കയ്പേറിയ സത്യത്തിന്റെ നിമിഷമായിരുന്നു ഒക്ടോബ൪ 7. പാശ്ചാത്യ ലിബറല്‍ – സാംസ്കാരിക – നാഗരിക മൂല്യങ്ങള്‍ക്ക് നേരെയുള്ള ഹമാസിന്റെ ആക്രമണമായിരുന്നു അതെന്ന സയണിസ്റ്റ് ഭാഷ്യം ലോകജനതക്ക് ദഹിക്കാതെ പോയത് വേദനയോടെ അവർ തിരിച്ചറിഞ്ഞു. 75 വർഷം പിന്നിട്ട സയണിസ്റ്റ് അധിനിവേശത്തിനെതിരെ ഫലസ്തീൻ ജനത നടത്തിയ ഐതിഹാസിക ചെറുത്തുനിൽപ്പായിരുന്നു ‘അൽ അഖ്സ ഫ്ലഡെ’ന്ന് ലോകം മുഴുവൻ തിരിച്ചറിഞ്ഞു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, അധിനിവേശ – കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തിൽ തിളങ്ങി നിൽക്കുന്ന ഒരധ്യായമായി ഫലസ്തീനികളുടെ പ്രതിരോധം മാറിയിരിക്കുന്നു. ഇവിടുന്നങ്ങോട്ട് ലോകചരിത്രം 2023 ഒക്ടോബർ ഏഴിന് മുമ്പും ശേഷവും എന്ന അർത്ഥത്തിൽ വിഭജിക്കപ്പെടും. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏകധ്രുവ ലോകക്രമത്തിന് തിരശ്ശീല വീഴാനുള്ള സമയം അടുത്തിരിക്കുന്നു. നാം പതുക്കെ ഒരു ബഹുധ്രുവ ലോക ക്രമത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണെന്ന് തീർച്ചയായും പറയാൻ സാധിക്കും. ഇസ്രായേൽ എന്ന സയണിസ്റ്റ് കൊളോണിയൽ പ്രൊജക്ടിനെ അമേരിക്കയുടെ നേതൃത്വത്തിലുള്ള വൻശക്തികൾ ആളും ആയുധവും അർത്ഥവും നൽകി പരമാവധി സഹായിച്ചിട്ടും ഫലസ്തീനികളുടെ പ്രതിരോധത്തിന്റെ ശക്തി ഒട്ടും ഇല്ലാതാക്കാൻ അവർക്ക് സാധിച്ചില്ലായെന്നുള്ളത് ഈ മാറ്റത്തിന്റെ സൂചനയാണ്. ഗസ്സ എന്ന ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശത്തെ രണ്ടാം ലോക യുദ്ധത്തെ തോൽപ്പിക്കുന്ന വിധത്തിൽ ബോംബെറിഞ്ഞ് നശിപ്പിച്ചിട്ടും അവിടെ താമസിക്കുന്ന 23 ലക്ഷം ജനങ്ങളെ അവരുടെ വീടുകൾ തകർത്ത് അഭയാർത്ഥികളാക്കി മാറ്റിയിട്ടും അവരുടെ ആത്മവീര്യത്തെ തരിമ്പും സ്പർശിക്കാൻ ഇസ്രായേലിന് സാധിച്ചില്ല. ഇത് സൂചിപ്പിക്കുന്നത് ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം വിജയിക്കാനുള്ള യുദ്ധമാണിതെന്നു തന്നെയാണ്.

തക൪ച്ച നേരിടുന്ന സയണിസ്റ്റ് പ്രൊജക്റ്റ്
പ്രമുഖ ഇസ്രായേലി ചരിത്രകാരൻ ഇലാൻ പാപ്പേ ഈയിടെ നടത്തിയ നിരീക്ഷണം ഈ ഘട്ടത്തിൽ പ്രസക്തമാണ്: “ഇസ്രായേൽ ഒരു രാഷ്ട്രമല്ല. അതൊരു അധിനിവേശ കൊളോണിയൽ പ്രൊജക്ടാണ്. ഞാൻ കരുതുന്നത് ഈ പ്രൊജക്ട് അതിന്റ അവസാനത്തോട് അടുത്തു കൊണ്ടിരിക്കുകയാണെന്നാണ്. ഇങ്ങനെ ഞാൻ നിരീക്ഷിക്കുന്നതിന്റെ കാരണം വ്യക്തമാക്കാം. ഇസ്രായേൽ സ്ഥാപിതമായിരിക്കുന്നത് മൂന്ന് അടിസ്ഥാന തൂണുകളിലാണ്. അതിൽ ആദ്യത്തേത് അതിന്റെ ഭൗതിക ശക്തിയാണ്. എന്ന് പറഞ്ഞാൽ ഇസ്രായേലിന് നിലനിൽക്കണമെങ്കിൽ ഭൗതിക ശക്തി – സന്നാഹങ്ങൾ വേണം. ആ അർത്ഥത്തിൽ ഇന്ന് ഇസ്രായേലിന് എല്ലാവിധ സന്നാഹങ്ങളും ഉണ്ട്. അവ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിക്കൊണ്ട് ഇസ്രായേൽ ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് അമേരിക്കയുടെ വലിയ ഉറച്ച പിന്തുണയോടു കൂടി ആ വിഷയത്തിൽ ഏറ്റവും നന്നായി പ്രവർത്തിക്കാൻ ഇസ്രായേലിന് സാധിക്കുന്നുണ്ട്. എന്നാൽ, ഈ അവസ്ഥ ഏതുസമയവും മാറാൻ സാധ്യതയുള്ളയാണെന്നത് നമ്മൾ മനസ്സിലാക്കണം. രണ്ടാമത്തെ തൂൺ ഇസ്രായേലി കുടിയേറ്റ സമൂഹത്തിന്റെ ഇഴയടുപ്പമുള്ള സാമൂഹിക ബന്ധങ്ങൾ ആയിരുന്നു. അതിപ്പോൾ അങ്ങനെ നിലനിൽക്കുന്നില്ല എന്നതാണവസ്ഥ. ഒക്ടോബർ 7 ലെ ഹമാസിന്റെ പ്രത്യാക്രമണം ഇസ്രായേലി സമൂഹത്തെ ഒന്നിച്ചു നിർത്തി എന്ന പ്രതീതി ഉണ്ടാക്കിയിരുന്നു. പക്ഷേ, വാസ്തവത്തിൽ ഇസ്രായേലി സമൂഹം ഇപ്പോൾ എന്നത്തേക്കാളും ഭിന്നിച്ച് നിൽക്കുന്ന അവസ്ഥയിലാണുള്ളത്. കാരണം, നടേ പറഞ്ഞ സാമൂഹിക ഐക്യം ഉണ്ടായിരുന്നത് അറബ് ഫലസ്തീനികളെ വെറുക്കുക എന്ന ഒറ്റ ഘടകത്തെ ആശ്രയിച്ചായിരുന്നു. പക്ഷേ അങ്ങനെ വെറും നിഷേധാത്മകമായ ഒരു സംഗതിയെ ആശ്രയിച്ചിട്ടുള്ള സാമൂഹിക ഐക്യമൊന്നും വല്ലാതെ നിലനിൽക്കില്ലയെന്നത് ഇപ്പോള്‍ നമുക്ക് അംഗീകരിക്കേണ്ടി വരുന്നു. മൂന്നാമത്തെ സംഗതി ഇസ്രായേലിന് ലഭിച്ചു വന്നിരുന്ന പാശ്ചാത്യരുടെ നിയമപരമായ പിന്തുണയാണ്. ഐക്യരാഷ്ട്രസഭയിലും മറ്റെല്ലാം അന്താരാഷ്ട്ര വേദികളിലും പാശ്ചാത്യശക്തികള്‍ ഇസ്രായേലിനെ അഹമഹമികയാ പിന്തുണച്ചു പോന്നിരുന്നു. പക്ഷേ, ഇന്നിപ്പോള്‍ ലോകമെങ്ങുമുള്ള പൗരാവകാശ സഞ്ചയങ്ങളുടെ പിന്തുണ ഇസ്രായേലിന് നഷ്ടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ സ്വന്തം നിലനിൽപ്പിന് വേണ്ടി പിന്തുണ ചോദിക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രമായി ഇസ്രായേൽ മാറിയിരിക്കുന്നു. തങ്ങളുടെ നയങ്ങൾക്കോ സാമ്പത്തിക പുരോഗതിക്കോ വേണ്ടിയല്ല, മറിച്ച് നിലനില്‍ക്കാനുള്ള അവകാശം മറ്റുള്ളവരോട് ചോദിച്ച് വാങ്ങിക്കേണ്ട ഗതികേടില്‍ രാഷ്ട്രം എത്തി നില്ക്കുന്നു. ഒരു ചരിത്രകാരൻ എന്ന നിലക്ക് എനിക്ക് പറയാൻ സാധിക്കും ഈ കൊളോണിയൽ പ്രൊജക്ട് അതിന്റെ അവസാനത്തോട് അടുക്കുകയാണ്. പക്ഷേ, ദൗർഭാഗ്യവശാൽ അത് അത്ര പെട്ടെന്ന് സംഭവിക്കില്ല. ഒന്നോ രണ്ടോ ദിവസമല്ല അതിനെടുക്കുക. ചിലപ്പോൾ വർഷങ്ങൾ തന്നെ വേണ്ടി വരും. അവസാന നാളുകളിൽ ഇവർ അതിന്റെ ഏറ്റവും ക്രൂരമായ മൃഗീയമായ മുഖം പുറത്തെടുത്തേക്കാം. എന്നാലും ഇത് അവസാനിക്കാറായി എന്ന് തന്നെയാണ് എന്റെ അഭിപ്രായം.”
ഫലസ്തീൻ ജനതയുടെ പ്രതിരോധം
ഏഴര പതിറ്റാണ്ടിന് ശേഷവും ശക്തമായി
തുടരുന്നുവെന്നതും നഷ്ടപ്പെട്ട തങ്ങളുടെഭൂമിയിലേക്കും വീടുകളിലേക്കും
മടങ്ങാനുള്ള അവകാശം തലമുറകളായിഅവർ കെടാതെ സൂക്ഷിക്കുന്നതും
വിജയത്തെക്കുറിച്ച ഫലസ്തീനികളുടെസ്വപ്നങ്ങൾക്ക് ഇപ്പോഴും നിറം പകരുന്നുണ്ട്.

ഇങ്ങനെ നിരീക്ഷിക്കുന്ന ഒറ്റപ്പെട്ട വ്യക്തിയല്ല ഇലാ൯ പാപ്പേ. ഇറാഖിലെ മുൻ അമേരിക്കൻ ആയുധ പരിശോധകനായിരുന്ന സ്കോട്ട് റിട്ടർ ഇസ്രായേലിന്റെ ആസന്നമായ നാശം പ്രവചിക്കുന്നുണ്ട്. അതിനദ്ദേഹം പറയുന്ന ന്യായം ഫലസ്തീൻ പ്രതിസന്ധിയുടെ അടിസ്ഥാന കാരണമായ അധിനിവേശമെന്ന പ്രശ്നത്തെ അഭിമുഖീകരിക്കാൻ ഇസ്രായേല്‍ തയ്യാറാകുന്നില്ലായെന്നത് തന്നെയാണ്. ഫലസ്തീനികള്‍ക്ക് ഒരു സ്വതന്ത്ര – പരമാധികാര രാഷ്ട്രം ഒരിക്കലും അനുവദിക്കില്ല എന്ന നയം ഇസ്രായേലിന്റെ നാശത്തെ വേഗത്തിലാക്കും. സ്വന്തം സുരക്ഷക്ക് വേണ്ടി അമേരിക്കയെ ധാരാളമായി ആശ്രയിച്ചു കൊണ്ടുള്ള നടപടികളും ഇസ്രായേലി സമൂഹത്തിനിടയില്‍ രൂക്ഷമാകുന്ന അഭിപ്രായ വ്യത്യാസങ്ങളും ആഭ്യന്തര കലഹങ്ങളും ഇതിന് ആക്കം കൂട്ടും. പഴയ സയണിസ്റ്റ് ഐഡിയോളജിക്ക് പകരം ഇലക്ഷനില്‍ ജയിക്കാനും അധികാരത്തിനും വേണ്ടി തട്ടിക്കൂട്ടുന്ന താല്‍ക്കാലിക സഖ്യങ്ങളും അവയുടെ നയമില്ലായ്മയും രാജ്യത്തിന് തലവേദനയാകുന്നു. രാജ്യം അഭിമുഖീകരിക്കുന്ന കാതലായ പ്രശ്നങ്ങള്‍ക്ക് അടിസ്ഥാന പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് പകരം, അധികാരം പിടിക്കുന്നതും അത് നിലനിർത്തുന്നതുമായും ബന്ധപ്പെട്ട താല്‍ക്കാലിക നടപടികള്‍ അന്തിമമായി സയണിസ്റ്റ് രാഷ്ട്രത്തെ അപകടപ്പെടുത്തുമെന്ന് അദ്ദേഹം പറയുന്നു. ഇസ്രായേലിനകത്ത് ജൂത ജനസംഖ്യ കുറഞ്ഞുവരുന്നതും അറബ് ജനസംഖ്യ കൂടി വരുന്നതും റിട്ടർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂടാതെ, മിഡിലീസ്റ്റിലെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കാലാവസ്ഥകള്‍ (ഇറാൻ – സൗദി ബന്ധം ഊഷ്മളമാകുന്നതും ചൈനക്ക് മേല്കൈയ്യുണ്ടാവുന്നതും പോലുള്ളവ) ഇതോട് ചേർത്ത് വെക്കേണ്ടതാണ്. ഇതിന് പുറമെ, പ്രദേശത്തെ ജനവിഭാഗങ്ങളില്‍ അറബ് വസന്തം ഉളവാക്കിയ സ്വാതന്ത്ര്യ ബോധം ഇപ്പോള്‍ തല്ക്കാലം കെട്ടടങ്ങിയെങ്കിലും അത് ഏതു സമയവും ആളിക്കത്താവുന്ന ഒരഗ്നിയാണെന്നും അതും ഇസ്രായേലിന് തിരിച്ചടിയാവുമെന്നും റിട്ടർ നിരീക്ഷിക്കുന്നു.

സ്വതന്ത്ര ഫലസ്തീൻ എന്ന സ്വപ്നം
ഇസ്രായേലിന്റെ തകർച്ചയെക്കുറിച്ച ഇത്തരം വസ്തുനിഷ്ഠമായ അഭിപ്രായങ്ങള്‍ ഒക്ടോബർ ഏഴിന് ശേഷം ധാരാളമായി വന്നുകൊണ്ടിരിക്കുന്നു. ഫലസ്തീൻ ജനതയുടെ പ്രതിരോധം ഏഴര പതിറ്റാണ്ടിന് ശേഷവും ശക്തമായി തുടരുന്നുവെന്നതും നഷ്ടപ്പെട്ട തങ്ങളുടെ ഭൂമിയിലേക്കും വീടുകളിലേക്കും മടങ്ങാനുള്ള അവകാശം തലമുറകളായി അവർ കെടാതെ സൂക്ഷിക്കുന്നതും വിജയത്തെക്കുറിച്ച ഫലസ്തീനികളുടെ സ്വപ്നങ്ങള്‍ക്ക് ഇപ്പോഴും നിറം പകരുന്നുണ്ട്. ഇന്നല്ലെങ്കില്‍ നാളെ അധിനിവേശത്തിന് അന്ത്യമുണ്ടാകുമെന്ന് അവർ ഉറച്ചുവിശ്വസിക്കുന്നു. മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ – സാമൂഹിക – സാമ്പത്തിക അവസ്ഥകൾ ധാരാളമായി മാറിമറിയുന്നതിന് ഇപ്പോള്‍ത്തന്നെ നാം സാക്ഷികളാണ്. അതിലേറ്റവും പ്രധാനം ഫലസ്തീൻ പ്രശ്നത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ആഗോളശ്രദ്ധ തന്നെയാണ്. നോർമലൈസേഷന്റെ പശ്ചാത്തലത്തിൽ ലോക ശ്രദ്ധയിൽ നിന്ന് മറവിയിലേക്ക് പോയിക്കൊണ്ടിരുന്ന ഫലസ്തീൻ പ്രശ്നം പൊടുന്നനെ മുഴുലോകത്തിന്റെയും സജീവ ശ്രദ്ധയിലേക്ക് വന്നുകൊണ്ടിരിക്കുന്നുവെന്നത് വളരെ സുപ്രധാനമാണ്. പക്വമതികളായ ധാരാളം പത്രപ്രവർത്തകരും വിശകലന വിദഗ്ധരുമൊക്കെ ഒരു സ്വതന്ത്ര ഫലസ്തീനെ കുറിച്ച് സംസാരിക്കുന്നുവെന്നത് ശുഭോദർക്കമാണ്. ‘പുഴ മുതൽ കടൽ വരെ ഫലസ്തീൻ സ്വതന്ത്രമാകും’ എന്ന മുദ്രാവാക്യം ഇന്ന് ലോകത്തെങ്ങും അലയടിച്ചു കൊണ്ടിരിക്കുന്നു. ജോർദാൻ നദി മുതൽ മധ്യധരണ്യാഴി വരെയുള്ള പ്രദേശത്ത് ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടണമെന്ന അദമ്യമായ ആഗ്രഹമാണ് ഈ മുദ്രാവാക്യത്തിനു പിന്നിൽ. അത് പക്ഷേ, ഇസ്രായേലിന്റെ ഉന്മൂലനം വരുത്തിക്കൊണ്ടാകണം എന്ന് അതുയർത്തുന്നവർക്ക് നിർബന്ധമില്ല. മിക്കവാറും നിഷ്പക്ഷരായ ലോകജനത ആഗ്രഹിക്കുന്നത് ഫലസ്തീനുകളും ഇസ്രായേലികളും സമ്പൂർണ്ണ അവകാശങ്ങളോടെ സ്വതന്ത്രമായി ഒരു രാജ്യത്ത് താമസിക്കുന്നത് തന്നെയാണ്. എന്നാൽ ‘ദ്വിരാഷ്ട്രപരിഹാരം’ പറഞ്ഞ് അവരെ വഞ്ചിക്കുകയായിരുന്നു അമേരിക്കയും വൻ ലോകശക്തികളുമൊക്കെ ഇതുവരെ. വർണ്ണവെറിയന്മാരായ ജൂതരാഷ്ട്രത്തിൽ നിന്ന് സ്വതന്ത്രമായ ഒരു ഫലസ്തീൻ അസ്തിത്വം സ്ഥാപിച്ചെടുക്കാൻ സാധിക്കുകയില്ല എന്ന ചിന്തയിൽ നിന്നാണ് ഈ പുതിയ മുദ്രാവാക്യങ്ങൾ ഉയരുന്നത്. യുദ്ധത്തിനു ശേഷം വീണ്ടും ദ്വിരാഷ്ട്രപരിഹാരം എന്ന വിഷയത്തെ മുൻനിർത്തി സമാധാന ചർച്ചകൾ പുനരാരംഭിക്കണം എന്ന് അമേരിക്ക പറയുന്നത് അതേ വഞ്ചനയുടെ ആവർത്തനമാണ്. കാരണം, ഇന്നത്തെ ഇസ്രായേലി ഭരണാധികാരികളോ ജനപ്രതിനിധികളോ ഒരു നിലക്കും അനുവദിക്കാത്തതാണ് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം. അവരെ സംബന്ധിച്ചിടത്തോളം ഫലസ്തീൻ ഭൂമി മുഴുവൻ കീഴടക്കി സയണിസ്റ്റുകൾക്ക് മാത്രം താമസിക്കാൻ സാധിക്കുന്ന, അവർക്ക് മാത്രം സമാധാനമുള്ള ഒറ്റ രാഷ്ട്രത്തെ കുറിച്ചാണ് അവർ ചിന്തിക്കുന്നത്. മറിച്ചുള്ള ഏത് പരിഹാരവും ഒരു നിലക്കും അംഗീകരിക്കാത്തവരാണ് നിലവിലെ ഇസ്രായേൽ ഭരണകർത്താക്കളും ജനതയും. അതുകൊണ്ടു തന്നെ ദ്വിരാഷ്ട്രപരിഹാരം സാധ്യമല്ല എന്നുള്ളത് മറ്റാരെക്കാളും നന്നായി അമേരിക്കക്ക് അറിയാം. പിന്നെയും അത് പറഞ്ഞു കൊണ്ടിരിക്കുന്നത് തൽക്കാലികമായി ഈ വിഷയത്തെ വലിച്ചു നീട്ടി കൊണ്ടു പോവുക എന്ന കുതന്ത്രം മാത്രമാണ്. ഇസ്രായേലും അമേരിക്കയും ആഗ്രഹിക്കുന്നത് വെള്ളക്കാർക്ക് മേധാവിത്വമുള്ള, വർണവെറി നിലനില്‍ക്കുന്ന ഒരു അപാർതീഡ് സിസ്റ്റം മാത്രമാണ്. അതുകൊണ്ടുതന്നെ, അമേരിക്കയുടെ നേതൃത്വത്തിലുള്ള ഒരുതരം സമാധാന ചർച്ചയ്ക്കും ഫലസ്തീനികൾ വഴങ്ങില്ല എന്നുള്ളത് ഉറപ്പാണ്. അത് വീണ്ടും പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ മാത്രമേ ഉപകരിക്കൂവെന്ന് അവർക്ക് നന്നായി അറിയാം. തങ്ങൾക്ക് പരമാധികാരമുള്ള ഒരു രാഷ്ട്രം എന്നതിൽ കവിഞ്ഞ യാതൊരു പരിഹാരവും ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം സാധ്യമല്ല.
അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏകധ്രുവ
ലോകക്രമം തകരുന്നുവെന്നതാണ് നാമിപ്പോൾ
കണ്ടുകൊണ്ടിരിക്കുന്നത്. മേഖലയിൽ ഇസ്രാ
യേലിന്റെ സുരക്ഷയും പുരോഗതിയും മാത്രം
ഉറപ്പുവരുത്തി, ഫലസ്തീൻ പ്രശ്നത്തെ വിസ്മൃതിക്ക്
വിട്ടുകൊടുത്തുകൊണ്ടുള്ള അമേരിക്കൻ നയത്തിന്
തിരിച്ചടിയേൽക്കുന്നുവെന്നതാണ് സൂചനകൾ.
തൂഫാനുല്‍ അഖ്സ (അല്‍ അഖ്സ ഫ്ലഡ്) ചെയ്തത്
ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഫലസ്തീന് പുറത്തുമുള്ള മുഴുവൻ ഫലസ്തീനികളും ഹമാസിനെ പിന്തുണക്കാനുള്ള അടിസ്ഥാനപരമായ കാരണം അതാണ്. അവരെ സംബന്ധിച്ചിടത്തോളം ഒക്ടോബർ 7 അഭിമാനത്തിന്റെ ദിനമായത് അതുകൊണ്ടാണ്. കഴിഞ്ഞ രണ്ട് ദശകമായി കടുത്ത ഉപരോധത്തിലമർന്നിരുന്ന ഒരു ജനത തങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന സന്ദേശം നല്‍കുകയായിരുന്നു ഈ പ്രത്യാക്രമണത്തിലൂടെ. അതോടെ ഇസ്രായേലെന്ന ലോകത്തിലെ ഏറ്റവും മികച്ച സൈനിക ശക്തിയുടെ അപ്രമാദിത്വം തകരുകയായിരുന്നു. അവരുടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ചാരക്കണ്ണുകളും മേല്‍നിരീക്ഷണ സംവിധാനവുമൊക്കെ വെറും പൊയ്വെടികളായി മാറിയ സന്ദർഭമായി അത്.
ഇതെഴുതുമ്പോള്‍ ഒക്ടോബർ ഏഴിന്റെ പ്രതികരണമായി ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധം നൂറു നാള് പിന്നിട്ടതിന് ശേഷവും പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നു പോലും നേടാനാകാതെ പതറുകയാണ്. Mitut Hamas (ഹമാസിനെ നശിപ്പിക്കുക) എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച യുദ്ധം ഇപ്പോള്‍ Mitut Israel അഥവാ ഇസ്രായേലിനെ നശിപ്പിക്കുന്നതിലേക്ക് എത്തിയിരിക്കുന്നുവെന്ന് പറയുന്നത് ആ രാജ്യത്തിന്റെ തന്നെ രാഷ്ട്രീയ നിരീക്ഷകരാണ്. കാല് ലക്ഷത്തിലധികം പേരെ കൊന്നും അതിന്റെ രണ്ടിരട്ടിയിലധികം പേരെ പരിക്കേല്പിച്ചും ഗസ്സയിലെ വീടുകള്‍ ഏതാണ്ട് മുഴുവനായും തകർത്തും യുദ്ധം മുന്നേറുന്നുണ്ടെങ്കിലും പരാജയം ഇസ്രായേലിനെ തുറിച്ചു നോക്കുക തന്നെയാണ്.
തകരുന്ന ഏകധ്രുവ ലോകക്രമം
അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏകധ്രുവ ലോകക്രമം തകരുന്നുവെന്നതാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. മേഖലയില്‍ ഇസ്രായേലിന്റെ സുരക്ഷയും പുരോഗതിയും മാത്രം ഉറപ്പുവരുത്തി, ഫലസ്തീൻ പ്രശ്നത്തെ വിസ്മൃതിക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള അമേരിക്കൻ നയത്തിന് തിരിച്ചടിയേല്ക്കുന്നുവെന്നതാണ് സൂചനകള്‍. ഇറാനിയൻ, ചൈനീസ്, റഷ്യൻ ആധിപത്യം അവസാനിപ്പിക്കാൻ സൗദി അറേബ്യയും ഇസ്രായേലും നേതൃത്വം കൊടുക്കുന്ന, മധ്യപൂർവ ദേശത്തേക്ക് മാത്രമായുള്ള പുതിയൊരു നാറ്റോ ഉണ്ടാക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ പാതിവഴിയില്‍ മുടങ്ങി. കിട്ടിയ പഴുതിലൂടെ ചൈനയും റഷ്യയും ഇറാനും ഇറങ്ങിക്കളിക്കാ൯ ഒരുങ്ങിയിരിക്കുന്നു. ഹൂതികളുടെ രംഗപ്രവേശം അമേരിക്കക്ക് തലവേദനയായി മാറിയിരിക്കുന്നു. അറബ് ലോകം കാതലായ മാറ്റങ്ങള്‍ക്ക് കാതോർക്കുന്നു. ഈജിപ്തും ജോർദാനുമടക്കം ഇന്നല്ലെങ്കില്‍ നാളെ ഇസ്രായേലുമായുണ്ടാക്കിയ കരാർ റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും. യു.എ.ഇയുമായി തുടങ്ങി ബഹ്റൈൻ, മൊറോക്കൊ, സുഡാൻ വഴി സഞ്ചരിച്ച് സൗദി അറേബ്യയിലേക്ക് കയറാൻ കാത്തുനിന്നിരുന്ന നോർമലൈസേഷന്റെ വണ്ടി പെട്ടെന്ന് ബ്രേക്ക് ഡൗണായിക്കഴിഞ്ഞു. കഴിഞ്ഞ ജി-20 യോഗത്തില്‍ വെച്ച് പ്രഖ്യാപിക്കപ്പെട്ട ഇന്ത്യ – മിഡിൽ ഈസ്റ്റ് – യൂറോപ്പ് എക്കണോമിക് കോറിഡോർ (IMEC) ഇനി ഫ്രീസറില്‍ വെക്കാം. ഇന്ത്യയില്‍ നിന്ന് തുടങ്ങി യു.എ.ഇ, സൗദി അറേബ്യ, ജോർദാൻ, ഇസ്രായേല്‍, ഗ്രീസിലൂടെ കടന്ന് യൂറോപ്പ് വരെ ചെന്നവസാനിക്കുന്ന ഈ പദ്ധതിയിലൂടെ ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയെ മറികടക്കാമെന്നതായിരുന്നു യു.എസ് പ്ലാൻ. ഇതെല്ലാം ഇനിയും നടക്കുമെന്ന് നെതന്യാഹു വീമ്പു പറയുന്നുണ്ടെങ്കിലും ഹമാസ് ഉയർത്തിവിട്ട പ്രതിരോധക്കൊടുങ്കാറ്റ് ഇസ്രായേലിനെയും കൊണ്ടുപോകുന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ്.
യുക്രേനിയൻ യുദ്ധം നേരത്തേത്തന്നെ അമേരിക്കയുടെ മുഖം നഷ്ടപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഗസ്സ അവർക്ക് കാര്യമായ വെല്ലുവിളി ഉയർത്തിയിരിക്കുന്നു. ഗ്ലോബല്‍ സൗത്ത് ഇപ്പോള്‍ ചിന്തിക്കുന്നത് അമേരിക്കൻ കേന്ദ്രീകൃത ലോകക്രമത്തില്‍ നിന്ന് എങ്ങനെ മാറാമെന്നതാണ്. ബ്രിക്സ് പോലുള്ള ബ്ലോക്കുകള്‍ക്ക് ലഭിക്കുന്ന പ്രാധാന്യം ഈ പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്.
ഗസ്സയും വെസ്റ്റ് ബാങ്കും ഇന്ന്
മുമ്പെങ്ങുമില്ലാത്ത വണ്ണം
യോജിച്ചിരിക്കുന്നു. ഇതേ ഐക്യത്തിന്റെ ലക്ഷണങ്ങൾ ജോർദാനിലും
കാണാം. പതിമൂന്ന് അഭയാർത്ഥി ക്യാമ്പുക
ളിലായി 60 ലക്ഷത്തോളം ഫലസ്തീ
നികളാണ് അവിടെ താമസിക്കുന്നത്.
ഇസ്രായേലിന്റെ പ്രതിസന്ധി
ഇസ്രായേലിനെ ഇന്നത്തെ പ്രതിസന്ധിയില്‍ കൊണ്ടെത്തിച്ചത് അവരുടെ അധിനിവേശ ത്വര തന്നെയാണ്. അവരെ സംബന്ധിച്ചിടത്തോളം ഇത് ഇസ്രായേല്‍ – ഫലസ്തീൻ പ്രശ്നമല്ല. തുടക്കം മുതല്‍ തന്നെ സയണിസത്തിന് ഇതൊരു ഏകപക്ഷീയമായ ദേശീയ പദ്ധതിയാണ്. ഫലസ്തീനെ ജൂതവത്കരിക്കുക മാത്രമാണ് അതിന്റെ ലക്ഷ്യം. അറബ് ജനതയെ ആട്ടിയോടിക്കുക, അവരുടെ ഭൂമി പിടിച്ചെടുക്കുക, പിന്നെ വിശാലമായ ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിച്ചുകൊണ്ട് അറബ് ഫലസ്തീനെ പൂർണമായും ജൂത ഇസ്രായേലായി പരിവർത്തിപ്പിക്കുക – ഇത് മാത്രമാണ് അവരുടെ ലക്ഷ്യം. 1967 ൽ ആസൂത്രിതമായി ഇത് നടപ്പാക്കാ൯ തുടങ്ങിയതിലൂടെ ഇന്ന് വെസ്റ്റ് ബാങ്കില്‍ മാത്രം 7,50,000 ജൂത കുടിയേറ്റക്കാർ വിശാലമായ സെറ്റില്‍മെന്റ് നഗരങ്ങള്‍ വികസിപ്പിച്ച് താമസിക്കുന്നു. വെസ്റ്റ് ബാങ്കിലുടനീളം ഇത്തരം കുടിയേറ്റ കേന്ദ്രങ്ങള്‍ കാരണം ഫലസ്തീൻ ജനത ഇടുങ്ങിയ, ചിതറിയ ചെറിയ ചെറിയ പ്രദേശങ്ങളില്‍ താമസിക്കേണ്ടി വരുന്നു. അധിനിവിഷ്ട ഫലസ്തീനിലെ ഇപ്പോഴത്തെ സ്ഥിതിയെന്തെന്നാല്‍ 91 ലക്ഷം വരുന്ന ജൂതന്മാർ 85 ശതമാനം ഭൂമിയും കൈയ്യടക്കിയപ്പോള്‍ 54 ലക്ഷം വരുന്ന ഫലസ്തീനികള്‍ കേവലം 15 ശതമാനം ഭൂമിയിലേക്ക് ഒതുങ്ങി. അവരില്‍ 75 ശതമാനം പേർക്കും ഒരു രാജ്യത്തിന്റെയും പൗരത്വമില്ല.
ഗസ്സയില്‍ ഇസ്രായേല്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ അടുത്ത 50 വർഷത്തേക്കുള്ള യുദ്ധത്തിന്റെ അസ്ഥിവാരമിടുകയാണെന്ന് നിരീക്ഷിക്കുന്നവരുണ്ട്. അത്രയും കാലത്തേക്ക് ഇസ്രായേല്‍ നീണ്ടുനില്‍ക്കുമോയെന്ന സംശയം പലരും പങ്കുവെക്കുന്നുണ്ടെങ്കിലും അന്തിമമായി ഫലസ്തീനികള്‍ക്ക് വിജയം കൈവരിക തന്നെ ചെയ്യുമെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു. ഫലസ്തീനികളും അറബ് ജനതയും മുസ്്ലിംകള്‍ ഒന്നടങ്കവും ഇസ്രായേലിന്റെ ഈ കാടത്തരം ഒരിക്കലും വിസ്മരിക്കുകയില്ല. നേരത്തെ തന്നെ വലിയൊരു അഭയാ൪ഥി ക്യാമ്പായ ഗസ്സ, ലോകത്തെങ്ങുമുള്ള അധിനിവേശ വിരുദ്ധ പോരാളികളുടെ ഒരു വിശുദ്ധ ഗേഹമായി മാറിയിരിക്കുകയാണിപ്പോള്‍. കോളോണിയല്‍ ശക്തികള്‍ മുമ്പ് ചെയ്തിരുന്നതൊക്കെ തന്നെയാണ് ഇസ്രായേലും ഇപ്പോള്‍ ആവർത്തിക്കുന്നത്. ഉദാഹരണത്തിന് ഫ്രാൻസിനെയെടുക്കാം. 1954 മുതല്‍ 1962 വരെ 15 ലക്ഷം അള്ജീരിയക്കാരെയാണ് (മൊത്തം ജനസംഖ്യയുടെ 15 ശതമാനം വരും ഇത്) അവർ കൊന്നൊടുക്കിയത്. യുദ്ധത്തിന്റെ അവസാനം അള്‍ജീരിയക്ക് സ്വാതന്ത്ര്യം നല്കി ഫ്രാൻസിന് അവിടം വിടേണ്ടി വന്നു.

ഐക്യപ്പെടുന്ന അറബ്-മുസ്ലിം ജനത
ഗസ്സയും വെസ്റ്റ് ബാങ്കും ഇന്ന് മുമ്പെങ്ങുമില്ലാത്ത വണ്ണം യോജിച്ചിരിക്കുന്നു. ഇതേ ഐക്യത്തിന്റെ ലക്ഷണങ്ങള്‍ ജോർദാനിലും കാണാം. പതിമൂന്ന് അഭയാർത്ഥി ക്യാമ്പുകളിലായി 60 ലക്ഷത്തോളം ഫലസ്തീനികളാണ് അവിടെ താമസിക്കുന്നത്. ഇത് ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ഫലസ്തീനികളേക്കാള്‍ വരും. തദ്ദേശീയരായ ജോർദാനി ജനതയും അഭയാർത്ഥികളായ ഫലസ്തീനികളും ഏത് സമയവും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ഈയിടെ ദ വാഷിംഗ്ടൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നിയർ ഈസ്റ്റ് പോളിസി നടത്തിയ സർവേ പ്രകാരം സൗദി അറേബ്യയിലെ 95 ശതമാനം പേരും ഗസ്സ യുദ്ധം ഫലസ്തീനികളുടെ വിജയമായി അംഗീകരിക്കുന്നുവെന്നും ഹമാസിനോടുള്ള അവരുടെ മനോഭാവത്തില്‍ കാര്യമായ മാറ്റം വന്നിരിക്കുന്നുവെന്നും റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ഇത് മുഴുവൻ ഗള്‍ഫ് രാജ്യങ്ങളിലെയും പൊതുവികാരമായി കണക്കാക്കാമെന്നും സർവ്വേ അഭിപ്രായപ്പെടുകയുണ്ടായി. അതുകൊണ്ടുതന്നെയാകണം അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പെട്ടെന്ന് ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ചും സമാധാന സംഭാഷണങ്ങളെക്കുറിച്ചും സംസാരിക്കുന്നത്. മേഖലയിലെ ജനങ്ങള്‍ അത് പരിഹാസ്യമായാണ് കാണുന്നതെന്നത് വേറെ കാര്യം.
ചുരുക്കത്തില്‍, ഫലസ്തീൻ പ്രശ്നം ഇന്ന് മുഴുലോകത്തെയും അധിനിവേശ വിരുദ്ധ പോരാട്ടത്തിലെ ജ്വലിക്കുന്ന ഏടായി മാറിയിരിക്കുന്നു. ഏത് വൻ ശക്തിയെയും ആദർശ പ്രതിബദ്ധതയും ആത്മവിശ്വാസവുമുള്ള ജനതക്ക് എതിർത്ത് തോല്പ്പിക്കാ൯ സാധിക്കുമെന്ന പാഠമാണ് ഗസ്സ പകർന്നുനല്കുന്നത്.
