August 11 Tuesday 2026

ബലോഗൻ വിവാദം മുതൽ ഈജിപ്തിന്റെ ‘ശാപം’ വരെ; പ്രീ ക്വാർട്ടറും കടന്ന് ലോകകപ്പ് മുന്നേറുമ്പോൾ

ഇത് ലയണൽ മെസ്സിയുടെ ലോകകപ്പോ? അതോ കിലിയൻ എംബാപ്പെയുടേതോ? അതോ മറ്റാരെങ്കിലും കപ്പുയർത്തുമോ? ലോകകപ്പിന്റെ ആവേശം നിറഞ്ഞ ഒരു മാസത്തിന് ശേഷം ഇനി എട്ട് ടീമുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഫൈനലിലേക്ക് ഇനി ഓരോ ടീമിനും രണ്ട് വിജയങ്ങളുടെ ദൂരം മാത്രം. സഹ-ആതിഥേയത്വം വഹിച്ച മൂന്ന് രാജ്യങ്ങളും (യു.എസ്.എ, മെക്‌സിക്കോ, കാനഡ) ഇതിനകം ടൂർണമെന്റിൽ നിന്ന് പുറത്തായിക്കഴിഞ്ഞു. എന്നാൽ, പ്രീ-ക്വാർട്ടറിലെ ആവേശകരമായ തിരിച്ചുവരവിലൂടെ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും, തകർപ്പൻ ഫോമിലൂടെ നോർവെയെ ക്വാർട്ടറിലെത്തിച്ച് എർലിങ് ഹാലണ്ടും പോരാട്ടത്തിലുണ്ട്. നിലവിൽ എട്ട് ഗോളുകളുമായി മെസ്സി ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലാണ്. ഏഴ് ഗോളുകളുമായി ഹാലണ്ടും എംബാപ്പെയും തൊട്ടുപിന്നിലുണ്ട്.

ഈ ലോകകപ്പിലെ പ്രീ-ക്വാർട്ടർ മത്സരങ്ങൾ കേവലം കളിക്കളത്തിലെ പോരാട്ടങ്ങൾ കൊണ്ട് മാത്രമല്ല, വലിയ ഓഫ്-ഫീൽഡ് വിവാദങ്ങൾ കൊണ്ടും ശ്രദ്ധേയമായി.

ഫോളാരിൻ ബലോഗൻ വിവാദം: യു.എസ്.എ താരം ഫോളാരിൻ ബലോഗന് ലഭിച്ച ചുവപ്പ് കാർഡിന്റെ അടിസ്ഥാനത്തിലുള്ള സസ്പെൻഷൻ പിൻവലിക്കാനുള്ള ഫിഫയുടെ അപ്രതീക്ഷിത തീരുമാനം ടൂർണമെന്റിൽ വലിയ കോളിളക്കമുണ്ടാക്കി. ഫിഫയുടെ ഈ നിലപാടിന് പിന്നിൽ രാഷ്ട്രീയ-അധികാര സ്വാധീനങ്ങളുണ്ടെന്ന ആക്ഷേപം ശക്തമായിരുന്നു. ഫിഫ തലവൻ ജിയാനി ഇൻഫാന്റിനോയും യു.എസ് ഭരണകൂടവും ചേർന്നുള്ള ഈ നീക്കത്തെ ‘തീർത്തും ലജ്ജാകരം’ എന്നാണ് പ്രമുഖ കളി എഴുത്തുകാരൻ സാം ലീ വിശേഷിപ്പിച്ചത്. വിഖ്യാത പരിശീലകൻ ക്ലോപ്പും യുവേഫയുമെല്ലാം ഫിഫക്കെതിരെ രംഗത്തെത്തി. എന്നാൽ, ഈ വിവാദപരമായ തീരുമാനത്തോടുള്ള ബെൽജിയത്തിന്റെ പ്രതികരണം കളിക്കളത്തിലായിരുന്നു. ഒന്നിനെതിരെ നാല് ഗോളിനാണ് യാങ്കി ഹുങ്കിനെ ബെൽജിയം തകർത്ത് കളഞ്ഞത്.

നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്‌ക്കെതിരെ ഈജിപ്ത് 3-2 ന് പരാജയപ്പെട്ട് പുറത്തായ മത്സരത്തിലാണ് മറ്റൊരു റഫറിയിംഗ് വിവാദം ഉയർന്നത്. മത്സരത്തിൽ റഫറി ഫ്രാൻസ്വ ലെറ്റെക്‌സിയറുടെ തീരുമാനങ്ങൾ തങ്ങൾക്ക് വൻ അനീതിയായി മാറിയെന്ന് ഈജിപ്ത് ടീം ആരോപിക്കുന്നു. ഈജിപ്ത് മത്സരത്തിൽ 1-0 ന് മുന്നിട്ട് നിൽക്കെ, മോസ്തഫ സിക്കോ നേടിയ രണ്ടാം ഗോൾ VAR പരിശോധനയിലൂടെ റഫറി റദ്ദാക്കിയിരുന്നു. ഗോൾ നീക്കത്തിന്റെ തുടക്കത്തിൽ അർജന്റീനയുടെ ലിസാൻഡ്രോ മാർട്ടീനെസിനെ ഫൗൾ ചെയ്തു എന്നതായിരുന്നു കാരണം. എന്നാൽ, പന്ത് ഗോൾ ലൈൻ കടക്കുന്നതിന് മുൻപ് ഒട്ടനവധി അർജന്റീന താരങ്ങൾക്ക് അത് തടയാൻ അവസരമുണ്ടായിട്ടും ഗോൾ നിഷേധിച്ചത് ഈജിപ്ഷ്യൻ നിരയെ പ്രകോപിപ്പിച്ചു.

കൂടാതെ അലക്‌സിസ് മാക് അലിസ്റ്റർ ഈജിപ്ഷ്യൻ താരം ഹംദി ഫത്തിയെ ബോക്‌സിൽ വെച്ച് ജേഴ്‌സി വലിച്ചു താഴെയിട്ടിട്ടും റഫറി VAR പരിശോധിക്കാൻ പോലും തയ്യാറായില്ലെന്ന് ഈജിപ്ത് കോച്ച് ആരോപിച്ചു. എൻസോ ഫെർണാണ്ടസ് നേടിയ അർജന്റീനയുടെ വിജയഗോളിന് തൊട്ടുമുൻപ് മുഹമ്മദ് സലാഹിന് അനുകൂലമായി പെനാൽറ്റി ലഭിക്കേണ്ടതായിരുന്നു എന്നും അവർ വാദിക്കുന്നു. ‘ലോകകപ്പിൽ മെസ്സിയെയും അർജന്റീനയെയും നിലനിർത്താൻ ഫിഫയ്ക്കും ചില ബാഹ്യശക്തികൾക്കും താല്പര്യമുണ്ടായിരുന്നു. കളി സാങ്കേതികതയേക്കാൾ പണത്തിന്റെയും താല്പര്യങ്ങളുടെയും പുറത്താണ് നടന്നത്,’ എന്ന് മത്സരശേഷം ഈജിപ്ത് ഹെഡ് കോച്ച് ഹൊസാം ഹസൻ ആഞ്ഞടിച്ചു.

പ്രീ-ക്വാർട്ടറിലെ ഏറ്റവും മികച്ച ടീം പ്രകടനം ഏതായിരുന്നു?

ഫിഫയുടെ വിവാദ തീരുമാനത്തിന് ഇരയായ ബെൽജിയം, യു.എസ്.എയെ തകർത്തുവിട്ട പ്രകടനത്തെയാണ പ്രീക്വാർട്ടറലെ ഏറ്റവും പോരാട്ടമായി പരക്കെ വിലയിരുത്തുന്നത്. ഫോളാരിൻ ബലോഗൻ വിവാദത്തിലെ അനീതിക്കെതിരെയുള്ള ‘കർമ്മഫലം’ പോലെയായിരുന്നു ബെൽജിയത്തിന്റെ കളി എന്ന് ഫുട്‌ബോൾ പണ്ഡിതന്മാരായ ഫിൽ ഹേയും കാൾ അങ്കയും വിലയിരുത്തി. തങ്ങളുടെ സ്വന്തം തടങ്കലായ ‘അസ്‌തേക’ സ്റ്റേഡിയത്തിൽ പത്ത് കളിക്കാരുമായി ചുരുങ്ങിയിട്ടും മെക്‌സിക്കോയെ തോൽപ്പിച്ച ഇംഗ്ലണ്ടിന്റെ പ്രകടനത്തെ ഫുട്‌ബോൾ വിദഗ്ദരായ ലൂക്കാസ് വീസും ജാക്ക് പിറ്റ് ബ്രൂക്കും അഭിനന്ദിച്ചു. എന്നാൽ, 28 വർഷങ്ങൾക്ക് ശേഷം ലോകകപ്പിനെത്തി ബ്രസീലിനെ അട്ടിമറിച്ച നോർവെയുടെ വിജയമാണ് തങ്ങളെ ഏറ്റവും കൂടുതൽ ആകർഷിച്ചതെന്ന് സാം ലീയും ലോറി വൈറ്റ്വെല്ലുമെല്ലാം വ്യക്തമാക്കി.

ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം ആരുടേതായിരുന്നു?

എർലിങ് ഹാലണ്ടും ജൂഡ് ബെല്ലിങ്ഹാമും തമ്മിലായിരുന്നു ഇവിടെ പ്രധാന മത്സരം. ബ്രസീലിനെതിരെ രണ്ട് തകർപ്പൻ ഗോളുകൾ നേടിയ ഹാലണ്ടിന്റെ പ്രകടനം അതിശയകരമായിരുന്നു. അതേസമയം, അസ്‌തേക സ്റ്റേഡിയത്തിലെ കടുത്ത സമ്മർദ്ദത്തിലും മെക്‌സിക്കോയ്‌ക്കെതിരെ രണ്ട് ഗോളുകൾ നേടുകയും പ്രതിരോധത്തിൽ നിർണായക ഇടപെടൽ നടത്തുകയും ചെയ്ത ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമിനെയും ആർക്കും അത്ര പെട്ടെന്ന് മറക്കാനാകില്ല.

ആരും അധികം ചർച്ച ചെയ്യാത്ത ‘അൺസങ് ഹീറോ’ ആരാണ്?

നോർവെയുടെ പ്രായമേറിയ ഗോൾകീപ്പർ ഓറിയൻ നെയ്ലൻഡ്, ഇംഗ്ലണ്ടിന്റെ ടൂർണമെന്റ് സ്‌പെഷ്യലിസ്റ്റ് കീപ്പർ ജോർദാൻ പിക്ക്‌ഫോർഡ്, ഇതുവരെ ലോകകപ്പിൽ ഒരു ഗോൾ പോലും വഴങ്ങാത്ത സ്‌പെയിനിന്റെ പ്രതിരോധ താരം അയ്‌മെറിക് ലപ്പോർട്ടെ എന്നിവരെ ഈ ഗണത്തിലുൾപ്പെടുത്താം. നോർവെ മധ്യനിരയിലെ സാൻഡർ ബെർഗെ, പാട്രിക് ബെർഗ് എന്നിവരും ശ്രദ്ധേയ പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്്..

ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ക്വാർട്ടർ ഫൈനൽ ഏതായിരിക്കും?

ഇംഗ്ലണ്ട് – നോർവെ പോരാട്ടമാണ് ക്വാർട്ടറിൽ അപ്രവചനീയം. ഹാലണ്ടും ഒഡെഗാർഡും നയിക്കുന്ന നോർവെ ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയാകും. ചരിത്രപരമായ പശ്ചാത്തലമുള്ള ഫ്രാൻസ് – മൊറോക്കോ മത്സരവും, കരുത്തന്മാരുടെ പോരാട്ടമായ സ്‌പെയിൻ – ബെൽജിയം മത്സരവും ആരാധകർ കാത്തിരിക്കുന്നവയാണ്.

ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ സന്തോഷം നൽകിയ നിമിഷം?

പ്രീക്വാർട്ടറിന് ശേഷം ഒച്ചയടഞ്ഞ ശബ്ദത്തിൽ ഹാരി കെയ്ൻ നൽകിയ അഭിമുഖം കൗതുകമുണർത്തിയ ഒന്നായിരുന്നു. ഫിഫ വിവാദങ്ങൾക്ക് നടുവിലും, കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോയ ഫോളാരിൻ ബലോഗനെ മത്സരശേഷം ബെൽജിയം കോച്ച് റൂഡി ഗാർഷ്യ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചതാണ് മറ്റൊരു മനസ്സ് നിറച്ച നിമിഷം. ബ്രസീലിനെതിരെ ഗോൾ നേടിയ ശേഷം മഞ്ഞക്കാർഡ് പേടിച്ച് ജേഴ്‌സി ഊരാതിരുന്ന ഹാലണ്ടിന്റെ ഭാവവും ആരാധകരിൽ ചിരി പടർത്തി.

ഫ്രാൻസ് തന്നെ കപ്പടിക്കുമോ?

ഭൂരിഭാഗം പേരും ഇപ്പോഴും ഫ്രാൻസിനാണ് സാധ്യത കൽപ്പിക്കുന്നത്. എംബാപ്പെയടങ്ങുന്ന ഫ്രഞ്ച് മുന്നേറ്റനിര അതിശക്തമാണ്. എന്നാൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാത്ത സ്‌പെയിൻ ഫ്രാൻസിന് വലിയ ഭീഷണിയായേക്കാം. സ്‌പെയിൻ – ഫ്രാൻസ് സെമി ഫൈനൽ വരികയാണെങ്കിൽ അതിൽ ജയിക്കുന്നവരാകും ലോകകപ്പ് നേടുക എന്നാണ് പൊതുവിലയിരുത്തൽ.

Related