November 17 Tuesday 2026

ആദ്യ വനിതാ പ്രധാനമന്ത്രി: മൊറോക്കോയില്‍ ചരിത്രം കുറിച്ച് ഫാത്തിമ അസ്സഹ്റ അൽ-മൻസൂരി

മൊറോക്കോയുടെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് ഫാത്തിമ അസ്സഹ്റ അൽ-മൻസൂരി. രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായാണ് ഫാത്തിമ അൽ-മൻസൂരിയെ രാജാവ് മുഹമ്മദ് ആറാമൻ ചുമതലപ്പെടുത്തിയത്. പുതിയ സർക്കാർ രൂപീകരിക്കാനുള്ള ഉത്തരവാദിത്തവും രാജാവ് അവരെ ഏൽപ്പിച്ചു. സെപ്തംബർ 23ന് നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന് പിന്നാലെയാണ് പുതിയ നിയമനം.

അന്‍പതുകാരിയായ അൽ-മൻസൂരി നേരത്തെ മൊറോക്കോയുടെ നഗരാസൂത്രണ, ഭവനകാര്യ മന്ത്രിയായിരുന്നു. മാരാകേഷ് നഗരത്തിന്റെ മേയറായും അവർ പ്രവർത്തിച്ചിട്ടുണ്ട്. നിയമപഠനം പൂർത്തിയാക്കിയ ഫാത്തിമ അസ്സഹ്റ 2007ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 2008ൽ രൂപീകരിച്ച ഓതന്റിസിറ്റി ആൻഡ് മോഡേണിറ്റി പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ അവർ പിന്നീട് പാർട്ടി കോഓർഡിനേറ്ററായി.

2009ൽ മാരാകേഷ് മേയറായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ദേശീയതലത്തിൽ അൽ-മൻസൂരിയുടെ രാഷ്ട്രീയ സാന്നിധ്യം ശ്രദ്ധേയമാകുന്നത്. 2021ൽ വീണ്ടും മാരാകേഷ് മേയറായി. അതേ വർഷം ദേശീയ മന്ത്രിസഭയിലും അംഗമായി. നഗരവികസനം, ഭവനപദ്ധതികൾ, നഗരാസൂത്രണം തുടങ്ങിയ മേഖലകളായിരുന്നു മന്ത്രിയായിരിക്കെ അവരുടെ പ്രധാന ചുമതലകൾ.

ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഫാത്തിമ അസ്സഹ്റയുടെ PAM (ഒതെന്റിസിറ്റി ആൻഡ് മോഡേണിറ്റി പാർട്ടി) പാർട്ടി 395 അംഗ പാർലമെന്റിൽ 97 സീറ്റുകളാണ് നേടിയത്. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 198 സീറ്റുകളെന്ന കേവല ഭൂരിപക്ഷം പാർട്ടിക്ക് ലഭിച്ചിട്ടില്ല. അതിനാൽ മറ്റ് പാർട്ടികളുമായി സഖ്യമുണ്ടാക്കുകയെന്നതാണ് പുതിയ പ്രധാനമന്ത്രിയുടെ ആദ്യ പ്രധാന രാഷ്ട്രീയ ദൗത്യം.

ഇതിനൊപ്പം രാജ്യത്തിന് മുന്നിൽ നിരവധി സാമ്പത്തികവും സാമൂഹികവുമായ വിഷയങ്ങളുമുണ്ട്. 2030ലെ ഫിഫ ലോകകപ്പിനായുള്ള വൻ അടിസ്ഥാനസൗകര്യ നിക്ഷേപങ്ങൾ പൂർത്തിയാക്കേണ്ടതും യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയും ജീവിതച്ചെലവുമായി ബന്ധപ്പെട്ട ആശങ്കകളും പരിഹരിക്കേണ്ടതും പുതിയ സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തങ്ങളായിരിക്കും.

അറബ് ലോകത്ത് പ്രധാനമന്ത്രി പദത്തിലെത്തുന്ന രണ്ടാമത്തെ വനിത കൂടിയാണ് ഫാത്തിമ അസ്സഹ്റ അൽ-മൻസൂരി. ഇതിന് മുമ്പ് ടുണീഷ്യയിൽ നജ്ല ബൂദൻ പ്രധാനമന്ത്രിയായിരുന്നു. മൊറോക്കോയെ സംബന്ധിച്ചിടത്തോളം ഇത് വനിതാ രാഷ്ട്രീയ പങ്കാളിത്തത്തിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായൊരു മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

ഇനി ശ്രദ്ധ അസ്സഹ്റയുടെ സർക്കാർ രൂപീകരണത്തിലേക്കാണ്. വിവിധ രാഷ്ട്രീയ പാർട്ടികളെ ഉൾപ്പെടുത്തി സഖ്യസർക്കാർ രൂപീകരിക്കേണ്ടതുണ്ട്. അതിനുശേഷം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ എങ്ങനെ നടപ്പാക്കും, സാമ്പത്തിക വെല്ലുവിളികളെ എങ്ങനെ നേരിടും, 2030 ലോകകപ്പിനായുള്ള ഒരുക്കങ്ങൾക്ക് എന്ത് ദിശ നൽകും എന്നതിലായിരിക്കും രാജ്യത്തിന്റെ ശ്രദ്ധ.

Related