ജ്യോതിബാസുവിന്റെ ഭരണകാലത്തെക്കുറിച്ച് നൃപൻ ചക്രവർത്തി ഉന്നയിച്ച പ്രധാന വിമർശനം സർക്കാറും പാർട്ടിയും അടിസ്ഥാനവർഗ താത്പര്യങ്ങളിൽനിന്ന് അകന്നുപോകുന്നു എന്നതായിരുന്നു. പശ്ചിമ ബംഗാളിലെ ഇടതുപക്ഷ ഭരണവും സിപിഎമ്മും എവിടെ എത്തിപ്പെട്ടു എന്നു നാം കണ്ടു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ സിപിഐ (എം) അടിസ്ഥാനവർഗ രാഷ്ട്രീയത്തിൽനിന്ന് അകന്നുപോകുന്നു എന്നാണ് വി.എസ് അച്യുതാനന്ദൻ ഉന്നയിച്ച മുഖ്യവിമർശനം. കേരളത്തിലെ ഇടതുപക്ഷ ഭരണത്തിന് എന്തു സംഭവിച്ചുവെന്നും പാർട്ടി എവിടെയാണ് എത്തിപ്പെടുന്നതെന്നും നാം കാണുന്നു.
നൃപനും വി.എസ്സും ഏറെ ക്രൂശിക്കപ്പെട്ടു. അവർ കടന്നുപോയി. സമർപ്പിതമായ ജീവിതത്തിൽ അവർ മുറുകെ പിടിച്ചതും അവരെ നിർണയിച്ചതുമായ തൊഴിലാളിവർഗ രാഷ്ട്രീയം കയ്യൊഴിയപ്പെടുകയും വലതുപക്ഷ രാഷ്ട്രീയം പാർട്ടിയെ കീഴടക്കുകയും ചെയ്യുന്നത് അവർ സഹിച്ചില്ല. ആ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ അവർ അവസാനിച്ചു.
ബംഗാളിൽ ജ്യോതിബാസുവും ബുദ്ധദേവും കടന്നുപോയി. അവരുടെ ദിശാവ്യതിയാനം നിലംപരിശാക്കിയ ബംഗാളിലെ പാർട്ടിയെ തിരികെ പൊക്കിക്കൊണ്ടുവരാൻ പെടാപാടു പെടുകയാണ് അവിടത്തെ പുതുനാമ്പുകൾ. കേരളത്തിൽ പിണറായി ബാക്കിനിൽക്കുന്നു. പുതിയ നേതൃത്വത്തിന് വഴിമാറിക്കൊടുക്കാൻ വൈകിയാണെങ്കിലും ജ്യോതിബാസുവും ബുദ്ധദേവും കാണിച്ച മര്യാദപോലും പിണറായി കാണിക്കുന്നില്ല. പാർട്ടിയുടെ പൂർണതകർച്ച വരെ അദ്ദേഹത്തിന് തുടരണം!
തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് സിപിഐ (എം) നടത്തിയ ഏറ്റുപറച്ചിലുകൾ ശ്രദ്ധിക്കണം. റിവ്യു റിപ്പോർട്ടിൽ അടിസ്ഥാന വർഗ വിഭാഗങ്ങളുടെ പിന്തുണ ചോർന്നുപോകുന്നു എന്ന് ഒടുവിൽ പാർട്ടി കണ്ടെത്തിയിരിക്കുന്നു. വി.എസ്സും ബാലാനന്ദനുമൊക്കെ, പാർട്ടി ഈ വഴി പോയാൽ പാർട്ടിയുടെ വർഗാടിത്തറ തകരുമെന്ന് രണ്ടു ദശകംമുമ്പേ മുന്നറിയിപ്പു നൽകിയതാണ്. പക്ഷേ, അന്നൊക്കെ ആ വ്യതിയാനത്തിന് കൂട്ടുനിന്നവരും ഊർജ്ജം പകർന്നവരും കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുമ്പോൾ നിലവിളിക്കുകയാണ്. വികസന മുദ്രാവാക്യമുയർത്തി മദ്ധ്യവർഗത്തിനു പിറകേ പോയപ്പോൾ അടിസ്ഥാന വർഗത്തിൽനിന്ന് പാർട്ടി അകന്നു. മദ്ധ്യവർഗത്തിന്റെ പിന്തുണ ലഭിച്ചതുമില്ല. ഈ വിടവിലാകട്ടെ സ്വത്വരാഷ്ട്രീയത്തിന്റെയും വർഗീയതയുടെയും വളർച്ചയുമുണ്ടായി എന്ന് റിവ്യൂ റിപ്പോർട്ട് സ്വയം വിമർശനം നടത്തുന്നു.
പല വിഭാഗങ്ങളിലും അസംതൃപ്തി പുകഞ്ഞു. അങ്ങനെ ഉയർന്ന ചില വിഷയങ്ങളെപ്പറ്റി സംസ്ഥാന കമ്മറ്റിയുടെ റിവ്യൂ റിപ്പോർട്ടിൽ പറയുന്നു. കെഎസ്ആർടിസി പെൻഷൻ, നിർമ്മാണത്തൊഴിലാളി പെൻഷൻ കുടിശ്ശിക, പരമ്പരാഗത തൊഴിലാളികളിലെ അസംതൃപ്തി, കെട്ടിട നിർമ്മാണ ഫീസിലെ വർദ്ധന, സഹകരണ മേഖലയിലെ പ്രശ്നങ്ങൾ, കർഷക തൊഴിലാളികൾക്കുള്ള കുടിശ്ശിക, കരിമണൽ ഖനനം, വന്യജീവിആക്രമണം തുടങ്ങിയവ. ഈ ഭരണവിരുദ്ധ വികാരവും പരാജയത്തിന് കാരണമായി എന്ന് കേന്ദ്രകമ്മറ്റിയുടെ റിവ്യു കൂട്ടിച്ചേർക്കുന്നു.
ഊന്നലുകൾ പിഴച്ചുപോയതിലേക്ക് കണ്ണെത്തി എന്നു പറയാം. എന്നാൽ, എല്ലാ കാര്യങ്ങളും കാണാൻ സമ്മതമല്ലെന്ന് തോന്നുന്നു. അസംഘടിത മേഖലയിലെ തൊഴിലാളികൾ, ഗിഗുകൾ, കാഷ്വൽ ലേബേഴ്സ്, വേതനവ്യവസ്ഥയും തൊഴിലവകാശങ്ങളും ബാധകമല്ലാത്തവർ എന്നിവരോടൊക്കെ കാണിച്ച അനീതി എടുത്തു പറഞ്ഞിട്ടില്ല. ആശാവർക്കേഴ്സിന്റെ സമരത്തോടു കാണിച്ച അനീതിയും സമരത്തെ നേരിടാൻ സ്വീകരിച്ച രീതിയും ദുഷ്പ്രചരണവും എത്രത്തോളം പരാജയകാരണമായി എന്ന് കാണാനും നേതൃത്വം വിസമ്മതിക്കുന്നു.
ജൂലായ് 11 മുതൽ 13വരെ ദില്ലിയിൽ ചേർന്ന സിപിഎം കേന്ദ്രകമ്മറ്റി പുറത്തുവിട്ട തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ആറുമുതൽ നാൽപ്പത്തിയൊമ്പതുവരെ ഖണ്ഡികകൾ കേരളത്തെക്കുറിച്ചുള്ളതാണ്. പരാജയ കാരണം, രാഷ്ട്രീയ കാരണങ്ങൾ, ഭരണതല കാരണങ്ങൾ, സംഘടനാപരമായ കാരണങ്ങൾ എന്നിങ്ങനെ നാല് ഉപശീർഷകങ്ങളിൽ അത് വിവരിക്കുന്നു. അതെല്ലാം വിവർത്തനം ചെയ്ത് ഇവിടെ ചേർക്കാൻ ഉദ്ദേശിക്കുന്നില്ല. ചില നോട്ടങ്ങൾ പങ്കുവെക്കുന്നേയുള്ളു.
പാർട്ടിയുടെ പരമോന്നത ഘടകം ജനങ്ങൾക്കു മുന്നിൽ വെക്കാൻ നിശ്ചയിച്ച ഒരു റിപ്പോർട്ടിന്റെ മലയാളം വാസ്തവത്തിൽ പൊതുമാദ്ധ്യമങ്ങളിൽ പൂർണരൂപത്തിൽ വരേണ്ടതുണ്ട്. പാർട്ടി പ്രവർത്തകരും ബന്ധുക്കളും പൊതുസമൂഹവും ഈ വിശകലനം അറിഞ്ഞിരിക്കണം. മറ്റൊരു പാർട്ടിക്കും അവകാശപ്പെടാനാവാത്ത ഈ സുതാര്യത ഇപ്പോഴും കേന്ദ്രഘടകം കാത്തുപോരുന്നു എന്നത് അഭിനന്ദനാർഹമാണ്.
അതേസമയം കാരണങ്ങളുടെ വേരുകളിലേക്ക് ഏറെക്കുറെ എത്തിയിട്ടും ഇതുസംബന്ധിച്ച് വളരെ മുമ്പേ ഉന്നതശീർഷരായ നേതാക്കൾ നൽകിയ മുന്നറിയിപ്പുകൾ ഓർക്കാതെപോയത് എന്തുകൊണ്ടാവും? ഇതിനു കാരണമായ വിഭാഗീയതയുടെ വ്യതിയാനഗതി തുടർന്ന നേതൃത്വത്തെ ചൂണ്ടിക്കാണിക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണ്? ജനറൽ സെക്രട്ടറിപോലും ഈ വ്യതിയാനത്തെ ത്വരിതപ്പെടുത്തിയ ആളാകുമ്പോൾ ഇത്രയെത്തിക്കാൻ കേന്ദ്രകമ്മറ്റിയിലെ മറ്റംഗങ്ങൾ എത്ര പണിപ്പെട്ടുകാണും!
മുമ്പൊക്കെ ഭരണമുണ്ടാകുന്ന കാലത്ത് പാർട്ടിയെയും ഭരണത്തെയും ബന്ധപ്പെടുത്തുന്ന സബ് കമ്മറ്റികൾ പ്രവർത്തിക്കാറുണ്ടായിരുന്നു. ഇപ്പോൾ അതുണ്ടായില്ലെന്ന് പത്തു വർഷത്തെ ഭരണം ഒഴിഞ്ഞ ശേഷം കേന്ദ്ര കമ്മറ്റി കണ്ടെത്തുന്നു. വി.എസ് ഗവണ്മെന്റിനു മൂക്കുകയറിടാൻ പിണറായി വിജയൻ കാണിച്ച ഉത്സാഹം നാം മറന്നിട്ടില്ല. അന്നെല്ലാം എകെജി സെന്ററിലാണ് തീരുമാനിച്ചത്. പിണറായി സർക്കാറിന്റെ കാലത്താകട്ടെ, പാർട്ടി കാര്യംപോലും മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വിടുന്നു. ഇതൊന്നും കേന്ദ്രകമ്മറ്റി കാണുന്നില്ല.
പരാജയകാരണങ്ങൾ എണ്ണിപ്പറയുമ്പോൾ മുഖ്യമന്ത്രിയെ സംശയത്തിന്റെ മുനമ്പിലേക്ക് എടുത്തെറിഞ്ഞ ഡോളർകടത്ത്, സ്വർണക്കടത്ത്, മാസപ്പടി വിവാദങ്ങളോ സ്വജനപക്ഷ നിലപാടോ കാണാതെ പോകുന്നു. വ്യാജ ഏറ്റുമുട്ടൽ കൊല മുതൽ കസ്റ്റഡി മരണം, യുഎപിഎ നടപ്പാക്കൽ, ‘ജീവൻ രക്ഷാപ്രവർത്തനം’ നടത്തൽ തുടങ്ങിയ ആഭ്യന്തര വിഷയങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. പിണറായിയെ പേരുപറഞ്ഞ് വിമർശിക്കുകയും തിരുത്തുകയും ചെയ്യാൻ അറച്ചു നിൽക്കുകയാണ് കേന്ദ്ര നേതൃത്വം. വെള്ളാപ്പള്ളിയെ പിന്തുണച്ച് അവമതിപ്പുണ്ടാക്കിയ പ്രമുഖനേതാവ് പിണറായിയാണെന്നുപോലും പറയാൻ റിവ്യു റിപ്പോർട്ടിൽ തുനിയുന്നില്ല.
ബിജെപി ബന്ധം യുഡിഎഫിന്റെയും മറ്റും ആരോപണമാണ് എന്ന ആമുഖത്തോടെയാണെങ്കിലും അങ്ങനെ കരുതാൻ സാഹചര്യ തെളിവുനൽകുന്ന ചില കാര്യങ്ങളെങ്കിലും റിപ്പോർട്ടിൽ വിട്ടുപോയിട്ടില്ല. അത് നല്ല കാര്യം. യുപി മുഖ്യമന്ത്രിയുടെ സന്ദേശം ഒരു സെക്രട്ടേറിയേറ്റംഗമായ മന്ത്രിതന്നെ വായിച്ചത് വലിയ ആശങ്കയുണ്ടാക്കി എന്നു സമ്മതിച്ചിട്ടുണ്ട്. വെള്ളാപ്പള്ളി വിഷയവും പിഎം ശ്രീ നിലപാടും എടുത്തുപറയുന്നു. സംസ്ഥാന ഘടകത്തിന്റെ റിപ്പോർട്ടിൽ പിഎം ശ്രീയിൽ സിപിഐ എടുത്ത നിലപാടിനെയാണ് കുറ്റപ്പെടുത്തുന്നതെങ്കിൽ കേന്ദ്രകമ്മറ്റി ഘടകകക്ഷികളെ വിശ്വാസത്തിൽ എടുക്കാത്ത തെറ്റ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഒളിഞ്ഞ് പിഎം ശ്രീ ഒപ്പിട്ടതും പരസ്യമായി വിദ്യാഭ്യാസ മന്ത്രി നിലപാട് മാറ്റിപ്പറഞ്ഞതും ബിജെപി ബന്ധത്തിന്റെ തെളിവായി മാറിയത് പരാമർശിക്കുന്നില്ല.
പാർട്ടികാര്യങ്ങൾ നല്ലനിലയിലും വെടിപ്പായും ജനങ്ങളെ ബോദ്ധ്യപ്പെടുത്തുംവിധം അവതരിപ്പിക്കാൻ ശേഷിയുള്ള വക്താക്കളുടെയും പ്രാസംഗികരുടെയും അഭാവം എടുത്തുപറയുന്നു. ഏറെക്കാലമായി ടിവി ചർച്ചകളിൽ പങ്കെടുക്കുന്നവരുടെ മുഷ്ക്കും ശാഠ്യവും വയലൻസും തോൽവിക്ക് പ്രധാന കാരണമായിട്ടുണ്ടെന്ന് മലയാളികൾക്ക് അറിയാം. എന്നാൽ, തെരഞ്ഞെടുപ്പിനു ശേഷവും സമീപനത്തിൽ മാറ്റമൊന്നും വന്നിട്ടില്ല. ഈ സാഹചര്യത്തിൽ റിപ്പോർട്ടിൽ ഇതു കാണുന്നത് പ്രതീക്ഷ നൽകുന്നതാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റ ശേഷം മരണമുനമ്പിൽ എത്തി നിൽക്കുകയാണ് പാർട്ടി. ഏതെങ്കിലും ചില നേതാക്കളുടെ താൽപ്പര്യങ്ങളാണോ പാർട്ടിയുടെ വർഗനിലപാടും പരിപാടിയും താൽപ്പര്യവുമാണോ സംരക്ഷിക്കപ്പെടേണ്ടത് എന്ന അവസാന ചോദ്യമാണ് മുന്നിൽ. പ്രവർത്തകരും അനുഭാവികളും പൊതുസമൂഹവും ഇതിൽ നിശ്ശബ്ദരായാൽ ഇന്നത്തെ കേരളത്തെ നിർണയിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച തൊഴിലാളികളുടെ വിമോചന പ്രസ്ഥാനത്തിന്റെ രോഗബാധിതശരീരവും ഒരൗഷധവും ഏൽക്കാതെ ഇവിടെ അവസാനിക്കും. എന്തുവേണം എന്നാലോചിക്കാൻ ഇനി ഒട്ടും സമയമില്ല.
