August 13 Thursday 2026

ഇ.വി മുഹമ്മദാലി: ദേശീയപാതയിലെ രണ്ട് സമരപതിറ്റാണ്ട്

ദേശീയപാത സമരമോര്‍ക്കുമ്പോള്‍ മുഹമ്മദലിക്കയെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. ഇ.വി മുഹമ്മദലിയെക്കുറിച്ച് അറിയാത്ത ദേശീയപാത സമരക്കാര്‍ വിരളമാണ്. 2007 ല്‍ ആണ് ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നത്. ആക്ഷന്‍ കൗണ്‍സിലിന്റെ സംസ്ഥാന ചെയര്‍മാന്‍ ആയിരുന്നു ഇ.വി മുഹമ്മദലി. 2005 ഏപ്രിലില്‍ എറണാകുളം ചേരാനല്ലൂരില്‍ നിന്നാണ് ദേശീയപാത സമരം പൊട്ടിപുറപ്പെടുന്നത്. കേരളത്തില്‍ 45 മീറ്റര്‍ ബി.ഒ.ടി ടോള്‍ വ്യവസ്ഥയില്‍ ദേശീയപാത വികസിപ്പിക്കുന്നതിനെതിരെയാണ് സമരം. പിന്നീടത് സംസ്ഥാനത്ത് ഒട്ടാകെ വ്യാപിപ്പിക്കുകയായിരുന്നു. 2006 മുതല്‍ ഇ.വി മുഹമ്മദലി ദേശീയതപാത സമരമുഖത്ത് സജീവ സാന്നിധ്യമാണ്. ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്ന സമയത്ത് ഇന്നത്തെ സാഹചര്യമല്ല. ഇരകള്‍ക്കുള്ള നഷ്ട പരിഹാരവും മറ്റു അവകാശങ്ങളുമെല്ലാം സമരം ചെയ്ത് നേടിയെടുത്തതാണ്. ഏകദേശം രണ്ട് പതിറ്റാണ്ട് സമരഭൂമികയില്‍ സാധാരണക്കാരോടൊപ്പം സഹവസിക്കുമ്പോഴും മുഹമ്മദലിക്കയുടെ ഊര്‍ജം കുറച്ചുപോലും ചോര്‍ന്ന് പോയിട്ടില്ല. സമരവീര്യം തെല്ലും ചോരാതെ ഒരുപാട്കാലം അദ്ദേഹം സമരക്കാര്‍ക്ക് തണലായി. മാറിമാറി സര്‍ക്കാറുകളുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തി. യു.ഡി.എഫുമായി നടത്തിയ ചര്‍ച്ചയില്‍ സാധാരണ നഷ്ടപരിഹാരമാണ് അനുവദിച്ചു നല്‍കിയത്. യു.പി.എ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച നഷ്ടപരിഹാരത്തുക വര്‍ധനവിന് സഹായകരമായി.

തുഛമായ നഷ്ടപരിഹാരം സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന ജനങ്ങള്‍ സമരം കടുപ്പിച്ചു. ഇരകള്‍ സര്‍വേകളും അളവെടുപ്പുകളും തടഞ്ഞു. ആധാരവും മറ്റു ഡോക്യുമെന്റുകളും നല്‍കാന്‍ വിസമ്മതിച്ചു. അക്വസിഷന്‍ നടപടികള്‍ തടഞ്ഞു. അത്തരത്തില്‍ കേരളത്തില്‍ ഒരു അറ്റം മുതല്‍ മറ്റൊരു അറ്റം വരെ ഒരുപോലെ നടന്ന വലിയ സമരമായിരുന്നു ദേശീയപാത സമരം. ഇത് ഇ.വി. മുഹമ്മദലി നേതൃത്വം നല്‍കുന്ന ദേശീയപാത ആക്ഷന്‍ കൗണ്‍സിലിനു കീഴിലാണ് സംഘടിച്ചത്. സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും സമരങ്ങള്‍ക്ക് രൂപം കൊടുക്കുകയും ഇരകളെ ചേര്‍ത്തു നിര്‍ത്തുകയും അവര്‍ക്കെതിരെയുണ്ടായ കേസിലും നടപടിയിലും മുഹമ്മദലിക്ക സഹായിക്കുകയും ചെയ്തു. കേരളം കണ്ട ഏറ്റവും വലിയ സമര ശൃംഖലയായിരുന്നു ഇത് എന്ന് വേണമെങ്കില്‍ പറയാം. പലരും പുഛിച്ച് തള്ളിയ സമരത്തെ സ്വന്തം ആരോഗ്യം പോലും നോക്കാതെയാണ് മുഹമ്മദലിക്ക നെഞ്ചിലേറ്റിയത്. സമരത്തിന് വേണ്ടി ഒരുപാട് സ്വത്തുക്കള്‍ ചെലവഴിക്കുകയും, നിരവധി കേസുകള്‍ക്കും നടപടികള്‍ക്കും പാത്രമാവുകയും ചെയ്തു.

ഇടതുപക്ഷ ചിന്താഗതിയുമായി ചേര്‍ന്ന് പോകുന്ന സോഷ്യലിസ്റ്റ് ആശയമായിരുന്നു അദ്ദേഹത്തിന്റേത്. ദേശീയപാതയുമായി ബന്ധപ്പെട്ട വിഷയം പഠിച്ച് അതിലെ പ്രശ്‌നങ്ങളുടെ തീവ്രത മനസ്സിലാക്കിയതോടെ അതിശക്തമായി കേരളത്തിലുടനീളം സമരത്തിന് നേതൃത്വം നല്‍കുകയാണുണ്ടായത്. സ്വന്തമായൊരു രാഷ്ട്രീയ നിലപാടുണ്ടെങ്കിലും മതസംഘടനകളുള്‍പ്പെടെ നിരവധി സംഘടനകളെ അദ്ദേഹം സമരത്തോട് ചേര്‍ത്തുനിര്‍ത്തി. ഇത്തരത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് സമരത്തെ അധികാരികളുടെ ശ്രദ്ധയിലെത്തിക്കാന്‍ ഇ.വി മുഹമ്മദലി വഹിച്ച പങ്ക് വലുതാണ്. കൃത്യമായ അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്‍കുക, ബി.ഒ.ടി ഒഴിവാക്കുക എന്നീ കാര്യങ്ങളായിരുന്നു ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍. ഇന്ന് ഇരകള്‍ക്ക് ലഭിച്ച നഷ്ടപരിഹാരത്തുക ഇവരുടെ സമരഫലമാണ് എന്നുതന്നെ പറയാം. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിശാല മനസ്സിന് ഉടമയായിരുന്നു ഇ.വി. മുഹമ്മദലി. ദേശീയപാത സമരത്തില്‍ നിലപാടെടുത്തുകൊണ്ട് സമരവീതിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഇറങ്ങിയപ്പോള്‍ ചേര്‍ന്ന് നില്‍ക്കാനും മറ്റു സംഘടനകളെ ചേര്‍ത്തു നിര്‍ത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. തൃശൂര്‍ അകലാട് സ്വദേശിയായിരുന്ന ഇ.വി. മുഹമ്മദലിയുടെ സമര ശക്തി കേന്ദ്രം തൃശൂര്‍ ജില്ല തന്നെയായിരുന്നു. അദ്ദേഹത്തിന്റെ സമരോര്‍മകള്‍ സാധാരണക്കാരിലൂടെ ജീവിക്കുന്നതിനാല്‍ തന്നെ മുഹമ്മദലിക്കയുടെ മുഖം ഹൃദയങ്ങളില്‍ ജീവിക്കും.

Related