തൃശൂർ കൈപമംഗലത്ത് നാഷണൽ ഹൈവേയിൽ നിർമാണ കമ്പനിയുടെ അനാസ്ഥ മൂലം സംഭവിച്ച അപകടങ്ങളിൽപെട്ടവർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും നിർമാണ കമ്പനിയായ ‘ശിവാലയ’യിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി നൽകണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ എസ്. നിസാർ ആവശ്യപ്പെട്ടു. മനുഷ്യരുടെ ജീവനും സ്വത്തിനും സുരക്ഷാ ഭീഷണി സൃഷ്ടിച്ചുകൊണ്ടാണ് നാഷണൽ ഹൈവേ – 66 ന്റെ നിർമ്മാണം പുരോഗമിക്കുന്നത്. വിവിധ സന്ദർഭങ്ങളിലായി നൂറുകണക്കിന് പേരുടെ മരണത്തിനിടയാക്കിയ കരാർ കമ്പനിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും നിലവിലുള്ള ലൈസൻസുകൾ റദ്ദ് ചെയ്ത് അവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹൈവേ അപകടത്തിൽ നാഷണൽ ഹൈവേ അതോറിറ്റിയും നിർമ്മാണ ചുമതലയുള്ള ശിവാലയ കമ്പനിയും തമ്മിലുള്ള ഒത്തുകളിയിൽ പ്രതിഷേധിച്ച് നിർമാണ കമ്പനിയായ ശിവാലയയുടെ ഓഫീസിലേക്ക് വെൽഫയർ പാർട്ടി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി റെക്കീബ് കെ. തറയിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഉമൈറ കെ. എസ്, വൈസ് പ്രസിഡണ്ട് ഇ.എ റഷീദ് മാസ്റ്റർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ. കെ ഷാജഹാൻ, കെ.എസ് നവാസ് എടവിലങ്ങ് എന്നിവർ സംസാരിച്ചു. തൃപ്രയാർ സെൻ്ററിൽ നിന്നും ആരംഭിച്ച മാർച്ചിന് ജില്ലാ – മണ്ഡലം നേതാക്കളായ സരസ്വതി വലപ്പാട്, സുലേഖ അസീസ്, ഷെമീറ നാസർ, ഷാജഹാൻ എളനാട്, ഫൈസൽ വലിയാറ, റഫീഖ് കാതിക്കോട്, ഫസീല ഹനീഫ്, റഫീഖ് പി.എച്ച്, ഫൈസൽ ഉസ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.
