August 9 Sunday 2026

ചൈനയുടെ സാമ്പത്തിക രാഷ്ട്രതന്ത്രജ്ഞതയും സാമ്രാജ്യത്വമോഹവും

ബെഥനി അലന്റെ Beijing Rules: How China Weaponised Its Economy to Confront the World’ എന്ന പുസ്തകത്തിന്റെ വായന.

ആഗോള ഭൗമ രാഷ്ട്രീയ ഭൂപടത്തില്‍ ചൈനയുടെ സ്വാധീനം ശക്തിപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്നാണ് ആക്സിയോസിന്റെ തായ്പേയ് റിപ്പോര്‍ട്ടറായ ബെഥനി അലന്റെ Beijing Rules: How China Weaponised Its Economy to Confront the World’ എന്ന പുസ്തകം.

‘A virus is the smallest unit of life. Or it would be if scientists agreed that viruses are actually alive. Viruses are more like rogue strands of genetic code. They can’t make their own proteins, they lack a cellular structure, and they can’t reproduce without hijacking and then destroying a host cell’s metabolic infrastructure.’ ബെഥനി അലന്‍ തന്റെ പുസ്തകം ആരംഭിക്കുന്നതിങ്ങനെയാണ്. തീര്‍ച്ചയായും ഈ വരികള്‍ കോവിഡ് മഹാമാരിയുടെ ഉറവിടമായ ചൈനയെക്കുറിച്ചുള്ള വിവരണത്തില്‍ പ്രധാനമാണ്. എന്നാല്‍ സാങ്കല്പിക സോഷ്യലിസത്തിന്റെ എല്ലാ നാട്യങ്ങളും വെടിഞ്ഞ്, സാമ്രാജ്യത്വ മോഹവുമായി, ആഗോള രാഷ്ട്രീയത്തെ കൈപ്പിടിയിലൊതുക്കാന്‍ ഒരുങ്ങിയിറങ്ങുന്ന ചൈന ഭൗമ രാഷ്ട്രീയ ജനിതക കോഡുകള്‍ക്കിടയിലെ ഒരു തെമ്മാടി ഇഴയായി രൂപപ്പെടുന്നതെങ്ങിനെയെന്ന് തുടര്‍ന്നുള്ള അധ്യായങ്ങളിലൂടെ വിശദീകരിക്കുമ്പോള്‍ നമുക്ക് ബോദ്ധ്യപ്പെടും.

അലന്റെ പുസ്തകം പ്രധാനമായും അവലോകനം ചെയ്യുന്നത് അന്താരാഷ്ട്ര വേദിയിലെ ചൈനയുടെ പെരുമാറ്റത്തെക്കുറിച്ചാണ്. കോവിഡ് മഹാമാരിക്കാലം ഈയൊരു പെരുമാറ്റത്തിലെ സ്വേച്ഛാധിപത്യ സ്വഭാവത്തെ തുറന്നുകാണിക്കുന്നുവെന്ന് അവരുടെ വിവരണങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ചൈന തങ്ങളുടെ ഭൗമരാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി അതിന്റെ ശക്തിയും സ്വാധീനവും എങ്ങനെ ഉപയോഗിച്ചുവെന്ന് അലന്‍ വിശദീകരിക്കുന്നു. അതിനായി ‘സ്വേച്ഛാധിപത്യ സാമ്പത്തിക രാഷ്ട്രതന്ത്രം’ (economic statecraft) എന്ന ആശയം അലന്‍ അവതരിപ്പിക്കുന്നു. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിക്കുന്ന ഉപരോധങ്ങള്‍ പോലുള്ള സാമ്പ്രദായിക സാമ്പത്തിക രാഷ്ട്രതന്ത്രത്തില്‍ നിന്ന് ഇത് വ്യത്യസ്തമാകുന്നതെങ്ങിനെയെന്ന് അവര്‍ കാണിച്ചുതരുന്നു.

ചൈന വികസിപ്പിച്ചെടുത്ത പുത്തന്‍ സാമ്പത്തിക രാഷ്ട്രതന്ത്രജ്ഞതയുടെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണങ്ങളിലൊന്നായി സൂം വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട വിഷയത്തെ ഗ്രന്ഥകാരി ഉയര്‍ത്തിക്കാട്ടുന്നു. സൂമിന്റെ വീഡിയോ കോണ്‍ഫറന്‍സിംഗ് സേവനങ്ങളിലേക്കുള്ള ബീജിംഗിന്റെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ‘Zooming In’ എന്ന അധ്യായത്തില്‍ വിശദീകരിക്കുന്നു. ഏതൊരു അമേരിക്കന്‍ കമ്പനികളിലേക്കും കടന്നുകയറാനും ലോകത്തിലെവിടെയെങ്കിലും നടക്കുന്ന ഓണ്‍ലൈന്‍ ഇവന്റുകള്‍ സെന്‍സര്‍ ചെയ്യാനും ഉള്ള ബീജീംഗിന്റെ സ്വാധീനശക്തിയെ ഇതിലൂടെ ഗ്രന്ഥകാരി നമുക്ക് കാട്ടിത്തരുന്നു. 2020-ല്‍, ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയെ അനുസ്മരിക്കുന്ന, ഒരു ഓണ്‍ലൈന്‍ പരിപാടി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം ഇടപെട്ട് എങ്ങിനെ ഒഴിവാക്കിയെന്ന് അലന്‍ വിശദീകരിക്കുന്നു.

സൂം പ്ലാറ്റ്ഫോം കാലിഫോര്‍ണിയയിലെ സാന്‍ ജോസില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒന്നാണെങ്കിലും, ചൈന ആസ്ഥാനമായുള്ള ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ രാജ്യത്തിന്റെ സിവിലിയന്‍ ചാര ഏജന്‍സിയായ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയവുമായി (എംഎസ്എസ്) പങ്കിടാന്‍ കമ്പനികളോട് ആവശ്യപ്പെടുന്ന ഒരു ആഭ്യന്തര നിയമ നിര്‍മ്മാണം ബീജിംഗ് നടത്തിയതായി കാണാം. ചൈനീസ് പൗരന്മാരുടെ സ്വകാര്യ ഡാറ്റാ ശേഖരണത്തിനുമപ്പുറം കടന്ന് യുഎസ് പൗരന്മാരുടേതടക്കമുള്ള ഡാറ്റകള്‍ ശേഖരിക്കാന്‍ കഴിയുന്നത്രയും വിപുലമായ സ്വാധീനം ബീജിംഗ് നേടിയെടുത്തതായി യുഎസ് നീതിന്യായ വകുപ്പിന്റെ ഒരു കുറ്റപത്രത്തെ അടിസ്ഥാനമാക്കി അലന്‍ വിശദീകരിക്കുന്നു. ചൈനയുടെ അതിര്‍ത്തികള്‍ക്കപ്പുറമുള്ള വിമത ശബ്ദങ്ങളെപ്പോലും ഇല്ലാതാക്കാനുള്ള പ്രാപ്തി ബീജിംഗ് ഭരണകൂടം നേടിയെടുത്തിരിക്കുന്നുവെന്ന് ഇത്തരം നിരവധി ഉദാഹരണങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാം.

ഗ്രന്ഥകാരി തന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന ഓസ്‌ട്രേലിയയുമായി ബന്ധപ്പെട്ട കേസ്, ചൈനയുടെ സാമ്പത്തിക സ്റ്റേറ്റ്ക്രാഫ്റ്റ് പ്ലേബുക്കിലെ-വ്യാപാരയുദ്ധങ്ങള്‍ അടക്കമുള്ള- മറ്റൊരു വശം വ്യക്തമാക്കുന്നു. 2020-ല്‍ ഓസ്ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ കോവിഡ് -19 പാന്‍ഡെമിക്കിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടത് ചൈനയുമായുള്ള ബന്ധം വഷളാക്കുന്നതിലേക്ക് നയിച്ചു. ഓസ്ട്രേലിയയിലേക്കുള്ള കയറ്റുമതി നിരോധിച്ചുകൊണ്ടായിരുന്നു ചൈന പ്രതികരിച്ചത്.

(തുടരും)

 

Related