October 14 Wednesday 2026

മുസ്ലിം സ്ഥാപനങ്ങളിലേക്ക് തിരിയുന്ന ബുൾഡോസർ കൈകൾ

ബുൾഡോസർ രാജ് രാഷ്ട്രീയം അതിന്റെ സർവ്വ സീമകളും ലംഘിച്ച് അപരിമേയമായി മുന്നോട്ട് ഗമിച്ചു കൊണ്ടിരിക്കുകയാണ്. ഒരു പ്രത്യേക സമുദായത്തിന്റെ വാസസ്ഥലങ്ങളും സ്ഥാപനങ്ങളും സാമുദായിക മന്ദിരങ്ങളും മാത്രം ടാർഗറ്റ് ചെയ്യപ്പെട്ടുകൊണ്ടാണ് ഈ ഫാഷിസ്റ്റ് പ്രക്രിയ അനുസ്യൂതം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളായ, ഒരു സമുദായത്തിന്റെ രാജ്യത്തെ സ്വത്വത്തെ നിർണയിക്കുന്ന നിർമ്മിതികൾ യാതൊരു മുൻവിചാരങ്ങളും ഇല്ലാതെ തകർക്കപ്പെട്ടു കൊണ്ടിരിക്കുന്നു. മദ്രസകൾ, മസ്ജിദുകൾ, കമ്മ്യൂണിറ്റി ഹാളുകൾ എന്നിവയെല്ലാം ഈ ബുൾഡോസർ രാജിന് ഇരയായി കൊണ്ടിരിക്കുന്നു.

ജൂലൈ 22ന് പുറത്തുവന്ന വാർത്തയിൽ 45 ദിവസത്തിനുള്ളിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തകർക്കപ്പെട്ടത് ഇരുപത്തിമൂന്നിലധികം മുസ്ലിം സാംസ്കാരിക കേന്ദ്രങ്ങളാണ്. മസ്ജിദുകൾ, ഈദ്ഗാഹുകൾ, ദർഗകൾ എന്നിവ തകർക്കപ്പെട്ടവയിൽ ഉൾപ്പെടും. ഇതിൽ ഏറ്റവും ഒടുവിലത്തെതാണ് ഉത്തർപ്രദേശിലെ രാംപൂരിൽ സ്ഥിതി ചെയ്യുന്ന മൗലാനാ മുഹമ്മദലി ജൗഹാർ സർവ്വകലാശാലയെ പൊളിച്ചു നീക്കുവാനുള്ള യോഗി സർക്കാരിന്റെ നടപടി. സർവ്വകലാശാലയുടെ ആകെയുള്ള നാല്പത് കെട്ടിടങ്ങളിൽ മുപ്പത്തിയെട്ടണ്ണവും പൊളിച്ചു നീക്കാൻ ഉത്തരവ് നൽകിയിരിക്കുകയാണ് രാംപൂർ വികസന അതോറിറ്റി. നിയമങ്ങൾ പാലിക്കാതെയുള്ള നിർമ്മാണം എന്ന ആരോപണത്തെ മുൻനിർത്തി ജൂലയ് പതിനഞ്ചിനാണ് രാംപൂർ വികസന അതോറിറ്റിയുടെ വിവാദ ഉത്തരവ് ഉണ്ടാകുന്നത്. പതിനഞ്ച് ദിവസത്തിനകം സർവകലാശാലയുടെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റണമെന്നാണ് വികസന അതോറിറ്റി സർവ്വകലാശാലയ്ക്ക് നൽകിയ നിർദ്ദേശം. 1973 ലെ ഉത്തർപ്രദേശ് നഗര ആസൂത്രണ വികസന നിയമത്തിലെ സെക്ഷൻ 27 പ്രകാരം രാംപൂർ വികസന അതോറിറ്റി വൈസ് ചെയർമാനും രാംപൂർ ജില്ലാ മജിസ്ട്രേറ്റുമായ അജയ്കുമാർ ദ്വിവേദിയാണ് യൂണിവേഴ്സിറ്റി പൊളിച്ചു മാറ്റാനുള്ള നിർദ്ദേശം നൽകിയത്. യൂണിവേഴ്സിറ്റിയുടെ മെഡിക്കൽ കോളേജ് കെട്ടിടവും അക്കാദമിക് ബ്ലോക്കും മാത്രമാണ് നിയമാനുസൃതമായി നിർമ്മിച്ചിട്ടുള്ളൂ എന്നാണ് അധികൃതരുടെ വാദം. 82,309 ചതുരശ്ര മീറ്റർ വ്യാപിച്ചുകിടക്കുന്ന മുപ്പത്തിയെട്ട് കെട്ടിടങ്ങൾക്കും നിർമ്മാണ അനുമതിയില്ലെന്നും അധികൃതർ വാദിക്കുന്നു. അക്കാഡമിക് ബ്ലോക്കുകൾ, ഹോസ്റ്റലുകൾ, ലബോറട്ടറികൾ, ലൈബ്രറികൾ എന്നിവ ഉൾക്കൊള്ളുന്നതാണ് സർവകലാശാല സമുച്ചയം.

മുതിർന്ന സമാജ് വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായിരുന്ന അസീംഖാന്റെ മേൽനോട്ടത്തിലുള്ള ട്രസ്റ്റിന്റെ പരിപാലനത്തിൽ ആയിരുന്നു യൂണിവേഴ്സിറ്റി പ്രവർത്തിച്ചിരുന്നത്. 2006 ലാണ് മൗലാന മുഹമ്മദ്‌ അലി ജൗഹർ സർവ്വകലാശാല രാംപൂരിൽ സ്ഥാപിക്കപ്പെടുന്നത്. സ്വകാര്യ സർവകലാശാല നിയമപ്രകാരം സ്ഥാപിക്കപ്പെട്ട സർവകലാശാലക്ക്‌ ഉത്തർപ്രദേശ് നിയമസഭ അംഗീകാരം നൽകുമ്പോൾ സമാജ്മാദി പാർട്ടി നേതാവ് മുലായം സിംഗ് നേതൃത്വം നൽകുന്ന സർക്കാർ ആയിരുന്നു ഉത്തർപ്രദേശിൽ അധികാരത്തിൽ ഉണ്ടായിരുന്നത്. 2012 ലാണ് സർവകലാശാലയ്ക്ക് സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം ലഭിക്കുന്നത്. സമാജ് വാദി പാർട്ടി നേതാവും മന്ത്രിയുമായിരുന്ന അസീം ഖാന്റെ സ്വപ്ന പദ്ധതിയായിരുന്നു മൗലാനാ മുഹമ്മദലി ജൗഹർ സർവ്വകലാശാല. അസീം ഖാൻ തന്നെയാണ് സർവകലാശാലയുടെ ആജീവനാന്ത ചാൻസലറും. 2025 നവംബർ 17 മുതൽ അസീം ഖാൻ പാൻ കാർഡ് വ്യാജരേഖ ചമയ്ക്കൽ കേസിനെ തുടർന്ന് ജയിലിലാണ്.

2011ലെ സെൻസസ് പ്രകാരം ഉത്തർപ്രദേശിൽ സാക്ഷരതാ നിരക്കിൽ പിന്നോക്കം നിൽക്കുന്ന അഞ്ചാമത്തെ ജില്ലയാണ് രാംപൂർ. ആ ജില്ലയിലെ ഏക യൂണിവേഴ്സിറ്റി കൂടി ഇല്ലാതാകുമ്പോൾ അവിടെ സംഭവിക്കുന്ന വിദ്യാഭ്യാസ ദുരന്തം എത്രമാത്രം ആയിരിക്കുമെന്ന് ഇതിൽ നിന്നും തന്നെ ഊഹിക്കാവുന്നതാണ്. മുസ്ലിം ഭൂരിപക്ഷ ജില്ല കൂടിയായ രാംപൂരിൽ സാമുദായിക ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച സർവ്വകലാശാലയിൽ നിന്നും പിൽക്കാലത്ത് ജുഡീഷ്യറിയിൽ ഉൾപ്പെടെ സേവനങ്ങൾ അനുഷ്ഠിക്കുന്ന പൂർവ വിദ്യാർത്ഥികളെ സൃഷ്ടിക്കുവാൻ യൂണിവേഴ്സിറ്റിക്ക് സാധിച്ചിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ സർക്കാരിലെ മറ്റു മേഖലകളിലും വേറെ ചിലർ വിദേശങ്ങളിലും ജോലി ചെയ്യുന്നു. നിലവിൽ റാംപൂർ, ബാരില്ലി, മൊറാദാബാദ്, കാൻപൂർ എന്നീ ജില്ലകളിൽ നിന്നായി 3000 ത്തോളം വിദ്യാർത്ഥികൾ സർവകലാശാലയിൽ പഠിക്കുന്നുണ്ട്.ന്യൂനപക്ഷ പദവിയുള്ള സർവകലാശാലയാണ് മൗലാനാ മുഹമ്മദലി ജൗഹാർ സർവകലാശാല. മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിയെ തകർക്കുന്നതിന്റെയും അസീം ഖാന് എതിരെയുള്ള രാഷ്ട്രീയ പകപോക്കലായും വേണം സർക്കാരിന്റെ ഈ നടപടിയെ നോക്കിക്കാണാൻ. പൊതുസംരംഭത്തിലൂടെ നിർമ്മിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏകപക്ഷീയമായ ഭരണനടപടികൾക്ക് വിധേയമാകുന്നതും ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. സർവകലാശാല പൊളിച്ചു മാറ്റുവാനുള്ള ഉത്തരവ് വന്നതോടെ മൂവായിരത്തോളം വരുന്ന വിദ്യാർത്ഥികളുടെ ഭാവിയാണ് ആശങ്കയിൽ ആയത്. രാഷ്ട്രീയ സാമുദായിക പകപോക്കലിൽ വിദ്യാർത്ഥികൾ ഇരയാകുന്ന കാഴ്ചയ്ക്കാണ് മൗലാന ജൗഹർ സർവകലാശാല ഇന്ന് സാക്ഷ്യം വഹിക്കുന്നത്. സർവ്വകലാശാലക്കെതിരെ സ്വീകരിച്ചിട്ടുള്ള മുഴുവൻ നടപടിയും ദുരുദ്ദേശത്തോടെയും പ്രതികാരത്തോടെയുമാണ് നടത്തപ്പെടുന്നതെന്നാണ് അസിംഖാന്റെ പത്നി തൻസീൻ ഫാത്തിമയുടെ ആരോപണം.

നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്ന കാലത്ത് സർവകലാശാല രാംപൂർ വികസന അതോറിറ്റിയുടെ ഭരണ മേഖലക്ക്‌ പുറത്തായിരുന്നുവെന്നും നിർമ്മാണ അനുമതികൾ ജില്ലാ പഞ്ചായത്ത് മുഖേനയാണ് വാങ്ങിയിരുന്നതെന്നും ട്രസ്റ്റ് അധികൃതർ വാദിക്കുന്നുണ്ട്. ഒരു സർവകലാശാല മന്ദിരത്തെ തകർത്തെറിയാൻ എളുപ്പമാണ്. കെട്ടിപ്പൊക്കുന്നതിലാണ് അതിന്റെ മിടുക്കും പ്രയാസങ്ങളും മുഴുവനും. അതുകൊണ്ടുതന്നെ നിയമപരമായും ഭരണപരവുമായുള്ള എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി സർവകലാശാല സമുച്ചയത്തെ സംരക്ഷിച്ചു നിർത്താനാണ് സർക്കാർ ശ്രമിക്കേണ്ടത്. പൊളിക്കേണ്ടതുണ്ടെങ്കിൽ തന്നെ അത് ഏറ്റവും ഒടുവിലത്തെ നടപടിയായി വേണം സ്വീകരിക്കാൻ. എന്നാൽ, അതിനൊന്നും അവസരം നൽകാതെ, അത്തരം ആലോചനകൾ ഒന്നും നടത്താതെ തികച്ചും പ്രതിലോമകരമായ നടപടിയാണ് മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ കാര്യത്തിൽ യോഗി സർക്കാർ കൈകൊണ്ടിരിക്കുന്നത് എന്നതുതന്നെ സർക്കാർ മുന്നോട്ടുവക്കുന്ന വർഗ്ഗീയ താൽപര്യങ്ങളുടെയും രാഷ്ട്രീയ പകപോക്കലിന്റെയും ആഴം വ്യക്തമാക്കുന്നുണ്ട്. 2026 അവസാനത്തോടെ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയ അന്തരീക്ഷത്തിൽ വർഗീയ ധ്രുവീകരണം സാധ്യമാക്കുക എന്ന ലക്ഷ്യവും യോഗി സർക്കാരിന്റെ സർവകലാശാലക്കെതിരെയുള്ള ഈ പടനീക്കത്തിനു പിന്നിലുണ്ട്. കൂടാതെ രാമക്ഷേത്രക്കൊള്ളയിൽ സംസ്ഥാനത്ത് മുഖം നഷ്ടപ്പെട്ട ബി ജെ പിക്ക് അതിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമവും കൂടിയാണ് മൗലാനാ മുഹമ്മദലി ജൗഹാർ സർവകലാശാലക്കെതിരെ നിലവിൽ കൈകൊണ്ടിരിക്കുന്ന പുതിയ സമീപനം. മുസ്ലിം സമുദായത്തിന്റെ മതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ബുൾഡോസ് ചെയ്യുന്ന യോഗി സർക്കാർ നിലവിൽ ന്യൂനപക്ഷ പദവിയുള്ള, മുസ്ലിം കർതൃത്വത്തിൽ നടത്തപ്പെടുന്ന ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെയും ബുൾഡോസർ കൈകൾ തിരിക്കുവാൻ ആരംഭിച്ചിരിക്കുന്നു എന്നതാണ് രാംപൂരിൽ നിന്നും വരുന്ന വർത്തമാനങ്ങൾ അടിവരയിടുന്നത്.

Related