August 13 Thursday 2026

ആശാവര്‍ക്കര്‍മാരെ ഏതു വര്‍ഗത്തിലാണ് പെടുത്തേണ്ടത്? ഇടതു സര്‍ക്കാരിനോട് കെ. സച്ചിദാനന്ദനന്റെ ചോദ്യം

ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ചുകൊണ്ട് പ്രശസ്ത കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദന്റെ ശബ്ദ സന്ദേശം, ആസാദ് (Azad Malayattil), ടി.കെ വിനോദന്‍ തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തകര്‍ സാമൂഹ്യമാധ്യമങ്ങലിലൂടെ പങ്കുവെച്ചത്.

”…. സെന്റര്‍ തരേണ്ട തുക (മുഴുവന്‍ എന്ന് ഒരിടത്ത് കണ്ടു, 95 ശതമാനം എന്ന് വേറൊരിടത്തും കണ്ടു) ഏതായാലും അത് കേരള ഗവണ്‍മെന്റിന് കിട്ടിക്കഴിഞ്ഞിട്ടുണ്ട്. അപ്പോള്‍ അത് പറയുന്നത് ശരിയേ അല്ല. സെന്ററിനെതിരായിട്ടുള്ളതല്ല സമരം. കേരള ഗവണ്‍മെന്റിന് എതിരാണെന്നതില്‍ തെറ്റില്ല. അതേസമയം, അവര്‍ സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ കാര്യം കൂടി പറയേണ്ടതാണ്. പറഞ്ഞിട്ടില്ലെങ്കില്‍.. ഞാന്‍ നേരിട്ടൊന്നും കണ്ടിട്ടില്ല. ഇല്ലെങ്കില്‍ തചീര്‍ച്ചയായിട്ടും അവരത് പറയേണ്ടതാണ്. ഞാന്‍ കണ്ട ഒന്ന രണ്ട് ഇന്റര്‍വ്യൂസില്‍ ആശാ വര്‍ക്കേഴ്‌സ് ആ കാര്യം പറയുന്നുമുണ്ട്; സെന്ററിന്റെയും സ്റ്റേറ്റിന്റെയും ഒരു ഉത്തരവാദിത്തമാണെന്നുള്ളത്.

ആശാവര്‍ക്കര്‍മാരെ ഏതു വര്‍ഗത്തിലാണ് പെടുത്തേണ്ടത്? അവര്‍ ഇന്നത്തെ ശമ്പളം വെച്ചു നോക്കുകയാണെങ്കില്‍ കേരളത്തിന്റെ സാമൂഹികാവസ്ഥ വെച്ച്, സാമ്പത്തികാവസ്ഥ വെച്ച് വളരെ താഴ്ന്ന തലത്തിലുള്ള മനുഷ്യരാണ്. മനുഷ്യര്‍ എന്നുതന്നെ ഞാന്‍ പറയട്ടെ. അതുകൊണ്ട് അവരെ സഹായിക്കുക, അവരുടെ നിവേദനം കേള്‍ക്കുക, ചുരുങ്ങിയത് അവരെ തെറി പറയാതിരിക്കുക. ഏറ്റവും മോശമായ ഭാഷയില്‍- എളമരം കരീമിന്റെയൊക്കെ ഭാഷ ഒരു മനുഷ്യനു സഹിക്കാന്‍ പറ്റില്ല. സ്ത്രീകളായതുകൊണ്ടു മാത്രം അവരെ ചീത്ത പറയുക. ഇത്തരം വൃത്തികെട്ട ഭാഷ ഉപയോഗിക്കുന്ന വൃത്തികെട്ട മനുഷ്യര്‍ ഉള്ളിടത്തോളം കാലം നമുക്ക് കമ്യൂണിസവും ഉണ്ടാവില്ല, വര്‍ഗസമരവും ഉണ്ടാവില്ല. വര്‍ഗ സഹാനുഭൂതിയും ഉണ്ടാവില്ല.

രണ്ടാമത് പറയേണ്ട കാര്യം ആശാവര്‍ക്കേഴ്‌സ് തുടങ്ങിയത് ഒരു തരം അസിസ്റ്റന്‍സ് പോലെയൊക്കെയാണ്. പിന്നീട് അവര്‍ക്ക് ഒരുപാട് ചുമതലകള്‍-ജോലികള്‍-കൂട്ടിയിട്ടുണ്ട്. അതിനനുസരിച്ച് ഉള്ള വേതനം അവര്‍ക്ക് വെറും നീതിയാണ്. അത് ആരു ചോദിച്ചാലും. എസ്.യു.സി.ഐയാവട്ടെ, കോണ്‍ഗ്രസ്സാവട്ടെ, മറ്റ് പാര്‍ട്ടികളോ യൂണിയനുകളോ ആവട്ടെ, ആരു ചോദിച്ചാലും അതിലൊരു വെറും നീതിയുണ്ട്. ആദ്യം തുടങ്ങിയപോലെയല്ല ആശാവര്‍ക്കര്‍മാരുടെ ഇന്നത്തെ ഡ്യൂട്ടി. ഒരുപാട് ജോലിയുണ്ട്. അതുകൊണ്ടു മാത്രം കഴിയുന്ന ആളുകളുണ്ട്. അവര്‍ക്ക് അവകാശപ്പെട്ടത് കൊടുക്കുക എന്നുള്ളത് അവരുടെ കൂടെ നില്‍ക്കുന്നു എന്നവകാശപ്പെടുന്ന ഒരു പാര്‍ട്ടിയുടെ അല്ലെങ്കില്‍ ഗവണ്മെന്റിന്റെ പ്രധാനപ്പെട്ട ചുമതലയാണ്.

നമ്മളെല്ലാം വര്‍ഗത്തില്‍കൂടി കാണാന്‍ ശീലിച്ചവരോ ശീലിക്കപ്പെട്ടവരോ ആണ്. അത് ശരിയല്ലെങ്കില്‍പോലും. കാരണം, വര്‍ഗം മാത്രമല്ല, വര്‍ണം, ജാതി, ലിംഗം ഇതൊക്കെത്തന്നെയും നമ്മുടെ സമൂഹത്തിലെ ഹൈറാര്‍ക്കികള്‍, ശ്രേണീക്രമങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതെല്ലാം ഒരേപോലെ പ്രധാനമാണെന്നു കരുതുന്ന ഒരാളാണ് ഞാന്‍. അപ്പോള്‍ ഏതായാലും വര്‍ഗം പ്രധാനമായി കരുതുന്നുവെങ്കില്‍ ഈ ആശാവര്‍ക്കര്‍മാരെ ഏതു വര്‍ഗത്തിലാണ് പെടുത്തേണ്ടത്? അവര്‍ ഇന്നത്തെ ശമ്പളം വെച്ചു നോക്കുകയാണെങ്കില്‍ കേരളത്തിന്റെ സാമൂഹികാവസ്ഥ വെച്ച്, സാമ്പത്തികാവസ്ഥ വെച്ച് വളരെ താഴ്ന്ന തലത്തിലുള്ള മനുഷ്യരാണ്. മനുഷ്യര്‍ എന്നുതന്നെ ഞാന്‍ പറയട്ടെ. അതുകൊണ്ട് അവരെ സഹായിക്കുക, അവരുടെ നിവേദനം കേള്‍ക്കുക, ചുരുങ്ങിയത് അവരെ തെറി പറയാതിരിക്കുക. ഏറ്റവും മോശമായ ഭാഷയില്‍- എളമരം കരീമിന്റെയൊക്കെ ഭാഷ ഒരു മനുഷ്യനു സഹിക്കാന്‍ പറ്റില്ല. സ്ത്രീകളായതുകൊണ്ടു മാത്രം അവരെ ചീത്ത പറയുക. ഇത്തരം വൃത്തികെട്ട ഭാഷ ഉപയോഗിക്കുന്ന വൃത്തികെട്ട മനുഷ്യര്‍ ഉള്ളിടത്തോളം കാലം നമുക്ക് കമ്യൂണിസവും ഉണ്ടാവില്ല, വര്‍ഗസമരവും ഉണ്ടാവില്ല. വര്‍ഗ സഹാനുഭൂതിയും ഉണ്ടാവില്ല. അപ്പോള്‍ അതുകൊണ്ട് ചുരുങ്ങിയത് മര്യാദക്ക് സംസാരിക്കാന്‍ പഠിക്കുക, ഒരു ഒത്തുതീര്‍പ്പിന് ശ്രമിക്കുക. ഈ കാര്യങ്ങള്‍ വളരെ ആവശ്യമാണ്.

പാര്‍ട്ടി എന്നു പറഞ്ഞ് പാര്‍ട്ടിയുടെ അടിമയാവേണ്ട കാര്യമില്ല. പാര്‍ട്ടിക്കും മീതെയാണ് വ്യക്തികള്‍. അവര്‍ക്കു സ്വന്തമായ ചിന്താശക്തിയുണ്ട്. അവര്‍ ഇത്തരം സമയങ്ങളിലെങ്കിലും പാര്‍ട്ടിക്ക് അതീതരായി വര്‍ഗത്തിന്റെ അടിസ്ഥാനത്തിലോ ലിംഗത്തിന്റെ അടിസ്ഥാനത്തിലോ-എപ്പോഴാണോ അങ്ങനെ ചിന്തിക്കേണ്ടത്, അപ്പോള്‍ അങ്ങനെ ചിന്തിക്കാന്‍കൂടി ശീലിക്കേണ്ടതുണ്ട്. അതുകൊണ്ട് ആശാവര്‍ക്കര്‍മാരുടെ സമരത്തോടു നൂറു ശതമാനം അനുഭാവമാണ് എനിക്ക് ഉണ്ടായിരുന്നത്, ഇപ്പോള്‍ ഉള്ളത്. അതില്‍ യാതൊരു മാറ്റവുമില്ല. എനിക്ക് ഇതു പറഞ്ഞതുകൊണ്ട് സാഹിത്യ അക്കാദമി പ്രസിഡണ്ടായി തുടരുന്നില്ലെങ്കില്‍ എനിക്കു വലിയ സന്തോഷമേയുള്ളു. കാരണം എനിക്ക് ഒട്ടും താല്‍പ്പര്യമില്ലായിരുന്നു. എന്നെക്കൊണ്ട് നിര്‍ബന്ധിച്ച് ഏറ്റെടുപ്പിച്ച ഒരു കാര്യമാണ്. അതുകൊണ്ട് അതില്‍ പ്രത്യേക താല്‍പ്പര്യമൊന്നുമില്ല. ഏതു നിമിഷവും പോവാന്‍ തയ്യാറായിത്തന്നെയാണ് ആദ്യദിവസംതൊട്ടു ഞാന്‍ വന്നത്. ആദ്യ ദിവസം ഞാന്‍ ചെയ്ത കാര്യം എല്ലാവര്‍ക്കുമറിയാം. അത് ഗവണ്മെന്റിന് അനുകൂലമല്ലാത്ത ഒരു കാര്യമായിരുന്നു. അപ്പോള്‍ അതുകൊണ്ട് അങ്ങനെയൊരു ഭയമില്ല. അങ്ങനെയൊരു ഭയം അറിഞ്ഞിട്ടില്ലാത്ത ആളാണ് ഞാന്‍. ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എനിക്കെതിരെ കേസുണ്ടായിട്ടുണ്ട്. അത് കമ്യൂണിസ്റ്റ് ഭരണകാലത്തു തന്നെയാണ്. അത്തരത്തിലുള്ള ഭയങ്ങളൊന്നും എന്നെ ഒട്ടും ബാധിക്കുന്നില്ല. …..”

 

 

Related