October 14 Wednesday 2026

മെസ്സിപ്രതാപവും ഫോമിലെത്താത്ത അർജൻറീന സ്ക്വാഡും

ഡാലസിലെ ആർലിംഗ്ടണിൽ നടന്ന അർജൻറീന – ഓസ്ട്രിയ മത്സരം. അർജൻറീനക്ക് അനുകൂലമായ ​പെനാൽറ്റി നഷ്ടപ്പെട്ട നിമിഷം, അതുവരെ മൈതാനത്തുണ്ടായിരുന്ന മെസ്സിയെ അല്ല പിന്നീട് കണ്ടത്. തന്റെ മുഖത്തെ ക്ഷീണം ശരീരത്തെയും കളിയെയും ഒരുപോലെ ബാധിച്ചതുപോലെ തോന്നിപ്പിച്ചെങ്കിലും, ആ തോന്നലുകൾക്ക് ആയുസ്സ് കുറവായിരുന്നു. നഷ്ടപ്പെടുത്തിയ പെനാൽറ്റിക്ക് പ്രായശ്ചിത്തം എന്നപോലെ, 38-ാം മിനിറ്റിൽ ഫകുണ്ടോ മെദീന (Facundo Medina) നൽകിയ ക്രോസ് ഒട്ടും പിഴവില്ലാതെ ഗോളാക്കി മാറ്റി. ഈ ഗോളിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്; അതറിയാൻ ഒൻപത് വർഷം പിന്നിലേക്ക്, അതായത് 2017-ലെ റയൽ മാഡ്രിഡ് Vs ബാഴ്സിലോണ എൽ ക്ലാസിക്കോ മത്സരത്തിലേക്ക് പോകണം. അന്ന് മത്സരം 2-2 സമനിലയിൽ നിൽക്കുമ്പോൾ അവസാന നിമിഷത്തിൽ ഇടതുവിങ്ങിൽ നിന്ന് ജോർഡി ആൽബ നൽകിയ ക്രോസ് മെസ്സി ഗോളാക്കി മാറ്റിയ അതേ സമാനമായ ഗോളായിരുന്നു ഇതും. ഒൻപത് വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ആ പ്രതാപത്തിന് ഒട്ടും മങ്ങലേറ്റിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു ആ നിമിഷം.

​ഇന്നലത്തെ മത്സരത്തോടെ മറ്റൊരു റെക്കോർഡിലേക്ക് കൂടിയാണ് അയാൾ നടന്നു കയറിയത്—ലോകകപ്പ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ! ഒരുപക്ഷേ മിറോസ്ലാവ് ക്ലോസെ (Miroslav Klose) ഇപ്പോൾ ദുഃഖിതനായിട്ടുണ്ടാകണം; തന്റെ കൈവശമുണ്ടായിരുന്ന ആ റെക്കോർഡിൽ താൻ ഒട്ടും സംതൃപ്തനായിരിക്കില്ല, കാരണം, ആ റെക്കോർഡിന് മുകളിൽ ലോകത്തിലെ എക്കാലത്തെയും മികച്ച കളിക്കാരന്റെ പേര് വന്നു കഴിഞ്ഞു. മെസ്സി നേടിയ ഓരോ ഗോളിന് പിന്നിലും വിമർശനങ്ങളുടെയും ആക്ഷേപങ്ങളുടെയും കഥകളുണ്ട്. പലതവണ വിമർശനങ്ങൾ നേരിട്ടെങ്കിലും, ഒടുവിൽ തന്നെ വിമർശിച്ചവരെപ്പോലും തന്റെ ആരാധകരാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു. ഒരു മനുഷ്യൻ ഇത്രത്തോളം ഉയരണമെങ്കിൽ എത്രത്തോളം ചെറുതാകണം എന്നതിന് ഉത്തമ ഉദാഹരണമാണ് ലയണൽ മെസ്സി. ഒരു 39-കാരൻ ഈ പ്രായത്തിലും ഇങ്ങനെ കളിക്കുന്നത് അത്ഭുതം തന്നെയാണ്, പക്ഷേ ഇത് മെസ്സിയാണ്. ഒരു തേനീച്ച പൂവിൽ നിന്ന് തേനെടുക്കുന്നത് എത്രത്തോളം എളുപ്പമാണോ, അത്രത്തോളം എളുപ്പമാണ് മെസ്സിക്ക് ഇതെല്ലാം! താരതമ്യങ്ങൾ എന്നോ അവസാനിച്ചിരിക്കുന്നു; ഹി ഈസ് സിംപ്ലി ദി ഗ്രേറ്റസ്റ്റ് ഫുട്ബോളർ ഓഫ് ഓൾ ടൈം. തീവ്ര വിമർശകർ പോലും തങ്ങളുടെ ഉള്ളിൽ അയാളോട് ആരാധന ഒളിപ്പിച്ചിട്ടുണ്ടാകും.

​എങ്കിലും, ഇന്നലെ 2-0 ത്തിന്റെ വിജയം നേടിയെങ്കിലും ഫുട്ബോൾ ആരാധകർ ഒട്ടും സംതൃപ്തരല്ല. ഇന്നലെ ശരിക്കും അർജന്റീന മത്സരത്തിൽ ഇഴഞ്ഞുനീങ്ങുകയായിരുന്നു. വലിയ രീതിയിൽ അറ്റാക്കിങ് ഫുട്ബോൾ കളിക്കാതെ, ഡിഫൻസീവ് മൈൻഡോടെ കളിച്ച് മെസ്സിയെ മാത്രം ആശ്രയിച്ചാണ് ടൂർണമെൻറ് മുന്നോട്ടുകൊണ്ടുപോകുന്നതെങ്കിൽ അത് അധികകാലം വിജയിക്കില്ല. അതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ടൂർണമെന്റിൽ ടീം നേടിയ അഞ്ച് ഗോളുകളും മെസ്സി തന്നെയാണ് നേടിയത് എന്നത്. മികച്ച സ്ക്വാഡ് ഉണ്ടായിട്ടുകൂടി യുവതാരങ്ങളെപ്പോലും കളത്തിലിറക്കാൻ മടിക്കുന്നത് എന്തുകൊണ്ടായിരിക്കാം എന്ന ചോദ്യമുയരുന്നുണ്ട്. ജൂലിയൻ അൽവാരസ്, ലൗട്ടാരോ മാർട്ടിനെസ് പോലുള്ള സ്ട്രൈക്കർമാർക്ക് മുന്നേറ്റ നിരയിൽ യാതൊരു രീതിയിലുള്ള ഇമ്പാക്റ്റും ഉണ്ടാക്കാൻ സാധിക്കാത്തത് അർജന്റീനയ്ക്ക് വലിയ രീതിയിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എങ്കിലും ഇതിഹാസങ്ങളുടെ ഈ സംഘം അർജന്റീനയാണ്, അവർ ശക്തമായി തിരികെ വരുമെന്ന് തന്നെ പ്രത്യാശിക്കാം..

Related