ഒരു അർജന്റീന ആരാധിക എന്ന നിലയിൽ ഏറ്റവും സമാധാനത്തോടെ ലോകകപ്പ് കാണുന്നത് ഇത് ആദ്യമായിട്ടാണ്. മെസ്സി എന്ന ഇതിഹാസതാരം ഫുട്ബോളിൽ പൂർണ്ണത കൈവരിച്ചതിന് ശേഷമുള്ള ലോകകപ്പ്. ഗ്രൂപ്പ് മത്സരങ്ങളിൽ മെസ്സിയുടെ ഗോളുകളിലൂടെ സമ്പൂർണ ആധിപത്യം. ഗ്രൂപ്പിലെ ഒന്നാമൻ. എന്നിരുന്നാലും നോക്കൗട്ട് മത്സരത്തെ കുറിച്ച് ആലോചിക്കുമ്പോൾ ആധിയില്ലാതില്ല. ചാഞ്ചാട്ടമുള്ള മനസ്സോടെ കളി കണ്ടുതീർക്കണമല്ലോ എന്നൊരാധി. കാരണം, നോക്കൗട്ടിൽ അർജൻറീന നേരിടുന്നത് കേപ് വെർഡെയെ ആണ്. കേപ് വെർഡെയുടെ കളി മികവിൽ മാത്രമല്ല, കേപ് വെർഡെ എന്ന കൊച്ചു ദ്വീപ് സമൂഹത്തോടുള്ള ചേർന്ന് നിൽക്കൽകൂടിയുണ്ട് ആ ചാഞ്ചാട്ടത്തിനു പിന്നിൽ.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തന്നെ മുൻ ചാമ്പ്യൻമാരായ സ്പെയിനെതിരെ കേപ് വെർഡെ തങ്ങളുടെ കരുത്ത് തെളിയിച്ചു. സ്പെയിന്റെ തുടർച്ചയായ ആക്രമണങ്ങളെ ഒന്നൊന്നായി ചെറുത്തുനിന്ന 41 വയസ്സുകാരനായ ഗോൾകീപ്പർ വോസിഞ്ഞ (Vozinha) രാജ്യത്തിന്റെ ദേശീയ നായകനായി ഉയർന്നു. പിന്നീട് ഉറുഗ്വേയെ 2-2 സമനിലയിലും തളച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും തോൽവിയറിയാതെ പൂർത്തിയാക്കി അവർ മറ്റൊരു ചരിത്രനേട്ടവും സ്വന്തമാക്കി. കന്നിയങ്കത്തിൽ തന്നെ നോക്കൗട്ടിൽ പ്രവേശിച്ചു.
എവിടെയാണ് കേപ് വെർഡെ? ആരാണിവർ, ഇതായിരുന്നു ഈ ലോകകപ്പ് ആരംഭംമുതൽ ഫുട്ബോൾ ലോകം അന്വേഷിച്ചിരുന്നത്. ലോകകപ്പിന് ഏതാനും ദിവസങ്ങൾക്കു മുൻപ് വരെ, കേപ് വെർഡെ എന്ന രാജ്യത്തെക്കുറിച്ച് കൂടുതല്പേര്ക്കും അറിവുണ്ടായിരുന്നില്ല. പക്ഷേ ഇന്ന്, ഗ്രൂപ്പ് ഘട്ടം മറികടന്ന് ഫുട്ബോളിന്റെ മഹാശക്തിയായ അർജന്റീനയെ നേരിടാനൊരുങ്ങുമ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ചർച്ചാവിഷയമാണ് ആ കൊച്ചുരാജ്യം. ആരാധകരുടെ മനസ്സിൽ ആ പേര് ആഴത്തിൽ പതിഞ്ഞുകഴിഞ്ഞു.
‘ടൂബറോസ് അസൂയിസ്’ അഥവാ ‘നീല സ്രാവുകൾ’ എന്നറിയപ്പെടുന്ന കേപ് വെർഡെ ടീം, കാൽപന്ത് കളിയുടെ അനന്തമായ നീലപ്പരപ്പിൽ അവരുടെ സാന്നിധ്യം അറിയിച്ചിരിക്കുന്നു. ഓരോ ഗ്രൂപ്പ് മത്സരങ്ങളിലും, ഓരോ താരങ്ങൾ മികവ് കാണിച്ചു. ഇവരിൽ പലരുടെയും ടീമിലേക്കുള്ള രംഗപ്രവേശനം തന്നെ അതിശയകരമാണ്. ബാങ്കിലെ മോർട്ട്ഗേജ് ഉപദേഷ്ടാവിൽ നിന്നാണ് കേപ് വെർഡെയുടെ പ്രതിരോധ നായകനായ പിക്കോ ലോപസ് ലോകകപ്പിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഒരു ലിങ്ക്ഡ്ഇൻ സന്ദേശമാണ് ഈ ചരിത്രത്തിന് വഴിയൊരുക്കിയത്. മികച്ച പരിശീലന കേന്ദ്രങ്ങളോ, ആഡംബര സൗകര്യങ്ങളോ ഇവർക്കില്ല. എന്നാൽ, ദ്വീപ് ജനതയുടെ പോരാട്ടവീര്യവും നിശ്ചയദാർഢ്യവുമുണ്ട്. കേപ് വെർഡെയുടെ മറ്റൊരു കരുത്ത് അവരുടെ പ്രവാസി സമൂഹമാണ്. രാജ്യത്തെ ജനസംഖ്യയേക്കാൾ കൂടുതലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന കേപ് വെർഡിയൻ വംശജരുടെ എണ്ണം. ദേശീയ ടീമിലെ നിരവധി താരങ്ങളും യൂറോപ്പിൽ ജനിച്ച് വളർന്നവരാണ്.
അറ്റ്ലാന്റിക് സമുദ്രത്തിൽ, പശ്ചിമ ആഫ്രിക്കയുടെ തീരത്തുനിന്ന് അകലെയായി സ്ഥിതിചെയ്യുന്ന മനോഹരമായ ദ്വീപ് സമൂഹമാണ് കാബോ വെർഡെ. കേവലം 5.3 ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു ചെറിയ രാജ്യമാണെങ്കിലും, ഇന്ന് ആഫ്രിക്കൻ ഫുട്ബോളിലെ വമ്പൻ ശക്തികളായി കേപ് വെർഡെ മാറിയിരിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ കണ്ടെത്തി അധിനിവേശമാരംഭിച്ച ഈ ദ്വീപ് പിന്നീട് പോർച്ചുഗീസ്-ആഫ്രിക്കൻ സംസ്കാരങ്ങളുടെ സംഗമഭൂമിയായി മാറി. 1975-ൽ പോർച്ചുഗലിൽ നിന്ന് സ്വാതന്ത്ര്യം നേടിയ രാജ്യം, സാമ്പത്തിക വിഭവങ്ങളുടെ പരിമിതിയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഉണ്ടായിരുന്നിട്ടും, ഫുട്ബോളിനോടുള്ള അടങ്ങാത്ത സ്നേഹമാണ് ലോകകപ്പ് വേദിയിലേക്ക് അവരെ എത്തിച്ചത്. ഇതോടെ ലോക കപ്പില് അരങ്ങേറ്റം കുറിച്ച വർഷം തന്നെ നോക്കൗട്ട് ഘട്ടത്തിലെത്തുന്ന ഏറ്റവും ചെറിയ രാജ്യമായി കേപ് വെർഡെ ചരിത്രം കുറിച്ചു.
നാളെ ലോക ലോക ചാമ്പ്യൻമാരായ അർജൻറീനയോട് ഏറ്റുമുട്ടാനിറങ്ങുമ്പോൾ കേപ് വെർഡിയൻ ജനത തങ്ങളുടെ ടീമിനോടുള്ള അചഞ്ചലമായ വിശ്വാസമാണ് പങ്കുവെക്കുന്നത്. പുതുവിജയചരിത്രം കുറിക്കുമെന്ന ആത്മവിശ്വാസമാണ് അവരുടെ വാക്കുകളിൽ നിറയുന്നത്. അവരാ ചരിത്ര നിമഷത്തിന് കാത്തിരിക്കുകയാണ്. ഈ ലോകകപ്പ് നീലസ്രാവുകൾക്ക് ഒരു തുടക്കം മാത്രമാണ്, ഫുട്ബോളിന്റെ പുതിയ നാഴികക്കല്ലുകൾ അവർ കീഴടക്കുമെന്നതിൽ സംശയമില്ല. കടുത്ത അർജൻറീന ആരാധകർ പോലും നോക്കൗട്ട് മത്സരത്തിൽ കേപ് വെർഡെ ജയിച്ചു കയറട്ടെ എന്നാഗ്രഹിക്കുന്നു. അതിനുപിന്നിലെ മനഃശാസ്ത്രം ആ ജനതയോടുള്ള ചേർന്നു നിൽക്കൽ കൂടിയാണ്.
