August 9 Sunday 2026

പഴയ നിലയിൽ നിന്ന് സംഘടന മുന്നോട്ട് പോയിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ലെന്നും അങ്ങനെ ആയിരുന്നെങ്കിൽ അതിജീവിത ആയിട്ടുള്ള നടി ഇന്ന് അതിൽ അംഗമാകുമായിരുന്നുവെന്നും എഴുത്തുകാരിയും ചലച്ചിത്ര പ്രവർത്തകയുമായ ദീദി ദാമോദരൻ പറഞ്ഞു. നടന്‍ ടിനി ടോമിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയ നടി അന്‍സിബ ഹസന് പിന്തുണച്ചുകൊണ്ട് നടത്തിയ പ്രതികരണത്തിലാണ് ദീദി ദാമോദരൻ ഇക്കാര്യം പറഞ്ഞത്.

സ്വന്തം അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവർക്കും നിലപാടുകൾ വ്യക്തമാക്കുന്നവർക്കും സംഘടനയ്ക്ക് പുറത്തുപോകേണ്ടി വരുന്ന സാഹചര്യം ശരിയല്ലെന്നും, നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷവും സംഘടനയുടെ മുൻപത്തെ നിലപാടുകളിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും അവർ ഇതിലൂടെ ചൂണ്ടിക്കാണിക്കുന്നു – ദീദി ദാമോദരൻ പറഞ്ഞു.

അൻസിബയെപ്പോലെ ഒരാൾക്ക് സംസാരിക്കണമെങ്കിൽ സംഘടനയ്ക്ക് പുറത്തുപോകേണ്ടിവരും എന്നുപറഞ്ഞാൽ സംഘടനയ്ക്ക് അകത്ത് ജനാധിപത്യമില്ല എന്നാണ് അതിന്റെ അർത്ഥം. ഇതിനു മുൻപും എ.എം.എം.എ.യ്ക്ക് അകത്തുനിന്ന് സംസാരിച്ച സ്ത്രീകൾക്ക് അവിടെ നിന്ന് പുറത്തു പോകേണ്ടി വന്നു. എത്രയോ കാലമായി അവിടെ അംഗമായ ആളുകളാണ്. അവരുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ സംഘടനയ്ക്ക് പുറത്തുപോകേണ്ടി വരുന്നു എന്നത് ശരിയല്ല.

അന്‍സിബയുടെ പ്രതികരണം പോസിറ്റീവായാണ് തോന്നിയതെന്നും എഎംഎംഎയില്‍ നിന്ന് ഇരുമ്പ് മറ തകര്‍ത്ത് അന്‍സിബ പുറത്തുവന്നെന്നും ദീദി ദാമോദരന്‍ പറഞ്ഞു. അന്‍സിബയ്ക്ക് പുറത്തേക്ക് വരേണ്ടിവന്നത് ദൗര്‍ഭാഗ്യകരമാണെന്നും അവര്‍ പറഞ്ഞു. ‘പ്രതിഷേധിക്കാന്‍ സാധിക്കും എന്നത് പോസിറ്റീവായ കാര്യമാണ്. സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദിക്കേണ്ടതുണ്ട് എന്ന് കരുതിയ സ്ത്രീകളെല്ലാം എഎംഎംഎയ്ക്ക് പുറത്താണ്. പുറത്തുനിന്നാണ് അവര്‍ക്ക് സംസാരിക്കേണ്ടി വന്നത്. പുറത്തുനിന്നാലും സംസാരിക്കണം’- ദീദി ദാമോദന്‍ പറഞ്ഞു.

ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളാണ് അൻസിബ ഹസൻ ഉന്നയിച്ചത്. എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി വന്നത് മുതല്‍ തനിക്ക് എതിരെ ആരോപണങ്ങള്‍ തുടങ്ങിയതാണെന്നും ഒരു കമ്മിറ്റി ആകുമ്പോള്‍ എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ ഒന്നാകില്ലെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് വ്യക്തിപരമായി എടുക്കുന്നുവെന്നും ആരോപിച്ചാണ് അന്‍സിബ ഹസൻ രംഗത്തുവന്നത്.