ജനപക്ഷത്തിന്റെ കഴിഞ്ഞ കാല താളുകൾ ഗൗരവപ്പെട്ട വായനകളും വിശകലനങ്ങളും രാഷ്ട്രീയ കേരളത്തിന് സമ്മാനിച്ചിട്ടുണ്ട്. ധാരാളം എഴുത്തുകാർ ജനപക്ഷത്തിന്റെ ഉള്ളടക്കത്തെ വൈവിധ്യത്തോടെ സമ്പന്നമാക്കി. കേൾപ്പിക്കപ്പെടാത്ത ശബ്ദങ്ങളും ചോദിക്കപ്പെടാത്ത ചോദ്യങ്ങളും ജനപക്ഷം കേൾപ്പിക്കുകയും ചോദിക്കുകയും ചെയ്തിട്ടുണ്ട്. നോട്ടങ്ങളെത്താത്ത അരികുകളിലേക്കും മൂലകളിലേക്കും ജനപക്ഷത്തിന്റെ നോട്ടങ്ങളെത്തി. നിഷ്പക്ഷത കാപട്യമാണെന്ന് മനസ്സിലാക്കി ജനകീയ പക്ഷത്തു നിന്നു കൊണ്ടുള്ള നിലപാടുകൾ വിളിച്ചു പറഞ്ഞു. ഉപരിപ്ലവമായ വിശകലനങ്ങൾക്ക് പകരം വിഷയങ്ങളുടെ കാമ്പും കാതലും മുന്നിൽ വെച്ച് കൊണ്ട് രാഷ്ട്രീയം സംസാരിച്ചു. കലയിലെയും കവിതയിലെയും രാഷ്ട്രീയത്തെയും അതിന്റെ സൗന്ദര്യത്തെയും വായനക്കാരിലെത്തിച്ചു.
മറുവായനകൾക്കും സൂക്ഷ്മ വായനകൾക്കും വിഷയങ്ങളുടെ യഥാർത്ഥ ജനകീയ സമീപനങ്ങൾ അന്വേഷിക്കാനും ധാരാളം പേർ ജനപക്ഷത്തിന്റെ വരിക്കാരായുണ്ട്. കൂടുതൽ ഗൗരവമുള്ള രാഷ്ട്രീയന്വേഷണങ്ങളുമായി ജനപക്ഷം നിങ്ങളിലേക്കെത്തുകയാണ്. കേവല വായനക്കപ്പുറം നിങ്ങളുടെ കൂടി നിരീക്ഷണങ്ങളും അഭിപ്രായങ്ങളും പങ്ക് വെക്കാവുന്ന ഒരിടം കൂടിയായി ഇതിനെ കാണണം എന്നോർമ്മപ്പെടുത്തുന്നു.
സ്നേഹപൂർവം
റസാഖ് പാലേരി
സംസ്ഥാന പ്രസിഡണ്ട്
വെൽഫെയർ പാർട്ടി
