November 12 Thursday 2026

പേരവടി മണമുള്ളൊരു നബിദിന ഓര്‍മ

നാരങ്ങാവെള്ളം വിതരണം ചെയ്ത അവസാന പോയിന്റായിരുന്നു അത്. സഹോദരങ്ങളായ കുട്ടിയച്ചൻ ചേട്ടനും ജോസേട്ടനും കുഞ്ഞും ചേർന്ന് നടത്തുന്ന ബ്രദേഴ്‌സ് ഹോട്ടലിന്റെ മുൻവശം. അവിടുത്തെ നാരങ്ങാവെള്ളത്തിന്റെ ചുമതല അവർക്കായിരുന്നു. എല്ലാവർക്കും “പ്യാരി” എന്ന് പച്ചക്കളറിൽ എഴുതിയ, പ്ലാസ്റ്റിക് പൊതിഞ്ഞ തവിട്ടുനിറത്തിലുള്ള മുട്ടായിയും കിട്ടുമായിരുന്നു.

ഗ്ലാസിലെ അവസാന തുള്ളി നാവിലേക്ക് ഇറ്റിക്കുമ്പോഴാണ് ഞാൻ കണ്ടതാ-ജി ബസ്സിൽ നിന്ന് ഇറങ്ങുന്ന വാപ്പയെ. നെഞ്ച് ഒന്ന് കാളി. വയറിലൂടെ ഒരു മിന്നൽ പാഞ്ഞു. കാലും കയ്യും തളർന്നുപോകുന്നതുപോലെ തോന്നി.
നബിദിന റാലിക്ക് പോകരുതെന്ന് പ്രത്യേകം പറഞ്ഞിട്ടാണ് ബാപ്പ മുണ്ടക്കയത്തേക്ക് പോയത്. പക്ഷേ, വഴിനീളെ കിട്ടാനുള്ള നാരങ്ങാവെള്ളത്തിന്റെയും രസ്നയുടെയും മുട്ടായിയുടെയും ഓർമ്മയിൽ ഉമ്മച്ചിയോട് ചോദിച്ചു ചോദിച്ച് നിർബന്ധം പിടിച്ച് വന്നതാണ് ഞാൻ. വാപ്പ ഉടനെ തിരിച്ചുവരില്ലെന്ന വിശ്വാസത്തിൽ. ഘോഷയാത്രയിൽ നടക്കുമ്പോൾ എല്ലാം അല്ലാഹുവിനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഒന്നും പ്രയോജനപ്പെട്ടില്ല. വാപ്പ പെട്ടെന്ന് തിരിച്ചുവന്നു. ഞാൻ റോഡിൽ നിന്ന് നാരങ്ങാവെള്ളം കുടിക്കുന്നത് കണ്ടു.

വീട്ടിൽ എല്ലാ കാലവും നബിദിനം ഒരു തർക്കവിഷയമായിരുന്നു. അവിശ്വാസിയായതിനാൽ കുട്ടികളെക്കൊണ്ട് ഇത്തരം കോലങ്ങൾ കെട്ടിക്കരുതെന്ന് നിർബന്ധമുള്ള വാപ്പ. നബി ജനിച്ചതും മരിച്ചതും ഒരേ ദിവസമായതിനാൽ ആഘോഷിക്കരുതെന്ന് നിർബന്ധമുള്ള താടി വാപ്പച്ചി. “കുട്ടികളല്ലേ? അവരുടെ ആഗ്രഹം അല്ലേ? ഒന്ന് നബിദിന റാലിക്ക് പോയാൽ എന്താ കുഴപ്പം?” എന്ന് ചിന്തിക്കുന്ന ഉമ്മച്ചി. ഈ മൂവരുടെയും തർക്കം. എന്നാൽ, ഞങ്ങൾ ഓത്തുപള്ളിയിൽ പോകുന്നതിന് വാപ്പായ്ക്കോ താടി വാപ്പച്ചിക്കോ ഒരു തടസ്സവുമുണ്ടായിരുന്നില്ല. താടി വാപ്പച്ചി സ്വന്തം നിലയിൽ അറബി വ്യാകരണവും ഇസ്‌ലാമിക് ഹിസ്റ്ററിയും ഞങ്ങളെ പഠിപ്പിക്കുമായിരുന്നു. പക്ഷേ, നബിക്ക് ജയ് വിളിക്കുന്ന ഏർപ്പാടുകളൊന്നും പുള്ളിക്ക് താൽപ്പര്യമില്ലായിരുന്നു.

വാപ്പ വീട്ടിലെത്തുന്ന ദിവസങ്ങൾ കാത്തിരിക്കുന്ന ഞങ്ങൾക്ക് നബിദിനത്തിന്റെ അവധിക്ക് വാപ്പ വരണമെന്നേ ഇല്ലായിരുന്നു. റബിഉൽ അവ്വൽ 1 മുതൽ 12 വരെയുള്ള ദിവസങ്ങളിലെ ആഘോഷങ്ങൾ നഷ്ടപ്പെടുത്തുന്നതിൽ അത്രയേറെ വിഷമമായിരുന്നു. ആ പന്ത്രണ്ട് ദിവസവും മതപ്രസംഗമുണ്ടാകും. മഗ്രിബ് മുതൽ ഇഷാ നമസ്‌കാരം വരെ ഖുർആൻ ക്വിസ്, ഖുർആൻ ഓതൽ, മാപ്പിളപ്പാട്ട് തുടങ്ങിയവയിൽ കുട്ടികളുടെ മത്സരങ്ങൾ. ഈ നാളുകളിലാണ് പ്രായപൂർത്തിയായ സ്ത്രീകൾക്ക് പള്ളിമുറ്റത്ത് പ്രവേശിക്കാൻ കഴിയുക. പാതിരാവാകുവോളം മതപണ്ഡിതന്മാരെ കേൾക്കുക. ആ കാലങ്ങളിൽ മതപ്രസംഗം സാക്ഷിയാക്കി പല പ്രണയങ്ങളും പൂവിടും. ഞാനൊക്കെ മുട്ടായി പ്രതിഫലം പറ്റി എത്ര പ്രണയലേഖനങ്ങൾക്ക് ഹംസവും മേഘവുമായിട്ടുണ്ടെന്നോ!
നാടെങ്ങും പച്ച തോരണങ്ങൾ കൊണ്ട് വിതാനിക്കും. പള്ളിയും പരിസരങ്ങളും റോഡുമെല്ലാം വൃത്തിയാക്കും. നബിദിനത്തിന്റെ അന്ന് രാവിലെ കുളിച്ചൊരുങ്ങി പച്ചപ്പാവാടയും വെള്ള ബ്ലൗസും പച്ച തലേത്തട്ടവും ഇട്ട് നിൽക്കും-നബിദിന ജാഥയ്ക്ക് പോകാനേയ്.

ജാഥയിലെ പ്രധാന പരിപാടി നാട്ടിലെ കാശുള്ള വീട്ടുകാർ വഴിയിലൊക്കെ ഇടക്കിടെ കലക്കിവച്ചിരിക്കുന്ന നാരങ്ങാവെള്ളമായിരുന്നു. ചിലപ്പോൾ മുട്ടായിയും. “നമുക്കും നാരങ്ങാവെള്ളം കൊടുക്കാമെന്ന്” പറഞ്ഞ് ഞാനും വീട്ടിൽ വഴക്കുണ്ടാക്കുമായിരുന്നു അന്നൊക്കെ. അതൊക്കെ വലിയ അന്തസ്സായിരുന്നു. വേലികൾക്കരുകിൽ പെണ്ണുങ്ങൾ ഘോഷയാത്ര കാണാനായി നിൽക്കാറുണ്ട്. അവിടെയെവിടെയെങ്കിലും ഞാൻ പ്രേമലേഖനം വാങ്ങിക്കൊടുത്തവർ നിൽപ്പുണ്ടെങ്കിൽ ഞാൻ നോക്കി ചിരിക്കും. പക്ഷേ, അവർ നമ്മളെ മൈൻഡ് ചെയ്യില്ല. ഒന്നുമറിഞ്ഞില്ലെന്ന ഭാവത്തിൽ അവർ നിൽക്കും. ജാഥയ്ക്കവസാനം പൊതുസമ്മേളനവും പ്രസംഗവുമുണ്ടാകും. നാട്ടിലെ വിവിധ ജാതി-മതസ്ഥരിലെ പ്രമാണിമാരുടെ സാന്നിധ്യവും. അവരും എന്തൊക്കെയോ പറയും. ആർക്കും ഒന്നും മനസ്സിലാകാതെ അതും അവസാനിക്കും. പിന്നെ നേർച്ചച്ചോറ് കഴിച്ച് വീട്ടിലേക്ക്.

നബിദിനം കഴിഞ്ഞാലും ഒരാഴ്ചത്തേക്ക് പെണ്ണുങ്ങൾ തലയിൽ നിന്ന് തുണി എടുക്കാറില്ല. കൊച്ചു വർത്തമാനത്തിനിടയിലെല്ലാം ഖുർആനെയും നബിചര്യകളെയും വ്യാഖ്യാനിക്കും-“അതു ചെയ്യാൻ പാടില്ല, ഇതു ചെയ്യാൻ പാടില്ല, ഏഷണി പറയരുത്, പരദൂഷണം പറയരുത്” എന്നൊക്കെ. കുറച്ച് ദിവസം കഴിയുമ്പോൾ എല്ലാം സാധാരണപോലെയാകും. ഇനി അടുത്ത വർഷത്തേക്ക് മതിയല്ലോ എല്ലാം. നബിദിനവും മതപ്രസംഗവും ബോധോദയവും മറവിയും ജീവിതവും-എല്ലാം ഒരു ടൈം ലൂപ്പിലിങ്ങനെ സംഭവിക്കുകയാണ്.
പക്ഷേ വാപ്പയ്ക്ക് ഈ ജാഥ ഇഷ്ടമേയല്ല. അതുകൊണ്ട് തലേന്ന് മുതലേ പ്രാർത്ഥനയാണ്-വാപ്പ ജോലിസ്ഥലത്തുനിന്ന് വരരുതേ എന്ന്. എങ്ങാനും വന്നാൽ ഞങ്ങളെ ഘോഷയാത്രയ്ക്ക് വിടാതെ പിടിച്ചുനിർത്തും. ഉമ്മച്ചിക്ക് സങ്കടം വരും. കണ്ണു കലങ്ങും. ഞങ്ങൾക്കും കരച്ചിൽ വരും. പിന്നെ ആകെ ഒരു മൂകതയാണു വീട്ടിൽ.

വൈകുന്നേരമേ വീട്ടിലെത്തൂ എന്ന് കരുതി ആശ്വസിച്ചിരുന്ന എന്റെ മനസ്സിൽ തീ കോരിയിട്ടാണ് വാപ്പ പെട്ടെന്ന് തിരിച്ചുവന്നത്. അത്രനേരത്തെ സന്തോഷമൊക്കെ, അത്രനേരം കുടിച്ച നാരങ്ങാവെള്ളമൊക്കെ, അത്രനേരം ഉറക്കെ വിളിച്ച ജാഥയിലെ മുദ്രാവാക്യങ്ങളൊക്കെ-എന്റെ മനസ്സിൽ നിന്ന് ഇറങ്ങിപ്പോയി. പേടി. പേടി മാത്രമാണ് മനസ്സിൽ. പള്ളിയിലെ നേർച്ചച്ചോറ് കഴിക്കാനോ ചക്കരക്കഞ്ഞി കുടിക്കാനോ മനസ്സ് വന്നതേയില്ല. വീട്ടിൽ ചെന്നാൽ വാപ്പ എങ്ങനെയായിരിക്കും പ്രതികരിക്കുക? ഉമ്മച്ചിയോ താടി വാപ്പച്ചിയോ എന്റെ രക്ഷയ്ക്ക് എത്തുമോ?
വാപ്പ മുറ്റത്തുതന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. പിറകിൽ കെട്ടിയിരിക്കുന്ന കയ്യിൽ പേരവടിയാണെന്ന് മുറ്റത്ത് വീണുകിടക്കുന്ന പേരയിലകൾ സാക്ഷ്യം പറഞ്ഞു. ഉമ്മച്ചി കണ്ണുനിറച്ച് വാതിൽക്കൽ നിൽപ്പുണ്ട്. അടി കിട്ടും എന്ന് മനസ്സുകൊണ്ട് ഉറപ്പിച്ചു.

ഹോ! അടിയുടെ വേദനയെക്കാൾ എത്ര ഭീകരമാണെന്ന് അറിയാമോ-അടി കിട്ടുമെന്ന് ഉറപ്പിക്കുന്ന ആ നിമിഷങ്ങൾ!
ഒരൊറ്റ അടിയേ ഉണ്ടായിരുന്നുള്ളൂ. ഈ അൻപത്തിയഞ്ചാം വയസ്സിലും വേദന തോന്നാൻ പാകത്തിൽ ഒന്ന്…
വാപ്പ എന്നെ ആകെ രണ്ട് പ്രാവശ്യമേ അടിച്ചിട്ടുള്ളൂ. രണ്ടാമത്തേത് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കണക്കിന് കിട്ടിയ ആറ് മാർക്കിന്റെ ഇപ്പുറത്ത് നാല് കൂടി ചേർത്തെഴുതിയതിനായിരുന്നു. പ്രീ-ഡിഗ്രിക്ക് പഠിക്കുമ്പോൾ പോലും. ഉമ്മച്ചി അറഞ്ചം പുറഞ്ചും തല്ലിയിട്ടുണ്ട്.

Related