ഇന്ത്യയുടെ മഹത്തായ പാരമ്പര്യം നമ്മെ പഠിപ്പിക്കുന്നത് വൈവിധ്യങ്ങൾക്കിടയിലെ സഹവർത്തിത്വമാണ്. വ്യത്യസ്ത മതങ്ങളും ജാതികളും ഭാഷകളും സംസ്കാരങ്ങളും നിലനിൽക്കുമ്പോഴും മനുഷ്യരെ മനുഷ്യരായി കാണാനും പരസ്പരം സഹോദരങ്ങളായി ജീവിക്കാനുമുള്ള മഹത്തായ സന്ദേശമാണ് നമ്മുടെ രാജ്യം ലോകത്തിന് നൽകിയിട്ടുള്ളത്. ആ ഇന്ത്യയെയാണ് ഇന്ന് ചിലർ തകർക്കാൻ ശ്രമിക്കുന്നത്.
ഉത്തർപ്രദേശിലും ബിഹാറിലും പശ്ചിമബംഗാളിലുമെല്ലാം ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന തിരഞ്ഞെടുപ്പ് ലക്ഷ്യത്തിനപ്പുറം മതേതരത്വത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള രാഷ്ട്രീയമാണ് നമുക്ക് ആവശ്യം. മതേതരത്വം ബി.ജെ.പിയെ തോൽപ്പിക്കാനുള്ള ഒരു തെരഞ്ഞെടുപ്പ് തന്ത്രം മാത്രമല്ല. അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവാണ്.
ഇന്ന് ബി.ജെ.പിയും ആർ.എസ്.എസും ഹിന്ദുക്കളുടെ രക്ഷകരാണെന്ന് അവകാശപ്പെടുകയാണ്. എന്നാൽ, യാഥാർഥ്യം എന്താണ്? ഹിന്ദുക്കളുടെ പേരിൽ രാഷ്ട്രീയം കളിക്കുന്നവർ യഥാർഥത്തിൽ ഹിന്ദുക്കളുടെ ജീവിതത്തെയും വിശ്വാസത്തെയും സംരക്ഷിക്കുന്നുണ്ടോ? ഈ ചോദ്യം നാം ഗൗരവമായി ഉന്നയിക്കേണ്ട സമയമാണിത്.
ഒരു ചെറിയ ഉദാഹരണം പറയാം. കഴിഞ്ഞ പത്തുവർഷത്തിനിടെ ഡൽഹിയിലും പരിസരപ്രദേശങ്ങളിലും നടന്ന ആൾക്കൂട്ട ആക്രമണങ്ങളെക്കുറിച്ചുള്ള വിശദമായ ഒരു പഠനം അടുത്തിടെ പുറത്തുവന്നിട്ടുണ്ട്. ആ റിപ്പോര്‍ട്ടിലൂടെ കടന്നുപോകുമ്പോൾ ഞെട്ടിക്കുന്ന ഒരു യാഥാർഥ്യം തിരിച്ചറിയാം. ഹിന്ദുത്വ ശക്തികളുടെ ആൾക്കൂട്ട ആക്രമണങ്ങൾക്ക് ഇരയായവരിൽ വലിയൊരു വിഭാഗം ഹിന്ദുക്കൾ തന്നെയാണ്. ദലിതരും സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരുമായ ഹിന്ദുക്കൾ പോലും ഇത്തരം ആക്രമണങ്ങളുടെ ഇരകളാകുന്നു.
ഹിന്ദുക്കളുടെ രക്ഷകരെന്ന് അവകാശപ്പെടുന്നവരുടെ രാഷ്ട്രീയത്തിൽ ഹിന്ദുക്കൾ തന്നെ ഇരകളാകുന്ന ഈ വൈരുധ്യം നാം തിരിച്ചറിയണം. ഇത് വെറുപ്പിന്റെയും വംശീയതയുടെയും രാഷ്ട്രീയത്തിന്റെ അനിവാര്യമായ പരിണതിയാണ്. ഭരണകൂടത്തിന്റെയും ഭരണകക്ഷിയുടെയും നേതാക്കളുടെയും പരാജയങ്ങൾ മറച്ചുവെക്കാൻ മറ്റുള്ളവർക്കെതിരായ വിദ്വേഷ പ്രചാരണങ്ങളെ ഉപയോഗിക്കുകയാണ് അവർ ചെയ്യുന്നത്. മറ്റുള്ളവരോടുള്ള പക വളർത്തി ജനങ്ങളെ യഥാർഥ പ്രശ്നങ്ങളിൽനിന്ന് അകറ്റുന്നു. അങ്ങനെ സർക്കാറിന്റെ പരാജയങ്ങളും നേതാക്കളുടെ വീഴ്ചകളും ജനങ്ങൾ മറന്നുപോകുന്നു.
എന്നാൽ, ആത്യന്തികമായി ഇത്തരം നയങ്ങളുടെ ഇരകളാകുന്നത് നമ്മൾ തന്നെയാണ്. നോട്ടുനിരോധനത്തിന്റെ ദുരിതങ്ങൾ, കോവിഡ് കാലത്തെ ഭരണപരമായ വീഴ്ചകൾ, സാധാരണക്കാരുടെ ജീവിതത്തെ തകർത്ത സാമ്പത്തിക പ്രതിസന്ധികൾ എന്നിവയെല്ലാം നാം അനുഭവിച്ചതാണ്. ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം അവരുടെ ശ്രദ്ധ തിരിക്കാനാണ് വിദ്വേഷ രാഷ്ട്രീയം ഉപയോഗിക്കുന്നത്.
രാമന്റെ പേരിൽ രാഷ്ട്രീയം; ക്ഷേത്രങ്ങളുടെ പേരിൽ കൊള്ള
ഇവരുടെ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വൈരുധ്യങ്ങളിലൊന്ന് മതവിശ്വാസത്തെ ഉപയോഗിക്കുന്ന രീതിയാണ്. രാമന്റെ പേരിൽ വെറുപ്പ് പ്രചരിപ്പിക്കുന്നവർ ക്ഷേത്രങ്ങളെ വിശ്വാസത്തിന്റെയും ആത്മീയതയുടെയും കേന്ദ്രങ്ങളിൽനിന്ന് മാറ്റി രാഷ്ട്രീയ അധികാരം നേടാനുള്ള ഉപകരണങ്ങളാക്കി മാറ്റുകയാണ്.
അവർ രാമക്ഷേത്രം നിർമിച്ചു. എന്നാൽ, അതുകൊണ്ട് അവസാനിച്ചോ അവരുടെ രാഷ്ട്രീയം? ഇല്ല. ക്ഷേത്രങ്ങളുടെ പേരിൽ നടക്കുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സംഭാവനകളെക്കുറിച്ചും ഭൂമി കൈമാറ്റങ്ങളെക്കുറിച്ചും നിരവധി ചോദ്യങ്ങൾ ഉയരുകയാണ്.
ഭക്തർ സമർപ്പിക്കുന്ന കോടിക്കണക്കിന് രൂപയുടെ കണക്കെവിടെ? ക്ഷേത്ര ട്രസ്റ്റുകളുടെ പേരിൽ നടക്കുന്ന സാമ്പത്തിക ഇടപാടുകളിൽ എന്താണ് സുതാര്യത? ക്ഷേത്രങ്ങളുടെ ഭൂമിയും സ്വത്തുക്കളും ആരുടെ നിയന്ത്രണത്തിലാണ്? വിശ്വാസത്തിന്റെ പേരിൽ ജനങ്ങൾ നൽകുന്ന സംഭാവനകൾ എന്തിനുവേണ്ടിയാണ് വിനിയോഗിക്കുന്നത്? ഇവയെല്ലാം ജനങ്ങൾക്ക് അറിയാനുള്ള അവകാശമുണ്ട്.
ക്ഷേത്രങ്ങളുടെ പേരിൽ സമാഹരിക്കുന്ന പണവും ക്ഷേത്രങ്ങളുടെ സ്വത്തുക്കളും ഏതാനും വ്യക്തികളുടെ സാമ്പത്തിക താൽപര്യങ്ങൾക്കുള്ള ഉപാധിയായി മാറുന്നുണ്ടെങ്കിൽ അതിനെ ചോദ്യം ചെയ്യേണ്ടതില്ലേ?ഇത് ഹിന്ദു വിശ്വാസത്തിനെതിരായ വിമർശനമല്ല. മറിച്ച്, ഹിന്ദു വിശ്വാസത്തെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയത്തിനെതിരായ വിമർശനമാണ്. ഭക്തിയുടെ പേരിൽ ജനങ്ങളെ വഞ്ചിക്കുന്നതും വിശ്വാസത്തെ അധികാരത്തിനും സമ്പാദ്യത്തിനുമുള്ള ഉപകരണമാക്കുന്നതും ഹിന്ദു ധർമത്തോടുതന്നെയുള്ള വഞ്ചനയാണ്.
ഹിന്ദു വിശ്വാസത്തെ സംരക്ഷിക്കണമെങ്കിൽ ആദ്യം വിശ്വാസത്തെ രാഷ്ട്രീയ കച്ചവടത്തിൽനിന്ന് മോചിപ്പിക്കണം. മുസ്ലിം വിരുദ്ധതയാണ് ഇവരുടെ തിരഞ്ഞെടുപ്പ് തന്ത്രം. ഇവരുടെ തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള പദ്ധതി എന്താണെന്ന് നാം തിരിച്ചറിയണം. അതൊരു വികസന പദ്ധതിയല്ല. അതൊരു വംശീയ ധ്രുവീകരണ പദ്ധതിയാണ്. ജനങ്ങളെ ഹിന്ദു, മുസ്ലിം എന്നിങ്ങനെ വേർതിരിക്കുക. മുസ്ലിം വിരുദ്ധ പ്രചാരണങ്ങളിലൂടെ ഹിന്ദുക്കളിൽ ഭയം സൃഷ്ടിക്കുക. ആ ഭയത്തെ വോട്ടാക്കി മാറ്റുക. ഇതാണ് അവരുടെ പ്രധാന രാഷ്ട്രീയ തന്ത്രം. തൊഴിലില്ലായ്മയെക്കുറിച്ച് ചോദിച്ചാൽ മതത്തിന്റെ കാര്യം പറയും. വിലക്കയറ്റത്തെക്കുറിച്ച് ചോദിച്ചാൽ മുസ്ലിംകളെക്കുറിച്ച് സംസാരിക്കും. കർഷകർ ദുരിതത്തിലാകുമ്പോൾ മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കും.
ഭരണപരമായ പരാജയങ്ങളെക്കുറിച്ചുള്ള ഓരോ ചോദ്യത്തെയും വഴിതിരിച്ചുവിടാൻ അവർക്ക് ഒരു മുസ്ലിം ശത്രുവിനെ സൃഷ്ടിക്കണം. ഇന്ന് രാജ്യത്തെ മുസ്ലിം യുവാക്കളെ ലക്ഷ്യംവെച്ചുള്ള നടപടികൾ നടക്കുന്നു. നിരപരാധികളായ യുവാക്കൾക്കെതിരെ കേസുകളെടുക്കുന്നു, ജയിലിലടയ്ക്കുന്നു. അവരുടെ നീതിക്കുവേണ്ടി സംസാരിക്കാൻ പോലും പല രാഷ്ട്രീയ പാർട്ടികളും മടിക്കുന്നു. ഒരു പൗരന്റെ അവകാശങ്ങൾ മതത്തിന്റെ പേരിൽ നിഷേധിക്കപ്പെടുമ്പോൾ അതിനെതിരെ ശബ്ദിക്കാതിരിക്കുന്നത് മതേതരത്വമല്ല. അത് വർഗീയതയ്ക്ക് മുന്നിൽ കീഴടങ്ങലാണ്.
മുസ്ലിംകൾക്കെതിരായ വിദ്വേഷ പ്രചാരണം മുസ്ലിംകളുടെ മാത്രം പ്രശ്നമല്ല. അത് ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പ്രശ്നമാണ്. മുസ്ലിം യുവാക്കളെ ജയിലിലടയ്ക്കുന്നു. അവരുടെ നീതിക്കുവേണ്ടി സംസാരിക്കാൻ രാഷ്ട്രീയ പാർട്ടികൾ പോലും ഭയപ്പെടുന്നു. ഇതും വർഗീയതയാണ്.
ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി അതിന്റെ സൈനികശക്തിയോ സാമ്പത്തികശക്തിയോ മാത്രമല്ല; ജനങ്ങൾക്കിടയിലെ ഐക്യവും പരസ്പര വിശ്വാസവുമാണ്. ഹിന്ദുവും മുസ്ലിമും ക്രൈസ്തവനും സിഖുകാരനും ഒരുമിച്ച് ജീവിക്കുന്ന ഈ മണ്ണിൽ വിദ്വേഷത്തിന്റെ വിഷം കലർത്തുന്നവർ രാജ്യത്തെ ദുർബലപ്പെടുത്തുകയാണ്. ജനങ്ങളുടെ ഐക്യം തകർക്കുന്ന രാഷ്ട്രീയം രാജ്യത്തിന്റെ സുരക്ഷയ്ക്കുതന്നെ ഭീഷണിയാണ്.
സാമൂഹിക നീതിയുടെ രാഷ്ട്രീയം അനിവാര്യമാണ്
ഇന്ത്യൻ സമൂഹത്തിൽ ദലിതരും അതിദലിതരും പിന്നാക്കക്കാരും അതിപിന്നാക്കക്കാരും ഉൾപ്പെടെ നിരവധി വിഭാഗങ്ങൾ ചരിത്രപരമായ വിവേചനങ്ങളും അനീതികളും അനുഭവിക്കുന്നുണ്ട്. അവരുടെ അവകാശങ്ങൾക്കും അധികാരപങ്കാളിത്തത്തിനും സാമൂഹിക നീതിക്കും വേണ്ടി ശബ്ദിക്കേണ്ടത് ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്വമാണ്.
എന്നാൽ, ജാതിയുടെ പേരിൽ ജനങ്ങളെ ശാശ്വതമായി വിഭജിക്കുന്നതും ജാതീയമായ അധികാരതാൽപര്യങ്ങൾ സംരക്ഷിക്കുന്നതും സാമൂഹിക നീതിയുടെ രാഷ്ട്രീയമല്ല. സാമൂഹിക നീതിയും മതേതരത്വവും പരസ്പരവിരുദ്ധങ്ങളല്ല. അവ പരസ്പരം ശക്തിപ്പെടുത്തുന്ന ജനാധിപത്യ മൂല്യങ്ങളാണ്. ദലിതർക്കും പിന്നാക്കക്കാർക്കും ന്യൂനപക്ഷങ്ങൾക്കും തുല്യനീതിയും തുല്യാവകാശവും ഉറപ്പാക്കുന്ന ഒരു ഇന്ത്യയാണ് നമുക്ക് വേണ്ടത്.
ജാതിയുടെ പേരിലുള്ള വിവേചനവും മതത്തിന്റെ പേരിലുള്ള വിവേചനവും ഒരുപോലെ ചെറുക്കപ്പെടണം. എല്ലാവർക്കും തുല്യ പൗരത്വവും തുല്യനീതിയും ഉറപ്പാക്കുന്ന രാഷ്ട്രീയമാണ് നമുക്ക് ഉയർത്തിപ്പിടിക്കേണ്ടത്. ഈ പോരാട്ടം ഹിന്ദുക്കൾക്കെതിരല്ല; ഹിന്ദു വിശ്വാസത്തെ സംരക്ഷിക്കാൻ കൂടിയാണ്
ഈ സത്യം ജനങ്ങളിലേക്ക് എത്തിക്കേണ്ടത് രാജ്യത്തെ ജനാധിപത്യവാദികലുടെ ഉത്തരവാദിത്വമാണ്. ഓരോ ഗ്രാമത്തിലും ഓരോ വീട്ടിലും ഓരോ പൊതുവേദിയിലും ഈ യാഥാർഥ്യം ചർച്ച ചെയ്യണം.
ഹിന്ദുക്കളുടെ രക്ഷകരാണെന്ന് അവകാശപ്പെടുന്നവർ ഹിന്ദുക്കളുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കുന്നുണ്ടോ? അവരുടെ വിശ്വാസത്തെ സംരക്ഷിക്കുന്നുണ്ടോ? അതോ ആ വിശ്വാസത്തെ രാഷ്ട്രീയ അധികാരം നേടാനുള്ള ഉപകരണമായി ഉപയോഗിക്കുകയാണോ? ഈ ചോദ്യങ്ങൾ ജനങ്ങളോട് ചോദിക്കണം.
ഈ പോരാട്ടം താഴെത്തട്ടിൽ ജനങ്ങൾക്കിടയിൽ വിജയിപ്പിക്കണം. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തണം. അതിനുള്ള മുന്നണിപ്പോരാളികള്‍ ഉണ്ടാകണം. പോരാടുന്ന, അധികാരത്തെയും അനീതിയെയും ചോദ്യം ചെയ്യാൻ ധൈര്യമുള്ള, സത്യം വിളിച്ചുപറയാൻ ഭയമില്ലാത്ത നേതൃത്വം വേണം. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും രാഷ്ട്രീയ വഞ്ചനകളെ തുറന്നുകാട്ടാൻ മുന്നിൽനിന്ന് നയിക്കുന്ന നേതൃത്വം വേണം. അത്തരം നേതൃത്വത്തിന് പിന്നിൽ ഉറച്ചുനിൽക്കുന്ന ജനാധിപത്യബോധ്യമുള്ള പ്രവർത്തകരും അനുയായികളും ഉണ്ടാകണം.
ആ പോരാട്ടം ഹിന്ദുക്കൾക്കെതിരല്ല. ഹിന്ദു വിശ്വാസത്തെ രാഷ്ട്രീയ ചൂഷണത്തിൽനിന്ന് സംരക്ഷിക്കാനുള്ള പോരാട്ടം കൂടിയാണത്. ആ പോരാട്ടം മുസ്ലിംകൾക്കുവേണ്ടി മാത്രമുള്ളതല്ല. ഇന്ത്യയ്ക്കുവേണ്ടിയുള്ളതാണ്. ഭരണഘടനയ്ക്കുവേണ്ടിയുള്ളതാണ്. ജനാധിപത്യത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ളതാണ്.
ക്ഷേത്രങ്ങളുടെയും മതവിശ്വാസത്തിന്റെയും പേരിലുള്ള കൊള്ളകളെ നാം ചോദ്യം ചെയ്യണം. മതത്തിന്റെ പേരിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളെ തുറന്നുകാട്ടണം. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തെ ചെറുക്കണം.. ജനാധിപത്യാവകാശങ്ങൾ നിഷേധിക്കുന്നതിനെയും വോട്ടവകാശം കവർന്നെടുക്കുന്ന ഏതു ശ്രമത്തെയും പ്രതിരോധിക്കണം. വംശീയവും വർഗീയവുമായ രാഷ്ട്രീയ പദ്ധതികളെ പരാജയപ്പെടുത്തണം. പോരാട്ടം ഒരു മതവിഭാഗത്തിനെതിരെയല്ല; മനുഷ്യരെ ഭിന്നിപ്പിക്കുകയും ഭരണഘടനയെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന രാഷ്ട്രീയത്തിനെതിരെയാണ്.
ജനാധിപത്യം വിജയിക്കട്ടെ! മതേതരത്വം പുലരട്ടെ! സാമൂഹിക നീതി യാഥാർഥ്യമാകട്ടെ! യഥാർഥ ഇന്ത്യ വിജയിക്കട്ടെ! ജയ് ഹിന്ദ്!
(എറണാകുളത്ത് നടന്ന വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്ത വിവര്‍ത്തനം. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡണ്ട് ആണ് രവി ശങ്കര്‍ തൃപാടി.)
