മധ്യപ്രദേശിലെ ഉജ്ജയിനിൽ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിക്കുന്നതിനെച്ചൊല്ലി പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി മസ്ജിദിന്റെ ഒരു ഭാഗം നീക്കം ചെയ്യാനുള്ള നടപടിക്കിടെയാണ് തിങ്കളാഴ്ച രാവിലെ സംഘർഷമുണ്ടായത്. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
2028ലെ സിംഹസ്ഥ കുംഭമേളയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി റോഡ് വീതികൂട്ടുന്നതിനായി മസ്ജിദിന്റെ റോഡ് അലൈൻമെന്റിൽ ഉൾപ്പെടുന്ന ഭാഗം നീക്കം ചെയ്യാനാണ് ഉജ്ജയിൻ മുനിസിപ്പൽ കോർപ്പറേഷൻ നടപടി ആരംഭിച്ചത്. നടപടി ആരംഭിച്ചതോടെ നിരവധി പേർ സ്ഥലത്ത് തടിച്ചുകൂടി. പൊലീസും പ്രതിഷേധക്കാരും നേർക്കുനേർ എത്തിയതോടെയാണ് സ്ഥിതിഗതികൾ സംഘർഷഭരിതമായത്.
മസ്ജിദ് പൊളിക്കൽ തടയുന്നതിനായി ഞായറാഴ്ച രാത്രി മുതൽ തന്നെ നൂറുകണക്കിന് പ്രദേശവാസികള് സ്ഥലത്ത് പ്രതിഷേധത്തിലായിരുന്നു. ചിലർ മസ്ജിദിനുള്ളിൽ രാത്രി മുഴുവൻ തങ്ങി. മസ്ജിദിന്റെ ഒരു ഭാഗവും പൊളിക്കാൻ അനുവദിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.
സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. ഏകദേശം 2,000 പൊലീസുകാരെ വിന്യസിച്ചതായാണ് റിപ്പോർട്ട്. മസ്ജിദിന് ചുറ്റും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ഏകദേശം 500 മീറ്റർ ചുറ്റളവിൽ ഗതാഗതത്തിനും ആളുകളുടെ സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ഞായറാഴ്ച രാത്രി തന്നെ ജെ.സി.ബിയും മറ്റ് യന്ത്രസാമഗ്രികളുമായി പൊലീസ്-മുനിസിപ്പൽ സംഘം സ്ഥലത്തെത്തിയിരുന്നു. എന്നാൽ, മസ്ജിദിന് പുറത്ത് വലിയ ജനക്കൂട്ടം പ്രതിഷേധിച്ചതോടെ നടപടിയുമായി മുന്നോട്ടുപോകാൻ അധികൃതർക്ക് കഴിഞ്ഞില്ല.
അതിനിടെ, പ്രതിഷേധക്കാരും ഭരണകൂട പ്രതിനിധികളും തമ്മിൽ ചർച്ചകൾ നടന്നിരുന്നു. മസ്ജിദിന്റെ ബാധിക്കപ്പെടുന്ന ഭാഗം സമുദായാംഗങ്ങൾ തന്നെ നീക്കം ചെയ്യാമെന്ന ധാരണ ഉണ്ടായതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ഈ ധാരണ നിലനിന്നില്ല. തിങ്കളാഴ്ച രാവിലെ നീക്കം ചെയ്യൽ നടപടികൾ പുനരാരംഭിച്ചതോടെയാണ് വീണ്ടും പ്രതിഷേധം ശക്തമായത്.
എന്താണ് തർക്കത്തിന് കാരണം?
കാന്തൽ ചൗരാഹ മുതൽ ഗോപാൽ മന്ദിർ വരെയുള്ള ഏകദേശം 900 മീറ്റർ റോഡ് 15 മീറ്ററായി വീതികൂട്ടുന്നതിനുള്ള പദ്ധതിയാണ് തർക്കത്തിന് പിന്നിൽ. സിംഹസ്ഥ 2028ന് മുന്നോടിയായി ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റോഡ് വികസനം. റോഡ് വികസനത്തിനായി നിരവധി മതസ്ഥാപനങ്ങൾ ഇതിനകം നീക്കം ചെയ്തതായി അധികൃതർ പറയുന്നു. എന്നാൽ, ഷാഹി മസ്ജിദിന്റെ ഭാഗം നീക്കം ചെയ്യുന്നതിനെതിരെ മസ്ജിദ് കമ്മിറ്റി ശക്തമായി രംഗത്തെത്തി. മസ്ജിദിന് എതിർവശത്തുള്ള കെട്ടിടങ്ങൾ നീക്കം ചെയ്തുകൊണ്ടോ മറ്റൊരു അലൈൻമെന്റിലൂടെയോ റോഡ് വീതികൂട്ടണമെന്നാണ് സമുദായത്തിന്റെ ആവശ്യം. മസ്ജിദ് വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ മതസ്ഥാപനമെന്ന നിലയിൽ സംരക്ഷിക്കണമെന്നും അവർ കോടതിയിൽ വാദിച്ചു. മസ്ജിദ് 1390-ൽ നിർമിച്ചതാണെന്നും ഏകദേശം 636 വർഷം പഴക്കമുണ്ടെന്നും ഇമാം മുഹമ്മദ് ഇബ്രാഹിം അവകാശപ്പെട്ടു. മുൻകാല റോഡ് വികസന പദ്ധതികളിലും മതസ്ഥാപനങ്ങൾ സംരക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി വിധി?
മസ്ജിദിന്റെ റോഡ് അലൈൻമെന്റിൽ വരുന്ന ഭാഗം നീക്കം ചെയ്യാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ തീരുമാനത്തിനെതിരെ സമർപ്പിച്ച രണ്ട് ഹർജികൾ സെപ്റ്റംബർ 9ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് തള്ളിയിരുന്നു. നിയമപരമായ നടപടിക്രമങ്ങൾ അധികൃതർ പാലിച്ചിട്ടുണ്ടെന്നും ഭരണഘടനയിലെ 14, 25, 26, 300A അനുച്ഛേദങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
റോഡ് വികസനത്തിന്റെ ഭാഗമായി മറ്റ് മതസ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന അധികൃതരുടെ വാദവും കോടതി പരിഗണിച്ചു. അതിനാൽ മസ്ജിദിനെ മാത്രം ലക്ഷ്യമിട്ടുള്ള നടപടിയാണെന്ന വാദം കോടതി അംഗീകരിച്ചില്ല.
റോഡ് വീതികൂട്ടുമ്പോൾ ഷാഹി മസ്ജിദിന്റെ പ്രാർത്ഥനാ ഹാളിന്റെ ഒരു ഭാഗം, 120 അടി ഉയരമുള്ള മിനാരം, മസ്ജിദിന്റെ മസർ ചൗക്ക് ഷാഹി എന്നിവ പൊളിച്ചുമാറ്റേണ്ടി വരുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ, ഏകപക്ഷീയമായ ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്ന് ഇൻഡോറിലെ പ്രമുഖ പണ്ഡിതൻ മുഫ്തി ജുനൈദ് പ്രതികരിച്ചു. ഒരു മതവിഭാഗത്തിന്റെ ആവശ്യങ്ങൾക്കായി മറ്റൊരു മതത്തിന്റെ നിലനിൽപ്പും അടയാളങ്ങളും പൂർണ്ണമായി ഇല്ലാതാക്കുന്നത് യുക്തിസഹമല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ പദ്ധതി കാരണം പ്രദേശത്തെ മറ്റ് നിരവധി പഴയ മസ്ജിദുകളും ഭീഷണിയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഈ പള്ളി പൊളിച്ചുമാറ്റുകയാണെങ്കിൽ, മറ്റ് 28 പള്ളികളിലേക്ക് കൂടി അവർ നീങ്ങും’- മുഫ്തി ജുനൈദ് പറഞ്ഞു.
അതേസമയം, മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഈ ഹർജി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് മസ്ജിദിന് മുന്നിൽ സംഘർഷമുണ്ടായത്. സിംഹസ്ഥ 2028നുള്ള ഒരുക്കങ്ങളുടെ ഭാഗമായി റോഡ് വികസനം നടപ്പാക്കാനുള്ള ഭരണകൂടത്തിന്റെ നീക്കവും മതസ്ഥാപനം സംരക്ഷിക്കണമെന്ന സമുദായത്തിന്റെ ആവശ്യവും തമ്മിലുള്ള തർക്കമാണ് ഇപ്പോൾ ഉജ്ജയിനിൽ സംഘർഷത്തിലേക്ക് നീങ്ങിയിരിക്കുന്നത്.
