November 25 Wednesday 2026

‘കൂറ’കളുടെ പ്രക്ഷോഭവും ലിബറൽ വർഗ്ഗത്തിൻ്റെ മൗനവും

ദില്ലിയിലെ ജന്ദർമന്തറിൽ യുവജനങ്ങൾ നടത്തിവരുന്ന പ്രക്ഷോഭം 24 ദിവസങ്ങൾ പിന്നിടുകയാണ്. അറിയപ്പെടുന്ന ക്ലൈമറ്റ് ആക്ടിവിസ്റ്റ് സോനം വാങ്ചുക് നടത്തിവരുന്ന നിരാഹാരം 14 ദിവസവും. സംവാദങ്ങളുടെയോ കൂടിയാലോചനകളുടെയോ അർത്ഥമെന്തെന്നറിയാത്ത ആർഎസ്സ്എസ്സ് നയിക്കുന്ന ഒരു ഭരണകൂടത്തെ നൈതിക സങ്കടത്തിലാഴ്ത്തി പ്രശ്‌നപരിഹാരത്തിലേക്ക് നയിക്കാമെന്ന കൊക്രോച്ച് ജനതാ പാർട്ടി വക്താക്കളുടെ ബോധ്യം ഒരൽപം കടന്നകയ്യായിപ്പോയി എന്നതിൽ തർക്കമൊന്നുമില്ല.

കൊക്രോച്ച് ജനതാ പാർട്ടിയുടെയും സോനം വാങ്ചുക്കിന്റെയും ചെയ്തികളിലെ ശരിതെറ്റുകളെ വിലയിരുത്താനല്ല ഈ കുറിപ്പ് ശ്രമിക്കുന്നത്. മറിച്ച്, വിദ്യാർത്ഥികളുടെ ഭാവിയെ സംബന്ധിച്ച ഒരു സുപ്രധാന വിഷയത്തിൽ രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം നടക്കുമ്പോൾ ഇന്ത്യയിലെ മധ്യവർഗ്ഗം അതിനോട് കാണിക്കുന്ന അലംഭാവപൂർണ്ണമായ സമീപനത്തെക്കുറിച്ചാണ്. അവരുടെ മാപ്പർഹിക്കാത്ത മൗനത്തെക്കുറിച്ചാണ്. ഇന്ത്യയിലെ ലിബറൽ മധ്യവർഗ്ഗം അവയുടെ ചരമക്കുറിപ്പ് എഴുതിക്കഴിഞ്ഞിരിക്കുന്നു എന്ന് തന്നെയാണ് ഈ മൗനത്തിലൂടെ അർത്ഥമാക്കുന്നത്.

ഒരു ദശകക്കാലത്തിന് മുമ്പ് പ്രമുഖ ഇന്ത്യൻ ദാർശനികൻ ഐജാസ് അഹമ്മദ്, സോഷ്യലിസ്റ്റ് റജിസ്ട്രിയിൽ, ഇന്ത്യൻ ലിബറൽ വർഗ്ഗത്തിന്റെ ചാഞ്ചാട്ടത്തെക്കുറിച്ച് വിശദമായ ഒരു ലേഖനം എഴുതിയത് ഈയവസരത്തിൽ ഓർമ്മവരുന്നു. ‘ഇന്ത്യ: ലിബറൽ ഡെമോക്രസി ആന്റ് ദ എക്സ്ട്രീം റൈറ്റ്’ (2016) എന്ന ഈ ലേഖനം 2014ന് ശേഷം ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ പ്രവചനാത്മകമായി വിലയിരുത്തുന്ന ഒന്നാണെന്ന് പറയാം. പ്രസ്തുത ലേഖനത്തിൽ നിന്നുള്ള ഏതാനും വരികൾ ഇവിടെ ഉദ്ധരിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.

”കഴിഞ്ഞ കാൽനൂറ്റാണ്ടായി – 1990 മുതൽ 2015 വരെയുള്ള ഇന്ത്യൻ രാഷ്ട്രീയ ജീവിതത്തിന്റെ അടിസ്ഥാന പാത, പ്രത്യേകിച്ച് 2014-ലെ തെരഞ്ഞെടുപ്പിനുശേഷം കൂടുതൽ വ്യക്തതയിലേക്ക് വരുമ്പോൾ- അത് സ്ഥിരമായ വലതുപക്ഷത്തിലേക്കുള്ള മാറ്റത്തെ സൂചിപ്പിക്കുന്നുവെന്ന് നമുക്ക് പറയാം…. ലിബറൽ കേന്ദ്രത്തിലേക്ക് അടുക്കുന്നത് വലതുപക്ഷമല്ല… മറിച്ച് വലതുപക്ഷത്തേക്ക് കൂടുതൽ കൂടുതൽ നീങ്ങുന്നത് ലിബറൽ കേന്ദ്രമാണ്. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയം ചരിത്രപരമായി അഭൂതപൂർവമായ ഒരു പ്രക്രിയയിലൂടെ കടന്നുപോകുന്നതായി തോന്നുന്നു: ലിബറൽ ജനാധിപത്യത്തിന്റെ എല്ലാ സ്ഥാപന മാനദണ്ഡങ്ങളും പാലിക്കാനുള്ള പ്രതിബദ്ധതയോടെ, സംസ്‌കാരം, സമൂഹം, പ്രത്യയശാസ്ത്രം, സമ്പദ്വ്യവസ്ഥ എന്നിവയുടെ വിശാലമായ മേഖലകളിൽ ആധിപത്യം സ്ഥാപിക്കാനുള്ള തീവ്ര വലതുപക്ഷത്തിന്റെ അപ്രതിരോധ്യമായ ഉയർച്ച. ഒരുകാലത്ത് ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും വിപ്ലവങ്ങൾക്ക് പതിവായിരുന്നതുപോലെ, മുന്നണി പിടിച്ചെടുക്കലിലൂടെയല്ല, മറിച്ച് സ്ഥാപനങ്ങളെ കേടുകൂടാതെ നിലനിർത്തിക്കൊണ്ട്, ആ സ്ഥാപനങ്ങളെ ഉള്ളിൽ നിന്ന് ക്ഷമയോടെ രൂപകൽപ്പന ചെയ്ത് നിയമാനുസൃതമായി ഏറ്റെടുക്കുന്നതിലൂടെ. ‘സ്ഥാപനങ്ങളിലൂടെ ഒരു ലോംഗ് മാർച്ച്’ നടത്താനും സമ്പൂർണ്ണ ഭരണകൂട അധികാരം പിടിച്ചെടുക്കാനുമുള്ള ഈ ഇച്ഛാശക്തി വളരെ വ്യത്യസ്തമായ ഒരു ചോദ്യം ഉയർത്തുന്നു: ലിബറൽ ജനാധിപത്യ സ്ഥാപനങ്ങൾക്കും തീവ്ര വലതുപക്ഷം ഭരണകൂടം ഏറ്റെടുക്കുന്നതിനും ഇടയിൽ യഥാർത്ഥത്തിൽ ഒരു പൊരുത്തപ്പെടുത്താനാവാത്ത വൈരുദ്ധ്യമോ, നികത്താനാവാത്ത വിടവോ ഉണ്ടോ? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ലിബറൽ സ്ഥാപനങ്ങളിലൂടെ തീവ്ര വലതുപക്ഷത്തിന് ഭരിക്കാനും സ്വന്തം അജണ്ട പിന്തുടരാനും കഴിയുമോ?”

പ്രൊഫ. ഐജാസ് അഹമ്മദ് ഏതാണ്ട് ഒരു പതിറ്റാണ്ട്കാലം മുമ്പ് ഉന്നയിച്ച ചോദ്യത്തിനുള്ള ഉത്തരം ഇന്ന് അതിന്റെ എല്ലാ പ്രകടനാത്മകതയോടും കൂടി നമ്മുടെ മുന്നിൽ അവതരിച്ചിരിക്കുന്നു. ഇന്ത്യയിലെ ലിബറൽ സ്ഥാപനങ്ങളെ ഏതാണ്ട് പൂർണ്ണമായും തന്നെ തീവ്രവലതുപക്ഷം കയ്യടക്കിക്കഴിഞ്ഞുവെന്ന് മാത്രമല്ല, മൂന്നാം തവണയും അധികാരത്തിലേറിയ സംഘപരിവാർ ഭരണകൂടം ഇന്ത്യൻ ലിബറൽ വർഗ്ഗത്തെ പൂർണ്ണമായും കയ്യൊഴിയുകയും ചെയ്തിരിക്കുന്നു. തങ്ങൾ നട്ടുനനച്ച് പരിപാലിച്ചുപോന്ന ലിബറൽ സ്ഥാപനങ്ങിന്മേലുള്ള എല്ലാ ആശകളും സ്വാധീനവും നഷ്ടപ്പെട്ട്, ചോദ്യം ചെയ്യലുകളില്ലാത്ത, കീഴടങ്ങലിന്റെ ശരീരഭാഷ സ്വായത്തമാക്കിക്കഴിഞ്ഞ, സ്വയം മൃത്യുവിന്റെ പാതയിലേക്ക് നടന്നുകയറിക്കൊണ്ടിരിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു ഇന്ത്യൻ ലിബറൽ വർഗ്ഗം. ജന്ദർമന്തറിൽ നടക്കുന്ന പ്രക്ഷോഭത്തിൻ്റെ പരാജയം ഇന്ത്യൻ ലിബറൽ ക്ലാസ്സിൻ്റെ ശവപ്പെട്ടിയിലെ അവസാന ആണിയായിരിക്കും എന്നതിൽ സംശയമൊന്നുമില്ല.

Related