August 14 Friday 2026

ട്രംപ് താരിഫും ഇന്ത്യന്‍ തൊഴില്‍ വിപണിയും

”ഹിന്ദു സ്ത്രീകള്‍ മൂന്ന് മക്കളെ പ്രസവിക്കണമെന്നും”, ”മതപരിവര്‍ത്തനം ഹിന്ദുക്കളെ എണ്ണത്തില്‍ കുറവു വരുത്തുന്നത് ആശങ്കയുളവാക്കുന്നുവെന്നും”, ”75 വയസ്സു കഴിഞ്ഞാല്‍ റിട്ടയര്‍ ചെയ്യേണ്ടതില്ലെന്നും” ഒക്കെയുള്ള അതിഗൗരവമായ വിഷയങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ചകളാക്കാന്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതര്‍ നേരിട്ട് രംഗത്തിറങ്ങി ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ട്രംപ് താരിഫ് ഇന്ത്യന്‍ തൊഴില്‍ മേഖലയെ സമീപഭാവിയില്‍ത്തന്നെ എങ്ങിനെയൊക്കെ ബാധിക്കാനിരിക്കുന്നു എന്ന് തിരിച്ചറിയേണ്ടത് ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.

രാജ്യത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളോട് മുഖംതിരിച്ചുകൊണ്ട്, വൈകാരിക വിഷയങ്ങള്‍ ചര്‍ച്ചകളാക്കിക്കൊണ്ടും തൊഴിലും കൂലിയുമില്ലാത്ത ജനങ്ങളെ തെരുവിലിറക്കി തമ്മില്‍ത്തല്ലിച്ചും അധികാരത്തിലിരിക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘ്പരിവാരങ്ങള്‍ അവരുടെ വികലമായ നയസമീപനങ്ങളിലൂടെ രാജ്യത്തെ എവിടെക്കൊണ്ട് ചെന്നെത്തിച്ചു എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

2025 ആഗസ്റ്റ് 27 മുതല്‍ ഇന്ത്യന്‍ കയറ്റുമതിയില്‍ യു.എസ് ഏര്‍പ്പെടുത്തിയ താരിഫ് 50% ആയി വര്‍ധിച്ചിരിക്കുകയാണ് എന്ന കാര്യം നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണ്. ലഭ്യമായ വിവരങ്ങളുടെയും സാമ്പത്തിക വിശകലനത്തിന്റെയും അടിസ്ഥാനത്തില്‍, ഈ വര്‍ധനവ് ഇന്ത്യയുടെ തൊഴില്‍ മേഖലയെ, പ്രത്യേകിച്ച് യു.എസ് വിപണിയെ ആശ്രയിക്കുന്ന തൊഴില്‍ കേന്ദ്രീകൃത വ്യവസായങ്ങളെ, സാരമായി ബാധിക്കും എന്ന കാര്യത്തില്‍ സന്ദേഹമൊന്നുമില്ല. പുതിയ താരിഫ് നിരക്കുകള്‍ ഇന്ത്യ യു.എസിലേക്ക് കയറ്റുമതി ചെയ്യുന്ന ഏകദേശം 86.51 ബില്യണ്‍ ഡോളര്‍ (202425) വസ്തുക്കളില്‍ ഏതാണ്ട് 66%ത്തിനെ സാരമായി ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. കയറ്റുമതി മേഖലയില്‍ സംഭവിക്കുന്ന ഈ പ്രതികൂലാവസ്ഥ ഏറ്റവും അടിയന്തിരമായി ബാധിക്കാന്‍ പോകുന്നത് തൊഴില്‍ മേഖലയെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവയില്‍ ഏറ്റവും പ്രധാനമായിരിക്കുന്നത് ടെക്സ്‌റ്റൈല്‍സ് മേഖലയായിരിക്കും എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

പൊതുവെ കുറഞ്ഞ താരിഫ് നിരക്കുകള്‍ മാത്രമുള്ള വിയറ്റ്നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് തുണിവ്യവസായം ചുവടുമാറ്റാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല. ഇന്ത്യയിലെ തിരുപ്പൂര്‍, സൂറത്ത് പോലുള്ള ടെക്സ്റ്റൈല്‍ ഹബ്ബുകള്‍ ആയിരിക്കും ഇതിന്റെ ഏറ്റവും വലിയ തിരിച്ചടി നേരിടാന്‍ പോകുന്നത്. പ്രതിവര്‍ഷം 8-10 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ടെക്സ്റ്റൈല്‍ കയറ്റുമതിയാണ് ഇതിലൂടെ പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ പോകുന്നത്. ഓര്‍ഡറുകള്‍ റദ്ദാക്കുന്നതിനും ഉല്‍പ്പാദനം കുറയ്ക്കുന്നതിനും കാരണമാകും.

ടെക്സ്റ്റൈല്‍ വ്യവസായം ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുവെന്നത് വസ്തുതയാണ്. (സ്വാതന്ത്ര്യകാലം തൊട്ട് ഇക്കാര്യത്തില്‍ വലിയ വ്യത്യാസമൊന്നുമില്ലെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും). കണക്കുകള്‍ പ്രകാരം 35-40 ദശലക്ഷം വരെ നേരിട്ടുള്ളതും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ ഈ മേഖല പ്രദാനം ചെയ്യുന്നുണ്ട്. കയറ്റുമതിയില്‍ സംഭവിക്കുന്ന കുറവുകള്‍ താല്‍ക്കാലിക പിരിച്ചുവിടലുകള്‍ക്കും, ഓവര്‍ടൈം കുറയ്ക്കുന്നതിനും, അല്ലെങ്കില്‍ നിയമനം നിര്‍ത്തുന്നതിനും ഇടയാക്കും. പ്രത്യേകിച്ചും ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍. തിരുപ്പൂരിലെ വസ്ത്ര വ്യവസായ മേഖലയില്‍ നിന്നും ഇതിനകം തന്നെ പിരിച്ചുവിടലും കുറഞ്ഞ തൊഴില്‍ സമയവും റിപ്പോര്‍ട്ട് ചെയ്യാനാരംഭിച്ചിട്ടുണ്ട്.

10 ബില്യണ്‍ ഡോളര്‍ ഇന്ത്യക്ക് നേടിത്തരുന്ന മറ്റൊരു മേഖല വജ്രാഭരണങ്ങള്‍ അടങ്ങിയ രത്നാഭരണ നിര്‍മാണ മേഖലയാണ്. ഈ വ്യാപാരത്തിന്റെ ഏകദേശം 30% യുഎസ് കയറ്റുമതിയില്‍ നിന്നാണ്. ഇന്ത്യയിലെ വജ്ര നഗരമെന്നറിയപ്പെടുന്ന സൂറത്തില്‍ മാത്രമായി വജ്ര പോളിഷിംഗ് യൂണിറ്റുകളുടെ എണ്ണം ഏതാണ്ട് 10000ത്തോളം വരും. ഒരു ദശലക്ഷം വരെ തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. താരിഫ് യുദ്ധം ആരംഭിച്ചതു മുതല്‍ക്കിങ്ങോണ്ട് തൊഴില്‍ സമയം വെട്ടിക്കുറക്കുക, പുതിയ നിയമനങ്ങള്‍ നിര്‍ത്തലാക്കുക എന്നിവ ഈ മേഖലയില്‍ ആരംഭിച്ചതായി ഗുജറാത്ത് ഡയമണ്ട് വര്‍ക്കേഴ്സ് യൂണിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരിഫ് യുദ്ധം തുടരുകയാണെങ്കില്‍ കൂട്ടപ്പിരിച്ചുവിടലുകള്‍ ഈ മേഖലയില്‍ സംഭവിച്ചേക്കാം.

വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സുകളുടെ കയറ്റുമതിയാണ് മറ്റൊരു പ്രധാന മേഖല. 2024-25 ല്‍ ഇന്ത്യയുടെ 22.9 ബില്യണ്‍ ഡോളര്‍ വാഹന സ്പെയര്‍ പാര്‍ട്സുകളുടെ കയറ്റുമതിയുടെ 27% യുഎസില്‍ നിന്നായിരുന്നു. ഉയര്‍ന്ന താരിഫുകള്‍ അമേരിക്കന്‍ ഉപഭോക്താക്കളുടെ ചെലവ് വര്‍ധിപ്പിക്കുന്നു എന്നതുകൊണ്ടുതന്നെ ഈ മേഖലയിലെ ഓര്‍ഡറുകള്‍ കുറയാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. 6-7 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയെ ബാധിച്ചേക്കാം എന്നാണ് കണക്കാക്കപ്പെടുന്നത്.

വാഹന സ്പെയര്‍ പാര്‍ട്സ് നിര്‍മാണ മേഖല നേരിട്ടും അല്ലാതെയും ഏകദേശം അഞ്ച് ദശലക്ഷം തൊഴിലവസരങ്ങള്‍ ഇന്ത്യയില്‍ ഒരുക്കുന്നുണ്ട്. ഈ മേഖലയിലെ എന്ത് മാറ്റവും് ലുധിയാന പോലുള്ള സ്പെയര്‍പാര്‍ട്സ് ഉല്‍പാദന കേന്ദ്രങ്ങളിലെ തൊഴിലാളികളെ ബാധിച്ചേക്കാം.

നേരത്തെ ഡ്യൂട്ടി ഫ്രീ ആയി കയറ്റുമതി ചെയ്തിരുന്ന ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ ഇപ്പോള്‍ 50% താരിഫ് നേരിടേണ്ടി വരുന്നുണ്ട്. ഇത് കയറ്റുമതിയില്‍ 11-12 ബില്യണ്‍ ഡോളറിനെ ബാധിക്കുന്നു. വിയറ്റ്നാം പോലുള്ള രാജ്യങ്ങളിലെ വിതരണക്കാര്‍ ഇന്ത്യന്‍ ഫാര്‍മ സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

മൂന്ന് ദശലക്ഷത്തിലധികം തൊഴിലാളികളാണ് ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഉല്‍പാദന മേഖലയിലും, പാക്കേജിംഗ്, ലോജിസ്റ്റിക്സ്, ഗവേഷണ വികസനം എന്നിവയിലെ അനുബന്ധ ജോലികളെ പുതിയ താരിഫ് വര്‍ധനവ് പ്രതികൂലമായി ബാധിച്ചേക്കാമെന്ന് കരുതുന്നു.

തുകല്‍ ഉല്‍പ്പന്നങ്ങള്‍, സീഫുഡ്, കെമിക്കല്‍സ് തുടങ്ങി ഒട്ടനവിധ മേഖലകള്‍ സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്. 48 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഈ മേഖലകളിലൊന്നാകെയായി ഇന്ത്യ നടത്തുന്നത്. ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന മേല്‍പ്പറഞ്ഞ മേഖലകളിലും വൈകാതെ തന്നെ പ്രതിസന്ധി ആരംഭിക്കുമെന്ന അതുമായി ബന്ധപ്പെട്ട തൊഴില്‍ സംഘടനകള്‍ ആശങ്കപ്പെടുന്നു.

ഇന്ത്യയുടെ ചരക്ക് കയറ്റുമതി ആഭ്യന്തര മൊത്തോല്‍പ്പാദനത്തിന്റെ 12-13% വരെയാണ്. ഇന്ത്യയില്‍ നിന്നുള്ള അമേരിക്കന്‍ കയറ്റുമതി 2025ല്‍ മാത്രം 87 ബില്യണ്‍ ഡോളറില്‍ നിന്നും 49.6 ബില്യണ്‍ ഡോളറായി കുറഞ്ഞുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കയറ്റുമതിയില്‍ സംഭവിക്കുന്ന ഇടിവ് ജിഡിപി വളര്‍ച്ചയില്‍ 2% വരെ കുറവ് വരുത്തുമെന്നാണ് കണക്കാക്കുന്നത്.

അമേരിക്കന്‍ വാണിജ്യ കമ്പനികള്‍ ഇതിനകം തന്നെ ഇന്ത്യയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ വെട്ടിക്കുറകയോ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയോ ചെയ്തുകഴിഞ്ഞു. കൂടാതെ വിയറ്റ്നാം, ബംഗ്ലാദേശ്, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് തിരിയുകയും ചെയ്തിരിക്കുന്നു. ഇന്ത്യന്‍ തൊഴില്‍ മേഖലയ്ക്ക് ഇത് താങ്ങാനാവാത്ത ഭാരം ഏല്‍പ്പിക്കുമെന്ന കാര്യത്തില്‍ സംശമൊന്നുമില്ല.

 

Related