ഇസ്രയേലും -ഇറാനും തമ്മില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് എക്സില്‍ കുറിക്കുകയും ദൃശ്യമാധ്യമങ്ങളിലൂടെ പന്ത്രണ്ട് ദിന യുദ്ധം അവസാനിപ്പിച്ചതിന് എല്ലാവരോടും നന്ദി പറയുകയും ചെയ്യുകയുണ്ടായി. ആക്രമണം നിര്‍ത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായി കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രത്യേക ദൂതന്മാര്‍ മുഖേന അറിയിച്ചതായും ടൈംസ് ഓഫ് ഇസ്രയേല്‍ ഇന്നലെ റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി.
എന്തായിരിക്കും ഇസ്രയേല്‍ – അമേരിക്ക അച്ചുതണ്ടിന്റെ ഈ പെട്ടെന്നുള്ള മനം മാറ്റത്തിന് കാരണം?
യുദ്ധ സംബന്ധിയായ വിശകലനങ്ങളില്‍ നിന്ന് ഏറ്റവും വിശ്വസനീയമെന്ന് തോന്നുന്ന ഒന്ന് ഇറാന്റെ ആണവായുധ നിര്‍മ്മാണ ശേഷിയെ സംബന്ധിച്ച ചെറിയൊരു ധാരണ ഇരു രാജ്യങ്ങള്‍ക്കും ഉണ്ടായി എന്നതാണ്. de-escalation തന്ത്രവുമായി ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങള്‍-നതാന്‍സ്, ഫോര്‍ദോ, ഇസ്ഫഹാന്‍-മിസൈല്‍ ആക്രമണത്തിലൂടെ നശിപ്പിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നുവെങ്കിലും അമിത് സെയ്ഗാള്‍ (പൊളിറ്റിക്കല്‍ അനലിസ്റ്റ്) കഴിഞ്ഞ ദിവസം പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങള്‍ ഇസ്രയേല്‍-അമേരിക്ക അച്ചുതണ്ടിന്റെ ഉറക്കം കെടുത്തുന്നതാണ്.
അമേരിക്കന്‍ മിസൈല്‍ ആക്രമണം ആരംഭിക്കുന്നതിന് തൊട്ടുമുന്നെ തന്നെ ഫോര്‍ദോ നിലയവുമായി ബന്ധപ്പെട്ട് വലിയ തോതില്‍ ചരക്കു നീക്കങ്ങള്‍ നടന്നതായാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ചാത്തം ഹൗസിലെ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി ഡയറക്ടര്‍ പട്രീഷ്യ മേരി ലെവിസും ഇക്കാര്യം ഉറപ്പിക്കുന്നുണ്ട്. ന്യൂക്ലിയര്‍ വാര്‍ഫെയര്‍ എക്സ്പേര്‍ട്ട് ആയ Becky Alexis-Martin ബ്രിട്ടീഷ് ടെലഗ്രാഫില്‍ എഴുതിയ ലേഖനത്തില്‍ ഈ ആക്രമണങ്ങള്‍ക്ക് ശേഷവും ഇറാന്റെ ആണവായുധ നിര്‍മാണ ശേഷി ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ലെന്ന് വിലയിരുത്തുന്നുണ്ട് (I’m a nuclear warfare expert-is this really the end of Iran’s quest for a nuclear bomb?, 23 June, 2025, The Telegraph, UK)
മിസൈല്‍ ആക്രമണങ്ങള്‍ ഇറാന്റെ ആണവായുധ നിര്‍മാണത്തിനാവശ്യമായ സമ്പുഷ്ട്ീകരിച്ച യുറേനിയം (Weapon grade, Highly Enriched Uranium) ശേഖരം നശിപ്പിക്കാനോ പിടിച്ചെടുക്കാനോ സാധിച്ചിട്ടില്ലെന്ന വസ്തുത, ഇറാന്റെ ആണവായുധ നിര്‍മ്മാണ പരിപാടി ഇപ്പോഴും ശക്തമാണെന്ന് വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

വിശ്വസനീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഇറാനെ സംബന്ധിച്ചിടത്തോളം ആണവായുധ നിര്‍മ്മാണം ഏതാനും ദിവസങ്ങള്‍ മാത്രം ആവശ്യമുള്ള സംഗതിയാണ് എന്ന ബോധ്യത്തിലാണ് വെടിനിര്‍ത്തലിനും സംഘര്‍ഷ ലഘൂകരണത്തിനും ഉള്ള മുന്‍കൈകള്‍ ഇസ്രയേലിന്റെയും അമേരിക്കയുടെയും ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത് എന്നുവേണം അനുമാനിക്കാന്‍.
ഇറാന്റെ ആണവ കേന്ദ്രങ്ങളിലേക്ക് മിസൈല്‍ പായിക്കുക വഴി ഇസ്രയേല്‍ ചെയ്തിരിക്കുന്നത്, ആണവ നിര്‍വ്യാപന കരാറില്‍ (nuclear non-proliferation treaty) ഒപ്പുവെച്ച ഒരു രാഷ്ട്രത്തെ അതില്‍ നിന്ന് പിന്തിരിയാന്‍ നിര്‍ബന്ധിക്കുക എന്നത് മാത്രമാണ്.
തങ്ങളുടെ ആണവായുധ ശേഷി ഏതുവിധേനയും ശക്തിപ്പെടുത്തുക എന്നതായിരിക്കും ഇറാന്റെ ഇനിയങ്ങോട്ടുള്ള പ്രഥമ പരിഗണന. ആണവക്കോലുകൊണ്ടുകൊണ്ട് തല ചൊറിയുന്ന ഭരണകൂടങ്ങള്‍ ഭാവി സമൂഹങ്ങളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുകയാണ്.
ലോകം ആണവ മത്സരത്തിലേക്ക്
എത്രപെട്ടെന്നാണ് ലോകം ആണവ യുദ്ധത്തെക്കുറിച്ച്, ആണവ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് വഴിമാറിയത്. 2011ന് ജാപ്പാനിലെ ഫുക്കുഷിമ ആണവ നിലയങ്ങളിലെ പൊട്ടിത്തറികള്‍ക്ക് ശേഷം ആണവ സാങ്കേതിക വിദ്യകള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുകയില്ലെന്ന് തീരുമാനിച്ച ലോക ബാങ്കും ഏഷ്യന്‍ ഡെവലപ്പ്മെന്റ് ബാങ്കും ആ തീരുമാനം റദ്ദു ചെയ്തിരിക്കുന്നു. ആണവോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിനായി സാമ്പത്തിക സഹായം നല്‍കുമെന്നാണ് അവരുടെ പുതിയ തീരുമാനം.
ആണവായുധങ്ങളുടെ വ്യാപനം തടയുന്നത് ശക്തമാക്കുന്നതിനായുള്ള ന്യൂക്ലിയര്‍ നോണ്‍ പ്രോളിഫറേഷന്‍ ട്രീറ്റി കൂടതല്‍ ശക്തമാക്കുകയും ഈ കരാറില്‍ Additional protocol കള്‍ ഉള്‍പ്പെടുത്തി ആണവോര്‍ജ്ജ പദ്ധതികളെ അന്താരാഷ്ട്ര ആണവ പരിശോധകരുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയത് 2015ല്‍ ആയിരുന്നു. എന്നാല്‍, വളരെ പെട്ടെന്ന് കാര്യങ്ങള്‍ തലകീഴായ് മറിയാന്‍ തുടങ്ങിയിരിക്കുന്നു. ആണവ യുദ്ധത്തെക്കുറിച്ച് ഭരണാധികാരികള്‍ സംസാരിക്കാന്‍ ആരംഭിച്ചിരിക്കുന്നു. ഇന്ത്യാ-പാക് സംഘര്‍ഷത്തില്‍, യുക്രൈന്‍-റഷ്യ യുദ്ധത്തില്‍, ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തില്‍ ഒക്കെയും ആണവ ഭാഷയിലാണ് ഭരണാധികാരികളുടെ സംസാരമെന്ന് നാം കാണുന്നു.

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടതിന്റെ പരിണതഫലമെന്ന നിലയില്‍ പ്രതീക്ഷിക്കപ്പെട്ടതു തന്നെ സംഭവിച്ചിരിക്കുന്നു. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് തീരുമാനിച്ചിരിക്കുന്നു. ഇന്റര്‍നാഷണല്‍ ആറ്റമിക് ഏജന്‍സിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിക്കാനുള്ള തീരുമാനം ഐകകണ്ഠേനയാണ് ഇറാന്‍ പാര്‍ലമെന്റ് കൈക്കൊണ്ടിരിക്കുന്നത്.
‘ആണവായുധ നിര്‍വ്യാപന കരാറിലുള്ള ഞങ്ങളുടെ അംഗത്വത്തിന് സൈനിക ആക്രമണത്തില്‍ നിന്നോ സാമ്പത്തിക ഉപരോധങ്ങളില്‍ നിന്നോ ഞങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്നില്ലെങ്കില്‍, പ്രായോഗികമായി പരിശോധനയ്ക്കും നിരന്തരമായ ഭീഷണിക്കും ഒരു ഉപകരണമായി മാറുന്നുണ്ടെങ്കില്‍, അതില്‍ തുടരുന്നതിന് എന്താണ് ന്യായീകരണം?” എന്നാണ് ഇറാന്റെ ചോദ്യം. അമേരിക്കയെ ലക്ഷ്യമാക്കിയുള്ള ആണവായുധങ്ങള്‍ ഘടിപ്പിച്ച ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിക്കാന്‍ പാകിസ്താന്‍ ആലോചിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നു. ഇതോടൊപ്പം ഏഷ്യന്‍ രാജ്യങ്ങളില്‍ പലതും ആണവ സാങ്കേതിക വിദ്യകള്‍ കൂടുതലായി ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു.
അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളില്‍ 100 ഗിഗാവാട്ട് വൈദ്യുതി ആണവോര്‍ജ്ജത്തില്‍ നിന്ന് ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യവുമായി ഇന്ത്യയുടെ ആണവോര്‍ജ്ജ പരിപാടി ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു.
