August 11 Tuesday 2026

നീക്കം ചെയ്ത മുട്ടയും; പുറന്തോടിനുള്ളിലെ ‘ഇസ്‌കോണും’

ബംഗാളിലെ സ്‌കൂൾ കുഞ്ഞുങ്ങളുടെ ഭക്ഷണത്തളികയിൽ നിന്ന് മുട്ട എടുത്തു മാറ്റിയപ്പോഴാണ് ISKON ന്റെ വിദ്യാഭ്യാസ മേഖലയിലെ സാന്നിദ്ധ്യത്തെക്കുറിച്ച് ആളുകൾ ശ്രദ്ധിച്ചത്. അപ്പോഴും അവർ നടത്തുന്ന കാരുണ്യപ്രവർത്തനങ്ങളെക്കുറിച്ച് മാത്രമായി ചർച്ചകൾ പരിമിതപ്പെടുത്തപ്പെടുത്തുന്നുണ്ട്. എന്നാൽ, ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസും (ISKON) അവരുടെ തന്നെ മറ്റൊരു പതിപ്പായ ‘ഹരേകൃഷ്ണ പ്രസ്ഥാന’വും പതിറ്റാണ്ടുകളായി ആഗോളതലത്തിൽ തന്നെ വിദ്യാഭ്യാസ മേഖലയിൽ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നുണ്ട് എന്നതാണ് സത്യം.

ഭക്തിവേദാന്ത സ്വാമി പ്രഭുപാദ എന്നറിയപ്പെടുന്ന അഭയ് ചരൺ ഡേ അറുപതുകളുടെ അവസാനത്തിൽ രൂപംകൊടുത്ത ISKON വേദാന്ത ചിന്തകളെ വിദ്യാഭ്യാസത്തിന്റെ മൂലക്കല്ലായി പ്രതിഷ്ഠിക്കുന്നതിൽ ആഗോളതലത്തിൽ തന്നെ പ്രവർത്തിച്ചുവരുന്ന സംഘടനയാണ്.
ആധുനിക ശാസ്ത്ര സിദ്ധാന്തങ്ങളെ വേദങ്ങളുടെ പശ്ചാത്തലത്തിൽ പുനരാഖ്യാനം ചെയ്യുക, വിദ്യാഭ്യാസ പദ്ധതികളെ അതനുസരിച്ച് പുനഃക്രമീകരിക്കുന്നതിൽ ഇടപെട്ടുകൊണ്ടിരിക്കുക തുടങ്ങി നിരവധി കാര്യങ്ങൾ വിദ്യാഭ്യാസ മേഖലയിൽ അവർ സൂക്ഷ്മമായിത്തന്നെ നടത്തിപ്പോരുന്നുണ്ട്.

90കളുടെ അവസാനത്തിൽ തന്നെ ഇന്ത്യൻ ഐഐടികളിലൊന്നിൽ വേദാന്തം ഒരു വിഷയമായി പഠിപ്പിച്ചിരുന്നുവെന്ന് അവിടുത്തെ ഒരു അധ്യാപകൻ പിന്നീട് കുമ്പസാരിച്ച സംഭവം ഓർക്കുക. ഇതിന് പിന്നിൽ പ്രവർത്തിച്ചത് ISKON ആയിരുന്നു. ജ്ഞാന മേഖലയിലെ ISKONന്റെയും ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെയും ഇടപെടൽ ഇന്ത്യയിൽ മാത്രമായി പരിമിതപ്പെടുന്നില്ല എന്നകാര്യം കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.

സ്‌കൂളുകളിൽ പരിണാമ ജീവശാസ്ത്രം (Evolutionary Biology) പഠിപ്പിക്കുന്നതിനെതിരായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ വിവിധ മത സംഘടനകൾ നിയമ യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന കാര്യം ശ്രദ്ധിക്കുക. ഈ കൂട്ടുമുന്നണിയിൽ ഇന്റർനാഷണൽ കൃഷ്ണ കോൺഷ്യസിന്റെ (ISKON) വക്താക്കളായ `ഹരേകൃഷ്ണ പ്രസ്ഥാന’ക്കാരും പങ്കാളികളാണ് എന്ന കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ പരിണാമ സിദ്ധാന്തം പഠിപ്പിക്കുന്ന പാഠപുസ്തകത്തിൽ, “പരിണാമ സിദ്ധാന്തം പഠിക്കുന്നത് കുട്ടികളുടെ ബൗദ്ധിക നിലവാരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കും” എന്ന ‘മുന്നറിയിപ്പ് ലേബൽ’ പതിക്കണമെന്നാണ് ഇവരുടെ ആവശ്യം.

വ്യവസ്ഥാപിത മതങ്ങൾ മുന്നോട്ടുവെക്കുന്ന `ഉത്പത്തിസിദ്ധാന്ത’ങ്ങളെ പരിണാമ സിദ്ധാന്തം സമ്പൂർണ്ണമായി തള്ളിക്കളയുന്നു എന്നതാണ് ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിനെതിരെ തിരിയാൻ മത വക്താക്കളെ പ്രേരിപ്പിക്കുന്നത്. പ്രപഞ്ചസൃഷ്ടാവ്, മനുഷ്യൻ, ആത്മാവ് തുടങ്ങിയ എല്ലാ മതമിത്തുകളെയും പരിണാമ സിദ്ധാന്തം പൊളിച്ചുകളയുന്നുണ്ട്. 380 കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉരുകൊണ്ട ജൈവസാന്നിദ്ധ്യം ശതകോടി വർഷങ്ങളുടെ പരിണാമഫലമായി ഇന്നത്തെ നിലയിൽ എത്തിച്ചേർന്നതിനെ കേവലം അയ്യായിരം വർഷങ്ങൾ മാത്രം പ്രായമുള്ള മതങ്ങൾ തങ്ങളുടേതായ രീതിയിൽ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതിന്റെ വൈരുദ്ധ്യങ്ങൾ മതങ്ങൾ സ്വയം അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഡാർവിനെയും പരിണാമ സിദ്ധാന്തത്തെയും എതിർക്കേണ്ടത് മതങ്ങളുടെ ആവശ്യമാണ്.

മത പൗരോഹിത്യങ്ങളുടെ നിലനിൽപ്പ് ഭദ്രമാക്കാനുള്ള ഈ യജ്ഞത്തിൽ വിയോജിപ്പുകൾ മാറ്റി വെച്ച് ഒരുമിച്ച് മുന്നേറാൻ മതസംഘടനകൾക്ക് യാതൊരു വൈമനസ്യവുമില്ല.

ISKON, ഹരേകൃഷ്ണ മൂവ്‌മെന്റ്, ഭാരതീയ ശിക്ഷാ മണ്ഡൽ, വിദ്യാഭാരതി തുടങ്ങി വിവിധ പേരുകളിൽ ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിൽ ഒളിഞ്ഞുംതെളിഞ്ഞും പ്രവർത്തിക്കുന്ന തീവ്ര ഹിന്ദുത്വ സംഘടനകൾ അവസരം ലഭിക്കുമ്പോൾ അവരുടെ മുഖംമൂടി നീക്കി പുറത്തുവരുന്നുവെന്ന് മാത്രം.

(ISKONഉം ഹരേകൃഷ്ണ പ്രസ്ഥാനവും അടക്കമുള്ള ഹിന്ദുത്വ സംഘടനകളുടെ വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് രണ്ട് പതിറ്റാണ്ട് മുമ്പ് -2006 മെയ് 5- മാധ്യമം ആഴ്ചപ്പതിപ്പിൽ വിശദമായിത്തന്നെ എഴുതിയിട്ടുണ്ട്.)
——
പോസ്റ്റ് സ്‌ക്രിപ്റ്റ്:
ഇന്ത്യൻ വിദ്യാലയങ്ങളിൽ ഉച്ച ഭക്ഷണം വിതരണം ചെയ്യുന്ന ഇസ്‌കോണിന്റെ കാരുണ്യ പ്രവർത്തനത്തെ വാനോനം വാഴ്ത്തുമ്പോൾ അസിം പ്രേംജി ഫൗണ്ടേഷൻ കർണ്ണാടകയിലെ സ്‌കൂൾ കുട്ടികൾക്ക് മുട്ട വിതരണം ചെയ്യുന്നതിനായി കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 1500 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന കാര്യം ആരും മിണ്ടാത്തതെന്തേ?

 

Related