October 14 Wednesday 2026

ദേശീയ പണിമുടക്ക് വൃഥാ സമരമല്ല

രാജ്യത്തെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളും അനവധി തൊഴിലാളി സംഘടനകളും ഉള്‍പ്പെടെയുള്ള പൊതുവേദി 2025 ജൂലൈ 9 ന് ദേശീയ പണിമുടക്ക് നടത്തുകയാണ്. തൊഴിലാളി വിരുദ്ധ, കര്‍ഷക വിരുദ്ധ, കോര്‍പറേറ്റ് അനുകൂലമായ നയങ്ങള്‍ക്കെതിരെയാണ് ഏകദിന പണിമുടക്ക് നടത്തപ്പെടുന്നത്. രാജ്യത്തെ ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്, മൈനിങ്ങ്, കേന്ദ്ര – സംസ്ഥാന ജീവനക്കാര്‍, പൊതുമേഖല ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ ഏതാണ്ട് 25 കോടി തൊഴിലാളികള്‍ ഈ പണിമുടക്കില്‍ പങ്ക് ചേരുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ കോഡിനേഷന്‍ കമ്മറ്റി പുറത്തിറക്കിയ ചാര്‍ട്ടര്‍ ഓഫ് ഡിമാന്റില്‍ 17 ആവശ്യങ്ങള്‍ ഈ പണി മുടക്കിനോടനുബന്ധിച്ച് ഉന്നയിച്ചിട്ടുണ്ട്. രാജ്യത്തെ ഓരോ തൊഴിലാളി സംഘടനയും ഈ സമരത്തിന്റെ ഭാഗമാകുന്നത് അവരവരുടെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ കൂടി മുന്നില്‍ വെച്ചാണ്. ആ അര്‍ഥത്തില്‍ രാജ്യത്തെ തൊഴിലാളികളുടെ ഏറ്റവും വലിയ സംഘടിത പ്രക്ഷോഭവും പ്രതിഷേധവുമാണ് ദേശീയ പണിമുടക്കുകള്‍. മാത്രമല്ല, രാജ്യത്തെ കര്‍ഷക സംഘടനകളും ഈ പണി മുടക്കിന്റെ സംഘാടനത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. സംഘടിത തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട ആവശ്യങ്ങളാണ് പണിമുടക്കിന്റെ പ്രധാന ആവശ്യങ്ങളെങ്കിലും അസംഘടിത തൊഴിലാളികള്‍ കൂടി ഈ പണിമുടക്കിന്റെ ഭാഗമായി മാറുകയാണ്. രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശത്തെ വീണ്ടെടുക്കാനുള്ള ഒരു മുന്നേറ്റമെന്ന നിലയില്‍ ഇത് കേവലമൊരു തൊഴിലാളി പ്രക്ഷോഭം മാത്രമല്ല, മറിച്ച് സാമൂഹ്യ പ്രക്ഷോഭവും മനുഷ്യാവകാശ പ്രക്ഷോഭവുമാണ്.

1991 ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ആഗോള വിപണിയുമായി ബന്ധിപ്പിക്കാനെന്ന പേരില്‍ നടപ്പാക്കിയ ആഗോളവത്കരണ നയങ്ങള്‍ മുതലാണ് ഇന്ത്യയിലെ തൊഴില്‍ മേഖലയിലേക്ക് വലതുപക്ഷ സാമ്പത്തിക നയങ്ങള്‍ പ്രത്യക്ഷമായി കടന്നുകയറാന്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി തൊഴിലവകാശങ്ങളും തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങളും നിഷേധിക്കാന്‍ തുടങ്ങിയപ്പോള്‍ ഇന്ത്യയിലെ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പൊതുവേദി രൂപീകരിച്ച് ദേശീയ പണിമുടക്കുകള്‍ നടത്തി തുടങ്ങി. ആര്‍.എസ്.എസ്‌ന്റെ തൊഴിലാളി സംഘടനയായ ബി.എം.എസ് 2014 ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ എത്തും വരെ വാജ്‌പേയി ഭരണകാലത്തടക്കം ആ പൊതുവേദിയുടെ ഭാഗമായിരുന്നു. എന്നാല്‍, നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിന് ശേഷം സംയുക്ത തൊഴിലാളി പ്രക്ഷോഭങ്ങളില്‍ നിന്ന് ബി.എം.എസ് ഏകപക്ഷീയമായി പിന്‍മാറി. ഇന്ത്യയിലെ മഹാനഗരങ്ങളിലെ സാധാരണ ജീവിതത്തെ ദേശീയ പണിമുടക്ക് ബാധിക്കാറില്ലെങ്കിലും സംഘടിത തൊഴില്‍ ശക്തിയും ട്രേഡ് യൂണിയനുകളും നിലനില്‍ക്കുന്ന ഇടങ്ങളില്‍ ദേശീയ പണിമുടക്ക് ഇന്ത്യയിലുടനീളം നടക്കാറുണ്ട്. കേരളത്തിലാകട്ടെ ദേശീയ പണിമുടക്ക് ഒരു ബന്ദിന്റെ സ്വഭാവത്തിലാണ് നടന്നു വരുന്നത്. കേരളത്തിലെ ഇടത് – വലത് ട്രേഡ് യൂണിയനുകള്‍ മാത്രമല്ല, സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുമടക്കം സംഘടിത – അസംഘടിത മേഖലകളിലെ ഏതാണ്ടെല്ലാ തൊഴിലാളികളും ഇത്തരം പണിമുടക്കുകളില്‍ അവയുടെ പൊതു ആവശ്യങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പങ്ക് ചേരാറുണ്ട്.

എന്നാല്‍, 2025 ജൂലൈ എത്തുമ്പോഴേക്ക് കേരളത്തിലെ UDF അനുകൂല സര്‍വീസ് – അധ്യാപക സംഘടനകള്‍ ഈ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല എന്ന് തീരുമാനമെടുത്ത് പണിമുടക്ക് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാവുന്ന വിചിത്ര സ്വഭാവത്തിലേക്ക് പരിവര്‍ത്തന പെട്ടിരിക്കുകയാണ്. CPIM അനുകൂല സംഘടനകള്‍ ഉള്‍പ്പെടെയുള്ള LDF സംഘടനകള്‍ ഈ പണിമുടക്ക് പ്രചാരണത്തില്‍ ഏറെ മുന്നില്‍ പോയതിനാല്‍ ഈ പണിമുടക്ക് കേന്ദ്ര സര്‍ക്കാറിന് എതിരായി മാത്രം വായിക്കപ്പെടുന്നു എന്നതാണത്രേ സംഘ് വിരുദ്ധ തൊഴിലാളി പ്രക്ഷോഭത്തെ പിന്നില്‍ നിന്ന് കുത്താന്‍ അവരുടെ പ്രചോദനം. INTUC, STU പോലെയുള്ള UDF അനുകൂല ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്ക് അധ്യാപക – സര്‍വീസ് സംഘടനകളുടെ സാമൂഹിക – രാഷ്ട്രീയ വിശകലന ശേഷിയും ബൗദ്ധിക നിലവാരവും വെച്ച് ചര്‍ച്ച ചെയ്തപ്പോള്‍ പിണറായി സര്‍ക്കാറിനെതിരെയുള്ള മുദ്രാവാക്യങ്ങള്‍ അതില്‍ കണ്ടില്ല എന്നതാണത്രേ ഈ സംഘടനാ ഭക്തരെ പണിമുടക്കില്‍ നിന്ന് വിട്ടു നിന്ന് എതിര്‍ പ്രചാരണം നടത്താന്‍ പ്രേരിപ്പിച്ചത്.

നേരെത്തേ സൂചിപ്പിച്ചത് പോലെ പൊതുവായ പതിനേഴ് ആവശ്യങ്ങളാണ് സംയുക്ത ട്രേഡ് യൂണിയന്‍ കോഡിനേഷന്‍ പണിമുടക്കിന്റെ ഭാഗമായി ഉന്നയിക്കുന്നത്. കൂടാതെ പണിമുടക്കിന്റെ ഭാഗമാകുന്ന സംഘടനകള്‍ അവരുടെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഈ പണിമുടക്ക് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്നുണ്ട്. അത് മാത്രമാണ് ഒരു പൊതു പ്രക്ഷോഭത്തില്‍ തൊഴിലാളി സംഘടനകള്‍ക്ക് സ്വീകരിക്കാവുന്ന രീതിയും ശൈലിയും.

കേരളത്തിലെ സംസ്ഥാന ജീവനക്കാരും അധ്യാപകരും 2016 മുതല്‍ തങ്ങളുടെ സംഘടനാ തടവറയില്‍ നിന്ന് പുറത്ത് കടക്കാന്‍ കഴിയാത്ത വിചിത്രാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. അധ്യാപക – സര്‍വീസ് സംഘടനാ ശക്തിയില്‍ CPIMന്റെ സംഘടനകള്‍ക്ക് എല്ലാകാലത്തും സംഘശക്തി കൂടുതലുണ്ട് എന്നതിനാല്‍ 2016 മുതല്‍ ആ സംഘടനകള്‍ ഒട്ടകപക്ഷിയുടെ സ്വഭാവത്തിന് സമാനമായ അവസ്ഥകളിലൂടെയാണ് കടന്നുപോകുന്നത്. ഫുട്‌ബോള്‍ – ചെസ് മത്സരങ്ങള്‍ മുതല്‍ കാരണഭൂത തിരുവാതിരയും ക്യാപ്റ്റന്‍ മഹത്വത്കരണ ഡോക്യുമെന്ററിയുമൊക്കെയാണ് കഴിഞ്ഞ എട്ട് വര്‍ഷമായി CPIM സംഘടനകള്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി നല്‍കിയ ഉജ്വല സംഭാവനകള്‍. ക്ഷാമബത്ത, ലീവ് സറണ്ടര്‍ എന്നിവ നിഷേധിക്കുക മാത്രമല്ല ശമ്പള പരിഷ്‌ക്കരണം തന്നെ കുടിശ്ശികയായി വര്‍ഷം ഒന്ന് കഴിഞ്ഞിരിക്കുന്നു. പങ്കാളിത്ത പെന്‍ഷനില്‍ നിന്ന് തിരിഞ്ഞ് നടക്കാമെന്ന പത്ത് വര്‍ഷം പഴക്കമുള്ള വാഗ്ദാനം കേവലം ജലരേഖയാക്കി കഴിഞ്ഞു. സകല തൊഴില്‍ നിയമങ്ങളുടെയും ലംഘനമായ തൊഴിലുടമയുടെ വിഹിതമില്ലാതെ തൊഴിലാളികള്‍ക്ക് നല്‍കിയ ആരോഗ്യ പരിരക്ഷ – മെഡിസെപ്പ് – യുടെ പേരിലുള്ള പിടിച്ച് പറി തുടരുകയാണ്. കരാര്‍ – ദിവസ വേതനക്കാരില്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി. ഇതിനിടയില്‍ സംഘടനാ ശക്തി ക്ഷയിച്ചും ഗ്രൂപ്പിസത്തില്‍ മത്സരിച്ചും മുന്നേറി സംഘടിത സമരശക്തി ചോര്‍ന്ന് പോയ UDF സംഘടനകളും നേരത്തേ സൂചിപ്പിച്ച ഇടത് സംഘടനകളും ചേര്‍ന്ന് സാധാരണ ജീവനക്കാരന്റെയും അധ്യാപകന്റേയും പ്രതികരണ ശേഷിയെ നിര്‍വീര്യമാക്കുന്ന ജോലി എളുപ്പമാക്കുകയാണ്. 2002 ല്‍ നടന്ന യോജിച്ച പ്രക്ഷോഭത്തിന് ശേഷം ആ പ്രക്ഷോഭത്തിന് ആധാരമായ 2002 ജനുവരി 16 ഉത്തരവിലെ പ്രതിലോമകരമായ എല്ലാ നിര്‍ദേശങ്ങളും നടപ്പിലാക്കപ്പെട്ടിട്ടും 2002 ന് സമാനമായ ഒരു പ്രക്ഷോഭവും സര്‍വീസ് – അധ്യാപക സംഘടനകളില്‍ നിന്ന് ഉണ്ടായിട്ടില്ല. LDF സര്‍ക്കാറിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുക എന്നതാണ് NGO യൂണിയന്‍ അടക്കമുള്ള CPIM സംഘടനകളുടെ നിലപാട്. അതിനിടയില്‍ CPI യുടെ സംഘടനയുടെ പൊതു സ്വീകാര്യതക്ക് വേണ്ടിയുള്ള സമരനാടകങ്ങള്‍ നിലനില്‍പ്പിനായുള്ള ഊര്‍ദ്ധശ്വാസങ്ങള്‍ മാത്രമാണ്.

ഈ പശ്ചാത്തലത്തിലാണ് ജൂലൈ 9 ലെ ദേശീയ പണിമുടക്കില്‍ നിന്ന് കേരളത്തിലെ UDF അനുകൂല സര്‍വീസ് – അധ്യാപക സംഘടനകളുടെ വിട്ട് നില്‍ക്കലിനെ വിലയിരുത്തേണ്ടത്. ദേശീയ പണിമുടക്കിന് ആധാരമായ അടിസ്ഥാന വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നയനിലപാടുകളാണ്. അതിന് അനുഗുണമായതും അതിനോട് ചേര്‍ന്ന് പോകുന്നതുമായ തൊഴില്‍ നയങ്ങള്‍ മറയില്ലാതെ നടപ്പിലാക്കുന്നു എന്നത് കൊണ്ടാണ് ഈ സമരം കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെയായി മാറുന്നത്. ഏതാണ്ട് ആറ് മാസത്തിന് മുമ്പ് പ്രഖ്യാപിക്കപ്പെട്ട ഈ ദേശീയ പണിമുടക്കിന്റെ പ്രചാരണ പരിപാടികളില്‍ സംഘാടന മികവ് കൊണ്ട് ഏറെ മുന്നിലെത്തിയ ഇടത് സംഘടനകള്‍ നേടിയ മേല്‍ക്കൈ, സംഘടനാശാക്തീകരണം തൊട്ട് തീണ്ടിയിട്ടില്ലാത്ത കേരളത്തിലെ UDF സംഘടനകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നത് സ്വാഭാവികം മാത്രമാണ്. എന്നാല്‍, അതിനോടൊപ്പം നടക്കാനെങ്കിലും ശ്രമിക്കാനുള്ള സംഘടനാ ആത്മവിശ്വാസമില്ലാത്ത നേതാക്കള്‍ പണിമുടക്കിനെ തന്നെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത് പ്രാഥമികമായ രാഷ്ട്രീയ ബോധ്യമില്ലായ്മയുടെ പ്രശ്‌നമാണ്.

ഈ സമരം കേരളത്തിലെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അനുഭവിക്കുന്ന തൊഴില്‍ ചൂഷണങ്ങളെ തുറന്ന് കാണിക്കാനുള്ള അവസരമായിരുന്നു തുറന്നത്. കേരളത്തിലെ അധ്യാപക – സര്‍വീസ് സംഘടനകള്‍ ദേശീയ പണിമുടക്കുകളെ അപ്രകാരം ഉപയോഗപ്പെടുത്തിയതിന്റ മുന്‍ മാതൃകകള്‍ അവരുടെ തന്നെ ഷെല്‍ഫുകളില്‍ വിശ്രമിക്കുന്നുമുണ്ട്. പക്ഷേ, സംഘടനാ പ്രവര്‍ത്തനം എന്ന വിഷമം പിടിച്ച ജോലി ഒഴികെ മറ്റെന്തിനും തയ്യാറുള്ള നേതാക്കള്‍ ധാരാളമുള്ള ഈ സംഘടനകള്‍ക്ക് കേരളത്തിലെ സംഘ് സംഘടനകളുടെ മൗത്ത് പീസായി മാറാന്‍ നിന്ന് കൊടുക്കുകയേ നിര്‍വാഹമുള്ളൂ. ദേശീയ പണിമുടക്കിന്റെ ക്ഷണക്കത്ത് ലഭിച്ചില്ല, ഞങ്ങളോട് ആലോചിച്ചില്ല എന്നത് പോലെയുള്ള ബാലിശമായ വാദങ്ങള്‍ പഴയ തറവാട്ട് കാരണവരുടെ മാടമ്പിത്തരത്തിന്റെ പ്രതീകം മാത്രമാണ്. ആ കാലം കഴിഞ്ഞുവെന്നും രാഷ്ട്രീയവും സാമൂഹ്യ സാഹചര്യവും വിലയിരുത്തുന്ന ഒരു തലമുറ പിറവിയെടുത്തിട്ടുണ്ടെന്നും ഈ കാരണവന്‍മാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ക്ഷാമബത്ത LDF സര്‍ക്കാര്‍ അനിശ്ചിതകാലമായി കോള്‍ഡ് സ്റ്റോറേജിലേക്കായത് മുതല്‍ പങ്കാളിഞ്ഞ പെന്‍ഷന്‍, ശമ്പള പരിഷ്‌ക്കരണം തുടങ്ങിയ അവകാശ നിഷേധങ്ങളുടെ പരമ്പരകളുടെ ഉത്തരവാദിത്തം കേരളത്തിലെ മുഖ്യധാര സര്‍വീസ് – അധ്യാപക സംഘടനകള്‍ക്കാണ്. നിരന്തരമായ പ്രക്ഷോഭങ്ങള്‍ മാത്രമാണ് കവര്‍ന്നെടുത്ത അവകാശങ്ങള്‍ തിരികെ പിടിക്കാനുള്ള ഏക വഴി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലധികം കാലമായി കേരളത്തിലെ അധ്യാപക – സര്‍വീസ് സംഘടനകള്‍ ഏതെങ്കിലും പുതിയ ആനുകൂല്യങ്ങള്‍ക്കായി സമരം ചെയ്തിട്ടില്ല. മറിച്ച് നിലനില്‍ക്കുന്ന ആനുകൂല്യങ്ങള്‍ തിരിച്ച് പിടിക്കാനോ നഷ്ടപ്പെടുത്താതിരിക്കാനോ ആയിരുന്നു സമരങ്ങളെല്ലാം. എന്നിട്ടും സംസ്ഥാന സര്‍ക്കാറിനെതിരെ അധ്യാപക – ജീവനക്കാരുടെ പ്രതിക്ഷേധങ്ങളെ യഥാസമയം അറിയിക്കുന്നതില്‍ ഈ സംഘടനകള്‍ പരാജയമാണ്. മാത്രമല്ല, ഒറ്റപ്പെട്ട് നടത്തിയ പ്രക്ഷോഭങ്ങളും ഏകദിന പണിമുടക്കുകളും പരാജയപ്പെടുത്താന്‍ പരസ്പരം മത്സരിക്കുകയുമായിരുന്നു ഇവര്‍. ഈ പശ്ചാത്തലം ഉണ്ടായിരിക്കെ കോടിക്കണക്കിന് സാധാരണ തൊഴിലാളികള്‍ ഒരു ദിവസത്തെ കൂലി ത്യജിച്ച് ജൂലൈ 9 ന് പണിമുടക്കുമ്പോള്‍ ഒരു ദിവസത്തെ ശമ്പളം കുറയുമല്ലോ എന്ന ആശങ്കയില്‍ നിന്ന് വന്ന കേവല വൈകാരിക തീരുമാനത്തിന്റെ ഭാഗമായി മാറുക എന്നത് ഇന്നത്തെ ഇന്ത്യയില്‍ പൊറുക്കാനാകാത്ത പാതകമാണ്.

ജൂലൈ 9 പണിമുടക്കം മുഴുവന്‍ തൊഴിലവകാശ നിഷേധങ്ങള്‍ക്കുമെതിരെയുള്ള തൊഴിലാളികളുടെ കൂട്ടായ ശബ്ദമാണ്. സംഘടിത – അസംഘടിത തൊഴിലാളികള്‍ ഈ പ്രക്ഷോഭത്തിന്റെ ഭാഗമാണ്. കേരളത്തിലെ സംസ്ഥാന സര്‍ക്കാറിന്റെ തൊഴിലവകാശ നിഷേധങ്ങള്‍ക്കെതിരായ പോരാട്ടങ്ങളുടെ കൂടി ഭാഗമാണിത്. അത്തരം പോരാട്ടങ്ങളുടെ കണ്ണിയായി മാറുക എന്നത് കാലം ആവശ്യപ്പെടുന്ന ഒന്നാണ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി തങ്ങളുടെ തൊഴില്‍ മേഖലയില്‍ നിന്ന് കൂടി പ്രക്ഷോഭമുയരുന്നു എന്ന പ്രാധാന്യം കൂടി ജൂലൈ 9 പണിമുടക്കിനുണ്ട്. സംഘ്പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തേയും കോര്‍പറേറ്റ് അനുകൂല നിലപാടുകളേയും ഒന്നിച്ചു ചേര്‍ന്ന് എതിര്‍ക്കാന്‍ ലഭിക്കുന്ന ഒരു അവസരവും പാഴാക്കരുത്. അതിനെ കക്ഷി രാഷ്ട്രീയത്തിന്റെ ഇടുങ്ങിയ തടവറയിലും ഒരു ദിവസത്തെ വേതന നഷ്ടത്തിലും ഒതുക്കി മാറിനില്‍ക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയമായും സാമൂഹ്യമായും ശരിയായി തീരുമാനമല്ല. ഇത്തരം കേവല ന്യായങ്ങള്‍ ആണ് 2014 ല്‍ രാജ്യം സംഘ് അധീനതയിലേക്ക് മാറാന്‍ കാരണമായത് എന്നതെങ്കിലും ഓര്‍ക്കുന്നത് നന്നായിരിക്കും.

ജൂലൈ 9 പണിമുടക്കം മുഴുവന്‍ തൊഴിലവകാശ നിഷേധങ്ങള്‍ക്കുമെതിരെയുള്ള തൊഴിലാളികളുടെ കൂട്ടായ ശബ്ദമാണ്. സംഘടിത – അസംഘടിത തൊഴിലാളികള്‍ ഈ പ്രക്ഷോഭത്തിന്റെ ഭാഗമാണ്. കേരളത്തിലെ സംസ്ഥാന സര്‍ക്കാറിന്റെ തൊഴിലവകാശ നിഷേധങ്ങള്‍ക്കെതിരായ പോരാട്ടങ്ങളുടെ കൂടി ഭാഗമാണിത്. അത്തരം പോരാട്ടങ്ങളുടെ കണ്ണിയായി മാറുക എന്നത് കാലം ആവശ്യപ്പെടുന്ന ഒന്നാണ്.

 

Related