വിസ്മൃതിക്കെതിരെ കലഹിച്ചാലേ ചരിത്രത്തിലെ അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കൂ. ഓർമകളെ ജ്വലിപ്പിച്ച് നിർത്തുകയെന്നത് ഒരു വിപ്ലവ പ്രവർത്തനമാണ്. ഇന്ന് 60 വയസ്സിൽ താഴെയുള്ളവർക്ക് ആ 20 മാസങ്ങൾ ഓർക്കാൻ സാധിക്കണമെന്നില്ല. 65 വയസ്സിനു മുകളിലുള്ളവർക്കേ ഓർക്കാനാവൂ. അവരിൽ ഗണ്യഭാഗം മൺമറഞ്ഞിരിക്കും. കുറെ പേർക്ക് സ്മൃതിനാശം സംഭവിച്ചിരിക്കും. വേറെ ചിലർ സൗകര്യപൂർവം മറക്കാൻ ശ്രമിക്കും. അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ കരിനിഴലിലാണ് ഭാരത ജനത ഇന്നുള്ളത്. യു.എ.പി.എ. പൗരത്വ നിയമഭേദഗതി, എൻ.എർ.സി, വഖഫ് നിയമഭേദഗതി ഉൾപ്പെടെ പല കരിനിയമങ്ങളുടേയും പലവിധ ചങ്ങലകളാൽ പല മാർഗേണ കൂച്ചുവിലങ്ങുകൾ ഇട്ടുകൊണ്ടേയിരിക്കുന്നു. അടിയന്തരാവസ്ഥ അനുഭവിച്ചവരാണ് പുതിയ അടിയന്തരാവസ്ഥ ഉണ്ടാക്കിയെടുത്തത്. അന്തമാൻ ജയിലിൽനിന്ന് സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ അയച്ചതുപോലെ ബാലസാഹേബ് ദേവറസ് ഇന്ദിരാഗാന്ധിക്ക് കത്തയച്ചതും പിന്നീട് ആർ.എസ്. എസ് ഇന്ദിരയെ രൂക്ഷമായി എതിർക്കാതിരുന്നതും ഓർമയിൽ വരേണ്ടതുണ്ട്. അതിനുമുൻപ് ജെ.പി നടത്തിക്കൊണ്ടിരുന്ന ഇന്ദിരാവിരുദ്ധ പ്രക്ഷോഭം ശക്തിപ്പെട്ടുവന്നപ്പോൾ അതിലേയ്ക്ക് നുഴഞ്ഞുകയറി ആർ.എസ്.എസ്സിന്റെ അജണ്ടകൾ അതിസമർത്ഥമായി ഒരളവോളം സാധിച്ചു. ഈ നുഴഞ്ഞുകയറ്റത്തിലൂടെ കിട്ടിയ സൗകര്യമുപയോഗിച്ച് റാം മനോഹർ ലോഹ്യയെ പോലുള്ളവർ പടുത്തുയർത്തിയ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ അതിവിദഗ്ദ്ധമായി ശിഥിലമാക്കി, ദുർബലപ്പെടുത്തി. പിന്നീട് ജനതാ പാർട്ടി രൂപീകൃതമായപ്പോൾ ആർ.എസ്.എസ്സുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് അദ്വാനിയും വാജ്പേയിയും വാക്കുകൊടുത്തത് ജെ.പി വിശ്വസിച്ചത് അദ്ദേഹത്തിനു പിണഞ്ഞ ഭീമാബദ്ധമാണ്.
മൊറാർജി മന്ത്രിസഭയിൽ വളരെ സുപ്രധാന വകുപ്പുകളാണ് വാജ്പേയിയും അദ്വാനിയും കയ്യാളിയത്. ഈ സൗകര്യം ഉപയോഗിച്ച് സർക്കാർ മെഷിനറിയിലേക്ക് -ഉദ്യോഗതലങ്ങളിലേക്ക് -വ്യാപകമായ നുഴഞ്ഞുകയറ്റം നടത്തി. അതിനു മുൻപും സകല തന്ത്രങ്ങളും ഉപയോഗിച്ച് ഭരണതലങ്ങളിലേക്ക് പട്ടാളത്തിലടക്കം) നുഴഞ്ഞുകയറ്റങ്ങൾ നടത്തിയിട്ടുണ്ട്. ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടിയിലേക്കും പ്രബല കക്ഷിയായ സോഷ്യലിസ്റ്റ് പാർട്ടിയിലേക്കും മറ്റും ഇഴഞ്ഞുകയറി, കടത്തിവിട്ട് തങ്ങൾക്കുവേണ്ടി കുത്തിത്തിരുപ്പും കുതന്ത്രങ്ങളും നടത്തുന്നതിലുള്ള ആർ.എസ്.എസ്സിന്റെ മിടുക്ക് പലരും വേണ്ടപോലെ തിരിച്ചറിയാറില്ല. മാർക്സിസ് പാർട്ടി ഉൾപ്പടെയുള്ള കമ്യൂണിസ്റ്റ് പാർട്ടികളിലേക്ക് ഈ വിദഗ്ദ്ധ നുഴഞ്ഞുകയറ്റം നടന്നിട്ടുണ്ട്. അതിന്റെ കൂടി ഫലമാണ് ബംഗാളിലും ത്രിപുരയിലും മറ്റും സി.പി.എമ്മിനും മറ്റും വന്ന വലിയ തകർച്ച. ഏതായാലും 1977-ൽ മൊറാർജി മന്ത്രിസഭയിൽ ലഭിച്ച വളരെ മുന്തിയ പരിഗണന ഉപയോഗിച്ച് മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന പേരുദോഷത്തിൽനിന്നു മുക്തരാവാൻ ആർ.എസ്.എസ്. ജനസംഘം വിഭാഗത്തിനായി, സാധിക്കേണ്ട കാര്യങ്ങൾ സാധിച്ചപ്പോൾ ജനതാപാർട്ടിയെ പൊളിച്ചു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ ആർ.എസ്.എസ് രഹസ്യമായും അതിവിദഗ്ദ്ധമായും ഇന്ദിരയെ പിന്തുണച്ചു. ഇന്ദിര ജയിക്കുകയും ചെയ്തു.
ദേവറസും ഇന്ദിരയും തമ്മിൽ നടന്ന കത്തിടപാട് മറക്കാൻ പാടില്ലാത്തതാണ്. അടിയന്തരാവസ്ഥക്കറുതി വരുത്താൻ ആർ.എസ്.എസ് അദ്ധ്വാനിച്ചുവെന്നത് അതിവിദഗ്ദ്ധമായി അവർ നടത്തിയ പ്രചരണം മാത്രമാണ്. അടിയന്തരാവസ്ഥയെ ചെറുത്തുനിന്നു എന്ന് കാട്ടിക്കൂട്ടി വരുത്തിതീർക്കുന്നതിൽ അവർ വിജയിച്ചു വെന്നതാണ് ശരി. പിന്നീട്, വി.പി. സിംഗിന്റെ മന്ത്രിസഭയിൽ പങ്കാളിയായപ്പോഴും സർക്കാർ സംവിധാനത്തെ തങ്ങൾക്ക് അനുകൂലമാക്കാൻ പൂർവോപരി ശ്രദ്ധപുലർത്തി. ആർ.എസ്.എസ് ലോബിക്ക് കോൺഗ്രസ്സിൽ എത്രമാത്രം സ്വാധീനമുണ്ടായിരുന്നുവെന്നതിന്റെ ഒരു പ്രധാന തെളിവാണ്, കോൺഗ്രസ്സുകാരനായ പ്രധാനമന്ത്രിയെ (നരസിംഹ റാവൂ) തങ്ങളുടെ അജണ്ട നടപ്പാക്കാനുള്ള ചട്ടുകമായി ഉപയോഗിക്കാനായത്. ജോർജ് ഫെർണാണ്ടസ് ഉൾപ്പടെയുള്ള സോഷ്യലിസ്റ്റുകളെ തങ്ങളുടെ ചട്ടുകമാക്കുന്നതിലും ആർ.എസ്.എസ് വിജയിച്ചു. ഇന്ദിരാഗാന്ധി തുടക്കം കുറിച്ച ഫാസിസ്റ്റ് ശൈലി കോൺഗ്രസ്സിനു ചേർന്നതായിരുന്നില്ല. പലപ്പോഴും ഇന്ദിരയെ ആർ.എസ്.എസ് പരോക്ഷമായി സ്വാധീനിച്ചിരുന്നു. 1971-ലെ ബംഗ്ലാദേശ് യുദ്ധവിജയം ഉണ്ടാക്കിയ ഉന്മാദ ദേശീയതയുടെ വികാര വേലിയേറ്റത്തെ താൽക്കാലിക രാഷ്ട്രീയ വിജയത്തിന് ഉപയോഗപ്പെടുത്തുകയും ജനകീയ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാതെ ദേശസുരക്ഷ, ആഭ്യന്തരഭദ്രത തുടങ്ങിയ വായ്ത്താരികൾ നടത്തി കാലം കഴിക്കുകയും ചെയ്തപ്പോഴാണ് സജീവ രാഷ്ട്രീയത്തിൽനിന്നകന്ന് സർവോദയ പ്രസ്ഥാനത്തിലും മറ്റും വ്യാപൃതനായ ജയപ്രകാശ് നാരായണൻ സന്ദർഭത്തിന്റെ നേട്ടം മാനിച്ച് രംഗത്തിറങ്ങിയത്. അത്തരത്തിലൊരു ജയപ്രകാശ് നാരായണനെ കാത്തിരിക്കുകയാണ് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയം. രാജ്യസ്നേഹികളായ ജനകോടികൾക്ക് നേതൃത്വം നൽകാൻ, മാതൃഭൂമിയെ പുരോഗതിയിലേക്ക് നയിക്കാൻ, ദരിദ്രകോടികളുടെ നീറുന്ന നൂറുനൂറു പ്രശ്നങ്ങൾക്ക് നല്ലതായ പരിഹാരം കണ്ടെത്താൻ, നമ്മുടെ ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കാൻ ഒരു കരുത്തുറ്റ നേതാവ് ഉയിർത്തെഴുന്നേറ്റ് വരണം. അങ്ങനെ ഒരു നേതാവിനായി ഭാരതം പ്രാർത്ഥനാപൂർവം കാത്തിരിക്കുകയാണ്.
അനുബന്ധം:നട്ടുച്ചക്ക് ഇരുട്ട് പരത്തിയ ആ നാളുകളിലെ രണ്ട് സംഭവങ്ങൾ അപ്പുക്കുട്ടൻ വള്ളിക്കുന്ന് ‘സുകൃതം’ (എഡിറ്റർ: ടിപി ചെറൂപ്പ) എന്ന പുസ്തകത്തിൽ ഉദ്ധരിച്ചത് ഇവിടെ ചേർക്കുന്നു:
“അടിയന്തരാവസ്ഥയിൽ ലോക്സഭാംഗമെന്ന നിലയിൽ ഡൽഹിയിലായിരുന്ന സി.എച്ച് മുഹമ്മദ് കോയ, അതിൻ്റെ മൂർദ്ധന്യത്തിൽ ഒരുദിവസം ചന്ദ്രികയിൽ പത്രസമ്മേളനം വിളിച്ചു. പതിവിനുവിപരീതമായി വിഷാദമുഖവുമായാണ് അദ്ദേഹം സംസാരിച്ചത്. പത്രക്കാരെ എന്തെങ്കിലും അറിയിക്കുന്നതിനേക്കാളേറെ അവരിൽനിന്ന് എന്തെങ്കിലും അറിയണമെന്ന മട്ടിലാണ് അദ്ദേഹം സംസാരിച്ചത്. ഒരച്ഛൻ മകൾക്കയച്ച കത്തുകളിൽനിന്നുള്ള ഉദ്ധരണിപോലും പ്രസിദ്ധീകരിക്കാൻ ദേശാഭിമാനിയെ അനുവദിച്ചില്ലെന്ന കാര്യം സി.എച്ച് മനസിലാക്കിയിരുന്നെന്ന് അദ്ദേഹത്തിന്റെ സംഭാഷണം വെളിപ്പെടുത്തി. “നിങ്ങൾക്ക് അത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞല്ലോ. ഞങ്ങൾക്കോ” – ഈ ലേഖകന്റെ മുഖത്തുനോക്കി നിരാശയോടെ അദ്ദേഹം പറഞ്ഞു. ഡൽഹി തുർക്കുമാൻ ഗേറ്റിലെ വെടിവെപ്പും ചേരികളിലെ കുടിലുകളാകെ ബുൾഡോസർകൊണ്ട് ഇടിച്ച് നിരപ്പാക്കിയതും കേരളത്തിലുള്ളവരെക്കാൾ നേരിട്ട് മനസ്സിലാക്കിയ ഒരു രാഷ്ട്രീയ നേതാവിൻ്റെ കടുത്ത നിരാശയും നിസ്സഹായതയും സങ്കടവുമാണ് ആ വാക്കുകളിൽ നിറഞ്ഞുനിന്നത്.
