October 14 Wednesday 2026

വികസനത്തിന്റെ ആശയവും ഭരണകൂടത്തിന്റെ പങ്കും: പുതു കേരള മാതൃകയുടെ അനിവാര്യത

കേരളത്തിന്റെ വികസനം സംബന്ധിച്ച സമാന്തര മാതൃകകളെയും പരിമിതികളെയും ചർച്ച ചെയ്യുന്ന പഠനം. ഭരണസംസ്കാരത്തിൻറെ മാറ്റത്തെയും വികസനത്തിലെ ജനപങ്കാളിത്തത്തെയും പഠന വിധേയമാക്കുന്നു. ധാർമ്മികതയിലധിഷ്ഠിതമായ സിവിൽ സർവീസ് എന്ന ആശയത്തിലൂടെ സിവിൽ സർവീസിനെ പുനർനിർവചിക്കുന്നു. ഡിജിറ്റൽ ഗവേണൻസും സാങ്കേതികവിദ്യയും മനുഷ്യകേന്ദ്രീകൃത ഭരണവും ചർച്ച ചെയ്യുന്നു. (ഭാഗം 01)

വികസനം എന്നത് വെറും സാമ്പത്തിക വളർച്ചയോ നിർമ്മാണ പ്രവർത്തനങ്ങളുടെ വ്യാപനമോ അല്ല. ഒരു സമൂഹത്തിലെ മനുഷ്യരുടെ ജീവിതനിലവാരം, സ്വാതന്ത്ര്യം, അവസരങ്ങൾ, സാമൂഹിക സുരക്ഷ, നീതി, മാന്യത എന്നിവ വികസിപ്പിക്കുന്ന നിരന്തരമായ സാമൂഹിക-രാഷ്ട്രീയ പ്രക്രിയയാണ് വികസനം. സാമ്പത്തിക ഉൽപ്പാദനവും വരുമാന വർധനവും വികസനത്തിന്റെ പ്രധാന ഘടകങ്ങളാണെങ്കിലും അവ മാത്രം വികസനത്തിന്റെ അളവുകോലാകുന്നില്ല. വികസനം എന്നത് സമൂഹത്തിലെ ഏറ്റവും ദുർബലനായ മനുഷ്യനെയും പരിഗണിച്ചും കേന്ദ്രീകരിച്ചുള്ള ആശയവും കാഴ്ചപ്പാടുമാകണം.

നോബൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെൻ തന്റെ Development as Freedom എന്ന കൃതിയിൽ വികസനത്തെ നിർവചിക്കുന്നത് മനുഷ്യർ അനുഭവിക്കുന്ന യഥാർത്ഥ സ്വാതന്ത്ര്യങ്ങളുടെ വികാസമായാണ്. ഒരു വ്യക്തിക്ക് വിദ്യാഭ്യാസം ലഭിക്കാനുള്ള അവസരം, ആരോഗ്യപരമായ ജീവിതം നയിക്കാനുള്ള സാഹചര്യം, അന്തസ്സോടെ തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്ര്യം, നിയമത്തിന്റെ പരിരക്ഷയിൽ ജീവിക്കാനുള്ള അവകാശം, പൊതുസേവനങ്ങളിലേക്കുള്ള തുല്യപ്രവേശനം എന്നിവയെല്ലാം വികസനത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ വികസനം എന്നത് സാമ്പത്തിക സൂചികകളുടെ വളർച്ചയിൽ ഒതുങ്ങുന്ന ആശയമല്ലെന്നും മറിച്ച് ഒരു സമൂഹത്തിന്റെ ജനാധിപത്യത്തിന്റെയും ധാർമ്മികതയുടെയും ഭരണസംസ്കാരത്തിന്റെയും ഗുണനിലവാരത്തെ പ്രതിഫലിപ്പിക്കുന്ന മാനദണ്ഡം കൂടിയാണെന്നും മനസ്സിലാക്കപ്പെടേണ്ടതുണ്ട്.

വികസനം ഒരു നിഷ്പക്ഷമായ പദമല്ല. അതിന് വ്യക്തമായ സാമൂഹികവും രാഷ്ട്രീയവുമായ ഉള്ളടക്കമുണ്ട്. നിശ്ചിത കാലയളവിനുള്ളിൽ സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുകയും മനുഷ്യരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും അവസരങ്ങളുടെ അസമത്വം കുറയ്ക്കുകയും പൊതുസ്ഥാപനങ്ങളുടെ ശേഷി വർധിപ്പിക്കുകയും ചെയ്യുന്ന നിർമ്മാണാത്മകവും രചനാത്മകവുമായ പരിവർത്തനങ്ങളെയാണ് യഥാർത്ഥ വികസനം എന്ന് വിശേഷിപ്പിക്കാനാവുക. അതുകൊണ്ടുതന്നെ വികസനം ഒരു ഭരണനിർവഹണ പ്രശ്നം മാത്രമായല്ല, സാമൂഹിക നീതിയുടെയും ജനാധിപത്യ ഉത്തരവാദിത്തത്തിന്റെയും വിഷയമായി പരിഗണിക്കപ്പെടണം.

ചരിത്രപരമായി വികസനം എന്ന ആശയം ദീർഘകാലം സാമ്പത്തിക വളർച്ചയുമായി (GDP Growth) ബന്ധപ്പെടുത്തിയാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ, രണ്ടാം ലോകമഹായുദ്ധാനന്തര കാലഘട്ടത്തിൽ വികസനത്തെക്കുറിച്ചുള്ള ആഗോള കാഴ്ചപ്പാടിൽ വലിയ മാറ്റമുണ്ടായി. ഉയർന്ന ആഭ്യന്തര ഉൽപ്പാദനം (GDP) മാത്രം ഉയർന്ന ജീവിതനിലവാരത്തിന് ഉറപ്പല്ലെന്നും വിദ്യാഭ്യാസം, ആരോഗ്യം, ലിംഗസമത്വം, പരിസ്ഥിതി സുസ്ഥിരത, സാമൂഹിക നീതി, മനുഷ്യാവകാശങ്ങൾ എന്നിവയും വികസനത്തിന്റെ അടിസ്ഥാന ഘടകങ്ങളാണെന്നും ലോകം തിരിച്ചറിഞ്ഞു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളും (Sustainable Development Goals) ഐക്യരാഷ്ട്ര വികസന പരിപാടിയുടെ (UNDP) മാനവ വികസന സൂചികയും (Human Development Index) ഈ വിശാലമായ വികസന സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിലാണ് രൂപപ്പെട്ടത്. ഒരു സമൂഹത്തിന്റെ വികസനം വിലയിരുത്തുമ്പോൾ അവിടെയുള്ള റോഡുകളുടെ വീതിയോ പാലങ്ങളുടെ എണ്ണമോ വലിയ കെട്ടിടങ്ങളോ മാത്രം നോക്കിയാൽ മതിയാകില്ല. ആ സമൂഹത്തിലെ ഏറ്റവും സാധാരണക്കാരനായ പൗരന് ഭരണകൂടത്തിന്റെ സേവനം എത്ര വേഗത്തിലും എത്ര നീതിപൂർവകമായും ലഭിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരവും വികസനത്തിന്റെ നിർണായക മാനദണ്ഡമാണ്. പൊതുസർക്കാർ സ്ഥാപനങ്ങളിലുള്ള വിശ്വാസം, നിയമത്തിന്റെ ആധിപത്യം, സേവനലഭ്യത, ഭരണനിർവഹണത്തിന്റെ സുതാര്യത എന്നിവയൊക്കെയാണ് വികസനത്തിന്റെ യഥാർത്ഥ മുഖം നിർണ്ണയിക്കുന്നത്.

ലോകബാങ്കും ഐക്യരാഷ്ട്രസഭയും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങൾ വികസനത്തെ വിലയിരുത്തുമ്പോൾ ഭരണനിർവഹണത്തിന്റെ ഗുണനിലവാരത്തിന് നൽകുന്ന പ്രാധാന്യം ഇതിന്റെ സൂചനയാണ്. കാര്യക്ഷമവും സുതാര്യവും ഉത്തരവാദിത്തബോധമുള്ളതുമായ പൊതുഭരണമില്ലാതെ സുസ്ഥിര വികസനം സാധ്യമല്ലെന്നത് ഇന്ന് ലോകം പൊതുവേ അംഗീകരിച്ചിരിക്കുന്ന യാഥാർഥ്യമാണ്. നല്ല ഭരണസംസ്കാരം (Good Governance) എന്നത് വികസനത്തിന്റെ ഉൽപ്പന്നമല്ല മറിച്ച് അതിൻറെ ഉപാദിയാണ്.

ഭരണകൂടത്തിന്റെ പങ്കും സിവിൽ സർവീസും
ഒരു സമൂഹത്തിന്റെ വികസനം സമഗ്രവും ദീർഘകാലം നിലനിൽക്കുന്നതുമായിരിക്കണമെങ്കിൽ ഭരണകൂടത്തിന്റെ സജീവമായ ഇടപെടൽ അനിവാര്യമാണ്. ഭരണകൂട സംവിധാനങ്ങളെ മാറ്റിനിർത്തിക്കൊണ്ട് വികസനം ഒരു സമാന്തരധാരയായി മുന്നോട്ടുപോകാൻ കഴിയില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ സന്നദ്ധസംഘടനകളും മത-സാമൂഹിക സ്ഥാപനങ്ങളും സ്വകാര്യ സംരംഭങ്ങളും വികസനത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുമെങ്കിലും, അവയ്ക്ക് ഭരണകൂടത്തിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തത്തെ പകരംവയ്ക്കാൻ കഴിയില്ല. ഒരു ക്ഷേമരാഷ്ട്രത്തിൽ വിദ്യാഭ്യാസവും ആരോഗ്യവും സാമൂഹിക സുരക്ഷയും നിയമപരിരക്ഷയും നീതിയുക്തമായ വിഭവവിതരണവും ഉറപ്പാക്കേണ്ട അന്തിമ ഉത്തരവാദിത്തം ഭരണകൂടത്തിനാണ്. ഇവിടെയാണ് സിവിൽ സർവീസിന്റെ പ്രാധാന്യം വ്യക്തമാകുന്നത്. സിവിൽ സർവീസ് എന്നത് സർക്കാർ ഉത്തരവുകൾ നടപ്പാക്കുന്ന ഒരു ഭരണയന്ത്രമല്ല, ജനാധിപത്യ ഭരണത്തിന്റെ പ്രവർത്തനശേഷി അടയാളപ്പെടുത്തുന്ന യഥാർത്ഥ വ്യവസ്ഥയാണ്. നിയമസഭ നിയമങ്ങൾ നിർമ്മിക്കുകയും മന്ത്രിസഭ നയപരമായ രാഷ്ട്രീയ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യുമ്പോൾ, അവയെ ജനങ്ങളുടെ ജീവിതത്തിൽ യാഥാർഥ്യമാക്കുന്നത് സിവിൽ സർവീസാണ്. വികസന പദ്ധതികൾക്ക് ജീവൻ നൽകുന്നത് ഫയലുകളല്ല, അവ നടപ്പാക്കുന്ന സിവിൽ സർവീസിലെ ജീവനക്കാരെന്ന മനുഷ്യരാണ്.

ഒരു വികസനപദ്ധതിയുടെ യഥാർത്ഥ വിജയം തീരുമാനിക്കപ്പെടുന്നത് ഒരിക്കലും സെക്രട്ടേറിയറ്റിലെ യോഗമുറികളിലല്ല. ആ യോഗതീരമാനത്തിൻറെ പ്രായോഗികമായ ഇടപെടൽ നടക്കുന്ന വില്ലേജ് ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലും സർക്കാർ ആശുപത്രികളിലും സ്കൂളുകളിലും കൃഷിഭവനുകളിലും സർക്കാരിൻറെ സാമൂഹിക സുരക്ഷാ സ്ഥാപനങ്ങളിലുമാണ്. അവിടെയാണ് സർക്കാർ ജനങ്ങളെ നേരിട്ട് സ്പർശിക്കുന്നത്. അതുകൊണ്ട് വികസനത്തിന്റെ ഗുണനിലവാരം അളക്കേണ്ടത് സർക്കാർ എത്ര പദ്ധതികൾ പ്രഖ്യാപിച്ചു എന്നതുകൊണ്ടല്ല, പകരം ആ പദ്ധതികൾ പൗരന്റെ ജീവിതത്തിൽ എത്രമാത്രം മാറ്റം സൃഷ്ടിച്ചു എന്നതിൻ്റെ കണക്കെടുത്തുകൊണ്ടാണ്.

സിവിൽ സർവീസ് നിയമപാലനത്തിൻ്റെ ഏജൻസിയും സർക്കാർ തീരുമാനങ്ങൾ നടപ്പിലാക്കുന്ന കേവല വ്യവസ്ഥയും സംവിധാനമെന്ന നിലയിൽ മാത്രം നിലകൊള്ളേണ്ട കാലം പിന്നിട്ടിരിക്കുന്നു. ഇന്നത് പൊതുസേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന, ജനങ്ങളുടെ വിശ്വാസം നിലനിർത്തുന്ന, സാമൂഹിക നീതി പ്രായോഗികമാക്കുന്ന ഒരു പൊതു വ്യവസ്ഥയെന്ന നിലയിലേക്ക് ഏറ്റവും വേഗത്തിൽ വളരേണ്ടത് സാമൂഹിക ആവശ്യമെന്ന നിലയിൽ വികസിച്ചിരിക്കുന്നു. അതിനാൽ സിവിൽ സർവീസിന്റെ കാര്യക്ഷമതയെ വിലയിരുത്തേണ്ടത് വരുമാന വർധനവിൻ്റേയോ ചെലവ് ചുരുക്കലിന്റെയോ അടിസ്ഥാനത്തിലല്ല. Public Value, സേവനലഭ്യത, പൗരസംതൃപ്തി, സാമൂഹിക വിശ്വാസം എന്നിവയുടെ അടിസ്ഥാനത്തിലാണ്.

പ്രശസ്ത ഭരണചിന്തകനായ മാക്സ് വെബർ ചൂണ്ടിക്കാണിച്ചതുപോലെ, ആധുനിക രാഷ്ട്രത്തിന്റെ സ്ഥിരതയ്ക്കും നിയമവാഴ്ചയ്ക്കും പ്രൊഫഷണൽ സിവിൽ സർവീസ് അനിവാര്യമാണ്. എന്നാൽ, നിയമാനുസൃതത (Legality) മാത്രമല്ല, നിയമത്തിന്റെ ആത്മാവായ നീതിയും പൊതുതാൽപര്യവും ഉൾക്കൊള്ളുന്ന ഭരണസംസ്കാരമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജനാധിപത്യ സമൂഹങ്ങൾക്ക് ആവശ്യമായത്. ഇന്ന് വികസനത്തെക്കുറിച്ചുള്ള ചർച്ചകൾ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സാമ്പത്തിക വളർച്ചയും സാമൂഹിക വികസനവും സാങ്കേതികവിദ്യയും മാത്രമല്ല, ഭരണകൂടത്തിന്റെ ഗുണനിലവാരവും വികസനത്തിന്റെ കേന്ദ്രഘടകമായി മാറിയിരിക്കുന്നു. കേരളത്തിന്റെ ഭാവി വികസനവും ഈ യാഥാർഥ്യത്തിൽ നിന്നുകൊണ്ടാണ് വിലയിരുത്തപ്പെടേണ്ടത്. നമ്മുടെ വികസനാനുഭവങ്ങളെ വീണ്ടും വായിക്കുകയും ഭരണസംസ്കാരത്തെ പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പുനർനിർവചിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കേരളത്തിന്റെ വികസനാനുഭവം: പൊതുസ്ഥാപനങ്ങളുടെ ശക്തിയും സമാന്തര വികസന മാതൃകകളുടെ പരിമിതികളും

കേരളത്തിന്റെ വികസനാനുഭവം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു സാമൂഹിക പരീക്ഷണമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. താരതമ്യേന പരിമിതമായ സാമ്പത്തിക വിഭവങ്ങളുണ്ടായിരുന്നിട്ടും ആരോഗ്യം, വിദ്യാഭ്യാസം, സാക്ഷരത, ആയുർദൈർഘ്യം, ശിശുമരണനിരക്ക്, സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തം തുടങ്ങിയ മാനവവികസന സൂചികകളിൽ കേരളം രാജ്യത്ത് മുൻനിരയിലെത്തി. ഈ നേട്ടത്തെ വിശദീകരിക്കാൻ “കേരള മാതൃക” (Kerala Model of Development) എന്ന ആശയം സാമൂഹ്യശാസ്ത്ര പഠനങ്ങളിൽ രൂപപ്പെട്ടു. ഈ മാതൃകയുടെ വിജയത്തിന് ഒറ്റ കാരണമില്ല. സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങൾ, ഭൂപരിഷ്കരണം, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, ജനാധിപത്യ വികേന്ദ്രീകരണം, പ്രവാസികളുടെ സാമ്പത്തിക സംഭാവന, രാഷ്ട്രീയ ബോധം, ശക്തമായ സർക്കാർ സ്ഥാപനങ്ങൾ എന്നിവയെല്ലാം ചേർന്നാണ് കേരളത്തിന്റെ വികസന അടിത്തറ രൂപപ്പെടുത്തിയത്. ഇവയിൽ ഏതെങ്കിലും ഒരു ഘടകത്തെ മാത്രം എടുത്തുകാട്ടി കേരളത്തിന്റെ വികസനചരിത്രത്തെയും നേട്ടത്തേയും വിശദീകരിക്കാൻ കഴിയില്ല. കേരളത്തിന്റെ വികസനത്തെക്കുറിച്ചുള്ള ചർച്ചകളിൽ പ്രവാസി സമൂഹത്തിന്റെ സംഭാവനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തൊഴിൽ തേടി പോയ മലയാളികൾ അയച്ച പണം സംസ്ഥാനത്തിന്റെ ഉപഭോഗശേഷി വർധിപ്പിക്കുകയും സ്വകാര്യ നിക്ഷേപങ്ങൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും പുതിയ സാധ്യതകൾ സൃഷ്ടിക്കുകയും ചെയ്തു. വീടുകൾ, വിദ്യാഭ്യാസം, ആരോഗ്യം, ചെറുകിട വ്യാപാരം, സേവനമേഖല, ധനകാര്യ ഇടപാടുകൾ എന്നിവയിലൂടെ ആ സാമ്പത്തിക പ്രവാഹം കേരളത്തിന്റെ സാമൂഹിക ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ചു.

എന്നാൽ, പ്രവാസി പണം മാത്രമല്ല കേരളത്തിന്റെ വികസനത്തെ മുന്നോട്ട് നയിച്ചത്. ആ സമ്പത്ത് സുരക്ഷിതമായി വിനിയോഗിക്കാനും നിക്ഷേപങ്ങൾ നിയമപരമായി സംരക്ഷിക്കാനും വിദ്യാഭ്യാസവും ആരോഗ്യവും ഉൾപ്പെടെയുള്ള പൊതുസേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കാനും കഴിയുന്ന ഒരു ഭരണസംവിധാനം സംസ്ഥാനത്തിനുണ്ടായിരുന്നതിനാലാണ് ആ സാമ്പത്തിക വളർച്ച സാമൂഹിക വികസനമായി രൂപാന്തരപ്പെട്ടത്. ശക്തമായ പൊതുസ്ഥാപനങ്ങൾ ഇല്ലായിരുന്നുവെങ്കിൽ, ഇവ സാധ്യമാകുമായിരുന്നില്ല എന്ന് മാത്രമല്ല, അത് ദീർഘകാല വികസനത്തിലേക്കുള്ള അടിത്തറയുമാകുമായിരുന്നില്ല. കേരളത്തിന്റെ വികസനചരിത്രം അതുകൊണ്ടുതന്നെ ഒരു പ്രധാന പാഠം നൽകുന്നുണ്ട്. സാമ്പത്തിക വിഭവങ്ങൾ വികസനത്തിന് അനിവാര്യമായിരിക്കെ തന്നെ ആ വിഭവങ്ങളെ സാമൂഹിക മൂലധനമാക്കി മാറ്റുന്നത് പൊതു സർക്കാർ സ്ഥാപനങ്ങളാണ് എന്നതാണത്.

പൊതുസ്ഥാപനങ്ങളുടെ പങ്ക്: കേരളത്തിന്റെ യഥാർത്ഥ ശക്തി
കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ പിന്നിൽ പ്രവർത്തിച്ച ശക്തിയെ അന്വേഷിച്ചാൽ അത് വിവിധ സർക്കാർ വകുപ്പുകളുടെയും പൊതുസ്ഥാപനങ്ങളുടെയും ദീർഘകാല പ്രവർത്തനത്തിലേക്കാണ് നമ്മെ നയിക്കുന്നത്. ആരോഗ്യരംഗത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (Primary Health Centres) ഗ്രാമീണ സമൂഹത്തിലേക്ക് ആരോഗ്യസേവനം എത്തിച്ചു. പൊതുവിദ്യാഭ്യാസ സംവിധാനം സാമ്പത്തിക പശ്ചാത്തലം നോക്കാതെ എല്ലാവർക്കും വിദ്യാഭ്യാസം പ്രാപ്യമാക്കി. ഭൂപരിഷ്കരണ നിയമം ഭൂവുടമാ വ്യവസ്ഥയിൽ ചരിത്രപരമായ മാറ്റം സൃഷ്ടിച്ചു. തൊഴിൽ നിയമങ്ങളുടെ ഫലപ്രദമായ നടപ്പാക്കൽ തൊഴിലാളികളുടെ അവകാശങ്ങളെ സംരക്ഷിച്ചു. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ വികസനത്തെ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും വികേന്ദ്രീകരിച്ചു.

ഈ മാറ്റങ്ങൾ യാദൃശ്ചികമായി സംഭവിച്ചവയല്ല. നിയമങ്ങൾ പാസാക്കിയത് നിയമസഭയാണെങ്കിലും, അവയുടെ പ്രായോഗിക വിജയം ഉറപ്പാക്കിയത് സിവിൽ സർവീസും വിവിധ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളുമായിരുന്നു. ഭൂപരിഷ്കരണത്തിന്റെ ചരിത്രം റവന്യൂ വകുപ്പിനെ ഒഴിവാക്കി പറയാനാവില്ല. പൊതുജനാരോഗ്യത്തിന്റെ ചരിത്രം ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെ മറികടന്ന് വിശദീകരിക്കാനാവില്ല. ജനകീയാസൂത്രണ പരിപാടി അടക്കമുള്ള അധികാരവികേന്ദ്രീകരണ നടപടികളും പ്രാദേശിക വികസന പരിപാടികളും പ്രാദേശിക ഭരണസംവിധാനങ്ങളുടെയും അവിടെ പ്രവർത്തിച്ച ഉദ്യോഗസ്ഥരുടെയും പങ്കാളിത്തമില്ലാതെ വിജയപ്രദമാകുമായിരുന്നില്ല. അതുകൊണ്ട് കേരളത്തിന്റെ വികസനത്തെ സർക്കാർ ചെലവിന്റെ കണക്കുകളിലൂടെയോ സ്വകാര്യ നിക്ഷേപങ്ങളിലൂടെയോ മാത്രം വിലയിരുത്തുന്നത് അപൂർണമായ സമീപനമാണ്. കേരളത്തിന്റെ വികസനത്തിന്റെ യഥാർത്ഥ ശക്തി അതിന്റെ സർക്കാർ സ്ഥാപനങ്ങളുടെ ഗുണനിലവാരത്തിലും ശാക്തീകരണത്തിലുമാണ്.

ജനപങ്കാളിത്തവും സമാന്തര വികസന മാതൃകകളും
കേരളത്തിന്റെ വികസനചരിത്രത്തിലെ മറ്റൊരു ശ്രദ്ധേയമായ സവിശേഷത ശക്തമായ ജനപങ്കാളിത്തമാണ്. സഹകരണ പ്രസ്ഥാനം, സന്നദ്ധസംഘടനകൾ, സാമൂഹിക സേവന സംരംഭങ്ങൾ, മത-സാംസ്കാരിക സംഘടനകൾ എന്നിവ നമ്മുടെ സമൂഹവികസനത്തിൽ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. ദുരന്തനിവാരണം മുതൽ ആരോഗ്യപരിപാലനം വരെ നിരവധി മേഖലകളിൽ നടന്ന ജനകീയ ഇടപെടലുകൾ കേരളത്തിന്റെ സാമൂഹിക മൂലധനം വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, ജനപങ്കാളിത്തവും സർക്കാർ ഉത്തരവാദിത്തവും തമ്മിലുള്ള അതിർത്തി വ്യക്തമായിരിക്കണം. ഒരു ജനാധിപത്യ ക്ഷേമരാഷ്ട്രത്തിൽ സാമൂഹിക സന്നദ്ധത പൊതുസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയാണ് വേണ്ടത് അല്ലാതെ അവയ്ക്ക് പകരമാകാൻ ശ്രമിക്കുകയല്ല. ഭരണകൂടത്തിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ ക്രമേണ സന്നദ്ധസമൂഹത്തിന്റെ സാമ്പത്തിക ശേഷിയിലേക്ക് മാറ്റിവെക്കുന്ന പ്രവണത ദീർഘകാല വികസനത്തിന് ആരോഗ്യകരമായ മാതൃകയല്ല.

ഈ പശ്ചാത്തലത്തിലാണ് പൊതുവെ “മലപ്പുറം മാതൃക” എന്ന പേരിൽ ചർച്ച ചെയ്യപ്പെടുന്ന ചില അനുഭവങ്ങളെ വിലയിരുത്തേണ്ടത്. മലപ്പുറം ജില്ലയിൽ പ്രവാസി സമൂഹത്തിന്റെയും സാമൂഹിക സംഘടനകളുടെയും സാമ്പത്തിക പങ്കാളിത്തത്തോടെ നിരവധി പൊതുപ്രയോജന പദ്ധതികൾ യാഥാർഥ്യമായിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിന്റെ അടിസ്ഥാനസൗകര്യ വികസനവും മാറഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിനായുള്ള ഭൂമി ഏറ്റെടുക്കലും ഉൾപ്പെടെ വിവിധ പദ്ധതികളിൽ പൊതുസമൂഹത്തിന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. മലബാറിലെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളും മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ സൗജന്യ ഡയാലിസിസ് പദ്ധതികളും ജനകീയ പങ്കാളിത്തത്തിന്റെ മികച്ച മാതൃകകളാണ്. ഈ അനുഭവങ്ങളെ വിലകുറച്ച് കാണേണ്ടതില്ല. എന്നാൽ, ഇവിടെ ഉയരുന്ന നയപരമായ ചോദ്യം മറ്റൊന്നാണ്. പൊതുസമൂഹത്തിന്റെ അസാധാരണമായ സേവനസന്നദ്ധത ഭരണകൂടത്തിന്റെ ഉത്തരവാദിത്തത്തെ ശക്തിപ്പെടുത്തുന്നുണ്ടോ, അതോ ക്രമേണ അതിന് പകരമായി മാറുന്നുണ്ടോ?. ഈ ചോദ്യം ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണ്.

സാമ്പത്തികമായി ശക്തമായ സമൂഹങ്ങൾക്ക് ഇത്തരം വിഭവസമാഹരണം സാധ്യമാകുമ്പോൾ, അതേ ശേഷിയില്ലാത്ത പ്രദേശങ്ങൾ സർക്കാർ സംവിധാനങ്ങളെ മാത്രം ആശ്രയിക്കേണ്ടിവരുന്നു. അത്തരം സാഹചര്യത്തിൽ വികസനാവസരങ്ങളുടെ ഭൂമിശാസ്ത്രപരമായ അസന്തുലിതാവസ്ഥ വർധിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല, ഇത്തരം ഇടപെടലുകൾ സർക്കാറിൻ്റെ സാമ്പത്തിക പങ്കാളിത്തം ഇല്ലെങ്കിലും ചില പ്രദേശങ്ങളിലെ സാമൂഹിക ആവശ്യങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന പ്രതീതി സൃഷ്‌ടിക്കുകയും സർക്കാർ പദ്ധതികൾ അത്തരം പ്രദേശങ്ങളിലേക്ക് ആവശ്യമില്ല എന്ന മുൻവിധി സൃഷ്‌ടിക്കപ്പെടുകയും ചെയ്യുന്നു. സാമൂഹിക മൂലധനത്തിന്റെ ലഭ്യത വികസനത്തിന്റെ നിർണായക ഘടകമാകുമ്പോൾ ഭരണഘടന ഉറപ്പുനൽകുന്ന സമത്വതത്വം ദുർബലമാകാനുള്ള സാധ്യത അവഗണിക്കാനാവില്ല. സന്നദ്ധപ്രവർത്തനങ്ങളുടെ മൂല്യം അംഗീകരിച്ചുകൊണ്ടുതന്നെ അടിസ്ഥാനതത്വം ജനപങ്കാളിത്തം ക്ഷേമരാഷ്ട്രത്തിന്റെ ശക്തിയാണെന്നും ഭരണകൂടത്തിന് പകരമല്ല എന്നതും വ്യക്തതമാക്കപ്പെടണം.

ദുരന്തകാല അനുഭവങ്ങളും ഒരു പാഠവും
കേരളം സമീപകാലത്ത് പ്രളയവും കോവിഡ് മഹാമാരിയും വയനാട് ഉരുൾപൊട്ടൽ ദുരന്തവും ഉൾപ്പെടെ നിരവധി അടിയന്തര സാഹചര്യങ്ങൾ നേരിട്ടു. ഈ ഘട്ടങ്ങളിൽ സമൂഹത്തിൽ നിന്ന് സ്വമേധയാ ഉയർന്നുവന്ന പങ്കാളിത്തം ലോകശ്രദ്ധ നേടിയിരുന്നു. മത്സ്യത്തൊഴിലാളികൾ, സന്നദ്ധസംഘടനകൾ, യുവജനപ്രസ്ഥാനങ്ങൾ, ആരോഗ്യപ്രവർത്തകർ, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ കൂട്ടായ പ്രവർത്തനം കേരളത്തിന്റെ ദുരന്തപ്രതികരണ ശേഷിയുടെ തെളിവായിരുന്നു. അതേസമയം, ഇത്തരം സന്ദർഭങ്ങളിലെ ചില അനുഭവങ്ങൾ മറ്റൊരു യാഥാർഥ്യവും നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ സന്നദ്ധസംഘടനകളുടെ പ്രവർത്തനത്തെ സർക്കാർ സ്വാഗതം ചെയ്യാറുണ്ടെങ്കിലും, അത്യാവശ്യങ്ങൾ അവസാനിച്ചാൽ ആ പങ്കാളിത്തത്തെ ഉൾകൊള്ളുന്നതിനുള്ള വ്യവസ്ഥകളും ഇടപെടലുകളും ഇല്ലാതെ പോകുന്നു. ദുരന്താവസ്ഥകൾ തരണം ചെയ്താൽ ആ പങ്കാളിത്തത്തെ ഭാവിയിലേക്കുള്ള മൂലധനം പോലെ നിലനിർത്തുന്നതിനുള്ള വ്യക്തമായ നയരൂപീകരണം ഒരിക്കലും കാണാറില്ല. ചൂരൽമല ഉരുൾപൊട്ടൽ സമയത്ത് വൈറ്റ് ഗാർഡ് നടത്തിയ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടം നൽകിയ നിർദേശവും മെഡിക്കൽ കോളേജുകളിലെ പൊതിച്ചോർ വിതരണത്തെക്കുറിച്ച് ഉണ്ടായ വിവാദങ്ങളും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. സന്നദ്ധ സംവിധാനങ്ങളും സർക്കാർ സംവിധാനങ്ങളും തമ്മിലുള്ള ദീർഘകാല ഏകോപനത്തിലെ പരിമിതികളാണിത്. ഇത് പരിഹരിക്കപ്പെടേണ്ടതാണെങ്കിലും സർക്കാർ സംവിധാനങ്ങൾക്ക് പകരമല്ല സന്നദ്ധ സേവനമെന്ന യാഥാർഥ്യത്തിലേക്ക് ഇത് വിരൽചൂണ്ടുന്നു.

ജനങ്ങളുടെ സേവനസന്നദ്ധതയെ ദുരന്തകാലത്തെ താൽക്കാലിക വിഭവമായി മാത്രം കാണാതെ, പൊതുസ്ഥാപനങ്ങളുടെ ശേഷി വർധിപ്പിക്കുന്ന സാമൂഹിക പങ്കാളിത്തമായി രൂപപ്പെടുത്താൻ കഴിയുന്ന നയപരമായ ചിന്ത ആവശ്യമാണ്. സന്നദ്ധപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിലല്ല, അവയെ പൊതുസ്ഥാപനങ്ങളുടെ ഉത്തരവാദിത്തത്തോടും ജനാധിപത്യപരമായ മേൽനോട്ടത്തോടും ബന്ധിപ്പിക്കുന്നതിൽ വിജയിക്കാൻ കഴിയുമോ എന്നത് ഭാവി വികസനത്തിന്റെ വെല്ലുവിളികളിലൊന്നായി ഏറ്റെടുക്കേണ്ടതാണ്. സാമ്പത്തിക വിഭവങ്ങളും സാമൂഹിക മൂലധനവും ജനപങ്കാളിത്തവും അനിവാര്യമായിരിക്കെ, അവയെ നീതിയുക്തവും സുസ്ഥിരവുമായ വികസന പ്രക്രിയയായി രൂപാന്തരപ്പെടുത്തുന്നത് ശക്തവും ഉത്തരവാദിത്തമുള്ളതുമായ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളാണ്. കേരളത്തിന്റെ വികസനാനുഭവം നൽകുന്ന ഒരു വലിയ പാഠം ഇത് കൂടിയാണ്.

(തുടരും)
കേരളത്തിന്റെ വികസനചരിത്രവും സിവിൽ സർവീസിന്റെ പുനർനിർവചിക്കപ്പെടേണ്ട പങ്കും –  തുടർ ഭാഗങ്ങളിൽ വായിക്കാം.

 

.

Related