‘ധര്മത്തിലേകമേ ജാതി
ധര്മത്താലേകമാം മതം
ധര്‍മം താനേകമാം ദൈവം
ധര്‍മം ദീക്ഷിക്ക സര്‍വരും”
– ശ്രീനാരായണഗുരുവിന്റെ അവസാന സന്ദേശം (1928)
തീയ യുവജന സംഘം മുന്‍ അധ്യക്ഷനും കേരളത്തിന്റെ നവോത്ഥാന നായകന്മാരില് ഒരാളുമായിരുന്ന ഇ. മാധവന് രചിച്ച് 1935 ഒക്ള്‍ടോബര്‍ മാസം പുറത്തിറങ്ങിയ പുസ്തകമാണ് പോയ വര്‍ഷം 90 ആം വാര്‍ഷികം ആഘോഷിച്ച ‘സ്വതന്ത്ര സമുദായം; ഈഴവര്‍ ഹിന്ദുക്കളല്ല’ എന്ന പുസ്തകം. 1934 ല്‍ ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് കൂടിയ കേരള തീയ്യ യുവജന സമാജത്തിന്റെ മൂന്നാമത് സമ്മേളനത്തില്‍ ഇ. മാധവന് നിര്‍വഹിച്ച പ്രസംഗത്തെ ആധാരമാക്കി അദ്ദേഹം തന്നെ എഴുതിയ പുസ്തകമാണിത്. ആ കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പുസ്തകം തിരുവിതാംകൂറിലും കൊച്ചിയിലും മദ്രാസിലും നിരോധിക്കപ്പെട്ടു.
പുസ്തകത്തിന്റെ പേര് പോലെ തന്നെ പുസ്തകം മുന്നോട്ടുവെക്കുന്നത് സ്വതന്ത്ര സമുദായം എന്ന നിര്‍മത സങ്കല്പത്തെയാണ്, ആശയത്തെയാണ്. ഈഴവ സമുദായ അംഗമായിരുന്നു ഈ മാധവന്. മിഷനറിമാരുടെ ഇടപെടലിലൂടെ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ കച്ചവടത്തിലൂടെ അഭിവൃദ്ധി പ്രാപിച്ച ആറാട്ടുപുഴ വേലായുധ പണിക്കരിലൂടെ, ശ്രീനാരായണഗുരുവിലൂടെ നവോത്ഥാനത്തിലേക്ക് എത്തിപ്പെട്ട ഈഴവ സമുദായത്തെയാണ് ഇ. മാധവന് അഭിസംബോധന ചെയ്തത്. ഈഴവര്‍ അടക്കമുള്ള പിന്നോക്ക ജാതി വിഭാഗങ്ങള്‍ അനുഭവിക്കുന്ന എല്ലാ മര്‍ദ്ദന പീഡന അവസ്ഥകളുടെയും മൂല കാരണമായി മാധവന് കണ്ടെത്തുന്നത് സനാതന ഹിന്ദുമതത്തെയാണ്. ഈഴവര്‍ ഹിന്ദുമതത്തിന്റെ ഭാഗമായി നില്ക്കുന്നിടത്തോളം കാലം അവരുടെ അധഃസ്ഥിതത്വത്തിന് യാതൊരു മാറ്റവും വരികയില്ലെന്നും അന്തസ്സും അഭിമാനവുമുള്ള ഒരു ജീവിതം അവര്‍ക്ക് കരഗതമാവുകയില്ലെന്നും ഇ. മാധവന് പുസ്തകത്തില്‍ ശക്തിയുക്തം പറഞ്ഞുവെക്കുന്നുണ്ട്. ഇത്തരമൊരു പതിതാവസ്ഥയില്‍ നിന്നും സമൂലമായ ഒരു മാറ്റം ആഗ്രഹിക്കുന്ന ഈഴവ യുവജനങ്ങള്‍ക്ക് മുന്നില്‍ ഇ. മാധവന് മുന്നോട്ടുവയ്ക്കുന്ന വിമോചന സങ്കല്പത്തിന്റെ പേരാണ് സ്വതന്ത്ര സമുദായം എന്നത്. ഒരു മതത്തിന്റെയും ജാതി ഘടനയുടെയും ഭാഗമാകാതെ സ്വതന്ത്രമായി നില്‍ക്കുന്നതിലൂടെ അന്തസ്സും അഭിമാനവും സമൃദ്ധിയുമുള്ള ഒരു ലോകത്തെയാണ് സ്വതന്ത്ര സമുദായത്തിലൂടെ ഈ മാധവന് മുന്നോട്ടുവെക്കുന്നത്.
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന മാര്‍ക്സിയന്‍ ചിന്തയുടെ മറ്റൊരു വകഭേദമാണ് സ്വതന്ത്ര സമുദായവും മുന്നോട്ട് വെക്കുന്നത്. മതം മൂലം ചരിത്ര വര്‍ത്തമാനങ്ങളില്‍ ഉടലെടുത്തിട്ടുള്ള ഹിംസകളെ അക്കമിട്ട് നിരത്തിക്കൊണ്ട് ആധികാരിക വസ്തുതകളുടെ പിന്‍ബലത്തോടെ മതത്തെ ചൂഷണ വ്യവസ്ഥിതിയുടെ ഉള്‍പ്രേരകമായി പുസ്തകത്തില്‍ മാധവന് അവതരിപ്പിക്കുന്നു. സനാതനധര്‍മം ഒട്ടും സനാതനമല്ല എന്നതാണ് മാധവന്റെ പക്ഷം. വേദ ഇതിഹാസ പുരാണ പാഠങ്ങളിലെ യുക്തിഹീനമായ വശങ്ങളെയും, പ്രതിലോമ ആഖ്യാനങ്ങളെയും മാധവന് പുസ്തകത്തില്‍ തുറന്നു കാട്ടുന്നുണ്ട്.
ക്ഷേത്ര നിര്‍മാണം അരുത് എന്നു പറഞ്ഞ, വിഗ്രഹാരാധന വിരോധിയായിരുന്ന ശ്രീനാരായണഗുരു പിന്നെ എന്തിനാണ് അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയത് എന്ന ചോദ്യം പ്രസക്തമാണ്? എന്നാല്‍, ഗുരുജീവിതം അതിന് കൃത്യമായ ഉത്തരവും പറഞ്ഞുവെക്കുന്നുണ്ട്. ക്ഷേത്രത്തില്‍ പ്രവേശിക്കുക എന്നത് ഒരിക്കലും നടക്കാത്ത സ്വപ്നമായി അവശേഷിച്ച അവര്‍ണ്ണ വിഭാഗത്തെ സംബന്ധിച്ചിടത്തോളം ക്ഷേത്രപ്രവേശനം എന്നത് സ്വാഭിമാനത്തിന്റെ പ്രതീകമായിരുന്നു. അത്തരം ഒരു പ്രതിഷ്ഠയും ക്ഷേത്രപ്രവേശനവും നടക്കുന്നതിലൂടെ അവരുടെ ഹൃദയങ്ങളില്‍ അടിഞ്ഞുകൂടിയ അധഃസ്ഥിത മനോനിലയെ കീഴ്മേല്‍ മറിച്ചുകൊണ്ട് അവരെ അന്തസ്സിന്റെയും ആത്മാഭിമാനത്തിന്റെയും തലത്തിലേക്ക് ഉയര്‍ത്തുവാന്‍ വേണ്ടി മാത്രം ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു അരുവിപ്പുറം അടക്കമുള്ള ഗുരുവിന്റെ ക്ഷേത്രപ്രവേശന ചടങ്ങുകളും പ്രതിഷ്ഠകളും. അല്ലാതെ അതിലൊന്നും ആത്മീയതയും ബ്രാഹ്മണ്യവും അദ്ദേഹം കണ്ടിരുന്നില്ല. അത്തരം ഒരു ആത്മീയത ആ വിഗ്രഹ പ്രതിഷ്ഠകളില്‍ അദ്ദേഹം കണ്ടിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ അവസാന കാലത്ത് കണ്ണാടിയെ അദ്ദേഹം പ്രതിഷ്ഠിക്കുമായിരുന്നില്ല. കണ്ണാടി പ്രതിഷ്ഠയിലൂടെ ഓരോരുത്തരുടെയും ഉള്ളിലാണ് ദൈവം എന്ന സങ്കല്പ്പത്തെയാണ് ഗുരു മുന്നോട്ട് വെച്ചത്. ഈയൊരു ഗുരുവിന്റെ നിലപാടിലൂടെ ഗുരു മുന്നോട്ടുവെച്ച സ്വതന്ത്ര ചിന്ത അഥവാ യുക്തിവാദ മനഃസ്ഥിതിയെ ഇ. മാധവന് തുറന്നു കാട്ടുന്നുണ്ട്. മലയാളത്തെ സംബന്ധിച്ചിടത്തോളം സ്വതന്ത്ര യുഗത്തിന്റെ പ്രവാചകന് ശ്രീനാരായണഗുരുവാണെന്ന് പ്രമുഖ യുക്തിവാദി ആചാര്യന് എം.സി ജോസഫ് പറയുന്നുണ്ട്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുവചനത്തെ ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന വ്യാഖ്യാനം നല്കിയ സഹോദരന് അയ്യപ്പനെ ഇതിനോട് ചേര്‍ത്തു വായിക്കണം. മതം ധര്‍മമാണ് എന്നതായിരുന്നു ഗുരുവിന്റെ അവസാനത്തെ സന്ദേശം. ആ ധര്‍മം സ്വാഭാവികമായി മനുഷ്യന്റെ മനസ്സില്‍ ഉള്‍ചേര്‍ന്നതാണ് എന്നാണ് മാധവന്റെ പക്ഷം. ആ ധര്‍മത്തെ കണ്ടെത്തുവാനും അതനുസരിച്ച് പ്രവര്‍ത്തിക്കുവാനും ഒരു മതത്തിന്റെയും ആവശ്യമില്ല എന്ന ഡോക്ടര്‍ പല്‍പ്പുവിന്റെ അതേ നിലപാടായിരുന്നു ഈ. മാധവന് തന്റെ പുസ്തകത്തിലും പറഞ്ഞുവെക്കുന്നത്. മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ യുക്തിവാദ ഗ്രന്ഥം എന്ന പ്രത്യേകതയും സ്വതന്ത്ര സമുദായത്തിന് ഉണ്ട്.
മുസ്ലിം മതത്തെയും ക്രിസ്തീയ മതത്തെയും പുസ്തകം വിമര്‍ശന വിധേയമാക്കുന്നുവെങ്കിലും ഹിന്ദുമത വിമര്‍ശനമാണ് പുസ്തകത്തിന്റെ കാതല്‍. ഇ. മാധവന് ഈ പുസ്തകം എഴുതുന്ന ഘട്ടം ലോകത്ത് അതി നിര്‍ണായകമായ മാറ്റത്തിന്റെ കൊടുങ്കാറ്റുകള്‍ വീശിയടിച്ച ഒരു കാലം കൂടിയായിരുന്നു. ഒന്നാം ലോകമഹായുദ്ധവും റഷ്യന്‍ വിപ്ലവവും എല്ലാം അതില്‍ ചിലതാണ്. മതപുരോഹിത്യത്തിന്റെ അനുഗ്രഹാശിസ്സുകളോടെ റഷ്യയില്‍ സാര്‍ ചക്രവര്‍ത്തിമാര്‍ നടത്തിയ കിരാത ഏകാധിപത്യ ഭരണത്തിനെതിരെ ലെനിന്റെ നേതൃത്വത്തില്‍ നടന്ന സോഷ്യലിസ്റ്റ് വിപ്ലവവും തദടിസ്ഥാനത്തില്‍ രൂപപ്പെട്ട നിര്‍മത നിരീശ്വര വ്യവസ്ഥയിലെ റഷ്യയും ഈ കാലഘട്ടത്തില്‍ ഈഴവ യുവാക്കള്‍ക്കിടയില്‍ ഏറെ സ്വാധീനം ചെലുത്തിയിരുന്നു. പുസ്തക രചനയില്‍ ഇ. മാധവനും റഷ്യന്‍ വിപ്ലവത്തിന്റെ സ്വാധീനത്തില്‍ നിന്നും മുക്തമായിരുന്നില്ല എന്ന് മനസ്സിലാകും.
ഇ. മാധവനും, ശ്രീനാരായണഗുരുവും, സഹോദരന് അയ്യപ്പനും തുടക്കമിട്ട സാമൂഹിക വിപ്ലവങ്ങളുടെ വിളവെടുപ്പ് നടത്തിയത് 1938 ല്‍ കണ്ണൂരിലെ പാറപ്പുറത്ത് രൂപം കൊണ്ട കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. കേരളം ആദരിക്കുന്ന നവോത്ഥാന നായകന്മാരുടെ നേതൃത്വത്തില്‍ ഒരുകാലത്ത് നടത്തപ്പെട്ട നവോത്ഥാന പ്രക്രിയയുടെ സന്താനമായിരുന്നു കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് പറയാവുന്നതാണ്. അതുകൊണ്ടായിരിക്കാം ഇ. മാധവന്റെ കുടുംബം ഒന്നടങ്കം പിന്നീട് കമ്യൂണിസ്റ്റുകള്‍ ആയി മാറിയത്. നിലവില്‍ സി.പി.ഐ കേരള സെക്രട്ടറി ബിനോയ് വിശ്വം ഇ. മാധവന്റെ കൊച്ചുമകനാണ് എന്നതും ഇവിടെ എടുത്തു പറയേണ്ട ഒന്നാണ്. മാധവന്റെ പ്രസംഗങ്ങള്‍ കേട്ടാണ് താന്‍ യുക്തിവാദിയും കമ്യൂണിസ്റ്റുകാരനും ആയതെന്ന് പരേതനായ സഖാവ് കെ.ടി ജേക്കബ് തന്നോട് പറഞ്ഞതായി എം.കെ കുമാരന് രേഖപ്പെടുത്തുന്നുണ്ട്.
മഹാത്മാഗാന്ധിയും മദന്മോഹന് മാളവ്യയും ബി.ആര് അംബേദ്കറും പൂന കരാറുമെല്ലാം പുസ്തകത്തില്‍ കടന്നു വരുന്നുണ്ട്. ജാതി വരേണ്യതയുടെ പ്രവാചകനായാണ് മഹാത്മാഗാന്ധിയെ മാധവന് പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. ഗാന്ധിയെക്കുറിച്ചും കോണ്‍ഗ്രസിനെ കുറിച്ചും രാമരാജ്യത്തെക്കുറിച്ചും പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെയാണ്:
”നമ്മെ ഹരിജനങ്ങളാക്കി ഹിന്ദുമതവലയില്‍ കുടുക്കി ഇന്ത്യയിലാകെ രാമരാജ്യം വരുത്തി, തേനും പാലും ഒഴുക്കുവാനാണ് ഗാന്ധിയും കൂട്ടരും ഇപ്പോള്‍ ഒരുമ്പെട്ടിരിക്കുന്നത്. വെറും ബ്രാഹ്മണപക്ഷവാദിയും, അബ്രാഹ്മണ കുലദ്രോഹിയും ആയിരുന്നെന്ന് രാമായണം സമ്മതിക്കുന്ന രാമന്റെ രാജ്യം ഇന്ത്യയില്‍ വീണ്ടും വന്നുപോയാലുള്ള ഭയങ്കരമായ ജനദ്രോ ഹപരിപാടിയെപ്പറ്റി ഊഹിക്കരുതോ? ഈ രാമഭക്തന്മാരായ സനാതനികളുടെ കയ്യില്‍ ഇന്ത്യ അകപ്പെട്ടുപോയാല്‍ അവര്‍ വീണ്ടും വൈദികകാലത്തെ പ്രാകൃതജീവിതത്തിലേയ്ക്ക ജനതയെ കെട്ടിവലിച്ചുകൊണ്ടുപോകുമെന്നുള്ളതിന് സംശയമില്ല. അങ്ങനെ വന്നാല്‍ അന്ന് വര്‍ണ്ണവ്യവസ്ഥപ്രകാരം അതാതുജാതിക്കാരുടെ ധര്മങ്ങളെത്തന്നെ അനുഷ്ഠിപ്പിക്കു ന്നതിനായിരിക്കും അന്നത്തെ പൊലീസ് നിയോഗിക്കപ്പെടുന്നത്. ‘ (പുറം 99)
ഗാന്ധിയുടെ അയിത്തോചാടനം അല്ല, മിശ്രവിവാഹവും മിശ്രഭോജനവുമാണ് ജാതിവ്യത്യാസം ഇല്ലാതാക്കാനായി പ്രയോഗവത്കരിക്കേണ്ടത് എന്നാണ് ഗ്രന്ഥകാരന്റെ വാദം. രാമരാജ്യം അവര്ണ്ണന് നരകതുല്യം എന്ന് പുസ്തകം അടിവരയിടുന്നു. രാമന് അബ്രാഹ്മണ കുലദ്രോഹിയും ബ്രാഹ്മണ പക്ഷപാതിയും ആയിരുന്നു എന്നാണ് മാധവന്റെ കണ്ടെത്തല്‍. സി. കേശവനും ഇ. മാധവനും നാരായണഗുരുവും സഹോദരന് അയ്യപ്പനും എല്ലാം മുന്നോട്ടുവെച്ച സ്വതന്ത്ര സമുദായം എന്ന നിരീശ്വര – നിര്‍മത ആശയം നവോത്ഥാനത്തിന്റെ അഭിവാജ്യ ഘടകമായിരുന്നു. എന്നാല്‍, ഈ ആശയത്തെ ബ്രാഹ്മണ യാഥാസ്ഥിതികത്വം പൂര്‍ണ്ണമായും വിഴുങ്ങുന്ന കാഴ്ചയ്ക്കാണ് പിന്നീട് കേരളം സാക്ഷിയാകുന്നത്.
1933 ജൂലൈ 31 ആം തീയതി ചേര്‍ത്തലയില്‍ വെച്ചു നടന്ന അഖില തിരുവിതാംകൂര്‍ ഈഴവ യുവജന സമാജത്തിന്റെ ഒന്നാം സമ്മേളനത്തില്‍ ഈഴവര്‍ ഹിന്ദുക്കള്‍ അല്ലെന്ന് എസ്.എന്‍.ഡിപി യോഗം പ്രഖ്യാപിക്കണമെന്ന പ്രമേയം സര്‍വ്വ സമ്മതമായി അംഗീകരിച്ചിരുന്നു.
”മതത്തിന്റെ പേരില്‍ മനുഷ്യരെ ബന്ധിച്ചിരുന്ന ആചാര ശൃംഖലകളെ വെട്ടി മുറിക്കാന്‍ ഈഴവരെ ഉപദേശിച്ച ആ ഗുരു തന്നെയാണ് യുക്തിവാദ പ്രസ്ഥാനം ഈഴവരുടെ ഇടയില്‍ മുളപ്പിച്ചത് എന്നു പറഞ്ഞാല്‍ ആരും അത്ഭുതപ്പെടില്ല ” എന്ന് സി. കേശവന് പറയുമ്പോള്‍ അദ്ദേഹം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായിരുന്നു. മുഴുവന്‍ ജനതക്കുമായി ഈഴവ സമുദായത്തില്‍ നിന്നും ഉയര്‍ന്നു കേട്ട, നവോത്ഥാന നായകന്മാര് മുന്നോട്ട് വെച്ച നിര്‍മതവും നിരീശ്വരവുമായ ഈ സ്വതന്ത്ര സമുദായ സങ്കല്പം ഇന്ന് എവിടെ എത്തി നില്ക്കുന്നു എന്ന് ചോദിച്ചാല്‍ അതിനുത്തരം വെള്ളാപ്പള്ളി നടേശന്റെ സമീപകാല മുസ്ലിം വിരുദ്ധ പ്രസ്താവനകളാണ്.
ബ്രാഹ്മണിക് സ്വാംശീകരണം (Brahmanic acculturation)
ഡല്‍ഹി സര്‍വകലാശാല അധ്യാപകനായ വിജയ് നാഥ് മുന്നോട്ടുവെച്ച സാങ്കേതിക പദപ്രയോഗമാണ് Brahmanic acculturation (ബ്രാഹ്മണിക് സ്വാംശീകരണം). അതായത് ബ്രാഹ്മണ്യമല്ലാത്ത ഒരു വ്യവസ്ഥയെ ഒരു സങ്കല്പത്തെ ബ്രാഹ്മണാധിപത്യ യാഥാസ്ഥികത്വം എങ്ങനെയാണ് വിഴുങ്ങുന്നത് അഥവാ സ്വാംശീകരിക്കുന്നത് എന്നതിനെക്കുറിക്കാനാണ് ഈ പ്രയോഗം നടത്തപ്പെടുന്നത്. കേരളത്തില്‍ നിരീശ്വര- യുക്തിവാദ ആശയധാരയ്ക്ക് തുടക്കം കുറിച്ച്, രാമരാജ്യത്തെയും സനാതന ഹിന്ദു ധര്‍മ്മത്തെയും തുറന്നെതിര്‍ത്ത ശ്രീനാരായണഗുരു മഹാവിഷ്ണുവിന്റെ അവതാരമായി മാറ്റപ്പെടുന്ന, വിഗ്രഹാരാധനയെ എതിര്‍ത്ത പാരമ്പര്യമുള്ള ഗുരുവിന്റെ പ്രതിമ തന്നെ സ്ഥാപിച്ച് ആരാധനയും അര്‍ച്ചനയും അര്‍പ്പിക്കുകയും ചെയ്യുന്ന ഈ പ്രതിഭാസത്തെയാണ് brahmanic acculturation എന്ന് വിശേഷിപ്പിക്കുന്നത്. ഇന്നു കാണുന്ന ശ്രീനാരായണഗുരുവിന്റെ പ്രതിമകളും ക്ഷേത്രങ്ങളും ബ്രാഹ്മണിക് മരരൗഹൗേൃമശേീി ന്റെ ഒരു ഉദാഹരണം മാത്രമാണ്.
മാധവന് പ്രതിനിധാനം ചെയ്ത സമുദായം ഈഴവ സമുദായമാണ്. ഈഴവര്‍ ഹിന്ദുക്കള്‍ ആയിരുന്നില്ല. അവര്‍ ബുദ്ധമത വിശ്വാസികളായിരുന്നു. കാലാന്തരത്തില്‍ മേല്‍ സൂചിപ്പിച്ച Brahmanic Acculturation പ്രക്രിയയിലൂടെ ഹിന്ദുമതം അവരെ വിഴുങ്ങിയതാണ്. സനാതനധര്‍മം ആകുന്ന ഈ നുകത്തെ വലിച്ചെറിഞ്ഞ് അവര്‍ ഒരു മതവുമായും ബന്ധമില്ലാതെ സ്വതന്ത്രരാകണം എന്നതായിരുന്നു മാധവന്റെ സ്വപ്നം. ഈ പ്രമേയമാണ് പുസ്തകം ഉടനീളം ചര്‍ച്ച ചെയ്യുന്നത്.
ഈ മാധവനും സഹോദരന് അയ്യപ്പനും കേരള നവോത്ഥാനം മുന്നോട്ടുവെച്ച സ്വതന്ത്ര സമുദായം എന്ന സങ്കല്‍പ്പനവും ഈ ബ്രാഹ്മണിക അക്കല്ട്ടറേഷന് വിധേയമായി എന്നതാണ് ഏറെ വ്യഥയും വ്യസനവും ഉണ്ടാക്കുന്ന യാഥാര്‍ത്ഥ്യം. ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ നവോത്ഥാനന്തരം ബ്രാഹ്മണികവത്കരിക്കപ്പെട്ടു. അതിന്റെ ഫലമായി ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ ഇന്ന് ഹൈന്ദവത്കരിക്കപ്പെട്ടു. നിരീശ്വരവാദം, യുക്തിവാദം തുടങ്ങിയ നവോത്ഥാന ആശയങ്ങള്‍ ഇന്ന് കോര്‍പ്പറേറ്റ് മുതലാളിത്തത്തിനും ഹിന്ദുത്വ ഫാസിസത്തിനും മുസ്ലിം വിരുദ്ധതക്കും വെറുപ്പുല്പാദത്തിനുമായി സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ രംഗം കയ്യടക്കുന്നു.
ഈ കാരണങ്ങള്‍ കൊണ്ട് തന്നെ ഏറെ വിഷമത്തോടെ അല്ലാതെ മാധവന്റെ സ്വതന്ത്ര സമുദായം വായിച്ചു തീര്ക്കവാന് നമുക്ക് കഴിയില്ല. നവോത്ഥാനം കീഴ്മേല്‍ മറക്കപ്പെട്ടിരിക്കുന്നു എന്ന നിഗമനത്തിലായിരിക്കും പുസ്തകത്തിന്റെ അവസാന താളും മറിച്ചു നോക്കിയതിനു ശേഷം വായനക്കാരന് എത്തിച്ചേരുന്ന നിഗമനം. നവോത്ഥാനത്തിന്റെ പ്രധാന ഘടകമായ, നവോത്ഥാനത്തെ കേരള മണ്ണില്‍ സാധ്യമാക്കിയ നിരീശ്വര നിര്‍മത യുക്തിവാദ പ്രസ്ഥാന ധാരകള്‍ ഇന്ന് എങ്ങനെയാണ് മുസ്ലിം വിരുദ്ധതയും മുതലാളിത്ത സേവയും ഹിന്ദുത്വ സേവയും നടത്തുന്നത് എന്നതിന് നാം സാക്ഷിയാണ്. ഈയൊരു കാലത്ത് ഇ. മാധവനും ‘സ്വതന്ത്ര സമുദായവും’ ഏറെ വായിക്കപ്പെടേണ്ടതാണ്; ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതും.
