October 14 Wednesday 2026

സോഷ്യല്‍ മൊറാലിറ്റിയും ഭരണഘടനാ ധാര്‍മികതയും

ധാര്‍മികത എന്നത് നമുക്ക് ചിരപരിചിതമായ ഒരു വാക്കാണ്. ഒരു സമൂഹം അല്ലെങ്കില്‍ ഒരു വ്യക്തി അദ്ദേഹത്തിന്റെ ജീവിതത്തില്‍ പാലിക്കുന്ന അടിസ്ഥാനപരമായ മൂല്യങ്ങളെയാണ് നമ്മള്‍ ധാര്‍മികത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വ്യക്തിയോ സമൂഹമോ തെറ്റും ശരിയും തിരിച്ചറിയുന്നത് ആ സമൂഹം പുലര്‍ത്തുന്ന ധാര്‍മികതയുടെ അടിസ്ഥാനത്തിലാണ്. ഈ ധാര്‍മികതക്ക് പല രൂപങ്ങളും ഉണ്ടാകാം. നമ്മുടെ സമൂഹത്തില്‍ ഒരാള്‍ ചെയ്യുന്ന കാര്യം തെറ്റാണോ ശരിയാണോ നല്ലതാണോ ചീത്തയാണോ എന്നൊക്കെ നമ്മള്‍ തീരുമാനിക്കുന്നത് നമ്മള്‍ തന്നെ പേറുന്ന ഒരു ധാര്‍മിക വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. ആ ധാര്‍മിക വ്യവസ്ഥക്ക് പല രൂപങ്ങളും ഉണ്ടാകാം. അത് ഏകപക്ഷീയമായ ഒന്നല്ല എന്ന് പറയാം. ഒരു ശരിയല്ല ലോകത്ത് നിലനില്‍ക്കുന്നത്, നിരവധി ശരികളുടെ കൂമ്പാരമാണ് ലോകത്തുള്ളത്. അതുകൊണ്ട് ധാര്‍മിക വ്യവസ്ഥകള്‍ പല വിധത്തിലാണ് നമ്മളെ അഭിമുഖീകരിക്കുന്നത്. അതില്‍ ഏറ്റവും പ്രബലമായ, ഏറ്റവും ശക്തമായ ഒരു ധാര്‍മിക വ്യവസ്ഥയാണ് സാമൂഹിക ധാര്‍മികത എന്ന വിളിക്കാവുന്ന സോഷ്യല്‍ മൊറാലിറ്റി.

സോഷ്യല്‍ മൊറാലിറ്റി എന്നത് സമൂഹത്തില്‍ ബഹുഭൂരിഭക്ഷവും ശരിയെന്ന് കരുതുന്ന, നല്ലതെന്ന് കരുതുന്ന മൂല്യങ്ങളുടെ സമാഹാരമാണ്. അവരങ്ങനെ കരുതുന്നുണ്ടെങ്കിലും ആ മൂല്യം ശരിയായിക്കൊള്ളണമെന്നില്ല. അങ്ങനെ കരുതുന്നു എന്നതാണ് അതിന്റെ ബലത്തിന്റെ അടിസ്ഥാനമായി വരുന്നത്. അങ്ങനെ ഒരു സമൂഹം ശരിയെന്നും സത്യമെന്നും ശാശ്വത സത്യമെന്നും കരുതുന്ന മൂല്യങ്ങളില്‍ ജീവിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തെയും വ്യക്തികളെയും അവരുടെ പെരുമാറ്റങ്ങളെയും അവരുടെ ചിന്തകളെയും അവരുടെ ആഗ്രഹങ്ങളെയും അഭിലാഷങ്ങളെയും വിലയിരുത്തുകയും ചെയ്യുന്നതിനെയാണ് നമ്മള്‍ സാമൂഹിക ധാര്‍മികത എന്ന് വിളിക്കുന്നത്. ആ ധാര്‍മികതയുടെ വേരുകള്‍ കിടക്കുന്നത് ആ ജനതയുടെ ചരിത്രാനുഭവത്തിലും ദാര്‍ശനികമായ അന്വേഷണങ്ങളിലുമാണ്. അവരുടെ അനുഷ്ഠാന വ്യവസഥകളിലും മതബോധത്തിലുമൊക്കെയാണ് സാമൂഹിക ധാര്‍മികതയുടെ വേരുകള്‍ കിടക്കുന്നത്. എന്നാല്‍, ഈ സാമൂഹിക ധാര്‍മികത അചഞ്ചലമായി നിലകൊള്ളുന്ന ഒന്നല്ല. അത് ചരിത്രത്തിന്റെ ഒരു പുതിയ ഘട്ടത്തില്‍ വലിയ വെല്ലുവിളികള്‍ നേരിടാറുണ്ട്. സമൂഹം നാളിതുവരെ കരുതിയ കാര്യങ്ങള്‍ ഒറ്റ ദിവസം കൊണ്ട് തെറ്റാണെന്ന് തോന്നുകയും സമൂഹം ഒരു വിഭ്രാന്തിയില്‍ അകപ്പെടുകയും ചെയ്യുന്ന നിരവധി സന്ദര്‍ഭങ്ങള്‍ക്ക് ചരിത്രം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒരു പുതിയ ജീവിത വ്യവസ്ഥക്ക് വേണ്ടിയുള്ള അന്വേഷണങ്ങള്‍ സമൂഹത്തിലേക്ക് കടന്നു വരുമ്പോള്‍ നിലവിലുള്ള ജീവിത ബോധവുമായി അഗാധമായി കലഹിക്കുന്നത് കാണാം. ഇന്ത്യന്‍ ഭരണഘടനയെ നമ്മള്‍ മനസിലാക്കേണ്ടത് ഇന്ത്യ ചരിത്രത്തില്‍ ഇന്ത്യ നൂറ്റാണ്ടോളം പിന്തുണ്ടാര്‍ന്ന സാമൂഹിക ധാര്‍മികതയുടെ പിന്നില്‍ ഒരു കനത്ത വെല്ലിവിളി ഉയര്‍ത്തിയ രേഖയായിട്ട് വേണം. ഇന്ത്യന്‍ ഭരണഘടനയുടെ പതിനാലാമത്തെ വകുപ്പില്‍ പറയുന്നൊരു കാര്യം, നിയമത്തിന്ന് മുന്നില്‍ എല്ലാവരും തുല്യരാണ് എന്നാണ്. നിയമത്തിന്റെ മുന്നില്‍ ഒരു പൗരനെയും സ്റ്റേറ്റ് വിവേചിക്കുവാന്‍ പാടുള്ളതല്ല എന്ന ഭരണഘടനാ ഉദ്ഘോഷിക്കുന്നു. നമ്മുടെ ചരിത്രാനുഭവത്തിലാകട്ടെ എല്ലാവര്‍ക്കും തുല്യ നീതി എന്ന സമഭാവന പ്രവര്‍ത്തിച്ചിട്ടേയില്ല.

കുറ്റം ചെയ്യുന്നവര്‍ക്കായിരുന്നില്ല നമ്മളെ ശിക്ഷ കൊടുത്തുകൊണ്ടിരുന്നത്, മറിച്ച് കുറ്റം ചെയ്യുന്നവന്റെ സ്ഥാനം നോക്കിയാണ്. സാമൂഹിക പദവി നോക്കി ശിക്ഷ വിധിചിരുന്ന ഒരു സമൂഹത്തിനകത് ഒരാള്‍ പോലും, സ്ത്രീയാകട്ടെ പുരുഷന്‍ ആകട്ടെ ഏത് മത വിഭാഗത്തില്‍ ആകട്ടെ ഏത് ജാതിയില്‍ ആകട്ടെ ഇതൊന്നും പരിഗണിക്കാതെ ഒരു മനുഷ്യനെ പോലും നിയമത്തിന്റെ മുന്നില്‍ വിവേചിക്കാന്‍ പാടുള്ളതല്ലായെന്ന് പറയുന്നതിലൂടെ, ഇന്ത്യ കൊണ്ടുനടന്ന ഒരു ധാര്‍മിക വ്യവസ്ഥ മനുഷ്യ വിരുദ്ധമാണ് എന്ന പ്രഖ്യാപനമാണ് ആര്‍ട്ടിക്കിള്‍ പതിനാലിലൂടെ ഇന്ത്യ പ്രഖ്യാപിക്കുന്നത്. ഇത് ഇന്ത്യയില്‍ മാത്രമല്ല ലോകത്തെ എല്ലാ രാജ്യങ്ങളിലും പുതിയ നിയമ നിര്‍മാണങ്ങള്‍ നടക്കുമ്പോള്‍ ഇത്തരം പൊളിച്ചെഴുത്തുകള്‍ നടക്കുന്നുണ്ട്. അടിസ്ഥാനപരമായി നമ്മുടെ ജീവിതത്തെ നവീകരിക്കാന്‍ സമൂഹ ബന്ധങ്ങളെ നവീകരിക്കാന്‍ നമ്മുടെ മനുഷ്യ സങ്കല്‍പ്പങ്ങളെ നവീകരിക്കാനൊക്കെ ഈ പുതിയ പ്രവണതകള്‍ കാരണമായിട്ടുണ്ട് എന്ന് കാണേണ്ടതുണ്ട്.
ഇതൊരു യുഗപ്രഖ്യാപനമായി കാണേണ്ടതുണ്ട്. അതിന്റെ കാരണം എന്തെന്ന് ചോദിച്ചാല്‍ ഇത് ഏതെങ്കിലും മത വിഭാഗത്തിന്റെയോ ജാതി വിഭാഗത്തിന്റെയോ പ്രശ്‌നമല്ല. ഇന്ത്യയുടെ ദാര്‍ശനിക ചരിത്രത്തില്‍ ഇന്ത്യക്ക് വലിയൊരു ദാര്‍ശനിക ചരിത്രമുണ്ട്. എവിടെയും ഒരു ഇഗാലിറ്റേറിയന്‍ ഹ്യൂമന്‍ കോണ്‍സപ്റ്റ് കണ്ടെടുക്കാന്‍ പറ്റില്ല. അത്യപൂര്‍വമായ ചിന്തകളില്‍ നമുക്കത് കാണാമെങ്കിലും പൊതുവില്‍ നമ്മള്‍ ഉദ്ഘോഷിക്കുന്ന, ആഘോഷിക്കുന്ന, പാരമ്പര്യമായി കൊണ്ട് നടക്കുന്ന ഇഗാലിറ്റേറിയന്‍ ഹ്യുമന്‍ സങ്കല്പം ഇല്ല എന്ന് തന്നെ പറയാം. അത്തരമൊരു സമൂഹത്തിനകത്താണ് ആരും വിവേചിക്കാന്‍ പാടില്ലെന്ന് ഇന്ത്യന്‍ ഭരണഘടന പറയുന്നത്. അതുകൊണ്ടാണ് ഭരണഘടനാ ചരിത്രകാരന്മാര്‍ പറയുന്നത് അമേരിക്കന്‍ ഭരണഘടനാ കഴിഞ്ഞാല്‍ ഏറ്റവും വലിയ വിപ്ലവം ഇന്ത്യന്‍ ഭരണഘടനയാണെന്ന്.

ഭരണഘടനാ ധാര്‍മികത

ഇനി പറയേണ്ടത് എന്താണ് ഭരണഘടന ധാര്‍മികത എന്നതാണ്. ഭരണഘടനാ ധാര്‍മികത എന്ന വിഷയത്തില്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ വലിയ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. ഭരണഘടനാ ധാര്‍മികതയെക്കുറിച്ച് ഭരണഘടനാ നിര്‍മാണ സഭയില്‍ ആദ്യമായി പറയുന്നത് അംബേദ്കറാണ്. ഇതിനെക്കുറിച്ചു അദ്ദേഹം പറയുമ്പോള്‍, ഗ്രീക്ക് ചിന്തകന്‍ ജോര്‍ജ് ഗ്രോട്ടിന്റെ വാചകമാണ് അദ്ദേഹം പറയുന്നത്. ലോകത്ത് എഴുതപ്പെട്ടതും എഴുതപ്പെടാത്തതുമായ എല്ലാ ഭരണഘടനകളും ഒരു ധാര്‍മികതയെ മുന്നോട്ട് വെക്കുന്നുണ്ട് എന്നതാണത്. ഇന്ത്യന്‍ ഭരണഘടനയുടെ ധാര്‍മികത എന്താണെന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം അതിന്റെ ആമുഖം ആണെന്നതാണ്. ജോര്‍ജ് ഗ്രോത്ത് പറയുന്നത് ഭരണഘടനാ ധാര്‍മികത എന്നത് എല്ലാവരിലേക്കും പടര്‍ന്ന് പിടിക്കേണ്ട ഒന്നാണ്. ഇന്ത്യയുടെ ഭരണഘടനാ വളരെ വലിപ്പമുള്ളതാകാം, കാരണം അതില്‍ ഭരണനിര്‍വഹണ രീതിയെ കുറിച്ച് പറയുന്നുണ്ട് എന്നത് കൊണ്ടാണ്. ഭരണ നിര്‍വഹണ രീതി ഭരണഘടനയില്‍ പറയാതെ നിയമ നിര്‍മാണസഭക്ക് വിട്ടുകൊടുക്കുകയാണെങ്കില്‍ ഭരണഘടനയെ മാറ്റാതെ തന്നെ നിയമ നിര്‍മ്മാണത്തിലൂടെ ഭരണഘടനാ ധാര്‍മികതയെ അട്ടിമറിക്കും എന്നതിനാലാണ്. ഇന്ത്യയില്‍ നിലവില്‍ സംഭവിച്ച കൊണ്ടിരിക്കുന്നതും അത് തന്നെയാണ്. ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും നീതി കൊടുക്കണം എന്ന് മാത്രമല്ല ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നത്, ആ നീതി നിര്‍വഹണ രീതിയും കൂടി ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നു.

ഭരണഘടനാ ധാര്‍മികതയില്‍ നിന്ന് വേണം കോടതികള്‍ വിധി പറയാന്‍. ഇതിന് ഉദാഹരണമായി പറയാന്‍ പറ്റുന്ന ഒന്നാണ് സ്വവര്‍ഗ്ഗരതിയുമായി ബന്ധപ്പെട്ട് വന്ന കോടതി വിധി. പ്രസ്തുത വിധിയില്‍ സാമൂഹിക ധാര്‍മികതയല്ല മറിച്ച് വ്യക്തി സ്വാതന്ത്രം എന്ന ഭരണഘടനാ ധാര്‍മികതയാണ് കോടതി മാനദണ്ഡമാക്കിയത്. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ തമ്മിലെ ലൈംഗിക ബന്ധം കോടതി അനുവദിച്ചതും ഭരണഘടന ധാര്‍മികതയെ മുന്‍നിര്‍ത്തിയാണ്. ശബരിമല സ്ത്രീ പ്രവേശനം മറ്റൊരു ഉദാഹരണം. ഭരണഘടനാ ധാര്‍മികത എന്ന് പറയുന്നത് ഭരണഘടന വ്യക്തികള്‍ക്കും സമൂഹത്തിനും നല്‍കിയിട്ടുള്ള അവകാശ അധികാരണങ്ങളെ ഉറപ്പിക്കാനു, പരിഷ്‌കരിക്കാനും, മുന്നോട്ട് കൊണ്ടുപോകാനുള്ള ആശയമായി വേണം മനസ്സിലാക്കാന്‍. ഭരണഘടനയുടെ അടിസ്ഥാനഘടന മാറ്റുവാന്‍ പാടില്ലെന്ന് കേശവാനന്ദ ഭാരതി കേസില്‍ സുപ്രീം കോടതി നിരീക്ഷിക്കുന്നുണ്ട്. അതായത് ഒരു ജനാധിപത്യ മതേതര റിപ്പബ്ലിക്ക് അല്ലാതെ രാജ്യത്തെ വിഭാവനം ചെയ്യാന്‍ പാടില്ല എന്നാണ് ഈ പറഞ്ഞതിന്റെ അര്‍ഥം. അതുകൊണ്ടുതന്നെ ഹിന്ദുത്വ രാഷ്ട്രീയം ഭരണഘടനാ വിരുദ്ധമായ സങ്കല്പത്തെയാണ് മുന്നോട്ട് വെക്കുന്നത്. ഭരണഘടന ഇന്ത്യന്‍ പാരമ്പര്യത്തെ ഉള്‍ക്കൊള്ളുന്നില്ല എന്ന വിമര്‍ശനം ഉയര്‍ന്നപ്പോള്‍ അംബേദ്കര്‍ ചോദിച്ചത് ആധുനിക ദേശരാഷ്ട്രത്തിന് വേണ്ട എന്താണ് ഇന്ത്യന്‍ പാരമ്പര്യത്തിലുള്ളത് എന്നാണ്. ആര്‍ക്കും അതിന് ഉത്തരം ഉണ്ടായിരുന്നില്ല. പുരാതനമായ സമൂഹക്രമത്തില്‍ പൊങ്ങിവന്ന ആശയങ്ങളെ അതേപടി കൊണ്ടുനടക്കാന്‍ നാമുക്ക് പറ്റില്ല. അങ്ങനെ കൊണ്ടുനടക്കുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ മാറിയിട്ടില്ല എന്നേ അര്‍ത്ഥമുള്ളൂ. ചണ്ഡാളന്‍ വീട് നിര്‍മിക്കുന്നത് ശവക്കോട്ടയുടെ അടുത്തായിരിക്കണം എന്ന ഇന്ത്യന്‍ പുരാതന ആശയം ഈ കാലത്ത് എടുക്കുന്നത് ബുദ്ധിമുട്ടായിരിക്കും. ഇതൊരു ആധുനിക സമൂഹത്തിന് പറ്റിയൊരു മനോനിലയല്ല.

മതേതര ജനാതിപത്യ റിപ്പബ്ലിക്കായി രാജ്യത്തെ വിഭാവന ചെയ്യുന്ന ഭരണഘടനയെ മാറ്റി രാജ്യത്തെ ഒരു മതരാഷ്ട്രമായി വിഭാവന ചെയ്യുന്നതാണ് ഭരണഘടനാ നേരിടുന്ന അടിസ്ഥാന വെല്ലുവിളി. നമുക്കിപ്പോഴും ഭരണഘടനാ ധാര്‍മികതയിലേക്ക് പ്രവേശിക്കാന്‍ സാധിച്ചിട്ടില്ല. നമ്മള്‍ ഭരണഘടനാ ധാര്‍മികതയില്‍ അല്ല ജീവിക്കുന്നത്. ഏറെ പുരാതനമായ ഒരു ധാര്‍മിക ബോധമാണ് നമ്മള്‍ കൊണ്ട് നടക്കുന്നത്. ഹിന്ദു എന്ന ഇമാജിനേഷന്‍ ഉണ്ടാക്കി ആ സോഷ്യല്‍ മൊറാലിറ്റിയെ തിരിച്ചു കൊണ്ടുവരാനുള്ള പദ്ധതിയെ മനസ്സിലാക്കുമ്പോള്‍ അടിസ്ഥാനപരമായി നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം ഭരണഘടനാ ഉയര്‍ത്തിപ്പിടിക്കുക എന്നതാണ്. ഭരണഘടനക്കകത്ത് വിപ്ലവമുണ്ടോ എന്ന് ചോദിച്ചിട്ട് കാര്യമില്ല. ഭരണഘടനയിലേ വിപ്ലവമുള്ളൂ. അതിലൊരു സംശയവും വേണ്ട. ജോര്‍ജ് ഗ്രോട്ട് പറഞ്ഞ ഭരണഘടനാ ധാര്‍മികത എന്ന കാര്യം ഭരണഘടനയുടെ താല്‍പര്യമാണ്. ഓരോ വ്യക്തിയും സമൂഹവും പിന്തുടരേണ്ട, നമ്മുടെ നിയമസഭാ പിന്തുടരേണ്ട ഒരു വ്യവസ്ഥയാണത്. എപ്പോള്‍ നമുക്കത് പിന്തുടരാന്‍ കഴിയുന്നുവോ അന്ന് നമുക്കൊരു ജനാധിപത്യ സമൂഹമായി മാറാന്‍ കഴിയും. അതുകൊണ്ട് എല്ലാ വീടുകളിലും ഭരണഘടനയുടെ ഒരു കോപ്പിയും ഭരണഘടനയുടെ ആമുഖത്തിന്റെ ഒരു ഫ്രെയിമും ഉണ്ടാവണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഇന്ത്യന്‍ ഭരണഘടനയാണ് നമുക്ക് നീതിയും വെളിച്ചവുമായിരിക്കുന്നത്.

(ജനുവരി 8 ന് കേരള നിയമസഭാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വെച്ച് നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

Related