October 13 Tuesday 2026

എസ്.ഐ.ആര്‍: പേര് വെട്ടിമാറ്റലല്ല, പൗരനെന്ന നിര്‍വചനത്തെ തിരുത്തിയെഴുതലാണ്

തെരഞ്ഞെടുപ്പ് കമീഷന്റെ എസ്.ഐ.ആര്‍ എന്ന ശുദ്ധീകരണ പ്രക്രിയ ഇന്ത്യയുടെ സ്ഥാപക തത്വങ്ങളെ എങ്ങനെയാണ് റദ്ദ് ചെയ്യുന്നത്?

കേരളം ഉള്‍പ്പെടെ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ഇന്ന് തിരഞ്ഞെടുപ്പ് കമീഷന്‍ ആരംഭിക്കുന്ന ‘പ്രത്യേക തീവ്രയത്‌ന പുനഃപരിശോധന’ (SIR) ഒറ്റനോട്ടത്തില്‍ ഒരു സാധാരണ ഭരണപരമായ നടപടിക്രമം മാത്രമായി തോന്നാം. വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പുകളും പിഴവുകളും തിരുത്തി ശുദ്ധീകരിക്കുന്നു. ഇതിലെന്താണ് ഇത്ര അപകടം?

ലളിതമായ ഒരു ഭരണനിര്‍വഹണ പ്രക്രിയ എന്ന മുഖംമൂടിയണിഞ്ഞാണ് പലപ്പോഴും വലിയ ജനാധിപത്യ ധ്വംസനങ്ങള്‍ സംഭവിക്കാറ്. തെരഞ്ഞെടുപ്പ് കമീഷന്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന ‘പ്രത്യേക തീവ്രയത്‌ന പുനഃപരിശോധന’ (SIR) അത്തരമൊന്നാണ്. വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നു എന്ന നിഷ്‌കളങ്കമായ പേരില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍, ഇന്ത്യ എന്ന ആശയത്തിന്റെ അടിവേരിളക്കുന്ന ഒരു താത്വികമായ ഭൂകമ്പമാണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്. ഇന്ത്യന്‍ പൗരന്‍ എന്ന നിര്‍വചനത്തെത്തന്നെ നിശ്ശബ്ദമായി അട്ടിമറിക്കുന്ന ഒരു താത്വികമായ യുദ്ധപ്രഖ്യാപനമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവിനേല്‍ക്കുന്ന മുറിവാണിത്. കേവലം പേരുകള്‍ വെട്ടിമാറ്റലല്ല, പൗരന്‍ എന്ന നിര്‍വചനത്തെത്തന്നെ നിശ്ശബ്ദമായി തിരുത്തിയെഴുതലാണ്.

സ്ഥാപക തത്വങ്ങളുടെ റദ്ദാക്കല്‍: വിശ്വാസത്തില്‍ നിന്ന് സംശയത്തിലേക്ക്

ഇന്ത്യ ഒരു ജനാധിപത്യ റിപ്പബ്ലിക് ആയതെങ്ങനെ എന്ന് ചരിത്രകാരിയായ ഓര്‍ണിറ്റ് ഷാനി തന്റെ ‘How India Became Democratic’ എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. 1947-നും 1950-നും ഇടയില്‍, ഇന്ത്യയ്ക്ക് ഒരു പൗരത്വ നിയമം പോലും നിലവില്‍ വരുന്നതിന് മുന്‍പാണ് നമ്മുടെ രാഷ്ട്രശില്‍പികള്‍ ആദ്യത്തെ വോട്ടര്‍ പട്ടിക തയ്യാറാക്കിയത്. അതൊരു വിപ്ലവകരമായ രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു:

‘ഈ മണ്ണില്‍ ജീവിക്കുന്ന ഓരോ വ്യക്തിക്കും, മറിച്ചൊന്ന് തെളിയിക്കപ്പെടാത്തിടത്തോളം, ഈ പുതിയ റിപ്പബ്ലിക്കില്‍ പൂര്‍ണ്ണമായ പങ്കാളിത്തമുണ്ട്.’

അത് ഭരണകൂടം ജനങ്ങളില്‍ അര്‍പ്പിച്ച അടിസ്ഥാന വിശ്വാസമായിരുന്നു. ‘സ്വാഭാവികമായ അംഗത്വം’ (default belonging) ആയിരുന്നു ആ പട്ടികയുടെ ആധാരം; അല്ലാതെ രേഖകള്‍ ഹാജരാക്കി നേടേണ്ട ‘തെളിയിക്കപ്പെട്ട പൗരത്വം’ (proven citizenship) ആയിരുന്നില്ല.

എന്നാല്‍, പുതിയ എസ്.ഐ.ആര്‍ ഈ സ്ഥാപക യുക്തിയെ തലകീഴായി നിര്‍ത്തുന്നു. അതിന്റെ അടിസ്ഥാന തത്വം വിശ്വാസമല്ല, സംശയമാണ്. ഉള്‍ക്കൊള്ളലല്ല, ഓരോ പൗരനെയും അവിശ്വാസത്തോടെ കാണുന്ന പരിശോധനയാണ് അതിന്റെ രീതിശാസ്ത്രം. ”ഞാന്‍ ഈ നാടിന്റെ ഭാഗമാണ്’ എന്ന് നെഞ്ചുവിരിച്ച് പറയാനുള്ള പൗരന്റെ അവകാശത്തെ റദ്ദ് ചെയ്ത്, ഒരു കുറ്റവാളിയെപ്പോലെ നിരപരാധിത്വം തെളിയിക്കേണ്ട ഭാരം അവന്റെ ചുമലിലേക്ക് വെച്ചുകൊടുക്കുന്നു.

അധികാരപരിധിയുടെ ലംഘനം: കളിനിയന്ത്രിക്കേണ്ടയാള്‍ കവാടം കാക്കുമ്പോള്‍

തെരഞ്ഞെടുപ്പ് നടത്തുക എന്ന പവിത്രമായ ചുമതലയാണ് ഭരണഘടന തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയിരിക്കുന്നത്. എന്നാല്‍, പൗരത്വം നിര്‍ണയിക്കാനുള്ള അവകാശം പാര്‍ലമെന്റിനാണ്. എപ്പോഴാണ് ഒരു പേര് വോട്ടര്‍ പട്ടികയില്‍ നിലനില്‍ക്കാന്‍ യോഗ്യമല്ലാതാകുന്നത് എന്ന് പുനര്‍നിര്‍വചിക്കുന്നതിലൂടെ, കമീഷന്‍ അതിന്റെ ലക്ഷ്മണരേഖ മായ്ച്ചുകളയുന്നു. അനുച്ഛേദം 324 പ്രകാരം തെരഞ്ഞെടുപ്പ് കമീഷന്റെ ചുമതല തെരഞ്ഞെടുപ്പ് നീതിയുക്തമായി നടത്തുക എന്നതാണ്. അല്ലാതെ, ആരാണ് ഈ രാജ്യത്തെ പൗരന്‍ എന്ന് നിര്‍ണ്ണയിക്കലല്ല. ആ അധികാരം പാര്‍ലമെന്റില്‍ മാത്രം നിക്ഷിപ്തമാണ്.

കളിക്കളത്തിലെ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നോക്കേണ്ട നിഷ്പക്ഷനായ അമ്പയര്‍, കളിസ്ഥലത്തിന്റെ ഗേറ്റ് അടച്ചുപൂട്ടി ആര് അകത്ത് കയറണം, ആര് പുറത്തുനില്‍ക്കണം എന്ന് തീരുമാനിക്കുന്ന അധികാര കേന്ദ്രമായി മാറുന്നു. ഇത് ഭരണഘടന നല്‍കുന്ന അധികാര സന്തുലിതാവസ്ഥയുടെ നഗ്‌നമായ ലംഘനമാണ്.

സാങ്കേതികവിദ്യയുടെ ഇരുണ്ടമുഖം: ഇരകള്‍ അതിരുകളില്‍ ജീവിക്കുന്നവര്‍

ആരാണ് ഈ പുതിയ നിയമത്തിന്റെ ആദ്യത്തെ ഇരകളാകാന്‍ പോകുന്നത്?

നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് ജീവിതം പറിച്ചുനടുന്ന കോടിക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍. വിവാഹത്തോടെ സ്വന്തം പേരും മേല്‍വിലാസവും ചരിത്രത്തിന്റെ ഭാഗമാകുന്ന സാധാരണക്കാരായ സ്ത്രീകള്‍. തല ചായ്ക്കാന്‍ സ്വന്തമായി മണ്ണില്ലാത്തതിനാല്‍ സ്ഥിരമായൊരു രേഖ പോലുമില്ലാത്തവര്‍. ഇവരുടെയെല്ലാം ജീവിതം ഒരു ‘ഡാറ്റാ പിശക്’ കൊണ്ട് റദ്ദ് ചെയ്യപ്പെടാം. ബീഹാറും തെലങ്കാനയും അസമും നമുക്ക് മുന്നറിയിപ്പുകള്‍ നല്‍കിക്കഴിഞ്ഞു.

സാങ്കേതികവിദ്യ ഈ അപകടത്തെ ലഘൂകരിക്കുന്നില്ല, മറിച്ച് അതിനെ ഭയാനകമാക്കുന്നു. തെലങ്കാനയില്‍ വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിച്ചപ്പോള്‍ ലക്ഷക്കണക്കിന് ന്യൂനപക്ഷ, ദലിത് വോട്ടര്‍മാരുടെ പേരുകളാണ് അപ്രത്യക്ഷമായത്. അസമിലെ NRC പ്രക്രിയയുടെ മുറിവുകള്‍ നമ്മുടെ ഓര്‍മയിലുണ്ട്. ബിഹാര്‍ എസ്.ഐ.ആര്‍ അനുഭവവുമതേ. പതിറ്റാണ്ടുകളായി ഈ രാജ്യത്ത് ജീവിച്ചവര്‍ക്ക് പോലും സ്വന്തം അസ്തിത്വം തെളിയിക്കാന്‍ കഴിയാതെ പോയത് നാം കണ്ടതാണ്.

സാങ്കേതികവിദ്യയുടെ വരവോടെ വോട്ടര്‍ പട്ടിക ഒരു കാലത്ത് എല്ലാവരെയും ചേര്‍ത്തുപിടിച്ച കണ്ണാടിയായിരുന്നെങ്കില്‍, ഇന്നത് സംശയത്തിന്റെ കുന്തമുനയായി മാറിയിരിക്കുന്നു. പേരുകള്‍ ചേര്‍ക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഒഴിവാക്കാന്‍ കഴിയുന്ന ഒരു ഒഴിവാക്കല്‍ ആയുധം (a weapon of exclusion).

ചോദ്യം ഡാറ്റയുടേതല്ല, ഇന്ത്യയുടേതാണ്

ഒരുകാലത്ത്, വോട്ടര്‍ പട്ടിക ഇന്ത്യയുടെ ആദ്യത്തെ ജനാധിപത്യ ഡാറ്റാബേസ് ആയിരുന്നു. എല്ലാവരെയും ചേര്‍ത്തുപിടിക്കാനുള്ള ഒരു ഉപകരണം. ഇന്നത്, ‘ഡാറ്റാ പിശക്’, ‘അല്‍ഗോരിതാധിഷ്ഠിത സംശയം’ എന്നിവയില്‍ പടുത്തുയര്‍ത്തിയ ഒരു ഒഴിവാക്കല്‍ സംവിധാനമായി മാറിയിരിക്കുന്നു.

ഇവിടെ അപകടത്തിലാകുന്നത് കുറച്ച് പേരുകളോ, ഒരു ഡാറ്റാബേസിന്റെ കൃത്യതയോ അല്ല. അപകടത്തിലാകുന്നത് ഇന്ത്യന്‍ ജനാധിപത്യം പടുത്തുയര്‍ത്തിയ ആ അടിസ്ഥാന ശിലയാണ്: ഭരണകൂടം ജനങ്ങളെ സംശയത്തോടെയല്ല, വിശ്വാസത്തോടെ സമീപിക്കണം എന്ന തത്വം. അതുകൊണ്ട്, ഈ ‘ശുദ്ധീകരണം’ ലക്ഷ്യം വെക്കുന്നത് ഡാറ്റയെയല്ല, ജനാധിപത്യത്തെത്തന്നെയാണ്.

വോട്ടര്‍ പട്ടിക എന്നത് ഭരണകൂടത്തോട് കൂറ് പുലര്‍ത്തുന്നവരുടെ കണക്കെടുപ്പല്ല; അതീ മണ്ണിന്റെ ഭാഗമായ ഓരോ മനുഷ്യന്റെയും അസ്തിത്വത്തിന്റെ സാക്ഷ്യപത്രമാണ്. SIR ലൂടെ സംഭവിക്കുന്നത് ഒരു ഡാറ്റാ ശുദ്ധീകരണമല്ല, മറിച്ച് ഇന്ത്യന്‍ പൗരന്‍ എന്ന ആശയത്തിന്റെ ആധാരശിലയിളക്കലാണ്.

കടപ്പാട്: അനിവര്‍ അരവിന്ദ്. ‘എസ്.ഐ.ആര്‍: വോട്ടര്‍ പട്ടികയല്ല, ജനാധിപത്യം തന്നെയാണ് തിരുത്തപ്പെടുന്നത്’ എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് കുറിപ്പ്.

Related