രണ്ടര വർഷങ്ങൾക്കു മുമ്പ് നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ചതാണ് അയോധ്യയിലെ രാമക്ഷേത്രം. എന്നാൽ, ഇന്ന് ആ മന്ദിരത്തെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ അത്ര ശുഭകരമല്ല. ഭക്തരിൽ നിന്നും ക്ഷേത്രത്തിന് ലഭിച്ച പത്ത് ദശലക്ഷം രൂപയാണ് അപഹരിക്കപ്പെട്ടതായി വാർത്തകൾ പുറത്തുവരുന്നത്. 1992 ൽ തകർക്കപ്പെട്ട പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്താണ് നിലവിൽ രാമക്ഷേത്രം നിലനിൽക്കുന്നത്. 2024 ൽ 2.7 ഏക്കറിലായി പരന്നുകിടക്കുന്ന ക്ഷേത്രത്തിൽ വർഷം 50 ദശലക്ഷം തീർത്ഥാടകരാണ് എത്തുന്നത്. ഭക്തന്മാർ ക്ഷേത്രത്തിനായി സമർപ്പിച്ച തിരുവാഭരണങ്ങളും സ്വർണ്ണ – വെള്ളി കട്ടകളും മോഷണം പോയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് സമീപ ദിവസങ്ങളിൽ പുറത്തുവരുന്നത്. ശ്രീ രാമജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലാണ് അയോധ്യ രാമക്ഷേത്രം പ്രവർത്തിക്കുന്നത്. ആരോപണങ്ങൾ പ്രചരിച്ചതോടെ പ്രസ്തുത ആരോപണങ്ങളെ തള്ളുന്ന നിലപാടാണ് ആദ്യമൊക്കെ ട്രസ്റ്റ് സ്വീകരിച്ചിരുന്നത്. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് ഭരണകൂടം മൂന്ന് അംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി ) ഇതിനകം നിയമിച്ചിട്ടുണ്ട്. ലഖ്നോവിലെ ഡിവിഷനൽ കമ്മീഷണറായ വിജയ് വിശ്വാസ് പന്ത് നേതൃത്വം നൽകുന്ന എസ്ഐടിയിൽ ലക്നൗ റേഞ്ച് ഐ ജി കിരൺ എസ്, സംസ്ഥാന ഫിനാൻസ് ഡിപ്പാർട്ട്മെന്റിന്റെ പ്രത്യേക സെക്രട്ടറി നീൽ രത്തൻ കുമാർ എന്നിവരാണ് അംഗങ്ങൾ.
പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് തട്ടിപ്പ് ആരോപിക്കപ്പെട്ട എട്ട് പേർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ആറ് ചെറു ക്ഷേത്രങ്ങൾ അടങ്ങിയ ക്ഷേത്ര സമുച്ചയത്തിൽ പ്രതിദിനം എഴുപതിനായിരം മുതൽ 80,000 വരെ ഭക്തർ സന്ദർശനം നടത്തുന്നുണ്ട് എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഭക്തന്മാർ എല്ലാവരും ക്ഷേത്ര സമുച്ചയത്തിൽ സ്ഥാപിച്ച മുപ്പത്തഞ്ചോളം വരുന്ന കാണിക്കയിലാണ് സംഭാവനകൾ നിക്ഷേപിക്കുക. ഭക്തർ നിക്ഷേപിക്കുന്ന സംഭാവനകൾ ശേഖരിച്ച് കണക്കുകൾ കൃത്യപ്പെടുത്തുന്നത് ക്ഷേത്രത്തിന്റെ ഭരണ ചുമതലയുള്ള ട്രസ്റ്റ് ആണ്. ട്രസ്റ്റിന്റെ കണക്കുകൾ പ്രകാരം 2024 – 2025 കാലയളവിൽ മാത്രം 3. 27 ശത കോടി രൂപയാണ് ക്ഷേത്രത്തിന്റെ വരുമാനം. അതായത് വർഷങ്ങൾ കൊണ്ടുതന്നെ ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രങ്ങളിൽ ഒന്നായി അയോധ്യയിലെ രാമക്ഷേത്രം മാറി എന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒരു മുൻ നഗരസഭാംഗത്തിന്റെ ആരോപണപ്രകാരം 70 ദശലക്ഷം രൂപയുടെ കൊള്ളയാണ് ക്ഷേത്രത്തിൽ നടമാടിയത്. സംഭാവനകൾ അശ്രദ്ധയോടെയാണ് തങ്ങൾ കൈകാര്യം ചെയ്തത് എന്ന ആരോപണത്തെ അങ്ങനെ സമ്മതിച്ചു കൊടുക്കാൻ ക്ഷേത്ര കമ്മിറ്റി തുടക്കത്തിൽ ഒന്നും തയ്യാറായിരുന്നില്ല. സംഭാവനകൾ എണ്ണിത്തിട്ടപ്പെടുത്തുന്ന പ്രക്രിയ ഉൾപ്പെടെ സംഭാവനകൾ എണ്ണിത്തിട്ടപ്പെടുത്തുന്ന മുറികൾ പോലും ട്രസ്റ്റ് ഭാരവാഹികളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഏതാനും ഉദ്യോഗസ്ഥരും പതിവായി ഓഡിറ്റിങ്ങിന് വിധേയമാക്കുമായിരുന്നു എന്നാണ് വിശ്വഹിന്ദു പരിഷത്തിന്റെ നേതാവും ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയുമായ ചെമ്പത്ത് റായി ഫേസ്ബുക്ക് വീഡിയോയിൽ വ്യക്തമാക്കിയത്. ഭക്തരും പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ശ്രീരാമജന്മഭൂമി തീർത്ത ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്പി ഉപാധ്യക്ഷനുമായ ചെമ്പത്ത് റായി രാജി വെച്ചിരിക്കുകയാണ്. നേരത്തെ എസ് ഐ ടി അറസ്റ്റ് ചെയ്ത എട്ടുപേരുടെ അറസ്റ്റോടുകൂടി പ്രശ്നം അവസാനിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് ചെമ്പത്ത് റായി സ്ഥാനം രാജിവെക്കേണ്ടി വന്നത്.
രാമജന്മഭൂമി പ്രസ്ഥാന കാലയളവിൽ വിശ്വഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാളിനോടൊപ്പം ചേർന്നു പ്രവർത്തിച്ച ആളായിരുന്നു ചെമ്പത്ത് റായി. എന്നാൽ, വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര പ്രസിഡണ്ട് അലോക് കുമാറിന്റെ പ്രസ്താവനയിൽ അദ്ദേഹം പറയുന്നത് വിശ്വഹിന്ദു പരിഷത്തിന്റെ ജോലിയല്ല രാജ്യത്ത് ക്ഷേത്രങ്ങൾ പണിയുകയും അതിനെ മുന്നോട്ടുകൊണ്ടുപോകുവാൻ കാർമികത്വം വഹിക്കുകയും ചെയ്യുക എന്നത് എന്നാണ്. ക്ഷേത്രക്കൊള്ള ആരോപണത്തെ വിശ്വഹിന്ദു പരിഷത്തിലേക്ക് ചേർത്തു കെട്ടുന്നതിനെ തടയാനുള്ള മാർഗ്ഗമായാണ് ഈ പ്രസ്താവനയെ മനസ്സിലാക്കേണ്ടത്. ട്രസ്റ്റിന്റെ അക്കൗണ്ടുകൾ പരിപാലിക്കുന്ന സംഘത്തിന്റെ തലവൻ ആയിരുന്ന മഹിപാൽ സിംഗ് ആണ് ക്ഷേത്രക്കൊള്ളയെ കുറിച്ച് ആദ്യമായി ആരോപണം ഉന്നയിക്കുന്നത്. ക്ഷേത്രക്കൊള്ളയെ കുറിച്ച് ആഭ്യന്തര സമിതിയിൽ തന്നെ താൻ എതിർപ്പ് ഉന്നയിച്ചിരുന്നുവെന്നും എന്നാൽ, അതിന് പ്രതികാര നടപടി എന്നോണം തന്നെ സ്ഥാനത്തുനിന്നും മാറ്റിയതായും മഹിപാൽ സിംഗ് പറയുന്നുണ്ട്. മഹിപാൽ സിംങ്ങിന്റെ പ്രസ്താവനയെ തുടർന്ന് സമാജ് വാദി പാർട്ടി നേതാവും മുൻ നിയമസഭാംഗവുമായിരുന്ന പവൻ പാണ്ടെയുടെ ഇടപെടലാണ് വിഷയം പൊതുമധ്യത്തിൽ എത്തിച്ചത്. 7-7.5 കോടി രൂപയുടെ അഴിമതിയാണ് രാമക്ഷേത്രത്തിൽ നടന്നത് എന്നാണ് പവൻ പാണ്ടയുടെ ആരോപണം. തുടർന്ന് സർക്കാരിന്റെ വിഷയത്തിലെ മൗനത്തെ ചോദ്യം ചെയ്തുകൊണ്ട് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചതോടുകൂടി സമൂഹവും പത്രമാധ്യമങ്ങളും വിഷയം ഏറ്റെടുക്കുകയായിരുന്നു. വിവാദം ഏറെ ചർച്ച ചെയ്യപ്പെട്ടതോടെ ബിജെപി നേതാവ് രജനീഷ് സിംഗ് ജൂൺ 9ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുകയുണ്ടായി. അതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ക്ഷേത്ര ട്രസ്റ്റിനോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്.
200 കോടിയുടെ തട്ടിപ്പാണ് ക്ഷേത്രത്തിൽ നടന്നത് എന്നാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. സി ബി ഐ അന്വേഷണമോ, ജുഡീഷ്യൽ അന്വേഷണമോ ആണ് പ്രതിപക്ഷത്തിന്റെ ആവശ്യം. 2027 ൽ വർഷാദ്യം തന്നെ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തിയാണ് ഭരണ – പ്രതിപക്ഷ ചേരി ക്ഷേത്രക്കൊള്ളയെ നോക്കിക്കാണുന്നത്. നിലവിൽ ഉയരുന്ന വിവാദ കൊടുംകാറ്റിൽ നിന്നും പെട്ടെന്ന് ഒഴിഞ്ഞുമാറാൻ ബിജെപിക്ക് കഴിയില്ല. എന്തുകൊണ്ടെന്നാൽ ക്ഷേത്ര നടത്തിപ്പിന്റെ ചുമതലകളൊക്കെയും സംഘ്പരിവാർ പ്രവർത്തകരുടെ കാർമികത്വത്തിൽ ആയിരുന്നു എന്നത് തന്നെ. വിവാദം മുറുകുകയും സംഘ്പരിവാറിന്റെ കൂടുതൽ പങ്ക് പുറത്തുവരികയും ചെയ്താൽ മാസങ്ങൾ മാത്രം അകലെയുള്ള നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങളെ ഇത് സാരമായി ബാധിക്കും എന്ന ഭയം ബിജെപിക്ക് ഉണ്ട്.
സംഘപരിവാർ നേതൃത്വത്തിൽ 80 കളിൽ നടന്ന രാമ ജന്മഭൂമി പ്രക്ഷോഭത്തെ തുടർന്നാണ് കർസേവകർ 1992 ൽ ബാബരി മസ്ജിദ് തകർക്കുന്നത്. പതിറ്റാണ്ടുകൾ നീണ്ടുനിന്ന സിവിൽ വ്യവഹാരങ്ങൾക്ക് ശേഷം 2019 ലാണ് രഞ്ജൻ ഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ബാബരി മസ്ജിദിന്റെ ഭൂമി രാമ ക്ഷേത്രം പണിയാൻ വിട്ടു നൽകുന്നത്. ശേഷമാണ് സംഘ്പരിവാർ നേതൃത്വം നൽകുന്ന ട്രസ്റ്റിന്റെ കീഴിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിക്കുന്നത്. പാർലമെന്റിൽ കേവലം രണ്ട് സീറ്റിൽ മാത്രം ഒതുങ്ങിയിരുന്ന ബിജെപിയെ ലോക്സഭയിൽ കേവലഭൂരിപക്ഷത്തിൽ എത്തിച്ചതിന് പിന്നിൽ രാമജന്മ ഭൂമി പ്രസ്ഥാനത്തിന് നിർണായക റോൾ ഉണ്ടായിരുന്നു. രാമജന്മഭൂമി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ അതേ സംഘ്പരിവാറിന്റെ അനുയായികൾ തന്നെയാണ് നിലവിൽ ക്ഷേത്രത്തെ കൊള്ളയടിക്കാനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത് എന്നത് ചരിത്രത്തിന്റെ മറ്റൊരു തമാശയാവുകയാണ്. 2024 ജനുവരി 23നാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം നരേന്ദ്രമോദി നിർവഹിച്ചത്. അയോധ്യയിൽ രാമക്ഷേത്രം എന്നത് ബിജെപിയുടെ ഉറച്ച തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. മാസങ്ങൾക്കുള്ളിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ കേവലപൂരിപക്ഷം നഷ്ടപ്പെട്ടിട്ടും സംഘപരിവാറിന് അധികാരം ലഭ്യമായതിൽ പ്രധാന കാരണം അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം ആയിരുന്നു.
