October 14 Wednesday 2026

ന്യൂസ് റൂമുകള്‍ നിര്‍വഹിക്കേണ്ട ദൗത്യമാണ് രാഹുല്‍ ഗാന്ധി നിര്‍വഹിച്ചത്

ആറ് മാസത്തെ അന്വേഷണത്തിനൊടുവില്‍ കര്‍ണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നടന്ന തിരിമറിയും അപാകതകളും പുറത്തു കൊണ്ടുവരുന്നതിനായി ആഗസ്റ്റ് ഏഴിന് രാഹുല്‍ ഗാന്ധിയും സംഘവും പത്ര സമ്മേളനം നടത്തി. എന്നാല്‍, അത് വെറുമൊരു രാഷ്ട്രീയ ആരോപണം മാത്രമായിരുന്നില്ല. മറിച്ച് ഡാറ്റാ ജേണലിസത്തിന്റെ ടൂള്‍ ഉപയോഗിച്ച് കൃത്യമായി നടത്തിയ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനമാണ്. ഇന്ത്യയിലെ ദേശീയ ന്യൂസ് റൂമുകള്‍ എന്ന് പറയപ്പെടുന്നവര്‍ നിര്‍വഹിക്കേണ്ട ദൗത്യമാണ് രാഹുല്‍ ഗാന്ധി നിര്‍വഹിച്ചത്. മാധ്യമങ്ങള്‍ അവരുടെ കാവല്‍നായ വേഷങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കൈമാറി കേവലം ചിയര്‍ ലീഡര്‍മാരായും നിഷ്‌ക്രിയരായ കാഴ്ചക്കാരായും ഒതുങ്ങിയോ?

രാഹുല്‍ ഗാന്ധിയും സംഘവും വ്യവസ്ഥാപിതമായ ക്രമക്കേടുകള്‍ തെളിവുസഹിതമാണ് അവതരിപ്പിച്ചത്. വ്യാജ വോട്ടര്‍ എന്‍ട്രികള്‍, അസാധുവായ വിലാസങ്ങള്‍, കൃത്യമായി പരിശോധിക്കാത്ത കൂട്ട രജിസ്‌ട്രേഷനുകള്‍, ഫോം 6 അപ്ലിക്കേഷനുകളുടെ ദുരുപയോഗം തുടങ്ങിയവയാണ് തെളിവു സഹിതം അവതരിപ്പിച്ചത്. ജനാധിപത്യ സംവിധാനത്തെ നിരന്തരം ദുര്‍ബലപ്പടുത്താന്‍ പ്രയത്‌നിച്ചത് വിശദീകരിക്കുന്ന ഡാറ്റ ഉള്‍പ്പെടുത്തിയത് പൊതുജനങ്ങള്‍ക്ക് തിരിച്ചറിവുണ്ടാക്കന്‍ എളുമാക്കി. ഡാറ്റകള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതിനെ അടിസ്ഥാനമാക്കിയുള്ള ഡാറ്റകള്‍ തള്ളിക്കളയാനാകില്ല. അവ കേവലം പൊള്ളായ അവകാശവാദങ്ങള്‍ മാത്രമല്ല, മറിച്ച് വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള വിവരണങ്ങളാണ്.

എന്നിരുന്നാലും, ആരോപണങ്ങള്‍ സ്ഥിരീകരിക്കാതെ ഇന്ത്യയുടെ ഗോദി മീഡിയയിലെ (ഇന്ത്യയിലെ മോദി സര്‍ക്കാറിനോട് കൂറ് പുലര്‍ത്തുന്ന മാധ്യമ സ്ഥാപനങ്ങള്‍) അവതാരകര്‍ അവരുടെ പ്രൈം ടൈം സംവാദങ്ങളില്‍ രാഹുല്‍ ഗാന്ധിയെ രാഷ്ടീയമായി അപകീര്‍ത്തിപ്പടുത്താനാണ് സമയം ചെലവഴിച്ചത്. ന്യൂസ് 18 ഇന്ത്യ, എ.ബി.പി ഇന്ത്യ, റിപബ്ലിക് ഭാരത്, ഇന്ത്യ ടി.വി, ടൈംസ് നൗ നവ്ഭാരത്, ഡി.ര്‍. ന്യൂസ് പോലെയുള്ള മാധ്യങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനാണ് ശ്രമിക്കുന്നത്. ‘ആറ്റം ബോംബോ നനഞ്ഞ സ്‌ക്വിബോ?’, ‘രാഹുല്‍ ഗാന്ധിയുടെ പരാജയപ്പെട്ട ഏഴു മിനുട്ടുകള്‍’ ‘രാഹുലിന്റെ തെളിവുകള്‍ എത്ര ശക്തമാണ്?’ തുടങ്ങിയവയായിരുന്നു ഓടിക്കൊണ്ടിരുന്ന തലക്കെട്ടുകള്‍. ഈ സമയം സത്യം അന്വേഷിക്കാനും വസ്തുത പരിശോധിക്കാനും ശ്രമിക്കുന്നതല്ലെ കൂടുതല്‍ അര്‍ഥവത്തായ കാര്യം?

രാജ്യത്ത് അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനം രാഷ്ടീയപരമായും വിശ്വാസപരമായും സംസ്‌കാരികമായും ഉള്ള സേവനങ്ങള്‍ നിര്‍വഹിക്കുന്നുണ്ടെന്ന് പ്രമുഖ ജേണലായ ‘ജേണലിസം പ്രാക്ടീസില്‍’പ്രസിദ്ധീകരിച്ച ‘അന്വേഷണം അന്വേഷിക്കപ്പെടുമ്പോള്‍; ഇന്ത്യയിലെ മീഡിയ കാപ്ച്വറും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനവും’ എന്ന പേപറില്‍ പറയുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഒരു പ്രതിപക്ഷ നേതാവ് നടത്തിയ ഡാറ്റാ ജേണലിസം ഓപറേഷന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് നേരിട്ടുള്ള വെല്ലുവിളിയാണ്.

‘അവര്‍ എന്റെ വീട് ബുള്‍ഡോസ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; മോദിയുടെ ഇന്ത്യയില്‍ ഭീതിയും അക്രമവും മാധ്യമ പ്രവര്‍ത്തകരെ അടിച്ചമര്‍ത്തുകയാണ്’ – 2025 ല്‍ ഗാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. മോദി ഭരണത്തില്‍ ഹിന്ദുത്വ മാധ്യമത്തെ എത്രത്തോളം നിയന്ത്രിക്കുന്നു എന്ന് ഇതില്‍ വ്യക്തമാക്കുന്നു. ഇതിന് ഒരുപാട് മുമ്പായി മാധ്യമ പ്രവര്‍ത്തകന്‍ രവീഷ് കുമാര്‍ മോദി സര്‍ക്കാറിന്റെ ലാപ് ഡോഗുകളായി പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങളെക്കുറിച്ച് പറയാന്‍ ‘ഗോദി മീഡിയ’ എന്ന വാക്ക് പ്രയോഗിച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയ വിശ്വാസ യോഗ്യമാണെന്നും മാധ്യമങ്ങള്‍ സ്വതന്ത്രമാണെന്നുമുള്ള വിശ്വാസത്തിലാണ് ജനാധിപത്യം പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയൂഷനിലെ ആര്‍ട്ടിക്കിള്‍ 19(1) (എ) നല്‍കുന്ന സംസാര സ്വാതന്ത്രത്തില്‍ സത്യം അന്വേഷിച്ച് പുറത്തെത്തിക്കുക എന്നത് മാധ്യമങ്ങളുടെ ബാധ്യതയാണെന്ന് പറയുന്നുണ്ട്. രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ച വാദം നിഷേധിക്കുമ്പോള്‍ ഉപേക്ഷിക്കപ്പെടുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. തെരഞ്ഞെടുപ്പ് കമീഷന്‍ നടപടിയെടുക്കാന്‍ വൈകുകയും രാഷ്ട്രീയം ആഴത്തില്‍ ധ്രുവീകരിക്കപ്പെടുകയുമാണെങ്കില്‍ രാഹുല്‍ ഗാന്ധിയും സംഘവും നടത്തിയ അന്വേഷണം പ്രധാനമെന്ന് പറഞ്ഞാല്‍ പോര, അത് അനിവാര്യമാണെന്ന് പറയണം. ഇവിടെ പിന്തുണയുടെ അഭാവം ആകസ്മികമല്ല, അത് രാഷ്ട്രീയ സമ്മര്‍ദ്ദം, കോര്‍പ്പറേറ്റ് നിയന്ത്രണം, സ്വയം സെന്‍സര്‍ഷിപ്പ് എന്നിവയുടെ സ്വാധീനമാണ് പ്രതിഫലിപ്പിക്കുന്നത്.

വസ്തുതാന്വേഷണത്തിലൂടെ സര്‍ക്കാരുകളെ ഉത്തരവാദിത്തപ്പെടുത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ദി ഹിന്ദുവില്‍ ചിത്ര സുബ്രഹ്‌മണ്യത്തിന്റെ ബൊഫോഴ്സ് അന്വേഷണം, ദി ഇന്ത്യന്‍ എക്സ്പ്രസില്‍ അശ്വിനി സരിന്റെ ഓപറേഷന്‍, ടൈംസ് ഓഫ് ഇന്ത്യയില്‍ സുചേത ദലാലിന്റെ റിപ്പോര്‍ട്ടുകള്‍, ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള റാണ അയ്യൂബിന്റെ കൃതികള്‍ എന്നിവയൊക്കെ ഇതിന് ഉദാഹരണമായി കണ്ടെത്താം. ഇന്ന്, ഇന്ത്യയിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം മയക്കത്തിലാണ്. ഈ ‘ഗോദി മീഡിയ’ കാലത്ത്, രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലുകള്‍ അന്വേഷണാത്മക റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഒരു തീപ്പൊരി ആകേണ്ടതായിരുന്നു.

വിവരാവകാശ നിയമം (ആര്‍.ടി.ഐ) മാധ്യമങ്ങളുടെ കാവല്‍ക്കാരുടെ റോളിനുള്ള ഒരു ജീവനാഡിയാണെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവര്‍ത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍, രാഹുലിന്റെ സംഘം ആര്‍.ടി.ഐ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമീഷനില്‍ നിന്ന് ആയിരക്കണക്കിന് പേജുകളുള്ള വോട്ടര്‍ പട്ടിക ഡാറ്റ നേടി. മഹാദേവപുരയില്‍ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍ വെളിപ്പെടുത്തുന്നതിന് മുമ്പ് അവര്‍ ആറ് മാസം ഈ ഡാറ്റ വിശകലനം ചെയ്തു. ഡിജിറ്റല്‍ രേഖകളിലേക്ക് പ്രവേശനം ഇല്ലെങ്കിലും, അവരുടെ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ അവര്‍ ഭൗതിക രേഖകള്‍ പരിശോധിച്ചു. ന്യൂസ് റൂമുകള്‍ ചെയ്യേണ്ട ജോലിയാണിത്. എന്നാല്‍, ഇവിടെ അത് ചെയ്തത് ഒരു പ്രതിപക്ഷ നേതാവാണ്. ഇന്ത്യയുടെ ജനാധിപത്യ ഉത്തരവാദിത്തത്തിലെ സാധ്യതകളെയും വിടവുകളെയും ഇത് എടുത്തുകാണിക്കുന്നു.

1949-ല്‍ ബി.ആര്‍. അംബേദ്കര്‍ മുന്നറിയിപ്പ് നല്‍കിയതുപോലെ, വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ജനാധിപത്യ ഭരണത്തിന്റെ അടിത്തറയെ നശിപ്പിക്കും. മഹാത്മാഗാന്ധി നിരീക്ഷിച്ചതുപോലെ, വോട്ട് മോഷണം അധികാരത്തിലിരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള ജനങ്ങളുടെ ശക്തിയെ ദുര്‍ബലപ്പെടുത്തുന്നു.

പ്രൈം ടൈം ശബ്ദകോലാഹലം പലപ്പോഴും ആഴത്തിലുള്ളതും ഡാറ്റാധിഷ്ഠിതവുമായ റിപ്പോര്‍ട്ടിങ്ങിനെ മുക്കിക്കൊല്ലുന്ന ഒരു മാധ്യമ പരിതസ്ഥിതിയിലാണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ശ്രമത്തെ ഒരു രാഷ്ട്രീയ ഗിമ്മിക്കിലേക്ക് ചുരുക്കരുത് – പത്രപ്രവര്‍ത്തന പ്രതിരോധത്തിന്റെ അപൂര്‍വ പ്രവൃത്തിയായും ഇതിനെ വായിക്കാം. ഭരണകൂടം അടിച്ചേല്‍പ്പിക്കുന്ന നിശബ്ദത നിലനില്‍ക്കുന്ന ഒരു സമയത്ത്, ഈ അന്വേഷണം അധികാരത്തോടുള്ള വെല്ലുവിളിയും പത്രപ്രവര്‍ത്തനത്തിന്റെ ഉപേക്ഷിക്കപ്പെട്ട കടമകളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുമാണ്.

(ഡോ. ആന്റോ പി. ചീരോത്ത countercurrents.org ല്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം)

Related