2023ല്‍ നടന്ന ജി-20 ഉച്ചകോടിയുടെ ‘ഉപശാല ചര്‍ച്ചകളില്‍’ (side-line discussions) പ്രഖ്യാപിക്കപ്പെട്ട പദ്ധതിയായ ‘ഇന്ത്യാ- മിഡില്‍ ഈസ്റ്റ് – യൂറോപ്പ് കോറിഡോറി’നെക്കുറിച്ച് ചിലരെങ്കിലും ഓര്‍മിക്കുന്നുണ്ടാകും. കരയിലൂടെയും കടലിലൂടെയും ഇന്ത്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഈ ഇടനാഴി സംബന്ധിച്ച പ്രഖ്യാപനത്തില്‍ മധ്യപൂര്‍വ്വ, യൂറോപ്യന്‍ രാജ്യങ്ങളും പങ്കാളികളാകുകയുണ്ടായി. മോദിയുടെ ‘ഭൗമരാഷ്ട്രീയ’ തന്ത്രജ്ഞതയുടെ തെളിവായി ഈ ഇടനാഴി പ്രഖ്യാപനത്തെ വാഴ്ത്താന്‍ അന്ന് ഗോദി മീഡിയയും സംഘ്പരിവാരങ്ങളും മത്സരിക്കുകയായിരുന്നു.
‘ഇന്ത്യ-മധ്യപൂര്‍വ്വ- യൂറോപ്പ് ഇടനാഴി’ എന്ന സങ്കല്‍പ്പം വാസ്തവത്തില്‍ പുതിയൊന്നുമായിരുന്നില്ല. ഇറാന്‍, അസര്‍ബൈജാന്‍ തുടങ്ങി വിവിധ രാജ്യങ്ങളുമായി കരാര്‍ ഉറപ്പിച്ച ഈ പദ്ധതിയുടെ മുന്‍കാല രൂപം ‘ഇന്റര്‍നാഷണല്‍ നോര്‍ത്ത് സൗത്ത് ട്രാന്‍സിസ്റ്റ് കോറിഡോര്‍ ‘ (International North South Transist Corridor -INSTC) എന്നായിരുന്നു.
അതവിടെ നില്‍ക്കട്ടെ,
യഥാര്‍ഥത്തില്‍ ഈ പദ്ധതി ചൈനയുടെ Belt and Road Initiative-BRI പദ്ധതിയോടുള്ള പ്രതികരണമെന്ന നിലയില്‍ ഉയര്‍ന്നുവന്നതായിരുന്നു. എഴുപതോളം രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചൈനയുടെ ‘ബെല്‍റ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവ്’ (Belt and Road Initiative -BRI) നിലവിലെ ഭൗമ രാഷ്ട്രീയ സമവാക്യങ്ങളെ അട്ടിമറിക്കും എന്ന അമേരിക്കന്‍ ആലോചനയില്‍ നിന്ന് ഉയര്‍ന്നു വന്നതാണ് ഇന്റര്‍നാഷണല്‍ നോര്‍ത്ത് സൗത്ത് ട്രാന്‍സിസ്റ്റ് കോറിഡോര്‍ എന്ന ആശയം.
ഇന്തോ-പസഫിക്, മധ്യപൂര്‍വ്വ മേഖലയില്‍ ചൈന സ്വാധീനം നേടുന്നതിന് തടയിടാന്‍ വിവിധങ്ങളായ മാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്ന അമേരിക്കന്‍ ബുദ്ധിയില്‍ ഉരുത്തിരിഞ്ഞതായിരുന്നു നോര്‍ത്ത്-സൗത്ത് ട്രാന്‍സിസ്റ്റ് കോറിഡോര്‍.
ചൈനയുടെ Belt and Road Initiative ഇന്ത്യയുടെ ഭൗമ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വിഘാതമാകുമെന്നും ദക്ഷിണേഷ്യന്‍ മേഖലയിലെ ചൈനയുടെ സൈനിക സാന്നിദ്ധ്യം വര്‍ധിപ്പിക്കുന്നതിന് ഇടയാക്കുമെന്നും ഇതര രാജ്യങ്ങളുടെ വ്യാപാര താല്‍പ്പര്യങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുമെന്നും ഒക്കെയായിരുന്നു അടുത്ത നാള്‍വരെ സംഘ്പരിവാര്‍ സംഘടനകളുടെ ആഖ്യാനം. ആര്‍എസ്സ്എസ്സിന്റെ നിഴല്‍ സംഘടനകളായ ഫോറം ഫോര്‍ സ്ട്രാറ്റജിക് ആന്റ് സെക്യൂരിറ്റീസ് സ്റ്റഡീസ്, ഫോറം ഫോര്‍ ഇന്റഗ്രേറ്റഡ് നാഷണല്‍ സെക്യൂരിറ്റി എന്നിവ വലിയ തിസീസുകള്‍ തന്നെ ഇക്കാര്യത്തില്‍ പടച്ചുവിട്ടിട്ടുണ്ട്.
സാമ്രാജ്യത്വ മോഹം ഒട്ടും കുറവല്ലാത്ത ചൈന, ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് എന്ന പദ്ധതിയിലൂടെ, തങ്ങളുടെ സാമ്പത്തിക ശക്തി ഉപയോഗിച്ച് പുതിയൊരു സ്വാധീന മേഖല കെട്ടിപ്പടുക്കുകയാണ്. ബീജിംഗിന്റെ ഭൗമരാഷ്ട്രീയ സ്വപ്നങ്ങളെ പിന്തുണയ്ക്കുന്നതിന് പകരമായി രാജ്യങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വായ്പകളും നിക്ഷേപവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഹോങ്കോങ്ങില്‍ ചൈന ക്രൂരമായ ദേശീയ സുരക്ഷാ നിയമം ഏര്‍പ്പെടുത്തിയതിനെ എതിര്‍ത്ത് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന് അയച്ച കത്തുകളുടെ കൂട്ടത്തില്‍, ബീജിംഗിനെ പിന്തുണച്ച അമ്പത്തിമൂന്ന് രാജ്യങ്ങളില്‍ നാല്പത്തിമൂന്ന് രാജ്യങ്ങളും ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഹോങ്കോങ്ങില്‍ ചൈനയുടെ അടിച്ചമര്‍ത്തലിനെ വിമര്‍ശിച്ച ഇരുപത്തിയേഴ് രാജ്യങ്ങളെ മാറ്റി നിര്‍ത്തുകയായിരുന്നു.
വലതുകാലിലെ മന്ത് ഇടതുകാലിലേക്ക് മാറുന്നതിനപ്പുറമൊന്നും സംഭവിക്കുന്നില്ലെന്ന് സാരം.
