October 14 Wednesday 2026

ഉന്മൂലനം ചെയ്യപ്പെടാതെ അവശേഷിക്കുന്ന മാവോയിസ്റ്റ് ചോദ്യങ്ങള്‍

ഈയടുത്ത നാളുകളില്‍ ഇന്ത്യയിലെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വാര്‍ത്തകളില്‍ മാവോയിസ്റ്റ് കേഡര്‍മാരുടെ കീഴടങ്ങലും 2026 മാര്‍ച്ചോടുകൂടി മാവോയിസ്റ്റുകളെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനങ്ങളുമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാവോയിസ്റ്റ് നേതാവ് ഭൂപതിയും അറുപതോളം കേഡര്‍മാരും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ മുമ്പാകെ കീഴടങ്ങിയത് കൂടാതെ കഴിഞ്ഞ ദിവസം ഛത്തീസ്ഗഢിലെ കാന്‍കേറില്‍ മാവോയിസ്റ്റ് ഡിവിഷന്‍ കമ്മിറ്റി സെക്രട്ടറിയും മറ്റ് 20 കേഡര്‍മാരും കീഴടങ്ങിയ വാര്‍ത്തയും പുറത്തുവരികയുണ്ടായി.

കേന്ദ്ര സര്‍ക്കാരുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മാവോയിസ്റ്റ് നേതൃത്വം പ്രഖ്യാപിച്ചതിനുശേഷവും ഓപ്പറേഷന്‍ കഗാര്‍ അടക്കമുള്ള ഉന്മൂലന പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഉന്നത മാവോയിസ്റ്റ് നേതാക്കളായ ബസവരാജ്, സുധാകര്‍ എന്നിവടക്കമുള്ള പലരെയും ഇതിനകം വധിച്ചുകഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയക്കാര്‍ പരസ്പരം പോരടിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ടെങ്കിലും മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട പ്രശ്നം വരുമ്പോള്‍ ഒരുമനസ്സോടെ നില്‍ക്കുന്നത് കാണാന്‍ കഴിയും. എന്തുകൊണ്ട് ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാവോയിസം ശക്തമായി ഇപ്പോഴും നിലനില്‍ക്കുന്നു എന്ന ചോദ്യത്തെ അഭിമുഖീകരിക്കാന്‍ തയ്യാറാകുന്നതിന് പകരം സൈനിക നടപടികളിലൂടെ മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്ന രാഷ്ട്രീയ പ്രശ്നത്തെ നേരിടാമെന്നാണ് എല്ലാവരും കരുതുന്നത്.

അതേസമയം, ഇടതു-വലതു-തീവ്ര വലത് സര്‍ക്കാരുകള്‍, 70കള്‍ തൊട്ട് ആരംഭിച്ച ‘എന്‍കൗണ്ടര്‍ രാജ്’ അര നൂറ്റാണ്ട് കഴിഞ്ഞിട്ടും അതേപടി തുടരേണ്ടിവരുന്നതെന്തുകൊണ്ട് എന്ന ചോദ്യം ആരും ഉന്നയിക്കുന്നതായി കാണുന്നില്ല.
2010ല്‍ ദന്തേവാദയില്‍ നടന്ന 75ഓളം സൈനികരുടെ കൂട്ടക്കൊലയ്ക്ക് ശേഷം, മേഖലയിലെ മാവോയിസ്റ്റ് സ്വാധീനത്തെക്കുറിച്ചും അവയെ നേരിടുന്നതിനെക്കുറിച്ചും പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച എന്‍ഇ റാംമോഹന്‍ കമ്മിറ്റി പൊതുവില്‍ ഇന്ത്യന്‍ ഭരണകൂടത്തിന് രുചിക്കാത്ത ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. മുന്‍ അതിര്‍ത്തി സുരക്ഷാ മേധാവിയായിരുന്ന രാംമോഹന്‍, മാവോയിസ്റ്റ് പ്രശ്നത്തോടുള്ള ഭരണകൂട സമീപനം അടിസ്ഥാനപരമായി പിഴവുള്ളതാണെന്ന് തന്റെ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ‘നിങ്ങളുടെ സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്കെതിരായ സൈനിക നടപടികള്‍ ശരിയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?’ എന്നായിരുന്നു മുന്‍ സൈനിക മേധാവി കൂടിയായ എടവലത്ത് നാലാം വീട്ടില്‍ രാംമോഹന്‍ ഉന്നയിച്ച ചോദ്യം.

എന്തുകൊണ്ടാണ് ഇന്ത്യയുടെ മിനറല്‍ കോറിഡോര്‍ കൂടിയായ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് സ്വാധീനം വര്‍ധിക്കുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം അവിടെ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ലഭ്യമാകുന്ന സൗജന്യങ്ങളുടെ ആഴങ്ങളിലേക്ക് വെറുതെയൊന്ന് കണ്ണോടിച്ചാല്‍ മതിയാകും. എല്ലാ രാഷ്ട്രീയ ഭരണകൂടങ്ങളും ആദിവാസികളെ അവരുടെ സ്വന്തം മണ്ണില്‍ നിന്ന് പിഴുതെറിഞ്ഞ് ഖനന കരാറുകളും മറ്റും കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്നതില്‍ മത്സരിച്ചുകൊണ്ടിരിക്കുന്നത് കാണാന്‍ കഴിയും.

എന്‍ ഇ റാംമോഹന്‍ തന്റെ റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യം,
ആദിവാസി ജനതയ്ക്ക് ഭൂമിക്കും ഉപജീവനത്തിനുമുള്ള അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍, ഒരു പുതിയ ഹൈവേ അല്ലെങ്കില്‍ ഖനന പദ്ധതിയിലൂടെ എന്താണ് ലക്ഷ്യം വയ്ക്കുന്നത്? ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കേണ്ട ചോദ്യങ്ങളായിരുന്നു അന്വേഷണ കമീഷന്‍ തലവനായ ഒരു സൈനിക മേധാവി ചോദിച്ചത്. എന്നാല്‍, സര്‍ക്കാര്‍ നിയോഗിച്ച ഈ കമ്മിറ്റിയുടെ തന്നെ ചോദ്യങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യാന്‍ നാളിതുവരെ ഒരു പാര്‍ട്ടിയും, ഒരു മാധ്യമവും തയ്യാറായില്ല എന്നതാണ് വസ്തുത.

അടിമുടി സൈനികവല്‍ക്കരിക്കപ്പെട്ട ഒരു ഭരണകൂടത്തിന് വിരലിലെണ്ണാവുന്ന മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാന്‍ അധികകാലം വേണ്ടിവരില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നിരുന്നാലും മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഉന്മൂലനം ചെയ്യപ്പെടാതെ അവശേഷിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കിഴക്കന്‍ മേഖലയിലെ പതിറ്റാണ്ടുകളായി തുടരുന്ന അസ്വസ്ഥതകള്‍ പല രൂപത്തില്‍ പുറത്തുവരിക തന്നെ ചെയ്യും.

(മാവോയിസ്റ്റ് വിഷയം ചര്‍ച്ച ചെയ്യുന്ന ‘ഇന്ത്യയിലെ ആദിവാസി കോറിഡോറില്‍ സംഭവിക്കുന്നത്’ എന്ന പുസ്തകം ലേഖകന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്)

 

Related