October 14 Wednesday 2026

തുടര്‍ ഭരണം കൊണ്ടും സാധ്യമാകാത്ത കോണ്‍ഗ്രസ് വിമുക്ത കേരളം; ബി.ജെ.പിയുടെ തിരിച്ചറിവുകള്‍

azad

 

കേരള രാഷ്ട്രീയം വഴിത്തിരിവിലാണ്. പുതിയ പാഠങ്ങള്‍ നല്‍കുന്നതാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം. ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനം കുറഞ്ഞു എന്നത് പലരും ആശ്വാസമായി ചൂണ്ടിക്കാട്ടുന്നതു കണ്ടു. വാസ്തവത്തില്‍ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പ്രചാരണ വൃത്തികള്‍ മുമ്പെന്നത്തേതിലും ശക്തമായ കാലയളവാണ് കടന്നുപോകുന്നത്. ഇസ്ലാമോഫോബിയ അഴിഞ്ഞാടുന്നതു കണ്ടു. വിഭാഗീയമായ അകല്‍ച്ചകളും വിപരീതങ്ങളും ശക്തമാകുമ്പോള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂലമായ വോട്ട്ധ്രുവീകരണം നടക്കാനുള്ള സാദ്ധ്യത കൂടുതലാണ്. എന്നിട്ടും ബി.ജെ.പിയുടെ വോട്ടു കൂടിയില്ല എന്നതാണ് പലരും ആശ്വാസമായി ചൂണ്ടിക്കാട്ടിയത്.

ഹിന്ദുത്വ രാഷ്ട്രീയത്തിന് ശക്തി കൂടിയിട്ടേയുള്ളു. അതിന്റെ വോട്ടിംഗ് പ്രതിഫലനം ബി.ജെ.പിയില്‍ തെരയുന്നവര്‍ക്കാണ് പിശക് പറ്റിയത്. മുസ്‌ലിം സമുദായത്തില്‍ പിളര്‍പ്പുണ്ടാക്കാനും ആര്‍.എസ്.എസ് ഉന്നയിക്കുന്നതുപോലെ അവര്‍ക്കെതിരെ തീവ്രവാദവും ഭീകരവാദവും ആരോപിക്കാനും കേരളത്തില്‍ മുന്നില്‍ നിന്നത് സി.പി.എമ്മാണ്. സ്വാഭാവികമായും ഹിന്ദുത്വതീവ്രവാദികളുടെ വോട്ടുകളില്‍ നിന്ന് ഒരു പങ്ക് എല്‍.ഡി.എഫിനു വന്നു ചേരാന്‍ അത് ഇടയാക്കി. ബി.ജെ.പിക്കു ലഭിച്ചുപോന്ന ഹിന്ദുത്വ തീവ്രവിഭാഗത്തിന്റെ വോട്ടുകളാണിത്. അതേസമയം പരമ്പരാഗതമായി സി.പി.എമ്മിന് കിട്ടിപ്പോന്ന ഇടതുപക്ഷ വോട്ടുകളില്‍ ഒരു പങ്ക് യു.ഡി.എഫിലേക്ക് മറിയുകയും ചെയ്തു. ലഭിച്ച സീറ്റുകളുടെ എണ്ണത്തില്‍ മാത്രമല്ല ഇടതുമതേതര വോട്ടുകളുടെ ഗുണത്തിന്റെ അളവിലും എല്‍.ഡി.എഫ് ദുര്‍ബ്ബലപ്പെട്ടു.

ഈ സാഹചര്യത്തില്‍ ബി.ജെ.പി നിലപാട് മാറ്റാന്‍ നിര്‍ബന്ധിതമാകുന്നു. ഒരു തവണകൂടി സി.പി.എം അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസ് വിമുക്ത കേരളം സാദ്ധ്യമാകുമെന്നും അത് ബി.ജെ.പിയുടെ അധികാരാരോഹണത്തിന് വഴി സുഗമമാക്കുമെന്നും അവര്‍ കരുതിയിരുന്നു. ആ നിലപാടാണ് മാറുന്നത്. കൈവിട്ടുപോയ ഹിന്ദുവോട്ടുകള്‍ തിരിച്ചു പിടിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യാതെ ബി.ജെ.പിക്കു മുന്നോട്ടു പോകാനാവില്ല. അതിനാല്‍ ഇപ്പോള്‍ കൂടുതല്‍ ജനപിന്തുണയുള്ള യു.ഡി.എഫിനെ എതിര്‍ക്കുന്ന പ്രധാനമുന്നണി എല്‍.ഡി.എഫ് അല്ല എന്‍.ഡി.എ ആണ് എന്ന വാദമുഖം അവര്‍ മുന്നോട്ടു വെക്കുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയും ബി.ജെ.പി നേതൃത്വത്തിലുള്ള മുന്നണിയും തമ്മിലാവും പ്രധാന മത്സരമെന്ന പൊതുബോധം നിര്‍മ്മിക്കാന്‍ അവര്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ഫലത്തില്‍ കോണ്‍ഗ്രസ് വിമുക്ത കേരളം പാടി കൂടുതല്‍ ദുര്‍ബ്ബലപ്പെടുന്നതിനെക്കാള്‍ എല്‍.ഡി.എഫിനോടുള്ള അനുഭാവം അവസാനിപ്പിച്ച് നിലപാട് കര്‍ക്കശമാക്കുന്നതാണ് സ്വന്തം ഭാവിക്ക് നല്ലതെന്ന് ബി.ജെ.പി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ തിരിച്ചുകൊണ്ടുവരിക എന്നതിനെക്കാള്‍ പ്രതിപക്ഷത്തെ നിര്‍ണായക ശക്തിയാകാന്‍ വോട്ടു വര്‍ധിപ്പിക്കുക എന്ന നിലപാടിലേക്ക് ബി.ജെ.പി മാറാനാണ് സാധ്യത.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലത്തില്‍നിന്ന് സി.പി.എം ഒന്നും പഠിക്കുന്നില്ല എന്നത് രാഷ്ട്രീയ വിദ്യാര്‍ഥികളെ അത്ഭുതപ്പെടുത്തുന്നുണ്ട്. പിണറായിപക്ഷ സി.പി.എം അതിന്റെ സ്വാഭാവികമായ പതനത്തിലേക്ക് ചുവടു വെക്കുകയാണ്. ഹിന്ദുത്വ രാഷ്ട്രീയാനുഭാവത്തോടെയുള്ള വാക്കും പ്രവൃത്തിയും ഇടതുപക്ഷ വോട്ടുകളും അനുഭാവ വോട്ടുകളും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആ വിഭാഗം കൈവിട്ടു കഴിഞ്ഞാല്‍ വലതുതീവ്ര വോട്ടുകളുടെ താല്‍ക്കാലിക ഒഴുക്കില്‍ ശക്തി നില നിര്‍ത്താനാവില്ല. വലിയ തോതിലുള്ള തിരുത്ത് വരുത്തിയില്ലെങ്കില്‍ കേരള രാഷ്ട്രീയം കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തിലുള്ള രണ്ടു മുന്നണികളിലേക്ക് മാറിത്തീരാനുള്ള സാധ്യത ചെറുതല്ല. ഈ വൈകിയ വേളയിലെങ്കിലും സി.പി.എമ്മിന് വിവേകമുദിച്ചാല്‍ നന്നായി. ഇനി തിരുത്തലിന് അധികം സമയം ലഭിച്ചെന്ന് വരില്ല.

(ജനുവരി ഒന്നിന് ആസാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്)

 

 

Related