October 10 Saturday 2026

യുഎപിഎ വിരുദ്ധ മുദ്രാവാക്യം വിളിച്ചാല്‍ കേരള പൊലീസിന്റെ എഫ്‌ഐആര്‍!

രാഷ്ട്രീയ തടവുകാരുടെ അവകാശ ദിനം കൂടിയായ സെപ്തംബര്‍ 13, സ. ജതിന്‍ ദാസ് രക്തസാക്ഷി ദിനത്തില്‍, സംഘടിപ്പിച്ച ‘സ. റിജാസ് ഐക്യദാര്‍ഢ്യ സംഗമ’ത്തിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കള്ളകേസെടുത്തു. തുടര്‍ന്ന് വ്യാജ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. റിജാസ് സോളിഡാരിറ്റി ഫോറത്തിന്റെ പ്രവര്‍ത്തകരെയും പരിപാടിയില്‍ എത്തിയവരെയും പരിപാടിക്ക് ശേഷം പൊലീസ് കയ്യേറ്റം ചെയ്തു. എന്നിട്ട് കയ്യേറ്റം നടത്തിയ ംപാലീസ് തന്നെ അവര്‍ക്കെതിരെ കള്ളക്കേസ് (എഫ്‌ഐആര്‍ നമ്പര്‍ 1272/2025) ചുമത്തി. മാത്രമല്ല, പൊലീസിനെ കയ്യേറ്റം ചെയ്തുവെന്ന രീതിയില്‍ എഫ്‌ഐആറില്‍ എഴുതിവയ്ക്കുകയും മാധ്യമങ്ങള്‍ക്ക് ബൈറ്റ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. പൊലീസിന്റെ ഭാഗം മാത്രം കേള്‍ക്കുകയും മറുവശം അന്വേഷിക്കാതെ പല മാധ്യമങ്ങള്‍ ഇത് അതേപടി അച്ചടിക്കുകയും ചെയ്തിട്ടുണ്ട്.

ഈ എഫ്‌ഐആറിലെ വ്യാജമായ ആരോപണങ്ങള്‍ക്ക് ഒപ്പം വിചിത്രമെന്ന് തോന്നിയേക്കാവുന്ന മറ്റൊരു കാര്യവും കുറ്റകൃത്യമായി പറയുന്നുണ്ട്. ‘യുഎപിഎ ഫാസിസ്റ്റ് നിയമത്തിനെതിരെ പോരാടുക’ എന്ന മുദ്രാവാക്യം വിളിച്ചു എന്നാണ് അത്. കേരള സര്‍ക്കാര്‍ മുന്നണിയിലെ ഘടക കക്ഷികളായ സിപിഎമ്മും സിപിഐയും ഉള്‍പ്പടെയുള്ള പാര്‍ട്ടികളുടെ നിലപാടാണ് യുഎപിഎ വിരുദ്ധ മുദ്രാവാക്യമെന്നിരിക്കെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു എഫ്‌ഐആര്‍ ചുമത്തപ്പെട്ടിട്ടുള്ളത് എന്ന് വിശകലനം ചെയ്യേണ്ട കാര്യമാണ്. പൊലീസിന്റെ ജനവിരുദ്ധവും നിയമവിരുദ്ധവുമായ പല നടപടികളും സംസ്ഥാനത്തിന്റെ പല കോണുകളില്‍ നിന്നും വെളിച്ചത്ത് വരുന്ന സാഹചര്യത്തിലും മയമില്ലാതെ ഇത്തരം പ്രവര്‍ത്തികള്‍ തുടരുന്നു എന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്.

2025 സെപ്തംബര്‍ 19ന് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ പറയുന്ന ചില കാര്യങ്ങള്‍ ആദ്യം നോക്കാം. ഒന്ന്; കൃത്യനിര്‍വഹണത്തിന്റെ സമയത്ത് കുറ്റവാളികളോടും കുറ്റകൃത്യങ്ങളോടും ആണ് ഏറ്റവും കൂടുതല്‍ ഇടപെടേണ്ടി വരുന്നത് എന്നും, ആള്‍ക്കാരുടെ സൈ്വര്യജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നതും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുന്നതും എന്നാണ് പ്രമേയത്തില്‍ പറയുന്നത്. രണ്ട്: പ്രകോപനപരമായ സന്ദര്‍ഭങ്ങളില്‍ പോലും വിവേകത്തോടെ, നിയമപരമായി മാത്രമാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത് എന്നും അത്യപൂര്‍വ്വം ചില പോലീസ് ഉദ്യോഗസ്ഥര്‍ വൈകാരികമായി തിരിച്ചു മര്‍ദിക്കുന്ന സാഹചര്യം ഉണ്ടാകുന്നുള്ളു എന്നും പ്രമേയം അവകാശപ്പെടുന്നു. മൂന്ന്: മര്‍ദിക്കപ്പെട്ട മനുഷ്യന്‍ എത്ര വലിയ സാമൂഹ്യവിരുദ്ധന്‍ ആയാലും അയാള്‍ മഹത്വവല്‍ക്കരിക്കപ്പെടുകയും പൊലീസ് ക്രൂശിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണുള്ളത് എന്ന് പ്രമേയം പറയുന്നു.

സത്യത്തില്‍ ഇതാണോ കേരളത്തില്‍ നടക്കുന്നത്? അല്ല എന്ന് മാത്രമല്ല, വസ്തുതകള്‍ പകല്‍ പോലെ ജനങ്ങള്‍ക്ക് അറിയുകയും അവര്‍ അതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിലാണ് ഇത്തരം പച്ചക്കള്ളം പൊലീസ് പടച്ചു വിടുന്നത്. ഇവിടെയുള്ള പൊലീസ് സ്റ്റേഷനുകളില്‍ ആര്‍ക്കാണ് ധൈര്യത്തോടെ ഒറ്റയ്ക്ക് പോകാന്‍ കഴിയാറുള്ളത്? പൊലീസിന്റെ ജനവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ എന്നും കേരളത്തില്‍ നടന്നിട്ടുണ്ട്, അത് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇന്ന് ഇത് കുറച്ചുകൂടി ശക്തമായി നടക്കുന്നു. അത് എന്തുകൊണ്ടാണ് എന്നും പരിശോധിക്കേണ്ടതുണ്ട്.

പൊലീസ് എന്നാല്‍ മുകളില്‍ നിന്നുള്ള നോട്ടത്തില്‍ ‘സമൂഹത്തിന്റെ മുഴുവന്‍ സംരക്ഷകരാണ്’ എന്ന് തോന്നിയേക്കാം. എന്നാല്‍, അതിന് അകത്തേക്ക് കയറി നോക്കുമ്പോള്‍, പൊലീസ് ഈ മര്‍ദ്ദക വ്യവസ്ഥയുടെ സംരക്ഷകരാണ് എന്ന യാഥാര്‍ഥ്യം മനസ്സിലാവും.

‘സ്വത്തിനും ജീവനും സംരക്ഷണം കൊടുക്കുക’ എന്നതാണ് പോലീസിന്റെ ഒരു പരിപാടി. അങ്ങനെ നോക്കുമ്പോള്‍, ആര്‍ക്കാണിവിടെ സ്വത്തുള്ളത് എന്നും ആരുടെയൊക്കെ സ്വത്താണ് സംരക്ഷിക്കപ്പെടുന്നത് എന്നും പരിശോധിക്കണം. നമ്മുടെ സാഹചര്യത്തില്‍, ഇവിടെയുള്ള സവര്‍ണ്ണ ഭൂപ്രഭുത്വത്തിനാണ് അത് സംരക്ഷണം കൊടുക്കുന്നത്, എത്രയോ കാലമായി കൊടുത്തു കൊണ്ടിരിക്കുന്നത്. മാത്രമല്ല, സാധാരണ ജനങ്ങളുടെ വീടും സ്ഥലവും ജപ്തി ചെയ്ത് കുടിയിറക്കാന്‍ ഈ പൊലീസിനെയാണ് ബാങ്കുകളും ബാങ്കിങ് ഇതര സംവിധാനങ്ങളും ഭരണകൂടത്തിന്റെ മുഴുവന്‍ പിന്തുണയോടെ ഉപയോഗപ്പെടുത്തുന്നതും.

ജീവന്റെ സംരക്ഷണത്തിന്റെ കാര്യമെടുത്താല്‍, കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ അറുപതോളം ആളുകളെയാണ് കേരളത്തില്‍ മാത്രം പൊലീസ് കസ്റ്റഡിയില്‍ കൊലപെടുത്തിയത്. എത്ര ആളുകള്‍ മര്‍ദിക്കപ്പെട്ടു എന്നതിന് കണക്കുകളില്ല. പല മര്‍ദ്ദനങ്ങളുടെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിന്റെ സാഹചര്യത്തില്‍, നൂറോളം വിവരാവകാശം ആണ് പോലീസ് സ്റ്റേഷന്‍ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് തിരുവനന്തപുരം സിറ്റിയില്‍ മാത്രം വന്നത്. ആയിരക്കണക്കിന് അപേക്ഷകളാണ് കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ നല്‍കപ്പെട്ടിട്ടുള്ളത്. കസ്റ്റഡിയില്‍ ആക്രമിക്കപ്പെട്ടവരും കൊല്ലപ്പെട്ടവരുമായ ബഹുഭൂരിപക്ഷം മനുഷ്യരും ദരിദ്ര, ആദിവാസി-ദലിത്-മുസ്ലിം മര്‍ദിത ജനവിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ഇവര്‍ ആക്രമിക്കപ്പെടുക എന്നത് കേവലം പൊലീസിന്റെ താല്‍പര്യമല്ല, അത് ഭരണകൂടത്തിന്റെ ഒരു മര്‍ദനോപകരണം എന്ന നിലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്. ഇത് ഭരണകൂടത്തിന്റെ താല്‍പര്യമാണ് നടപ്പാക്കുന്നത്. ഇതില്‍ നിന്നും പൊലീസ് സംരക്ഷണം കൊടുക്കുന്ന വര്‍ഗങ്ങളെയും വ്യത്യസ്ത വര്‍ഗങ്ങളോടുള്ള അതിന്റെ സമീപനവും വ്യക്തമാണ്.

ഈ വ്യവസ്ഥ ഇങ്ങനെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന വര്‍ഗങ്ങളെ സംബന്ധിച്ചിടത്തോളം പൊലീസ് നടത്തുന്ന അവശ്യസേവനങ്ങളാണ് ഇതെല്ലാം. പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന കുറ്റകൃത്യങ്ങളോട് മൃദുസമീപനം ഉണ്ടാവുന്നതും, ഇവര്‍ക്ക് ശിക്ഷാ ഇളവ് കൊടുക്കുക എന്നതും ഭരണകൂടത്തെ സംബന്ധിച്ച് അത്യാവശ്യമാണ്. പൊലീസിന്റെ മനോവീര്യം സംരക്ഷിക്കുക എന്നത്, ഏത് സര്‍ക്കാര്‍ ആയാലും, എല്ലാ ഭരണവര്‍ഗങ്ങളുടെയും ഭരണകൂടങ്ങളുടെയും ആവശ്യമാണ്. ഭരണവര്‍ഗങ്ങളുടെ ആധിപത്യം ഉറപ്പിക്കാന്‍ അവര്‍ ഒരുക്കിയെടുത്തിട്ടുള്ള പ്രത്യേക സായുധ സംഘങ്ങളാണ് പൊലീസും പട്ടാളവും. ഭരണകൂടത്തിന്റെ ചൂഷണവും അടിച്ചമര്‍ത്തലും വര്‍ധിക്കുമ്പോള്‍, അതിനെതിരെ രൂപപ്പെടുന്ന ജനകീയ പ്രക്ഷോഭങ്ങളെ നിര്‍വീര്യമാക്കുക എന്നതാണ് ഈ സായുധ സംഘങ്ങളുടെ മുഖ്യമായ പരിപാടി. നിലനില്‍ക്കുന്ന ഭരണകൂടവും ഭരണവും മുഴുവന്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന ശക്തമായ പ്രചരണങ്ങള്‍ വഴിയും അതിനെ ചോദ്യം ചെയ്യുന്നവരെ അടിച്ചമര്‍ത്തുക വഴിയുമാണ് ഇത് നിലനിര്‍ത്തിപോരുന്നത്.

കേരളത്തില്‍ ആണെങ്കില്‍ സിപിഎമ്മിന്റെ താല്‍പര്യവും ആവശ്യവും ഇത് തന്നെയാണ്. അതിന്റെ ഏറ്റവും ഉത്തമ ഉദാഹരണമാണ്, സിപിഎം യുഎപിഎക്ക് എതിരെയാണ് എന്ന് പരക്കേ നിലപാടെടുക്കുകയും, എന്നാല്‍ യുഎപിഎക്ക് എതിരായി കൂടി നടത്തിയ ‘സ: റിജാസ് ഐക്യദാര്‍ഢ്യ സംഗമ’ത്തിനെതിരെ പൊലീസ് ആക്രമണവും കള്ളക്കേസും വ്യാജ പ്രചരണങ്ങളും നടത്തുകയും ചെയ്യുന്നത്. ഇത് പുതുമയുള്ള സംഭവമല്ല എന്നും നമുക്കറിയാം.

മാടായിപ്പാറയില്‍ ജി.ഐ.ഒ നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മാര്‍ച്ചിനെതിരെയുള്ള എഫ്‌ഐആര്‍ ഉള്‍പ്പടെ അനേകം പരിപാടികളില്‍ ഫലസ്തീന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു എന്നത് കുറ്റകൃത്യമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കണ്ണൂര്‍ ജില്ല സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ രാഗേഷ് പറയുന്ന പോലെ ഏതെങ്കിലും പൊലീസുകാരുടെ വിവരമില്ലായ്മ ആണെന്ന് വിശ്വസിക്കാന്‍ കഴിയില്ല. ഫലസ്തീന്‍ഡ അനുകൂല കഫിയ്യ ധരിച്ച് സമ്മേളനം നടത്തുന്ന സിപിഎമ്മിന്റെ തട്ടിപ്പും ജനവഞ്ചനയുമായി തന്നെയേ മനസ്സിലാക്കാനാവൂ. ഈ എഫ്‌ഐആറുകള്‍ പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പിന് കഴിയുമായിരുന്നിട്ടും തയ്യാറായിട്ടില്ല എന്നത് ഇതിന്റെ വ്യക്തമായ തെളിവാണ്.

പുരോഗമന യുവജന പ്രസ്ഥാനം പ്രവര്‍ത്തക ഷര്‍മിനക്ക് എതിരെ ചുമത്തിയ നല്ലനടപ്പ് കേസിലും ഇത് തന്നെയാണ് ഉണ്ടായത്. ബാബരി മസ്ജിദ് തകര്‍ത്ത്, അയോധ്യയില്‍ രാമക്ഷേത്രം എന്ന പേരില്‍ സവര്‍ണ്ണ കോട്ട നിര്‍മിച്ച വിഷയത്തില്‍ പ്രതിഷേധിച്ചതിനും കേരളത്തില്‍ നടന്ന എന്‍ഐഎ റെയ്ഡുകള്‍ക്കെതിരെ പ്രതിഷേധിച്ചതിനും പശ്ചിമഘട്ടത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകള്‍ക്കെതിരെ പ്രതിഷേധിച്ചതിനും ആണ് നല്ലനടപ്പിന് ശിക്ഷിക്കാന്‍ പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.

കര്‍ണ്ണാടകയില്‍ വച്ച് വിക്രം ഗൗഢ വ്യാജ ഏറ്റുമുട്ടലില്‍ കൊലചെയ്യപ്പെട്ടപ്പോള്‍ വസ്തുതാന്വേഷണം നടത്തുകയും ജുഡീഷ്യല്‍ അന്വേഷണം വേണം എന്ന് ആവശ്യപ്പെടുകയും ചെയ്ത സിപിഎം, കേരളത്തില്‍ ഇതേ വിഷയത്തില്‍ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ച സഖാക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്യുന്ന ദുരന്തമാണ് സംഭവിക്കുന്നത്.

സിഎഎ-എന്‍ആര്‍സി വിരുദ്ധ പ്രതിഷേധങ്ങളില്‍ എടുത്ത എഫ്‌ഐആറുകള്‍ പിന്‍വലിക്കുമെന്ന് ‘നിലപാട്’ എടുത്ത സിപിഎം ഇപ്പോഴും ആ വാക്ക് പാലിച്ചിട്ടില്ല എന്നത് മറ്റൊരു കാര്യം. അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എടുത്ത കേസുകള്‍ റദ്ദ് ചെയ്തത് കൂട്ടിച്ചേര്‍ത്ത് വായിക്കാതെ വയ്യ. ഇതിന് പുറമെയാണ് സാധാരണ ജനങ്ങളുടെ മെക്കിട്ട് കയറലും, ചീത്ത വിളിക്കലും, ഭീഷണിപ്പെടുത്തലും, കയ്യേറ്റം ചെയ്യലും, മര്‍ദ്ദിക്കലും, കസ്റ്റഡിയിലും അല്ലാതെയുമുള്ള കൊലപ്പെടുത്തലും.

അടിക്കുക, ഇടിക്കുക, ഭീഷണിപ്പെടുത്തുക, കള്ളക്കേസുണ്ടാക്കുക തുടങ്ങിയ പൊലീസിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിലവിലുള്ള വ്യവസ്ഥ പ്രകാരം തന്നെ കുറ്റകരമായ പ്രവര്‍ത്തികളാണ്. ഇത്തരം പ്രവര്‍ത്തികള്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമ്പോള്‍ പോലും അതിനെതിരെ കേസെടുക്കുന്നതും ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതും അപൂര്‍വ്വമാണ്. സസ്‌പെന്‍ഷനും ട്രാന്‍സ്ഫറും എത്രത്തോളം കാപട്യം നിറഞ്ഞതും വഞ്ചനാത്മകമാണെന്നും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ അവരുടെ അംഗങ്ങളോട് ഇത്തരം പ്രവര്‍ത്തികള്‍ കുറ്റകരമാണ് എന്നോ ജനാധിപത്യ ബോധത്തിന് നിരക്കുന്നതല്ല എന്നോ ഉള്ള നിര്‍ദേശങ്ങള്‍ കൊടുത്തതായോ, അത് ലംഘിക്കുന്ന അംഗങ്ങളുടെ അംഗത്വം റദ്ദ് ചെയ്യുമെന്ന് പ്രസ്താവിച്ചതായോ എവിടെയും കാണാന്‍ കഴിയില്ല. ഈ പ്രമേയത്തില്‍ പോലും, താഴ്മയായ ചില അഭ്യര്‍ഥനകള്‍ മാത്രമാണ് കാണാന്‍ കഴിയുന്നത്. ശിക്ഷിക്കാനുള്ള ഉത്തരവാദിത്തം ജുഡീഷ്യറിക്കാണ് എന്ന് പറയുന്ന അതേ പ്രമേയത്തില്‍ ലക്ഷക്കണക്കിന് കേസുകള്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് ഒത്തുതീര്‍പ്പാക്കുന്നതിനെ പറ്റിയുള്ള വീരവാദം മുഴക്കുകയും ചെയ്യുന്ന വൈരുധ്യങ്ങളും കാണാം. ഇത്തരം പല ഒത്തുതീര്‍പ്പുകളും ആളുകളെ ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും നേടി എടുക്കുന്നതാണ് എന്നും ജനങ്ങള്‍ക്ക് അറിയാം.

ഒരു കുറ്റവാളി പൊലീസിനാല്‍ മര്‍ദിക്കപ്പെടുന്നതില്‍ തെറ്റില്ല എന്ന പിന്തിരിപ്പന്‍ സാമൂഹ്യബോധം ഇവിടെ ശക്തമാണ്. അത് ഈ പിന്തിരിപ്പന്‍ സാമൂഹ്യ വ്യവസ്ഥയുടെ പ്രതിഫലനവുമാണ്. ഈ ബോധം തന്നെയാണ് പൊലീസിന്റെ ബോധത്തെയും പ്രവര്‍ത്തനങ്ങളെയും നിര്‍ണയിക്കുന്നത്. കുറ്റാരോപിതനും കുറ്റവാളിയും തമ്മിലുള്ള വ്യത്യാസം മായ്ച്ചു കളയുന്ന ബോധം നിര്‍മിക്കുന്ന പ്രവര്‍ത്തനങ്ങളാണ് പൊലീസിന്റെയും ഭരണകൂടത്തിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഈ സാമൂഹ്യബോധത്തിന് അപ്പുറത്തുള്ള, ആദര്‍ശപരമായ സോഷ്യല്‍ പൊലീസിങ് അസാധ്യമാണ്. അതുകൊണ്ടുതന്നെ ഈ പ്രമേയത്തില്‍ പറയുന്ന പോലെ സോഷ്യല്‍ പൊലീസിങ്ങിലേക്ക് മാറിയ കേരള പൊലീസിനെ പൊതുസമൂഹം ചേര്‍ത്തുപിടിച്ചു കഴിഞ്ഞു എന്നൊക്കെയുള്ള അവകാശവാദങ്ങള്‍ തീര്‍ത്തും പൊള്ളയാണ്.

അങ്ങനെയൊരു ‘പൊതു’സമൂഹം നിലനില്‍ക്കുന്നില്ല എന്ന് മാത്രമല്ല, അധികാരം ഉള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സമീപിക്കാവുന്നതും അതില്ലാത്തവര്‍ക്ക് പേടിസ്വപ്നവും ആയിട്ടുള്ള സംവിധാനമാണ് പൊലീസ്. ഇപ്പോള്‍ നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥയെ മാറ്റിതീര്‍ക്കാതെ ഈ വിധമുള്ള പൊലീസിങ്ങിനെയും മാറ്റിതീര്‍ക്കാന്‍ കഴിയില്ല. സാമൂഹ്യമാറ്റത്തിന് വേണ്ടി രാഷ്ട്രീയമായി സംഘടിക്കുകയും പൊലീസിന്റെ നിയമവിരുദ്ധ, ജനവിരുദ്ധ പ്രവര്‍ത്തനങ്ങളെ ചെറുക്കുകയും ചെയ്യുക എന്നതാണ് നമുക്ക് മുന്നിലുള്ള ഉത്തരവാദിത്തം.

 

Related